ദേശീയ രാഷ്ട്രീയത്തിൽ സവിശേഷപ്രാധാന്യമുള്ള സുപ്രധാന നിയമസഭ തെരഞ്ഞെടുപ്പുകളിലൊന്നിന് വാദ്യഘോഷമുയർന്നുകഴിഞ്ഞു. 243 സീറ്റുകളുള്ള ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം ഒക്ടോബർ 28നാണ്. രണ്ട്, മൂന്ന് ഘട്ടങ്ങൾ നവംബർ മൂന്നിനും ഏഴിനുമായി നടക്കും. പത്തിന് വോട്ടെണ്ണലും. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 71 സീറ്റുകളിലേക്ക് പത്രികാസമർപ്പണ പ്രക്രിയയും പൂർത്തിയായിക്കഴിഞ്ഞു. പരമ്പരാഗതമായി ബിഹാർ തെരഞ്ഞെടുപ്പുകൾ ഏറെയും രണ്ടു ചേരികൾ തമ്മിലെ പോരാട്ടമാണ്. പക്ഷേ, ഇക്കുറി ചിത്രം അൽപം വ്യത്യസ്തമാകുന്നതായാണ് കാണുന്നത്. നിലവിൽ ഭരണത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) ഏതുവിധേനയും അധികാരം നിലനിർത്താനുള്ള ഉറച്ച പരിശ്രമങ്ങളിലാണ്. പക്ഷേ, സഖ്യത്തിൽ അന്തശ്ഛിദ്രം രൂക്ഷമാണുതാനും. സഖ്യത്തിന് നേതൃത്വം നൽകുന്ന ബി.ജെ.പിയും മുഖ്യമന്ത്രി നിതീഷ്കുമാറിെൻറ ജനതാദൾ യുനൈറ്റഡും (ജെ.ഡി.യു) തമ്മിൽ അത്ര രസത്തിലല്ല. എൻ.ഡി.എയുടെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ ലോക്ജൻശക്തി പാർട്ടി (എൽ.ജെ.പി) ജെ.ഡി.യു മത്സരിക്കുന്ന സീറ്റുകളിലെല്ലാം എതിർത്തു മത്സരിക്കുമെന്ന് അർഥശങ്കയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. നിതീഷിനെ മൂലയിൽ ഒതുക്കാൻ ബി.ജെ.പി ആവിഷ്കരിച്ച തന്ത്രമാണ് എൽ.ജെ.പിയുടെ ഇൗ നിലപാട്. സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാലും ജെ.ഡി.യുവിന് സീറ്റ് കുറവാെണന്നു വന്നാൽ ആ നിമിഷം നിതീഷിന് മുഖ്യമന്ത്രിക്കസേരയിൽനിന്ന് ഇറങ്ങേണ്ടിവരും.
ഭരണസഖ്യത്തിലെ ഈ ഉൾപ്പോരുപോലും എതിർവശത്തുള്ള രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി)-കോൺഗ്രസ് മഹാസഖ്യത്തിന് ഗുണപ്പെടാത്ത അവസ്ഥയാണ്. മുന്നണിയിൽനിന്ന് മൂന്നു കക്ഷികൾ ബന്ധം പിരിഞ്ഞ് പോയിരിക്കുന്നു. വിവിധ സമുദായങ്ങൾക്കിടയിൽ പ്രത്യേക വോട്ടുബാങ്കുകൾ സ്വന്തമായുള്ള രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർ.എൽ.എസ്.പി), ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) എന്നിവയാണ് സഖ്യംവിട്ടിറങ്ങിയത്. അതിസങ്കീർണമാംവിധം ജാതിബോധം നിലനിൽക്കുന്ന സംസ്ഥാനത്ത് ഈ പാർട്ടികളുടെ രൂപവത്കരണത്തിെൻറ അടിത്തറതന്നെ ജാതിയാണ്. മഹാസഖ്യം വിട്ട ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ)യും വി.ഐ.പിയും എൻ.ഡി.എയോടൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. 50 സീറ്റുകളിലെങ്കിലും ജയപരാജയങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കെൽപുള്ള നിഷാദ (മത്സ്യത്തൊഴിലാളി സമൂഹം) വിഭാഗത്തിലാണ് വി.ഐ.പിക്ക് മേൽക്കൈ.
