കോവിഡ് ലോകത്തിെൻറ സാമ്പ്രദായിക രീതികളിലെല്ലാം വല്ലാത്ത പൊളിച്ചെഴുത്താണ് നടത്തിയിരിക്കുന്നത്. തുടക്കത്തിലുള്ള പ്രയാസത്തിൽനിന്ന് ഒറ്റതിരിഞ്ഞ് സഞ്ചരിക്കാനും ഹോട്ടൽഭക്ഷണവും പൊതുഗതാഗതവും ലഭ്യമല്ലെങ്കിലും ജീവിതം മുന്നോട്ടുനയിക്കുന്നതിനുള്ള വെല്ലുവിളി സ്വീകരിക്കാനും നമുക്കായി. ജീവിതത്തിെൻറ ഇതരമേഖലകളിൽ ഇതുവരെ സഞ്ചരിച്ച വഴി മാറിനടക്കാൻ നമുക്കാവുമെങ്കിൽ വിദ്യാഭ്യാസരംഗത്ത് എന്തുകൊണ്ട് അത് അനുവർത്തിക്കാൻ ആലോചനപോലും ഉണ്ടാകുന്നില്ല?
വേറിട്ട ചിന്തകൾ വളരണം
കേരളത്തിലെ സ്കൂളുകളിൽ ജൂൺ ഒന്നിനുതന്നെ ഓൺലൈനിൽ ക്ലാസുകൾ ആരംഭിക്കാനുള്ള തീരുമാനം വ്യത്യസ്തത പുലർത്തി. നല്ല സ്വീകാര്യതയും അതിന് ലഭിച്ചു. വിദ്യാർഥികൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ശരിയായ ഓൺലൈൻ ക്ലാസുകളായി വ്യാഖ്യാനിക്കരുതെന്നും കേവലം വിഡിയോ ബ്രോഡ്കാസ്റ്റിങ് മാത്രമാണെന്നും ഇതിനെതിരെ ആക്ഷേപമുണ്ടായിട്ടുണ്ട്. അത് ശരിയുമാവാം. എന്നാൽ, കുട്ടികൾക്കുകൂടി സംവേദനക്ഷമതയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കു മാറുന്നതിനെക്കുറിച്ച് ചിന്തിക്കാനെങ്കിലും ഈ തുടക്കം വിദ്യാഭ്യാസ വകുപ്പിന് ആത്മവിശ്വാസം പകരുന്നതാണ്.
പാഠപുസ്തകത്തിലെ ഓരോ ആശയവും ഓരോ പഠനപ്രശ്നമാക്കി അവതരിപ്പിക്കുകയും കുട്ടികൾ അതിെൻറ പരിഹരണശേഷി ആർജിക്കലുമാണ് നിലവിലുള്ള ക്ലാസുകളിലെ ബോധനരീതി. പ്രശ്ന നിർധാരണത്തിലൂടെ കുട്ടി അറിവാർജിക്കുകയാണ് ചെയ്യുന്നത്. ഈ രൂപത്തിലേക്ക് വിനിമയതന്ത്രം മാറ്റിയെടുക്കാൻ നിലവിലുള്ള ഓൺലൈൻ പഠനത്തിന് കഴിയുന്നില്ല എന്നവിമർശനം ശരിയാണെന്ന് ക്ലാസുകൾ കണ്ടവർക്ക് ബോധ്യമായിട്ടുണ്ടാകും. എന്നാൽ, ആ രൂപത്തിലേക്ക് ക്ലാസുകൾ പരിവർത്തിപ്പിക്കാവുന്നതേയുള്ളൂ.
ഇന്ന്, ഓൺലൈൻ ക്ലാസുകൾ ‘കൈറ്റി’െൻറ നേതൃത്വത്തിൽ കേന്ദ്രീകൃത സ്വഭാവത്തിലാണ് നടക്കുന്നത്. ഇതിെൻറ തുടർപ്രവർത്തനങ്ങൾ കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ നിർദേശിക്കാൻ സൗകര്യമുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ല. നല്ലൊരു വിഭാഗം കുട്ടികളും ക്ലാസുകൾ വീട്ടിലെയോ പൊതു ഇടങ്ങളിലെയോ ടി.വിയിലൂടെയാണ് കാണുന്നത്. കുട്ടികൾക്ക് സ്വന്തമായോ സ്വതന്ത്രമായി ഉപയോഗിക്കാനാവുംവിധം കുടുംബത്തിലോ മൊബൈൽഫോൺ ഉണ്ടെങ്കിലേ വാട്സ്ആപ് ഗ്രൂപ്പിലൂടെ തുടർപഠനം എന്ന ലക്ഷ്യം നേടൂ. അതിനാൽ സ്കൂൾ തുറക്കുന്നതു നീണ്ടാൽ ഇന്ന് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഓൺലൈൻ കേന്ദ്രീകൃത ക്ലാസുകളുടെ സമീപനം മാറ്റുകയായിരിക്കും മാർഗം. കുട്ടികളിൽ അന്വേഷണാത്മകതയും സ്വയംപഠനവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ആധുനിക പഠനതന്ത്രങ്ങൾ കൃത്യമായി ഉപയോഗിക്കുന്ന ക്ലാസുകളാണ് അപ്പോൾ ആവശ്യം. ചുറ്റുപാടുമുള്ള ജീവിതപ്രശ്നങ്ങളിൽനിന്ന് കുട്ടി അറിവ് കണ്ടെത്തുന്നതിന് പ്രേരിപ്പിക്കുംവിധമുള്ള പഠനപ്രശ്നങ്ങൾ അവതരിപ്പിക്കുന്ന സമീപനമാണ് ആവശ്യം. കണ്ടെത്തിയ അറിവുകൾ അവർക്ക് ആത്മവിശ്വാസം പകരും. എന്നാൽ, ആ അറിവിനെ ശാസ്ത്രീയമാക്കാനുതകുംവിധം ആഴ്ചയിലോ നിശ്ചിത ഇടവേളകളിലോ തുടർക്ലാസുകൾ നൽകുന്നതിനെപ്പറ്റി ആലോചിക്കാം.
