എന്‍റെ മകന്‍റെ ഇപ്പോഴത്തെ പ്രായമായിരുന്നു എനിക്കന്ന്​,11 വയസ്​. ഇപ്പോഴത്തെ തലമുറ എന്‍റെ കാലത്തേക്കാൾ കാര്യങ്ങൾ അറിയുന്നവരാണ്​ എന്ന്​ തോന്നുന്നു, പക്ഷേ നമ്മളന്ന്​ കാര്യങ്ങൾ ആഴത്തിലന്വേഷിക്കാനും ശ്രമിച്ചിരുന്നു.

എംജെ എന്ന്​ ഏവരാലും സ്​നേഹപൂർവം വിളിക്കപ്പെട്ടിരുന്ന ഞങ്ങളുടെ പിതാവ്​ പരേതനായ റവ. എം.ജെ ജോസഫ്​ പീപ്പിൾസ്​ റിപ്പബ്ലിക്​ ഒഫ്​ ചൈനയിൽ ഒരു സന്ദർശനം കഴിഞ്ഞ്​ മടങ്ങി വന്ന സമയം. സങ്കടവും ക്ഷീണവും നിറഞ്ഞ അവസ്​ഥയിലായിരുന്നു അദ്ദേഹം പക്ഷേ കണ്ണുകളിലെ ആവേശത്തിളക്കത്തിന്​ ഒട്ടും കുറവുമില്ലായിരുന്നു.


ചൈനയിലേക്ക്​ വസ്​താന്വേഷണ സന്ദർശനം നടത്തിയ അന്താരാഷ്​ട്ര കൂട്ടായ്​മയുടെ സംഘാടകരിലൊരാളായിരുന്നു എംജെ. ടിയാനെന്മെൻ സ്ക്വയർ സംഭവങ്ങൾക്ക്​ ശേഷമുള്ള യാഥാർഥ്യങ്ങളും കമ്യൂണിസ്​റ്റ്​ ഭരണകൂടത്തിനെതിരായ അമേരിക്കൻ തന്ത്രങ്ങളും പരിശോധിക്കുകയായിരുന്നു അവരുടെ സന്ദർശന ഉദ്ദേശം. ഒരു കമ്യൂണിസ്​റ്റ്​ ഭരണകൂടത്തെ ഉത്തരവാദിത്വം ബോധ്യപ്പെടുത്തി അന്താരാഷ്​ട്ര സാമ്രാജ്യത്വ വിരുദ്ധ സംഘം നടത്തുന്ന ചൈനാ സന്ദർശനത്തിന്‍റെ രാഷ്​ട്രീയ പ്രാധാന്യവും ആർജവവും മനസിലാക്കാൻ എനിക്ക്​ ഏറെ വർഷങ്ങൾ വേണ്ടി വന്നു.

എന്‍റെ ശ്രദ്ധപോയത്​ എം​െജയുടെ അടുത്ത സുഹൃത്തും പ്രശസ്​ത ദൈവശാസ്​ത്രജ്​ഞനുമായിരുന്ന അന്നത്തെ നാഗലൻറ്​ ഗവർണർ ഡോ.എം.എം ​േതാമസിന്‍റെ ചോദ്യത്തിലും അതിനദ്ദേഹം നൽകിയ മറുപടിയിലുമാണ്​.

കമ്യൂണിസ്​റ്റ്​ ഭരണകൂടം നടത്തിയ അവകാശലംഘനങ്ങൾ ബോധ്യപ്പെട്ട ശേഷവും താങ്കളുടെ 'ചുവപ്പ്​ കുപ്പായം' ഉള്ളിലുണ്ടോ എന്ന തന്‍റെ ദീർഘകാല സഖാവിനോട്​ കുപ്പായം ചുവപ്പായി തന്നെ തുടരും അത്​ ചൈനയിലോ യു.എസ്​.എസ്​.ആറിലോ തയ്യാറാക്കപ്പെട്ടതല്ല എന്നായിരുന്നു ​എംജെയുടെ മറുപടി.

