പ്ലാസ്റ്റിക് ഉയർത്തുന്ന പ്രതിസന്ധിയും പരിസ്ഥിതി വിദ്യാഭ്യാസവും

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനായി ഇറങ്ങിയ തൊഴിലാളി എൻ. ജോയിയുടെ മരണം കേരളത്തിന്റെ സമൂഹ മനഃസാക്ഷിയെ ലജ്ജിപ്പിക്കേണ്ടതാണ്. മാലിന്യ കൂമ്പാരങ്ങൾക്കിടയിലെ രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായതാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ തടസ്സമായത്. പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നിടത്തുള്ള അധികാരികളുടെ, നമ്മൾ ഉൾപ്പെടുന്ന പൊതുസമൂഹത്തിന്റെ കുറ്റകരമായ നിരുത്തരവാദത്തിന്റെ ഇരയാണ് ഒരർഥത്തിൽ ജോയ്. പലതരത്തിലുള്ള പുനർവിചിന്തനങ്ങൾക്ക് വിഷയീഭവിക്കേണ്ട സംഭവമാണിത്. ആളുകളെ ഇത്തരം തൊഴിലുകൾക്ക് നിർബന്ധിതരാക്കുന്ന സാമൂഹിക ഘടന നിശ്ചയമായും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതോടൊപ്പം പരിസ്ഥിതി, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം പോലുള്ള വിഷയങ്ങളിൽ ശരിയായ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയിലേക്കും വിരൽ ചൂണ്ടുന്നു.

ആമഴിയഞ്ചാൻ തോടിലെ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം നമുക്ക് ദൃശ്യമായിരുന്നെങ്കിൽ, ദൃഷ്ടി ഗോചരമല്ലാത്ത പ്ലാസ്റ്റിക് കണികകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും നാം അറിയേണ്ടതുണ്ട്. 1950കളോടെയാണ് പ്ലാസ്റ്റിക് വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. ഇന്ന് പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ഉൽപന്നമോ ഒരു മാർക്കറ്റ് സെഗ്‌മെന്റോ നമുക്ക് ചിന്തിക്കാൻ സാധ്യമല്ല. മൈക്രോപ്ലാസ്റ്റിക് കണികകൾ സർവവ്യാപിയാണ്. 36000 അടി താഴ്ചയുള്ള മരിയാന ട്രെഞ്ച് മുതൽ 29000 അടി ഉയരത്തിലുള്ള എവറസ്റ്റ് കൊടുമുടി വരെ പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. എന്തിനേറെ, മനുഷ്യർ ഉൾപ്പടെയുള്ള ജീവി വർഗങ്ങളുടെ ആന്തരിക അവയവങ്ങളിൽ പോലും പ്ലാസ്റ്റിക് സാന്നിധ്യം ഉണ്ടത്രേ.

2023ൽ ലോകത്താകമാനം ഉൽപാദിക്കപ്പെട്ട പ്ലാസ്റ്റിക് ഏകദേശം 400 മില്യൺ ടൺ ആണ്. പ്ലാസ്റ്റിക് നിർമാണ പ്രക്രിയ തന്നെയും ആഗോള ഹരിതഗൃഹവാതകങ്ങളുടെ വികിരണത്തിന്റെ 3.4 ശതമാനം സംഭാവന ചെയ്യുന്നുണ്ട്. അതായത് നിർമാണം മുതൽ തന്നെ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ആഗോള താപനത്തിനും ഹേതുവാകുന്ന വസ്തുവാണ് പ്ലാസ്റ്റിക്. മനുഷ്യന്റെ രക്തത്തിലും മുലപ്പാലിലും മറ്റു ആന്തരിക അവയവങ്ങളിലും മൈക്രോ പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതുണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് നിരവധി പഠനങ്ങൾ നടക്കുന്നു. കുട്ടികളിൽ വർധിച്ചു വരുന്ന കാൻസർ കേസുകൾ ചിലതരം പ്ലാസ്റ്റിക്കിന് ഫ്ലെക്സിബിലിറ്റി നൽകാൻ ഉപയോഗിക്കുന്ന ഫ്ത്താലറ്റ് (Phthalate) എന്ന രാസവസ്തു കാരണമാണ് എന്ന് സൂചിപ്പിക്കുന്ന വെർമോണ്ട് യൂനിവേഴ്സിറ്റി കാൻസർ സെന്റർ നടത്തിയ പഠനം സവിശേഷ ശ്രദ്ധയർഹിക്കുന്നു.