നിതീഷ് കുമാറുമായി ഉടക്കി മുൻ മുഖ്യമന്ത്രി ജിതൻറാം മാഞ്ചി സ്ഥാപിച്ചതാണ് ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ). നിതീഷുമായി ഇപ്പോഴും ഇണക്കത്തിലല്ലെങ്കിലും പ്രബല ദലിത് വിഭാഗമായ മുശഹർ സമുദായത്തിെൻറ നേതാവായ മാഞ്ചിയെ പാളയത്തിലെത്തിക്കാൻ കാവിസഖ്യത്തിനു കഴിഞ്ഞു. സംസ്ഥാന ജനസംഖ്യയുടെ രണ്ടര മുതൽ മൂന്നു ശതമാനം വരും മുശഹറുകൾ. ബോളിവുഡിലെ രംഗസജ്ജീകരണത്തിന് പേരുകേട്ട മുകേഷ് സാഹ്നി രൂപവത്കരിച്ച ഡെവലപിങ് ഇൻസാൻ പാർട്ടിയും എൻ.ഡി.എയിലാണ് കയറിപ്പറ്റിയത്.
ബിഹാർ ജനസംഖ്യയുടെ എട്ടുശതമാനം വരുന്ന കൊയ്റി സമുദായത്തിെൻറ പ്രാതിനിധ്യം അവകാശപ്പെടുന്ന ആർ.എൽ.എസ്.പി സഖ്യമുണ്ടാക്കിയിരിക്കുന്നത് ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനുമായാണ്. സംസ്ഥാനത്ത് മുസ്ലിംകൾ കൂടുതലുള്ള മേഖലയായ സീമാഞ്ചലിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് മജ്ലിസ്.
ആർ.എൽ.എസ്.പി സ്ഥാപകൻ ഉപേന്ദ്ര കുശ്വാഹയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ചാണ് മത്സരം. മഹാജനാധിപത്യ മതേതര സഖ്യമെന്ന് പേരിട്ട മുന്നണിയിൽ സമാജ്വാദി ജനതാദൾ-ഡെമോക്രാറ്റിക്, ബഹുജൻ സമാജ് പാർട്ടി, സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി എന്നിവയുമുണ്ട്. ഹൈദരാബാദിലും മഹാരാഷ്ട്രയിലും ഒതുങ്ങിനിന്നിരുന്ന ഉവൈസിയുടെ മജ്ലിസ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീമാഞ്ചലിൽ പയറ്റിനോക്കിയെങ്കിലും നിലംപരിശായിരുന്നു. പക്ഷേ, ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അതേ സീമാഞ്ചൽ മേഖലയിലെ കിഷൻഗഞ്ച് സീറ്റ് പിടിച്ചെടുത്ത് നിയമസഭയിൽ വരവറിയിച്ചു. കിഷൻഗഞ്ച്, പുർണിയ, അരാരിയ, കതിഹാർ ജില്ലകളിലാണ് മജ്ലിസിെൻറ പ്രധാന നോട്ടം. കിഷൻഗഞ്ചിലെ മുസ്ലിം ജനസംഖ്യ 65 ശതമാനമാണ്. മറ്റു ജില്ലകളിൽ 40 മുതൽ 50 ശതമാനം വരെയും. പൗരത്വ സമരവും മറ്റു സാമുദായിക വിഷയങ്ങളുമെല്ലാം വഴി ഈയടുത്ത കാലത്ത് സീമാഞ്ചലിൽ മജ്ലിസിന് സ്വാധീനം ഏറിവരുന്നുണ്ട്. അത് വിനയാവുക പതിവായി മുസ്ലിംവോട്ടുകൾ സ്വന്തമാക്കിയിരുന്ന ആർ.ജെ.ഡി-കോൺഗ്രസ് മഹാസഖ്യത്തിനാണ്.
ആർ.ജെ.ഡിക്കും കോൺഗ്രസിനും പുറമെ ഇടതു പാർട്ടികളും ഇക്കുറി മഹാസഖ്യത്തിലാണ്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിെൻറ പുത്രനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുന്നിൽനിർത്തിയാണ് സഖ്യത്തിെൻറ പോരാട്ടം. ബിഹാർ രാഷ്ട്രീയത്തിലെ ബാഹുബലിയെന്നറിയപ്പെട്ടിരുന്ന മുൻ എം.പി പപ്പു യാദവിെൻറ ജൻ അധികാർ പാർട്ടി പ്രകാശ് അംബേദ്കറുമായാണ് കൈകോർത്തിരിക്കുന്നത്. കൈക്കരുത്തും പണവും യഥേഷ്ടം ഉപയോഗിക്കുന്നതിൽ ഒരു മടിയുമില്ലാത്ത പപ്പു ബിഹാറിെൻറ പല മേഖലകളിലും വലിയ പരോപകാരിയായിക്കൂടി അറിയപ്പെടുന്നുണ്ട്. ഭക്ഷണവും വെള്ളവും എത്തിക്കാനും കോവിഡ് പ്രയാസങ്ങളിൽപെട്ടവരെ സഹായിക്കാനുെമല്ലാം നടത്തിയ ശ്രമങ്ങൾ വാർത്തയായിട്ടുണ്ട്, പക്ഷേ അതെല്ലാം വോട്ടാവുമെന്ന് പറയാനാവില്ല.
