ഭരണനിർവഹണത്തിലെ മുൻഗണനകളും പരിഗണനകളും തീവ്രദാരിദ്ര്യം അടക്കം നേരിടാനുള്ള പദ്ധതികളും മുഖ്യമന്ത്രിയും സഹമന്ത്രിമാരും പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാമാരിയും ദാരിദ്ര്യവും കടക്കെണിയുംപോലുള്ള ഭീഷണികൾ പോലെ കേരളം നേരിടുന്ന വെല്ലുവിളികളിൽ വളരെ പ്രധാനപ്പെട്ടതാണ് കാലാവസ്ഥാ മാറ്റവും അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളും. കേരളത്തിലെ സവിശേഷമായ കാരണങ്ങൾകൂടി ചേരുമ്പോൾ കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള പരിസ്ഥിതി ദുരന്തങ്ങളുടെ തീവ്രത പലമടങ്ങ് വർധിക്കുകയാണ്.
പശ്ചിമഘട്ടത്തിലെ കല്ലുകൾ പൊട്ടിച്ചു കൊണ്ടുവന്നിട്ട കടൽഭിത്തികൾപോലും മിക്കസ്ഥലത്തും ചുഴലിക്കാറ്റിൽ ഒഴുകിപ്പോയി. ഫലത്തിൽ പാറപൊട്ടിക്കുന്ന പശ്ചിമഘട്ടം ഉരുൾപൊട്ടലുകളാലും പാറകൊണ്ടുവന്നിടുന്ന കടലോരം ചുഴലിക്കാറ്റുകളാലും ശക്തമായ കടലാക്രമണത്താലും നശിക്കുന്നു. കടലും തീരവും പുഴയും കായലും മണ്ണും കാടും മലകളും മാത്രമല്ല, കർഷകരും ആദിവാസികളും വരെ കാലാവസ്ഥാ മാറ്റത്തിന്റെ രക്തസാക്ഷികളാണ്. എന്നിട്ടും കാലാവസ്ഥാ മാറ്റവും പാരിസ്ഥിതിക ദുരന്തങ്ങളും ഇനിയും നമ്മുടെ മുന്തിയ പരിഗണനാ വിഷയങ്ങൾ ആയിട്ടില്ല.
പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രി കൈവശം െവച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധയർഹിക്കുന്ന കാര്യം. പാരിസ്ഥിതികവും സാമൂഹികവും അതിജീവനപരവുമായ ആശങ്കകളെപോലും അവഗണിച്ച് ചില വൻകിട വികസന പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും അവ നടപ്പാക്കാൻ മുന്തിയ പരിഗണന നൽകുകയും ചെയ്യുന്ന സാഹചര്യമാണ്. അതിവേഗ റെയിൽപാത, വയനാട്ടിലേക്കുള്ള തുരങ്കപാത, തീരദേശ ഹൈവേ, മലയോര ഹൈവേ, എങ്ങുമെത്താത്ത വിഴിഞ്ഞം തുറമുഖം എന്നിവയുടെ എല്ലാം പാരിസ്ഥിതികമായ തടസ്സങ്ങളെ എടുത്തുമാറ്റുന്നതിൽ പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് സാഹചര്യം എളുപ്പമുണ്ടാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ട് വനവും പരിസ്ഥിതിയും മുഖ്യമന്ത്രിയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു മന്ത്രിയോ ഒരുമിച്ചു കൈകാര്യം ചെയ്യുന്നില്ല എന്നതാണ് ഇവിടെ കാതലായ ചോദ്യം. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും വനവും പരിസ്ഥിതിയും മാത്രമല്ല, കാലാവസ്ഥാ വ്യതിയാനവും ഒരുമിച്ചുള്ള മൂന്നു വകുപ്പുകളായി ഒറ്റ മന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭയാനകത അനുഭവിക്കുമ്പോഴും കേരളത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന് ഒരു വകുപ്പില്ല. അങ്ങനെ ഒരു വകുപ്പുകൂടി ഉടൻ രൂപപ്പെടേണ്ടതുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ കൂടി അതിനു കീഴിൽ കൊണ്ടുവരണം. പശ്ചിമഘട്ടത്തിനും തീരദേശത്തിനും വേണ്ടി അടിയന്തരമായി കൺസർവേഷൻ-സന്തുലിത വികസന അതോറിറ്റികൾ ഉണ്ടാകണം.