പ്ലാസ്റ്റിക് സംസ്കരണവും റീസൈക്ലിങും നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെല്ലാം വലിയ വെല്ലുവിളിയാണ്. ആഗോള തലത്തിൽ തന്നെ റീസൈക്കിൾ ചെയ്യുന്ന പ്ലാസ്റ്റിക് കേവലം ഒമ്പത് ശതമാനം മാത്രമാണെന്നാണ് കണക്കുകൾ. അപ്പോൾ റീസൈക്ലിങ് പോലെയുള്ള ഡൗൺസ്ട്രീം പദ്ധതികൾക്കൊപ്പം തന്നെ അപ്സ്ട്രീമിൽ അഥവാ ഉറവിടത്തിൽ തന്നെ നിയന്ത്രണങ്ങൾ വരുത്തുന്ന നയപരമായ തീരുമാനങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാവേണ്ടതുണ്ട്.

ഇതോടൊപ്പം മൗലിക പ്രാധാന്യമുള്ള മറ്റൊരു കാര്യം, നമ്മുടെ കുട്ടികൾക്ക് അഥവാ ഈ ഭൂമിയുടെ അനന്തരാവകാശികൾക്ക് ഈ വിഷയത്തിൽ സമഗ്രമായ അവബോധം നൽകുകയാണ്. ഇന്ന് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ആണ് മലിനീകരണത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഏറ്റവും തീക്ഷണമായ വെല്ലുവിളികളെ നേരിടേണ്ടി വരുക. നമ്മുടെ ഓർമകളിലെ കഠിനമായ വേനൽ ആണ് ഈ വർഷം നേരിട്ടതെങ്കിൽ, 2010ന് ശേഷം ജനിച്ച ആൽഫ ജനറേഷൻ കുട്ടികൾക്ക് ഇക്കഴിഞ്ഞത് അവരുടെ ജീവിതത്തിലെ ചൂട് കുറഞ്ഞ വേനലുകളിൽ ഒന്നായിരിക്കും എന്ന് നിരീക്ഷിക്കുന്നതിൽ തെറ്റില്ല. അത് കൊണ്ട് തന്നെ മലിനീകരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വർത്തമാനകാല യാഥാർഥ്യത്തെ നേരിടാനും ഭാവി സുസ്ഥിരമാക്കാനും ഉള്ള അറിവും നൈപുണ്യവും മനഃസ്ഥിതിയും വിദ്യാർഥികളിൽ വളർത്തിയെടുക്കാൻ പാകത്തിൽ ഒരു ഗ്രീൻ പെഡഗോജി വിദ്യാലയങ്ങളിൽ നടപ്പാക്കേണ്ടത് തീർത്തും അനിവാര്യമായിരിക്കുന്നു.

2023ൽ പുറത്തിറങ്ങിയ നാഷനൽ കരിക്കുലം ഫ്രെയിംവർക് പാരിസ്ഥിതിക വിദ്യാഭ്യാസത്തിന് സവിശേഷമായ ഊന്നൽ നൽകിയിട്ടുണ്ട് എന്നത് ശുഭോദർക്കമാണ്. യഥാർഥത്തിൽ 1991ൽ തന്നെ പരിസ്ഥിതി പഠനം സ്കൂളുകളിൽ നിർബന്ധമാക്കണം എന്ന് സുപ്രീം കോടതിയുടെ ഉത്തരവ് നിലവിലുള്ള രാജ്യമാണ് ഇന്ത്യ. 2003 ഡിസംബറിൽ മറ്റൊരു ഉത്തരവിലൂടെ പരിസ്ഥിതി പഠനത്തിനായി ഒരു കരിക്കുലം വികസിപ്പിക്കാനായി എൻ.സി.ഇ.ആർ.ടിയോട് സുപ്രീം കോടതി ആവശ്യപ്പെടുന്നുണ്ട് . തദ്‌ഫലമായി 2005ലെ നാഷനൽ കരിക്കുലം ഫ്രെയിംവർക്കിന്റെ അടിസ്ഥാനത്തിൽ പ്രൈമറി ക്ലാസുകളിൽ പരിസ്ഥിതി പഠനം നിർബന്ധമാക്കുകയും ഉയർന്ന ക്ലാസുകളിൽ ജിയോഗ്രഫി പോലെയുള്ള വിഷയങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ചില അടിസ്ഥാന പാഠങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു.