ചെങ്കുപ്പായക്കാരൻ

ഇടതു പുരോഗമന പ്രത്യയശാസ്ത്രത്തോടുള്ള എം‌ജെയുടെ അടുപ്പവും മാർക്‌സിയൻ ചിന്താധാരയുടെ പരന്ന വായനയും ഒരിക്കലും രഹസ്യമായിരുന്നില്ല. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഇടതുപക്ഷ ദൈവശാസ്ത്രജ്ഞർ തുടക്കമിട്ട വിമോചന ദൈവശാസ്ത്രമായിരുന്നു അദ്ദേഹത്തിന്‍റെ ചിന്താ പ്രമാണങ്ങളുടെ അടിത്തറ. അദ്ദേഹം ദീർഘകാലം പത്രാധിപത്വം വഹിച്ചിരുന്ന മലയാളത്തിലെ സ്വതന്ത്ര രാഷ്ട്രീയ മാസികയായ ഡൈനാമിക് ആക്ഷന്‍റെ എഡിറ്റോറിയലുകളിലൂടെ അദ്ദേഹം പലപ്പോഴും ഇൗ പ്രത്യയശാസ്ത്രപരമായ ചായ്‌വുകൾ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ കമ്മ്യൂണിസ്​റ്റ്​- സോഷ്യലിസ്റ്റ് പാർട്ടികളും അതിന്‍റെ നേതാക്കളുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധവും പ്രശസ്​തമായിരുന്നു. വിശേഷിച്ച്​ ഇ.എം.എസ്, പി.ജി, എ.കെ.ജി, എം.എൻ റോയ്, അജിത് റോയ്, കിഷൻ പട്നായിക്, സുരേന്ദ്ര മോഹൻ, ജോർജ്ജ് ഫെർണാണ്ടസ്, ബാബു ജഗ്​ജീവൻ റാം ദാർശനികരും നേതാക്കളുമായുള്ള അടുപ്പം.



എന്നിരുന്നാലും, മറ്റ് സമകാലികരിൽ നിന്ന് വ്യത്യസ്തമായി, എംജെ ഒരിക്കലും സജീവ പാർട്ടി അംഗമോ അനുയാത്രികനോ ആയില്ല, മാർക്സിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും ലെനിനിസ്റ്റ്, മാവോയിസ്റ്റ് ചിന്താ പ്രക്രിയകളുടെയും സ്വതന്ത്ര സഹയാത്രികനും തിരുത്തൽ ശക്തിയുമായി തുടരാൻ അദ്ദേഹം ആഗ്രഹിച്ചു. അതേസമയം സോഷ്യലിസ്റ്റ് സുഹൃത്തുക്കളെയും ഗാന്ധിയന്മാരെയും ലോഹ്യധാരക്കാരെയും അദ്ദേഹം വിമർശിച്ചു, എന്നാൽ അവരിൽ ഒരാളിൽ നിന്നും വിട്ടുനിന്നുമില്ല. തന്‍റെ ജീവിതത്തിന്‍റെ പിന്നീടുള്ള വർഷങ്ങളിൽ, ക്രിസ്തുവിന്‍റെ അനുകമ്പയും കാറൽ മാർക്സിന്റെ സാമ്പത്തിക കാഴ്ചപ്പാടും ഉപേക്ഷിക്കാതെ അദ്ദേഹം അംബേദ്കറൈറ്റ് ചിന്തകളുമായി കൂടുതൽ ഇടപഴകി.

അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിൽ ജോലി ചെയ്യാൻ തീരുമാനിച്ച ഒരു പുരോഹിതൻ ഝാർഖണ്ഡ്​ മുക്തി മോർച്ച, ശങ്കർ ഗുഹ നിയോഗി നയിച്ച ഛത്തീസ്ഗഢ്​ മുക്തി മോർച്ച,നർമദ ആന്ദോളൻ തുടങ്ങിയ പ്രസ്​ഥാനങ്ങളുടെ സഖാവും ഉപദേശകന​ുമായി തുടരുന്നത്​ പലർക്കും സങ്കൽപ്പിക്കാൻ ​േപാലുമാകുമായിരുന്നില്ല. പിന്നീട്​ - പലപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്​ത്രീകൾക്ക്​ വ്യക്​തമായ നേതൃത്വമുണ്ടായിരുന്ന ആദിവാസി, ദലിത്, പാരിസ്ഥിതിക പ്രസ്ഥാനങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ തുറന്ന പിന്തുണ നേടിയത്​.

ഒരു ഫെമിനിസ്റ്റ് രക്ഷിതാവ്

സി.പി.എമ്മിന്‍റെ നേതൃനിരയി​ലുണ്ടായിരുന്ന,കോളേജ് ലക്ചററായിരുന്ന ഞങ്ങളുടെ അമ്മ ക്ലാര സെറ്റ്കിന്‍റെയും റോസ ലക്സംബർഗിന്‍റെയും റൊമാന്റിക് ആരാധകയായിരുന്നില്ല, വീട്ടിലും സമൂഹത്തിലും സമത്വത്തിന്‍റെ ശക്​തയായ പ്രയോക്​താവായിരുന്നു. ഒപ്പം സഖാക്കളുടെ അനുഭവങ്ങളിലൂടെയും അവർ മുന്നോട്ടു​േപായി.

എം‌ജെയുടെയും അന്നമ്മ ജോസഫിന്‍റെയും ഞങ്ങൾ‌ മൂന്ന്‌ മക്കൾക്കും അവർ‌ പകർന്ന വെളിച്ചത്തിന്‍റെ എല്ലാ അർഥത്തിലുമുള്ള പ്രയോജനം തീർച്ചയായും ലഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു അവസരവും അവർ ഒരിക്കലും നിഷേധിച്ചില്ല. ഒരുപക്ഷേ ഞങ്ങൾക്ക് സ്കൂൾ / കോളേജ് വിനോദയാത്രകൾ മുടങ്ങിയിരുന്നു, കാരണം അവർക്ക് അത് താങ്ങാൻ കഴിഞ്ഞില്ല, പക്ഷേ ജീവിതത്തിൽ യഥാർഥ പ്രാധാന്യമുള്ള ഒന്നും നഷ്​ടമായില്ല.


കേരളത്തിൽ എന്‍റെ പ്രായത്തിലുള്ള ഒരാൾക്ക്​ അക്കാലത്ത്​ കത്തോലിക്കാ പുരോഹിതനും ജനകീയ പ്രസ്​ഥാന നായകനുമായിരിന്ന ഫാ. ആൻറണി മുർമുവിനെപ്പോലൊരാൾക്ക്​ ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിക്കുമായിരുന്നില്ല. ബിഹാറിൽ നിന്നുള്ള ലോക്​സഭാംഗമായിരുന്ന ഫാ. മുർമുവിനെ1985ൽ 17 ആദിവാസികളോടൊപ്പം പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.

ജാതീയതയെ എതിർത്ത 'അപരാധത്തിന്'​ ക്രിസ്​തീയ പുരോഹിതനായ ഞങ്ങളുടെ പിതാവിനെ തന്‍റെ ഇടവക പള്ളിയുടെ അൾത്താരയിൽ നിന്ന്​ ​െപാലീസ്​ അറസ്​റ്റ്​ ചെയ്​തു കൊണ്ടുപോകുന്ന ചരിത്രപരവും അപൂർവവുമായ കാഴ്​ചക്കും ബാല്യകാലത്ത്​ ഞങ്ങൾ സാക്ഷ്യംവഹിച്ചു. കൗമാരകാലത്ത്​ റാഞ്ചിയിലെ ഒരു മീറ്റിംഗിൽ വെച്ച്​ സി.കെ.ജാനുവിന്‍റെ ഹിന്ദി പരിഭാഷകനാകാൽ കഴിഞ്ഞെങ്കിൽ, അതും രക്ഷിതാക്കൾ പകർന്ന ധൈര്യത്തിൽ നിന്ന്​ സാധ്യമായതാണ്​.

