മേയ് ദിനത്തിന്റെ സമകാലിക പ്രസക്തി

ലോകമെങ്ങുമുള്ള തൊഴിലാളികളുടെ എക്കാലത്തേക്കും പ്രസക്തമായ അവകാശങ്ങൾക്കുവേണ്ടി അടരാടി മരിച്ച ധീരരുടെ രക്തസാക്ഷി ദിനമാണ് മേയ് ഒന്ന്. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം എന്നതായിരുന്നു മേയ് ദിനത്തിന് നിദാനമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ പ്രധാന മുദ്രാവാക്യങ്ങൾ. പന്ത്രണ്ടര മണിക്കൂർ മുതൽ 16 മണിക്കൂർവരെ കഠിന ജോലിചെയ്യാൻ നിർബന്ധിക്കപ്പെട്ട തൊഴിലാളി വർഗമാണ് ഈ മുദ്രാവാക്യമുയർത്തി പ്രക്ഷോഭം നയിച്ചത്. വൃത്തിഹീനവും ഇരുളടഞ്ഞതുമായ ചേരികളിൽ ശുദ്ധജലമോ ശുദ്ധവായുവോ മതിയായ ആഹാരമോ ലഭിക്കാതെ അടിമക്കൂട്ടങ്ങളെപ്പോലെ കഴിയാൻ നിർബന്ധിതരാക്കപ്പെട്ടിരുന്നു 19ാം നൂറ്റാണ്ടിലെ തൊഴിലാളിവർഗം. ദാരിദ്യ്രത്തിന്റെയും പട്ടിണിയുടെയും ദുരിതക്കയത്തിൽപെട്ട് ആയിരക്കണക്കിന് തൊഴിലാളികൾ യൂറോപ്പിലെങ്ങും മരിച്ചു. ഈയൊരു സാഹചര്യത്തിലാണ് അമേരിക്കയിലെ ചികാഗോയിൽ മേയ് ദിനത്തിനാസ്പദമായ ചരിത്രപ്രസിദ്ധമായ പണിമുടക്കുസമരവും അനന്തര സംഭവങ്ങളും അരങ്ങേറുന്നത്.

1886 മേയ് ഒന്നാം തീയതി മൂന്നു ലക്ഷത്തിലധികം അമേരിക്കൻ തൊഴിലാളികൾ പണിമുടക്കി. വളരെ സമാധാനപരമായ സമരമായിരുന്നു തൊഴിലാളികൾ നയിച്ചത്. എന്നാൽ, മേയ് മൂന്നാം തീയതി ചികാഗോയിലെ തൊഴിലാളികളും അമേരിക്കൻ പൊലീസും തമ്മിൽ സംഘർഷമാരംഭിച്ചു. സമരം നയിച്ച നൂറുകണക്കിന് ഉരുക്കുതൊഴിലാളികളെ പൊലീസ് മർദിച്ചൊതുക്കുകയും തടവിലിടുകയും ചെയ്തു. സംഘട്ടനങ്ങളിൽ രണ്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു.

പ്രക്ഷുബ്ധരായ തൊഴിലാളികൾ, പിറ്റേന്ന് (മേയ് നാല്) ചികാഗോയിലെ ഹേയ് മാർക്കറ്റ് സ്ക്വയറിൽ സമ്മേളിക്കുകയും പൊലീസ് ഭീകരതക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. സമാധാനപരമായി നടന്ന പ്രതിഷേധ യോഗത്തിനുനേരെ അമേരിക്കൻ പൊലീസ് ഏജന്റുമാരിൽ ഒരാൾ ബോംബെറിഞ്ഞതോടെ ഗുരുതരമായ സംഭവങ്ങൾ അരങ്ങേറി. പ്രകോപിതരായ പൊലീസ്, ജനക്കൂട്ടത്തിനുനേരെ വെടിയുതിർക്കുകയും ആറ് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തു. നിരവധി തൊഴിലാളി നേതാക്കൾക്കെതിരെ കേസെടുക്കുകയും ജയിലിലടക്കുകയും ചെയ്തു. 1887 നവംബർ 11ന് ആൽബർട്ട് പാർസൻസ്, ജോർജ് എംഗൽ, അഡോൾഫ് ഫിഷർ, ഓഗസ്റ്റ് സ്പൈസ് എന്നീ നേതാക്കളെ തൂക്കിക്കൊന്നു.