ഇതിനു പുറമെ ഇനിയുമുണ്ട് അസംഖ്യം പാർട്ടികളും കളിക്കാരും. ജെ.ഡി.യു നേതാവ് വിനോദ് ചൗധരിയുടെ മകൾ പുഷ്പം പ്രിയ ചൗധരിയും അവരുടെ പ്ലൂറൽസ് പാർട്ടിയുമാണ് അതിലൊന്ന്. ലണ്ടനിൽ പഠിച്ച് വന്ന പുഷ്പം മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം പരിചയപ്പെടുത്തി പ്രാദേശിക പത്രങ്ങളുടെ ഒന്നാം പേജിൽ പരസ്യം നൽകി ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിച്ചിരുന്നു. ബാങ്കിപ്പുരിൽനിന്നും സ്വന്തം നാടായ ബിസ്ഫിയിൽനിന്നും മത്സരിക്കാനുറച്ചിരിക്കുകയാണവർ. പോരാതെ 243 സീറ്റുകളിലും പാർട്ടി സ്ഥാനാർഥികളെ നിർത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ, അഞ്ചു മുന്നണികളും അതിൽപെടാത്ത ഒരു പാർട്ടിയും പിന്നെ അസംഖ്യം സ്വതന്ത്ര സ്ഥാനാർഥികളും കച്ചകെട്ടി ഇറങ്ങുന്നുണ്ട്. വോട്ടുകൾ ഭിന്നിച്ചുപോകാൻ എല്ലാവിധ സാധ്യതകളുമുണ്ട്.
15 വർഷമായി ഭരണത്തിലിരിക്കുന്ന സർക്കാറിന് സാമാന്യം വലിയ അളവിൽതന്നെ വിരുദ്ധവികാരം നേരിടേണ്ടിവരുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ, അത്രകണ്ട് പ്രതിഷേധം ബി.ജെ.പിക്കെതിരെ ഇല്ലതാനും.
വോട്ടുകൾ മുന്നണികൾക്കിടയിൽ വീതിക്കപ്പെട്ടാൽ അത് മഹാസഖ്യത്തിനാണ് കോട്ടം തട്ടിക്കുക. ജനം ഒന്നര പതിറ്റാണ്ടായി നിതീഷിന് വോട്ടുകൊടുത്ത് അധികാരത്തിലേറ്റിയത് അവർക്കു മുന്നിൽ അധികം വഴികളില്ലാഞ്ഞിട്ടായിരുന്നു. എന്നാൽ, ഇക്കുറി തെരഞ്ഞെടുക്കാൻ മുന്നണികളും പാർട്ടികളും ആവശ്യത്തിലേറെ!
സ്വതന്ത്രസ്ഥാനാർഥികളെല്ലാം മത്സരിക്കുന്നത് വിജയം മുന്നിൽകണ്ടല്ല, പക്ഷേ സഖ്യങ്ങൾക്കിടയിൽ വോട്ട്വീതിച്ചുപോകുന്ന ഇക്കുറി അവരുടെ സാന്നിധ്യം ഏറെ നിർണായകമാണ്. പലരുടെയും ജയപരാജയങ്ങൾക്ക് അവർ പിടിക്കുന്ന വോട്ടുകളും കാരണമായേക്കും.
പ്രബല മുന്നണികളായ എൻ.ഡി.എക്കും മഹാസഖ്യത്തിനും കേവല ഭൂരിപക്ഷം തികക്കാനുള്ള സീറ്റ് ഇല്ലെന്നുവന്നാൽ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം ഒന്നാകെ മാറും. ചെറുകക്ഷികളും മുന്നണികളും കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥ വരും. കാത്തിരുന്ന് കാണുകതന്നെ.
(പട്നയിലെ സ്വതന്ത്ര മാധ്യമപ്രവർത്തകനാണ്
ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.