പരിഹാരം പ്രശ്നാധിഷ്ഠിത പാഠ്യപദ്ധതി
കോവിഡിനു മുമ്പുള്ള പല അറിവുകളും ശീലങ്ങളും കോവിഡ്കാലത്ത് പ്രസക്തമല്ലെന്നും ഇൗ പുതുപതിവാകും ഇനി തുടരുകയെന്നും കാണാതിരുന്നുകൂടാ. കാലാനുസൃതമാറ്റങ്ങൾ ഉൾക്കൊള്ളുന്ന സ്കൂൾ അനുഭവവും ക്ലാസുകളുമാണ് ഇനി വേണ്ടത്. ഇപ്പോൾ മടങ്ങിവന്ന പ്രവാസികളിൽ 60 ശതമാനത്തോളം തൊഴിൽ നഷ്ടപ്പെട്ടവരത്രെ. ശേഷിക്കുന്നവരിലധികവും പുറംരാജ്യത്തെ ആരോഗ്യസുരക്ഷയെപ്പറ്റി ആശങ്കയുള്ളതിനാൽ തിരികെ പോയ്ക്കൊള്ളണമെന്നുമില്ല. തൊഴിൽപ്രതിസന്ധി ഉൾപ്പെടെ രൂക്ഷമാകുന്ന ഈ സാമൂഹികസാഹചര്യം അടിയന്തരമായുണ്ടാകാം. ഭക്ഷ്യസുരക്ഷയുടെ കാര്യവും ഇതുതന്നെ. സ്വന്തമായി കൃഷിചെയ്ത് ഉൽപാദിപ്പിക്കുകയാണ് പ്രതിവിധി. എന്നാൽ, നല്ലപോലെ കൃഷിചെയ്യാൻ പുതുതലമുറ പഠിച്ചിട്ടുമില്ല. വൈറസിനെ പ്രതിരോധിക്കാനുള്ള ആരോഗ്യത്തിനായി പുതിയ ഭക്ഷണശീലങ്ങൾ വേണമെന്നു വന്നിട്ടുണ്ട്. അതും പരിശീലനവിധേയമാകേണ്ടതുതന്നെ. ഇങ്ങനെ ഭാവിയിൽ സുരക്ഷിതരാകാൻ കരുതലോടെയുള്ള ഇടപെടൽ ഇന്നേ തുടങ്ങിയേ പറ്റൂ. പാഠ്യപദ്ധതിയാണതിന് അസ്തിവാരമൊരുക്കേണ്ടതെങ്കിൽ, അത്തരം ചിന്തകൾക്ക് ഏറ്റവും പ്രധാനമായി തുടക്കം കുറിക്കണം.
പാഠപുസ്തകത്തിലെ പഠനപ്രശ്നങ്ങളെ സാമൂഹികപ്രശ്നങ്ങളായി തിരിച്ചറിഞ്ഞ് പരിഹരിക്കാൻ നിർദേശിച്ച പാഠ്യപദ്ധതി നമുക്കുണ്ടായിരുന്നു. 2009ൽ രൂപംകൊടുത്ത ആ പ്രശ്നാധിഷ്ഠിത പാഠ്യപദ്ധതി പക്ഷേ, നാം ആക്ഷേപകരമായിക്കണ്ടു തള്ളിക്കളഞ്ഞു. അതിെൻറ വക്താക്കൾപോലും ഇതിനെക്കുറിച്ച് പറയുന്നില്ല. വിദേശതൊഴിലിനും അവസരങ്ങൾക്കുമുള്ള സാധ്യതകൾ അന്വേഷിക്കുന്ന പഠനത്തിന് വിദ്യാർഥികളെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ശരിയെന്ന് നാം ഉറച്ചുവിശ്വസിച്ചു. എന്നാൽ, ആ വിശ്വാസം ഏറക്കുറെ തെറ്റാണെന്ന് സാമൂഹിക യാഥാർഥ്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ആതുരസേവനരംഗം മാത്രമാകും കേരളത്തിന് കോവിഡാനന്തരകാലത്ത് വിദേശങ്ങളിൽ സാധ്യത ഉറപ്പാക്കുന്ന മണ്ഡലം. അതും അവിടെ ജോലിചെയ്യാൻ സന്നദ്ധതയുണ്ടെങ്കിൽ മാത്രം. അപ്പോൾപിന്നെ നമ്മുടെ ചുറ്റുപാടുകളിൽ ഇരു പാദങ്ങളുമൂന്നി സുധീരം മുന്നോട്ടുപോകാൻ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസത്തിനുവേണ്ടി ചർച്ച തുടങ്ങേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
(സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റി അംഗവും എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.