കുട്ടികളെന്ന നിലയിൽ, ഒരുപക്ഷേ ഞങ്ങളുടെ ഏറ്റവും വലിയ നഷ്​ടം എം‌ജെയുടെ യൗവനം കാണാനൊക്കാഞ്ഞതാണ്​. ! ഞാൻ കുഞ്ഞായിരിക്കുമ്പോൾ അദ്ദേഹം അമ്പതുകളിലേക്ക്​ കാലൂന്നിയിരുന്നു. എന്‍റെ കൗമാരത്തിൽ, അദ്ദേഹത്തോടൊപ്പം ഹോക്കി കളിക്കാൻ കഴിയാത്തതിലും ക്രിക്കറ്റ് കളിക്കുമ്പോൾ അദ്ദേഹത്തിൽനിന്ന്​ ഹാൻഡ് ഡ്രൈവകളിലോ ഇൻ-സ്വിംഗറുകളിലോ പരിശീലനം നേടാനാവാത്തതിലും എനിക്ക് സങ്കടമുണ്ടായിരുന്നു. എന്നാൽ ഒരു കുടുംബമെന്ന നിലയിൽ ഒരു പിതാവിൽ സങ്കൽപ്പിക്കാൻ കഴിയുന്നതിൽ ഏറ്റവും മികച്ചത് അദ്ദേഹത്തിൽ നിന്ന്​ ലഭിച്ചു.

തീർച്ചയായും അദ്ദേഹം സകലകലാ വല്ലഭനായിരുന്നു! ഒരേ സമയം കർണാടിക്​ സംഗീതത്തിന്‍റെയും പാശ്ചാത്യ സംഗീതത്തിന്‍റെയും അനന്ത മനോഹരമായ ലോകത്തിലേക്ക് ഞങ്ങളെ ആനയിച്ച സംഗീതജ്ഞൻ. അതേ സമയം ഞങ്ങളുടെ ക്രിസ്​മസുകളിൽ ബോണി എം, ജിം റീവ്സ്, മൊസാർട്ട്, സലീൽചൗധരി, ഇളയരാജ എന്നിവരും നിറഞ്ഞു നിന്നിരുന്നു.

അദ്ദേഹം അക്കോഡിയനോ, ഹാർമോണിക്കയോ കീബോഡോ മീട്ടുമായിരുന്നു, അല്ലെങ്കിൽ പാടും. ഞങ്ങൾ പാടു​​േമ്പാൾ ആവേശത്തോടെ എന്നാൽ ക്ഷമാപൂർവം ഒാരോ പിഴവുകളും ചൂണ്ടിക്കാട്ടി തിരുത്തുകയും ചേർന്ന്​ പാടുകയും ചെയ്യുമായിരുന്നു. മാതാപിതാക്കൾ ഞങ്ങളെ കർണാടിക്​ സംഗീതം പരിശീലിപ്പിക്കുകയും ഓരോരുത്തരും ഒരു വാദ്യോപകരണം അഭ്യസിച്ചുവെന്ന്​ ഉറപ്പാക്കുകയും ചെയ്തു!.

ജനങ്ങളോടുള്ള എം‌ജെയുടെ ആഭിമുഖ്യം പലപ്പോഴും അദ്ദേഹത്തിന്‍റെ സംഗീത, നൃത്ത ചുവടുകളിൽ പ്രതിഫലിച്ചു, പ്രത്യേകിച്ചും ഝാർഖണ്ഡ് മുണ്ട, യുറോൺ സംഘങ്ങൾ, ളാഹ, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള ആദിവാസി ഗ്രൂപ്പുകൾ, അല്ലെങ്കിൽ ഛത്തീസ്ഗഢിലെ ഗോണ്ട് സമൂഹം എന്നിവർക്കൊപ്പമെല്ലാം ചേരു​േമ്പാൾ. അത്തരം സന്ദർഭങ്ങളിൽ എംജെ ശരിക്കും സജീവമായിരുന്നു.