ഹേയ് മാർക്കറ്റ് ദുരന്തശേഷം യൂറോപ്പിലാകെ തൊഴിലാളിവർഗം കൂടുതൽ സംഘടിതരാവുന്ന ദൃശ്യത്തിനാണ് ലോകം സാക്ഷ്യംവഹിച്ചത്. ചൂഷണത്തിനും മർദനത്തിനുമെതിരെ ഉണർന്നെണീക്കാനും മൗലികാവകാശങ്ങൾ പോരാടി നേടിയെടുക്കാനും മനുഷ്യരാശിയോട് ആഹ്വാനം ചെയ്യുന്നതാണ് മേയ് ദിനത്തിന്റെ മഹത്തായ സന്ദേശം. ജാതി-മത-വർണ-ലിംഗ ഭേദമില്ലാതെ തൊഴിലെടുക്കുന്നവരെല്ലാം ഒന്നിച്ചു കൈകോർക്കാൻ അത് തൊഴിലാളിവർഗത്തെ ഉദ്ബോധിപ്പിക്കുന്നു. ഇന്ന് തൊഴിലാളിവർഗം ലോകമാകെ സംഘടിതശക്തിയായി വികസിച്ചിരിക്കുന്നു. ട്രേഡ് യൂനിയൻ പ്രസ്ഥാനം എന്നതിലുപരി കക്ഷിരാഷ്ട്രീയാതീതമായി ജീവൽപ്രശ്നങ്ങളെ മുൻനിർത്തിയും രാജ്യത്തിന്റെ പൊതുവായ വിഷയങ്ങളെ പ്രശ്നവത്കരിച്ചും സംഘടിക്കാൻ തൊഴിലാളി വർഗത്തിന് ഇന്ന് കഴിയുന്നുണ്ട്.

ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന തൊഴിലാളിവർഗ മുന്നേറ്റങ്ങളുടെ വർത്തമാനം ലോകത്തോട് സംവദിക്കുന്നത് അതാണ്.

ആഗോളവത്കൃത മുതലാളിത്തം 19ാം നൂറ്റാണ്ടിലെ ക്ലാസിക്കൽ മുതലാളിത്തത്തിൽനിന്ന് ഏറെ വികാസം പ്രാപിച്ചിരിക്കുന്നു. പക്ഷേ, ഈ വികാസത്തിനനുസരിച്ച് ജനങ്ങളും മുതലാളിത്തവും തമ്മിലെ സാമൂഹികവൈരുധ്യം കൂടുതൽ മൂർച്ഛിച്ചുവരുകയാണ്. 19ാം ശതാബ്ദത്തിലെ മുതലാളിത്തം ഫാക്ടറികളെയായിരുന്നു മുഖ്യമായും ആശ്രയിച്ചിരുന്നതെങ്കിൽ ആഗോളവത്കൃത മുതലാളിത്തം വീടുകളെയാകെ വ്യാപകമായ തോതിൽ ഫാക്ടറിവത്കരിക്കുകയാണ്. ഓൺലൈൻ ബിസിനസുകളുടെ കാലത്ത് പ്രായ-ലിംഗ-ഭാഷ-ദേശ വ്യത്യാസമില്ലാതെയും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയും ജനങ്ങളുടെ അധ്വാനശക്തിയെ ചൂഷണത്തിനിരയാക്കുന്നു. മേയ് ദിന പോരാളികൾ നേടിയെടുത്ത എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം എന്ന അടിസ്ഥാന ആവശ്യം ആധുനികാനന്തര മുതലാളിത്തം നഗ്നമായി തമസ്കരിക്കുന്ന കാഴ്ചയാണ് ഇന്നെവിടെയും. 12 മണിക്കൂറിലധികം ജോലി, ഒഴിവുദിനങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കൽ തുടങ്ങി അസംഘടിതരായ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ഗുരുതരമാണ്.

തൊഴിലാളിവർഗത്തെ ഏതെങ്കിലും നിശ്ചിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ സമഗ്രാധിപത്യത്തിനുള്ള രാഷ്ട്രീയ ആസ്പദമായി ഉപയോഗപ്പെടുത്തിയതിന്റെ ദുരന്തപരിണാമത്തിന് ചരിത്രം സാക്ഷിയാണ്. മാത്രമല്ല, സർവാധിപത്യ സിദ്ധാന്തവും സമഗ്രാധിപത്യ-ഫാഷിസ്റ്റ് അധിനിവേശവും തമ്മിൽ അധികം രാഷ്ട്രീയ ദൂരമില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയുമാണ്. ഈ അവസരത്തിൽ കർഷകരും ചേരിനിവാസികളും ദലിതരും ആദിവാസികളും നാടോടികളുമടങ്ങിയ സാധാരണക്കാരുടെയും പാർശ്വവത്കൃതരുടെയും വിപുലമായ ഐക്യദാർഢ്യത്തിന്റെയും മുന്നേറ്റത്തിന്റെയും ചരിത്രപരമായ കടമകൾ നിറവേറ്റാൻ വേണ്ടിയുള്ള പ്രതിബദ്ധത സ്വായത്തമാക്കാനുള്ള സന്ദർഭമാണ് മേയ് ദിന സ്മരണകൾ തൊഴിലാളിവർഗത്തിന് നൽകുന്നത്.

Tags:    
News Summary - Contemporary relevance of May Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.