ജീവിതത്തിന്റെ ഭൂരിഭാഗവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് ആശയത്തിനും വേണ്ടി ജീവിച്ച ബർലിൻ കുഞ്ഞനന്തൻ നായർ ജീവിതത്തോട് വിടപറഞ്ഞു. പൊളിച്ചെഴുത്ത് എന്ന ആത്മകഥയിൽ അദ്ദേഹം നൽകിയ സന്ദേശം 'കുഴിമാടത്തിലും ഞാൻ ഉണർന്നിരിക്കും' എന്നായിരുന്നു. 'ഒരു കമ്യൂണിസ്റ്റാവുക എന്നതിലും അഭിമാനകരമായി ഈ ലോകത്ത് മറ്റൊന്നുമില്ല' എന്നുപറഞ്ഞത് ലെനിൻ ആയിരുന്നെങ്കിലും അതിനെ കേരളത്തിന്റെ മണ്ണിൽ ചുമന്നുകൊണ്ടുനടന്നത് കുഞ്ഞനന്തൻ നായരായിരുന്നു.
വിപ്ലവപ്രസ്ഥാനത്തിന്റെ വിശുദ്ധഭൂമിയിലെ ചില അപഥസഞ്ചാരത്തെക്കുറിച്ച് പറയാതിരിക്കാൻ എനിക്കാവില്ല. അതിനെക്കുറിച്ച് പറയാനും പുതുതലമുറയെ ജാഗ്രതപ്പെടുത്താനും ഞാൻ എപ്പോഴും തയാറാണ്. കാരണം, വിപ്ലവപ്രസ്ഥാനത്തിന്റെ ദൗത്യം നിർവഹിക്കാൻ സ്വയം വിമർശനവും വിമർശനവും അനിവാര്യമാണ്. പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്ക് തെറ്റുകൾ പറ്റും. അത് സ്വാഭാവികം. എന്നാൽ, ബോധപൂർവം തെറ്റുതന്നെയെന്നറിഞ്ഞിട്ടും ആ മാർഗത്തിൽ സഞ്ചരിക്കുന്നവരുണ്ട്. അവർ പ്രസ്ഥാനത്തിന്റെ അർബുദകോശങ്ങളാണ്. അത് അറുത്തുമാറ്റിയില്ലെങ്കിൽ പ്രസ്ഥാനംതന്നെ ദ്രവിച്ചുപോകും.
സി.പി.എമ്മിൽ വിഭാഗീയത കത്തിക്കാളിയപ്പോൾ ബർലിൻ വി.എസിനൊപ്പമായിരുന്നു. വി.എസിന് ഒപ്പംനിന്ന് പിണറായിയെ എതിർത്തപ്പോൾ പാർട്ടി കുഞ്ഞനന്തൻ നായരെ പുറത്താക്കി. അന്ന് മാധ്യമങ്ങളിൽ പ്രധാന ചർച്ചയായ സംഭവമാണ് 'ഊണുവിലക്ക്.' ഊരുവിലക്കുപോലെ അത് നാട്ടിൽ വലിയ ചർച്ചയായി. കുഞ്ഞനന്തൻ നായരെ കാണാൻ പോയ വി.എസിന് പാർട്ടി ഊണ് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. പുറത്താക്കിയ കുഞ്ഞനന്തൻ നായരുടെ വീട്ടിൽനിന്ന് ഭക്ഷണത്തിന് വിലക്കുള്ളതുകൊണ്ട് വെള്ളം മാത്രം കുടിച്ച് മടങ്ങുന്നു എന്നാണ് വി.എസ് പറഞ്ഞത്.
വി.എസിൽനിന്ന് അകലുകയും മറ്റ് പ്രതിരോധ പ്രവർത്തനത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തുകൊണ്ട് അദ്ദേഹം വീണ്ടും പാർട്ടിയുടെ ഭാഗമായി. ഈ മാറ്റങ്ങളെല്ലാം രാഷ്ട്രീയത്തിൽ സ്ഥിരതയാർന്ന നിലപാടുകൾക്ക് ഈടില്ലെന്ന് വെളിപ്പെടുത്തുന്നവയാണെങ്കിലും ബർലിൻ കുഞ്ഞനന്തൻ നായർ സൃഷ്ടിച്ച കലാപങ്ങളെല്ലാം പാർട്ടിയുടെ മൂല്യച്ച്യുതി വ്യക്തമാക്കുന്നവയായിരുന്നു. അദ്ദേഹത്തിന്റെ എതിർപ്പുകൾ പരിഹാസവും ഭീഷണിയും മുഷ്കും മുഖമുദ്രയാക്കിയ കോർപറേറ്റ് നേതൃത്വത്തിന്റെ നേർക്കായിരുന്നു. ആനിലയിൽ അത് പ്രസക്തവുമായിരുന്നു.
ശത്രുതാപരമായി നേരിടുമെന്ന് പ്രഖ്യാപിച്ച പാർട്ടിയുടെ മാടമ്പി നേതൃത്വത്തോട് അദ്ദേഹം പറഞ്ഞത് 'ഇത് എന്റെ വഴി'യാണെന്നായിരുന്നു ''1939ൽ ഒരു സെൽ മെംബറായി, 1943 മുതൽ പൂർണ മെംബറായി എന്നെ ഈ വഴിയിലൂടെ നടക്കാൻപഠിപ്പിച്ച സഖാക്കളുടെ സഖാവായ കൃഷ്ണപ്പിള്ളയുടെ വഴി. സഖാക്കൾ അജയ്ഘോഷ്, ഇ.എം.എസ്, എ.കെ.ജി, സുന്ദരയ്യ തുടങ്ങിയ വലിയ കമ്യൂണിസ്റ്റുകാർ നടന്ന ഈവഴിയിൽ അവരുടെ പിന്നിൽ നിഴൽപോലെ ഞാനുണ്ടായിരുന്നു. രാഷ്ട്രീയവും സാമൂഹികവും അല്ലാത്ത ഒരു ഉത്കണ്ഠയും വ്യക്തിപരമായ ഒരു ആകുലതയും എനിക്കുണ്ടായിട്ടില്ല'' -അദ്ദേഹം ആത്മകഥയിൽ എഴുതിയത് ഇതാണ്.
കമ്യൂണിസത്തെ ഒരു സ്വപ്നമായി കൊണ്ടുനടന്ന ഒരു തലമുറയുടെ പൈതൃകമാണ് ബർലിൻ കുഞ്ഞനന്തൻ നായരുടെ ജീവിതകഥയിൽ പ്രതിഫലിക്കുന്നത്. അത് സാക്ഷാത്കരിക്കാൻ ശ്രമിച്ചവരും അതിനുവേണ്ടി സംസാരിച്ചവരും സ്വപ്നവ്യാപാരികളായിരുന്നു. ആത്മത്യാഗത്തിന്റെ സന്ദേശം പ്രസരിപ്പിച്ച റാഡിക്കൽ മാർക്സിസ്റ്റുകളെക്കുറിച്ച് എഴുതിയ കുഞ്ഞനന്തൻ നായർ കുഴിമാടത്തിലും പാർട്ടിയുടെ ജീർണതയെക്കുറിച്ച് ഓർത്ത് അസ്വസ്ഥനാവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.