1990 കളിൽ ദലിത്, ആദിവാസി പ്രസ്ഥാനങ്ങൾ നാട്ടു കൂട്ടങ്ങൾ സംഘടിപ്പിച്ചിരുന്ന കാലത്ത്​ അദ്ദേഹം രാത്രിയിൽ അവരോടൊപ്പം നൃത്തം ചെയ്യുമായിരുന്നു. പി.എസ്​.എയുടെ ആക്ടിവിസ്റ്റ് കുടുംബ സംഗമങ്ങളിലും ഇതു തുടർന്നിരുന്നു. 2010 ജൂലൈയിൽ എം‌ജെയുടെ നിര്യാണ ശേഷം എഴുതപ്പെട്ട ഒരു കുറിപ്പിൽ അദ്ദേഹത്തിന്‍റെ ഇൗ ജനകീയ അഭിനിവേശം ഓർമ്മത്തെടുക്കുന്നുണ്ട്​.

എം.ജെയെ അദ്ദേഹത്തിന്‍റെ സഹോദരങ്ങൾ രക്ഷകർതൃത്വം പരിശീലിപ്പിച്ചിട്ടുണ്ടാവും എന്നാണ്​ ഞാൻ ഉൗഹിക്കുന്നത്​. 11 മക്കളുള്ള കുടുംബതി​െല ഒമ്പതാമത്തെ കുട്ടി ജനിക്കു​േമ്പാഴേക്ക്​ മൂത്ത സഹോദരങ്ങൾ പലരും മാതാപിതാക്കളായിട്ടുണ്ടായിരുന്നു.


രക്ഷാകർതൃത്വ പ്രായമാകുമ്പോഴേക്ക്​ ഒരു സുഹൃത്ത്​ എന്ന നിലയിലും വഴികാട്ടി എന്ന നിലയിലും ഒരു മാതൃകയാവുന്ന രീതിയിൽ അദ്ദേഹം പ്രാപ്​തി നേടിയിരുന്നു. ഞാൻ ആദ്യമായി മകനോട് ദേഷ്യപ്പെടുകയും ഒരു വടിയോങ്ങുകയും ചെയ്തപ്പോൾ, രക്ഷാകർതൃത്വത്തിൽ എംജെയെപ്പോലെ ആകാൻ ഇനിയും വളരെയധികം പഠിക്കേണ്ടതുണ്ടെന്ന പരമാർഥം ഞാൻ തിരിച്ചറിഞ്ഞു. ആസ്ത്​മ, അൾസർ, സന്ധിവാതം എന്നിങ്ങനെ കടുത്ത ആരോഗ്യ പ്രശ്​നങ്ങളുണ്ടായിട്ടും അദ്ദേഹം എന്നോട് ഒരിക്കലും കോപിച്ചിട്ടില്ല.