എന്നാൽ, കാലാവസ്ഥ വ്യതിയാനത്തിന്റെയും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളുടെയും വ്യാപ്തിയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ തീവ്രതയും പരിഗണിക്കുമ്പോൾ കൂടുതൽ സക്രിയമായ ഇടപെടൽ അനിവാര്യമാണ് എന്ന് മനസ്സിലാവുന്നതാണ്. കേവലം തിയറി എന്നതിനപ്പുറം കാലാവസ്ഥ വ്യതിയാനം ഒരു ഗുരുതര ജീവിത യാഥാർഥ്യമായ കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. വരും തലമുറകൾക്ക് വാസയോഗ്യമായി ഈ ഭൂമി നിലനിൽക്കണമെങ്കിൽ പരിസ്ഥിതി വിദ്യാഭ്യാസം നമ്മുടെ പ്രഥമ പരിഗണനയിൽ വരേണ്ടതുണ്ട്. ജീവിതത്തിലെ എടുക്കുന്ന തീരുമാനങ്ങളിൽ എല്ലാം പാരിസ്ഥിതിക പരിഗണനകൾക്ക് സ്വാഭാവികമായും പ്രാധാന്യം നൽകുന്ന ഒരു ഗ്രീൻ മസിൽ മെമ്മറി (Green Muscle Memory) വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ വളർത്തിയെടുക്കാൻ സാധിക്കേണ്ടതുണ്ട്. സ്കൂളുകളുടെ ഹരിതവത്കരണം, കരിക്കുലത്തിന്റെ ഹരിതവത്കരണം, ടീച്ചർ ട്രെയിനിങ് പ്രോഗ്രാമുകളുടെ ഹരിതവത്കരണം എന്നിങ്ങനെ ബഹുമുഖ പദ്ധതികൾ ഇതിനായി ആവശ്യമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ സ്കൂളുകളെ വിലയിരുത്തി ഒരു ഗ്രീൻ അക്രെഡിറ്റേഷൻ സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഭരണ നേതൃത്വം സഗൗരവം ചിന്തിക്കേണ്ടിയിരിക്കുന്നു.

പലപ്പോഴും നമ്മുടെ ജീവിത ശൈലിയിൽ ഉള്ള ഗുണപരമായ ചെറിയ മാറ്റം പോലും വലിയ പാരിസ്ഥിതിക പ്രതിഫലനങ്ങൾ സൃഷ്ടിക്കും. ഇതിന്റെ മികച്ച അനുഭവ സാക്ഷ്യമാണ് ജപ്പാൻ സർക്കാർ 2005ൽ ആരംഭിച്ച കൂൾ ബിസ് കാമ്പയിൻ. വേനൽ കാലത്ത് ടൈയും കോട്ടും ധരിക്കുന്ന ഒഫീഷ്യൽ ഡ്രസ്സ് കോഡിൽ ഇളവ് നൽകുകയും കാഷ്വൽ വസ്ത്ര ധാരണത്തിന് അനുമതി നൽകുകയും ചെയ്യുന്ന തീർത്തും ലളിതമായ കാമ്പയിൻ. രാജ്യത്തെ ഓഫിസുകളിലെ എയർ കണ്ടിഷനറുകളുടെ താപനില 28 ഡിഗ്രി സെൽഷ്യസിൽ നിജപ്പെടുത്തുകയായിരുന്നു കാമ്പയിന്റെ ലക്ഷ്യം. ജനകീയമായ ഈ ഒരു കാമ്പയിനിലൂടെ 2012 വരെ ഏഴു വർഷത്തിനുള്ളിൽ 2.2 മില്യൺ ടൺ കാർബൺ വികരണമാണ് ജപ്പാൻ ഒഴിവാക്കിയത്.

പരിസ്ഥിതിയുടെ ലളിത പാഠങ്ങൾ പകർന്നു നൽകാൻ പര്യാപ്തമായ ഒരു വിദ്യാഭ്യാസ സംവിധാനം സ്ഥാപിക്കുക വഴി ഭാവി തലമുറയുടെ ജീവിത ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരുകയാണ് കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള നല്ല ഉപാധി എന്ന തിരിച്ചറിവാണ് നമുക്കും വേണ്ടത്.

(വിദ്യ കൗൺസിൽ ഫോർ എജുക്കേഷൻ ഡയറക്ടറാണ് ലേഖകൻ) 

Tags:    
News Summary - The crisis posed by plastic and the need for environmental education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.