പോയ അഞ്ചു വർഷങ്ങളിൽ കേരളം നേരിട്ടത് ഒന്നിനു പിന്നാലെ ഒന്നായി നിരവധി പാരിസ്ഥിതിക ദുരന്തങ്ങളെയാണ്. അവിടെയെല്ലാം നമ്മൾ മുൻഗണന കൊടുത്തത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ്. ഇനിയുള്ള വർഷങ്ങളിൽ ശ്രദ്ധ കൊടുക്കേണ്ടത് ദുരന്തനിവാരണത്തിനും ദുരന്തങ്ങൾ ഒഴിവാക്കാനുമുള്ള പ്രവർത്തനങ്ങൾക്കാണ്. റവന്യൂ വകുപ്പ് നടത്തുന്ന നഷ്ടപരിഹാര വിതരണവും സൗജന്യ റേഷനും കിറ്റുകളും കൊണ്ട് അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനാകില്ല. കാലാവസ്ഥാ പ്രതിസന്ധിയെ ആഴത്തിൽ പഠിക്കാനും അതിജീവന മാർഗങ്ങൾ കണ്ടെത്താനും പ്രതിസന്ധിയെ അതിജീവിക്കുന്ന തൊഴിൽ-കൃഷി-ഉപജീവന മാർഗങ്ങൾ വികസിപ്പിച്ചെടുക്കാനും മുൻഗണന വേണം. ആസൂത്രണ ബോർഡും ആയിരത്തി ഇരുന്നൂറോളമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പുമായി ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കണം. വലിയ തുറമുഖങ്ങളും അണക്കെട്ടുകളും അതിവേഗ പാതകളും ഒക്കെ ഇത്തരം ആശങ്കകൾ പൂർണമായി പരിഹരിച്ചു മാത്രമേ നടപ്പിലാക്കാവൂ.
അടിസ്ഥാന സൗകര്യ വികസനത്തിലും ക്ഷേമപദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾതന്നെ പരിസ്ഥിതിയും കാലാവസ്ഥയും സംരക്ഷിച്ചിട്ടില്ലെങ്കിൽ കേരളം നേരിടാൻ പോകുന്ന തകർച്ച സാമൂഹികമായും സാമ്പത്തികമായും അതിജീവനപരമായും കാർഷികമായും ഭക്ഷ്യസുരക്ഷാപരമായും അങ്ങേയറ്റം കടുത്തതായിരിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണ കാലഘട്ടത്തിൽ പ്രധാന മുന്നണികൾക്കും പരിസ്ഥിതിയും അതിജീവനവും ചർച്ചാവിഷയങ്ങളായിരുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായ ഒരു നിശ്ശബ്ദത രാഷ്ട്രീയപാർട്ടികൾക്കും മുന്നണികൾക്കും ഇടയിൽ ഇന്ന് അതിശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. പശ്ചിമഘട്ടം, വനങ്ങൾ, ആവാസവ്യവസ്ഥ, നദികൾ, തണ്ണീർത്തടങ്ങൾ, കുന്നുകൾ, പർവതങ്ങൾ എന്നിവയുടെ സുരക്ഷയിലേക്കുള്ള കടന്നുകയറ്റങ്ങൾ പൂർണമായി ഇല്ലാതാക്കപ്പെടുന്ന ഹരിത രാഷ്ട്രീയത്തിലേക്ക് കേരളം മാറിയേ പറ്റൂ. അതിനായുള്ള ധീരത പുതിയ സർക്കാർ കാട്ടേണ്ടതുണ്ട്.
കേരളത്തിന് സമഗ്രമായ ഒരു പരിസ്ഥിതിനയം രൂപവത്കരിക്കുന്നതിനും കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കുന്ന വികസന മാതൃകകൾ നടപ്പിലാക്കുന്നതിനും സ്കൂളുകളിൽ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതിനും ശ്രമങ്ങൾ ആവശ്യമാണ്. മണലും പ്രകൃതി വിഭവങ്ങളും കുറഞ്ഞ തോതിൽ ഉപയോഗിക്കുന്ന നിർമാണങ്ങൾക്കു സബ്സിഡി ഏർപ്പെടുത്തുന്നതിനും സർക്കാർ തയാറാകണം. ആഴക്കടൽ മത്സ്യബന്ധനം, പാറപൊട്ടിക്കൽ എന്നിവയിൽ ശാസ്ത്രീയ പഠനങ്ങളും വിവേകപൂർണമായ സമീപനങ്ങളും വേണ്ടതുണ്ട്.
അതിവേഗ െറയിൽ പാതയും വയനാട്ടിലേക്കുള്ള തുരങ്ക പാതയും കൊല്ലത്തെ ധാതുമണൽ കച്ചവടവും ടെക്നോപാർക്ക് മൂന്നാം ഘട്ടം എന്ന പേരിലെ കായൽ ൈകയേറ്റവുമല്ല വികസനം എന്ന് നമ്മൾ പഠിക്കാൻ ഇനിയും ദുരന്തങ്ങൾ വേണം എന്നുള്ള അവസ്ഥ കഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.