ഒരുപക്ഷേ മൂന്നാമത്തെ കുഞ്ഞായി ജനിച്ചതിന്‍റെ ഗുണം എനിക്കും ലഭിച്ചിട്ടുണ്ടാവും. ഒരു രക്ഷകർത്താവിന് ദേഷ്യം വരാനുള്ള അവസരങ്ങൾക്ക് അപ്പോഴേക്കും ക്ഷാമമുണ്ടായിട്ടുണ്ടാവുമല്ലോ. പക്ഷേ, അവരുടെ കൂട്ടായ ജീവിത ബോധ്യങ്ങളിലേക്ക് ഞങ്ങളെ വളർത്തി എന്നതായിരുന്നു യഥാർത്ഥ മികവ്​. ചിന്താപരമായ പ്രകോപനങ്ങളും, വായനകൾ സംബന്ധിച്ച മാർഗനിർദേശങ്ങളും (ഒ.വി. വിജയൻ, ആനന്ദ്, സച്ചിദാനന്ദൻ, മാർക്വേസ്, കസാന്ത്സാക്കിസ്, ടോൾസ്റ്റോയ്, ടാഗോർ, അങ്ങിനെ നീളുന്ന പട്ടിക), നാടൻ പാട്ടുകളും ഡൈനാമിക്​ ആക്​ഷന്‍റെ ജനകീയ ഗാനങ്ങളും ബോബ്​ ഡിലൻ മുതൽ ഭൂപൻ ഹസാരി വരെയുള്ള സംഗീതജ്​ഞരും വഴി രാഷ്ട്രീയ കവിതകളും സംഗീതവും ഞങ്ങളെ പരിചിതമാക്കുന്നതിലും, മേധാ പട്കർ,തോമസ് കൊച്ചേരി, സെബാസ്റ്റ്യൻ കാപ്പൻ, കെ.ജെ.ജോൺ, ളാഹ ഗോപാലൻ, സേവ്യർ ഡയസ്, ടി.ജെ പീറ്റർ തുടങ്ങിയ യഥാർഥ ജീവിത പോരാളികളിൽ നിന്ന്​ ജീവിതം നേരിട്ടു കേൾക്കാൻ വഴി തുറന്നും എം‌ജെ രക്ഷാകർതൃത്വത്തിന്‍റെ ലളിത മാർഗങ്ങൾ തുറന്നിട്ടു.

അദ്ദേഹം മരണശയ്യയിലാണെന്ന് ഏവരും കരുതിയഘട്ടത്തിൽ എംജെ കുറെ പെയിൻറിങ്​ ബ്രഷുകളുമെടുത്ത്​ ജീവിതത്തിലേക്ക്​ തിരിച്ചുവരുവാനുള്ള വഴി സ്വയം വരക്കാൻ തുടങ്ങി. 75ാം വയസ്സിൽ ആദ്യമായി ക്യാൻവാസിൽ കൈവെച്ചു തുടങ്ങിയ അദ്ദേഹം മൂന്നു വർഷം കൊണ്ട്​ കോട്ടയം ഡിസി ഇടമിൽ സുഹൃത്തുക്കൾക്കായി ഒരു ഗംഭീര പ്രദർശനം സംഘടിപ്പിക്കാൻ വേണ്ടത്ര ചിത്രങ്ങൾക്ക്​ നിറം പകർന്നിരുന്നു. പ്രിയ സുഹൃത്ത് സ. പി ഗോവിന്ദ പിള്ളയും ദീർഘകാല സഹചാരി ബിഷപ്പ് ജോർജ് നൈന​ാനും ചേർന്നാണ്​ എംജെയുടെ മികച്ച ചിത്രങ്ങൾ ആസ്വാദകർക്കായി തുറന്നു കൊടുത്തത്​.

കാൻവാസ്​ ഇപ്പോൾ നിറം വറ്റിപ്പോയിരിക്കുന്നു, അക്കോഡിയൻ മൂകവും പാതകൾ വിജനവുമായിരിക്കുന്നു.എന്നാൽ ആളുകളെ ചേർത്തു പിടിച്ച്​ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ഭാവനയും ബോധ്യവും അദ്ദേഹം ബാക്കിയാക്കിയിരുന്നു. ഓരോ ജന്മവാർഷികവും കടന്നുപോകുമ്പോൾ, തനിക്കു പിറന്ന മക്കൾക്കൊപ്പം ഒരു പാട്​ ശിഷ്യരും അനുയായികളും ജീവിതക്കൊടുങ്കാറ്റുകൾക്കിടയിലും ശാന്തസൗമ്യനായി തുടർന്ന ഈ അച്ചനെ മനസിൽ സൂക്ഷിക്കുന്നത്​ തിരിച്ചറിയുന്നു.


 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.