പ്രശസ്ത കലാകാരനും നൃത്തകലാ അധ്യാപകനുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെ ജാതിയുടെയും വർണത്തിന്റെയും പേരിൽ അപമാനിച്ച സംഭവം ‘ഇന്ത്യൻ’ സൗന്ദര്യശാസ്ത്രത്തെ സൂക്ഷ്മ വിമർശനം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. ആർ.എൽ.വി. രാമകൃഷ്ണനെപ്പോലുള്ളവർ നിരന്തരം നേരിടേണ്ടിവരുന്ന പുറന്തള്ളൽ ഹിംസയുടെ ആധാരം കേവലം വ്യക്തിപരമായ പ്രശ്നം മാത്രമല്ലെന്നും ക്ലാസിക്കൽ കലകളുടെ സൗന്ദര്യശാസ്ത്രബോധമാണ് അതിന്റെ ആധാരകാരണമെന്നും ഭരതന്റെ നാട്യശാസ്ത്രം വിശദീകരിച്ച് ചൂണ്ടിക്കാട്ടുന്നു സംസ്കൃത-വേദ വിദഗ്ധൻ ഡോ. ടി.എസ്. ശ്യാംകുമാർ
ആത്രേയാദി മഹർഷിമാരോടാണ് ‘നാട്യ കോവിദനായ’ ഭരതൻ നാട്യശാസ്ത്രം വിശദീകരിക്കുന്നത്. നാട്യശാസ്ത്രത്തിന്റെ വിശദീകരണത്തിലുടനീളം ഗ്രന്ഥം അഭിസംബോധന ചെയ്യുന്നത് ദ്വിജന്മാരെയാണ് (ഉദാ: പ്രയുക്തോ വൈ മയാ ദ്വിജാ , നാ. ശാ. 1. 21, തദ് ബ്രൂഹി ദ്വിജ സത്തമ , നാ. ശാ. 1. 23, വർത്തയിഷ്യാ മഹം വിപ്രാ, നാ. ശാ. 20.1). ഇത് തെളിയിക്കുന്നത് നാട്യശാസ്ത്രം അഭിസംബോധന ചെയ്യുന്നത് ത്രൈവർണികരെയാണ് എന്നാണ്. അതായത് എല്ലാവർക്കും വേണ്ടി ഉപദേശിക്കപ്പെട്ട ഒന്നല്ല നാട്യശാസ്ത്രമെന്ന് സാരം. വേദങ്ങൾ ശൂദ്രജാതിക്കാരെ കേൾപ്പിക്കാൻ പാടില്ലാത്തതിനാൽ അവർക്കുംകൂടി വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് നാട്യവേദം എന്ന് പ്രസ്താവിക്കുന്ന ഭരതൻ ഇത് വർണബാഹ്യരായ മനുഷ്യർക്കു വേണ്ടിയുള്ളതല്ല നാട്യശാസ്ത്രമെന്ന് കൃത്യമായി വിധിക്കുന്നു. (ന വേദ വ്യവഹാരോയം / സംശ്രാവ്യഃ ശൂദ്ര ജാതിഷു / തസ്മാൽ സ്യജാപരം വേദം / പഞ്ചം സാർവ വർണികം, നാ. ശാ. 1. 7). വേദങ്ങൾ, ധർമശാസ്ത്രങ്ങൾ, സദാചാരങ്ങൾ ഇവയെക്കൊണ്ട് വ്യക്തമാവാതെ അവശേഷിച്ചിട്ടുള്ള കാര്യങ്ങളെ സംയോജിപ്പിച്ച് വിനോദം ജനിപ്പിക്കുമാറ് സംഘടിപ്പിച്ചിട്ടുള്ളതാണ് നാട്യമെന്ന് നാട്യശാസ്ത്രം തന്നെ വിവരിക്കുന്നു (ശ്രുതിസ്മൃതി സദാചാര / പരിശേഷാർഥ കൽപനം / വിനോദ ജനനം ലോകേ / നാട്യമേതന്മയാ കൃതം, നാ. ശാ. 1. 87).
വൈദിക ചാതുർവർണ്യത്തിന്റെ ലോകവീക്ഷണമാണ് നാട്യശാസ്ത്രത്തിന്റെ ഉള്ളടക്കമെന്ന് ഇതിൽ നിന്നുതന്നെ വ്യക്തം. ധർമം എന്നത് വർണധർമം ആണെന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. നാട്യമണ്ഡപം നിർമിക്കുമ്പോൾ പാഷണ്ഡികൾ (കെ.പി. നാരായണ പിഷാരോടി പാഷണ്ഡികൾക്ക് ചണ്ഡാലാദികൾ എന്ന് അർഥം നൽകുന്നു), ആശ്രമവാസികൾ, അംഗവൈകല്യമുള്ളവർ എന്നിവരെ അകറ്റിനിർത്തണമെന്ന് കർശനമായി ശാസിക്കുന്നതിലൂടെ നാട്യശാസ്ത്രം സംവഹിക്കുന്നത് ചാതുർവർണ്യത്തിന്റെ ധർമവീക്ഷണമാണെന്ന് സ്പഷ്ടമാവുന്നു (ഉത്സാര്യാണി ത്വനിഷ്ടാനി / പാഷണ്ഡ്യാ ശ്രമിണസ്ത്ഥാ[..], നാ. ശാ. 2. 29 ). ശിലാസ്ഥാപന സന്ദർഭത്തിൽ ബ്രാഹ്മണർക്ക് നെയ്പായസം നൽകാനും നാട്യശാസ്ത്രം പ്രത്യേകം ഓർപ്പിക്കുന്നു (സ്ഥാപനേ ബ്രാഹ്മണേഭ്യശ്ച / ദാതവ്യം ഘൃത പായസം, നാ. ശാ. 2 . 33). ഇങ്ങനെ നോക്കിയാൽ നാട്യശാസ്ത്രം ബ്രാഹ്മണ്യധർമ സ്ഥാപനത്തിനായി ദ്വിജന്മാർക്ക് ഉപദേശിച്ചതാണെന്ന് സംശയലേശമെന്യേ വ്യക്തമാവും.
