ആട്ടിയിറക്കപ്പെട്ട മനുഷ്യർക്ക് സേവനം ചെയ്ത് പതിറ്റാണ്ടുകളോളം ജീവിച്ച 84 വയസുള്ള സ്റ്റാൻ സ്വാമി എന്ന ജെസ്യൂട്ട് പുരോഹിതൻ അത്യന്തം വേദനാജനകമാം വിധത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ അലങ്കാരജാലകങ്ങൾക്കുള്ളിൽ ഇഞ്ചിഞ്ചായി തടവറക്കൊലപാതകത്തിനിരയായിരിക്കുന്നു. നമ്മുടെ നിയമസംവിധാനം, പൊലീസ്, ഇൻറലിജൻസ് ഏജൻസികൾ, ജയിൽ സംവിധാനം ഇവരെല്ലാം ഇതിനുത്തവരാദികളാണ്. മുഖ്യധാരാ മാധ്യമങ്ങളുമതെ. ഇവർക്കെല്ലാമറിയായിരുന്നു കേസിന്റെ നിജസ്ഥിതി, അദ്ദേഹത്തിന്റെ ദുർബലമായ ആരോഗ്യത്തെക്കുറിച്ചും. എന്നിട്ടുമദ്ദേഹം കഠിനദ്രോഹങ്ങൾക്ക് വിധേയനായി.
ഭരണകൂടം ഭിമ കോറേഗാവ് ഗൂഢാലോച എന്നു വിളിക്കുന്ന കേസിലെ 16 കുറ്റാരോപിതരിൽ ഒരാളായിരുന്നു സഹൃദയനും ശാന്തഗംഭീരനുമായ ഈ മനുഷ്യൻ. കേസിലെ ആരോപിതരിലൊരാളായ റോണ വിൽസന്റെ കമ്പ്യൂട്ടറിലേക്ക് മാൽവയർ ഉപയോഗിച്ച് കുത്തിത്തിരുകിയാണ് ഗൂഢാലോചനക്കഥയുടെ സുപ്രധാന തെളിവുകൾ ഏജൻസികൾ ചമച്ചതെന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളുടെ ഫോറൻസിക് പരിശോധനയിൽ വ്യക്തമായതായി വാഷിങ്ടൺ പോസ്റ്റ് വെളിപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് മുഖ്യധാരാ മാധ്യമങ്ങളും നമ്മുടെ കോടതികളും പൂഴ്ത്തിക്കളഞ്ഞു.
മറ്റൊരു ആരോപിതനായ സുരേന്ദ്ര ഗാഡ്ലിങിന്റെ കമ്പ്യൂട്ടറിലും തെളിവുകൾ നട്ടുപിടിപ്പിച്ചതായി സ്റ്റാൻസ്വാമിയുടെ വിയോഗത്തിന്റെ പിറ്റേന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എങ്കിലെന്ത്, ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷകരും, ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്ന ആരോപിതരെ അവർ ആരോഗ്യം നശിച്ച് മരിച്ചുവീഴും വരെ, അല്ലെങ്കിൽ വർഷങ്ങളോളം തടവറയിൽ കഴിഞ്ഞ് ജീവിതം നശിച്ച് തീരും വരെ പീഡിപ്പിക്കാൻ സർക്കാറിനെ അനുവദിക്കുന്ന ഒരു നിയമമുണ്ട് നമുക്ക് - നിയമവിരുദ്ധ പ്രവർത്തന (പ്രതിരോധ) നിയമം - യു.എ.പി.എ. ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുകയല്ല, ഇൗ ആവശ്യത്തിനായിത്തന്നെ തയ്യാർ ചെയ്യപ്പെട്ടതാണീ നിയമം.
ഫാ. സ്റ്റാൻ സ്വാമിയുടെ ഇഞ്ചിഞ്ചായുള്ള കൊലപാതകം ജനാധിപത്യം എന്ന് വിളിക്കപ്പെടാൻ പ്രാപ്തമാക്കുന്ന എല്ലാറ്റിേൻറയും ഒട്ടും പതുക്കെയല്ലാത്ത കൊലപാതകത്തിന്റെ ചെറുചിത്രമാണ്.
നാം പിശാചുക്കളാലാണ് ഭരിക്കപ്പെടുന്നത്. അവരീ രാജ്യത്തെ ശാപങ്ങളിലേക്ക് തള്ളിവിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.