നാട്യശാസ്ത്രത്തിലെ ഏഴാം അധ്യായം ഭാവങ്ങളെക്കുറിച്ചുള്ള വിശദീകരണവും വ്യാഖ്യാനവുമാണ്. ഇവിടെ സ്ഥായീഭാവത്തെ, പല ഭാവങ്ങൾക്കും താങ്ങായി നിൽക്കുന്നത് കൊണ്ട് സ്ഥായീഭാവം സ്വാമിയെപോലെയാണെന്ന് പ്രസ്താവിക്കുന്നു. സഞ്ചാരി ഭാവങ്ങൾ പരിജനങ്ങളെ പോലെയാണെന്നും (ബഹ്വാശ്രയത്വാദ് സ്വാമിഭൂതാഃ സ്ഥായിനോഃ ഭാവാഃ പരിജനഭൂതാ വ്യഭിചാരിണോ ഭാവാഃ) നാട്യശാസ്ത്രം പറയുന്നു. ഫ്യൂഡൽ നാടുവാഴി കാലഘട്ടത്തിലെ അസമത്വ സ്ഥിതമായ സാമൂഹിക വ്യവസ്ഥയെ നിദാനമാക്കിയാണ് ഭരതൻ ഭാവങ്ങളെപോലും നിർവചിക്കുന്നത്. ഇന്ത്യയിലെ ചാതുർവർണ്യ വ്യവസ്ഥയിലെ സ്വാമി - ദാസ ബന്ധമായാണ് ഭാവങ്ങളെ നാട്യശാസ്ത്രകാരൻ അവതരിപ്പിക്കുന്നത്.
സ്ഥായീഭാവങ്ങളായ ഭയം, ജുഗുപ്സ എന്നിവകളെ നാട്യശാസ്ത്രകാരൻ സ്ത്രീകളുടെയും അധമ ജനങ്ങളുടെയും നീചരുടെയും പ്രകൃതിയായാണ് നിർവചിക്കുന്നത് (ഭയം നാമ സ്ത്രീനീച പ്രകൃതികം, ജുഗുപ്സാ നാമ സ്ത്രീനീച പ്രകൃതികാ). ശങ്ക എന്ന വ്യഭിചാരി ഭാവം സ്ത്രീകളിലും അധമ ജനങ്ങളിലുമാണ് ഉണ്ടാവുക എന്നും നാട്യശാസ്ത്രം പ്രസ്താവിക്കുന്നു (ശങ്കാ നാമ സന്ദേഹാത്മിക സ്ത്രീനീച പ്രഭവാ ..). ഇപ്രകാരം ആലസ്യം എന്ന വ്യഭിചാരി ഭാവവും സ്ത്രീകളുടെയും നീചരുടെയും പ്രകൃതിയാണെന്ന് നാട്യശാസ്ത്രം പറഞ്ഞുവെക്കുന്നു
(ആലസ്യം നാമ .. സമുദ് പദ്യതേ സ്ത്രീനീചാനാം)
നീചജാതിയിൽ പെട്ടവർ മറ്റുള്ളവരെ നോക്കിയും ആരെയും തൊടാതെയും ഒതുങ്ങി നടക്കണം (ജാത്യാ നീചേഷു യോക്തവ്യാ / വിലോകന പരാ ഗതിഃ/ അസം സ്പർശാത്തു ലോകസ്യ / സ്വാംഗാനി വിനിഗുഹ്യ ച// നാ. ശാ. 13. 121) എന്ന് വിധിക്കുമ്പോൾ ധർമസൂത്രങ്ങളുടെയും മനുസ്മൃതിയുടെയും ധർമശാസനങ്ങളാണ് നാട്യശാസ്ത്രവും പരിപാലിക്കുന്നതെന്ന് സ്ഫുടമാവുന്നു.
നാന്ദി എന്ന പ്രക്രിയയിൽ ബ്രാഹ്മണർക്ക് ശുഭം ഭവിക്കട്ടെ (ദ്വിജാതിഭ്യഃ ശുഭം തഥാ), ഗോക്കൾക്കും ബ്രാഹ്മണർക്കും മംഗളം ഉണ്ടാവട്ടെ (ശിവം ഗോബ്രാഹ്മണായ ച ), ബ്രഹ്മവിരോധികൾ നശിക്കട്ടെ (ഹതാ ബ്രഹ്മ ദ്വിഷസ്തഥാ) തുടങ്ങിയ പ്രാർഥനകൾ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കുന്നതിലൂടെ നാട്യശാസ്ത്രത്തിന്റെ സൗന്ദര്യശാസ്ത്ര പ്രത്യയ ബോധം വർണ ധർമാധിഷ്ഠിതമായ ജാതി ബ്രാഹ്മണ്യമാണെന്ന് ശക്തമായിത്തന്നെ തെളിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.