രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഉയർന്ന അവകാശവാദങ്ങളിൽ അവഗണിക്കാനാവാത്തതാണ് പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം. ദലിത്-മുസ്ലിം-പിന്നാക്കവിഭാഗങ്ങളുടെ കര്തൃത്വത്തില് ഇത്തരം ചര്‍ച്ചകള്‍ വികസിച്ചിരുന്നു. മുസ്ലിംകളെയും പിന്നാക്ക-പാര്‍ശ്വവത്കൃതരെയും പരിഗണിച്ച് ഒരുമയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട മിക്ക സ്ഥലങ്ങളിലും സംഘ്പരിവാർ ശക്തികളെ മറികടക്കാന്‍ പ്രതിപക്ഷ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. മുസ്ലിംകളെയും അവരുടെ കൂട്ടായ്മകളെയും വിശ്വാസത്തിലെടുത്ത ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി കോണ്‍ഗ്രസുമായി ചേര്‍ന്ന് നല്ല നേട്ടമുണ്ടാക്കി. മമത ബാനർജിയുടെ തൃണമൂൽ പശ്ചിമബംഗാളിൽ ജയിച്ചുകയറി. എന്നാല്‍, മൃദുഹിന്ദുത്വം കോണ്‍ഗ്രസ് നിലപാടായി മാറിയ മധ്യപ്രദേശിലും രാജസ്ഥാനിലുമടക്കം തിരിച്ചടിയുണ്ടായി. തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം മുസ്ലിംകളെ ഒപ്പം നിർത്തി.
കേരളത്തില്‍ മുസ്ലിം വിഭാഗങ്ങളുടെ പിന്തുണയെ പ്രശ്നവത്കരിച്ചുകൊണ്ടുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ഇടതുപക്ഷംവരെ പിന്തുണ നല്‍കിയെങ്കിലും യു.ഡി.എഫ് ജയിച്ചുകയറി. മുസ്ലിം പിന്തുണയുടെ സ്വാധീനം വ്യക്തമായിരുന്നു. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ ഇത് തെളിഞ്ഞ് കാണാം (ഒരു സീറ്റ് സംഘ്പരിവാര്‍ നേടിയതും അവര്‍ക്ക് ഗണ്യമായ വോട്ട് ലഭിച്ചതും ഇത്തരം വര്‍ഗീയ പ്രചാരണങ്ങളുടെകൂടി ഫലമായിരുന്നു).
ഇവിടെയാണ് പല ഘടകങ്ങള്‍ക്കൊപ്പം പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയത്തിന് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ സ്വാധീനം മനസ്സിലാക്കേണ്ടത്. ഇൻഡ്യ മുന്നണി പ്രാദേശികമായി ഈ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞെങ്കിലും ദേശീയതലത്തില്‍ അതിനെ ഉൾക്കൊള്ളാന്‍ കോണ്‍ഗ്രസും ഇടതും മറ്റും തയാറായില്ല. ആപ് പോലുള്ള ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ സൈദ്ധാന്തികമായും പ്രായോഗികമായും ഇത്തരം രാഷ്ട്രീയത്തോട് എതിരുള്ളവരാണ്. ഭരണഘടന സ്ഥാപനങ്ങളെപോലും ഹിന്ദുത്വയുടെ പ്രചാരണത്തിനും പ്രയോഗത്തിനും ഉപയോഗിക്കുന്ന സംഘ്പരിവാറിന് മുന്നില്‍ മൃദുഹിന്ദുത്വം വിലപ്പോവില്ലെന്ന് തന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ വലിയൊരു പാഠം.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന് ഈഴവരുടെ പ്രാതിനിധ്യ പ്രശ്നം ഉന്നയിച്ചു. യഥാര്‍ഥത്തില്‍ സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുത്തവരെ മറന്ന് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സംസ്ഥാന മന്ത്രിസഭ, ഉന്നത അധികാര-ഉദ്യോഗങ്ങള്‍, മറ്റു നിയമനിർമാണ സ്ഥാപനങ്ങൾ എന്നിവയിലെ സമുദായം തിരിച്ച കണക്കുനോക്കാനൊന്നും അദ്ദേഹം മിനക്കെട്ടില്ല. അതിനു അദ്ദേഹം തയാറായിരുന്നെങ്കിൽ ആര്, ആരുടെ അവകാശങ്ങളാണ് തട്ടിയെടുത്തതെന്ന് മനസ്സിലായേനെ. ഈ പ്രാതിനിധ്യ രാഷ്ട്രീയത്തിനുള്ള സമ്മർദമുയരുകയും ജാതിസെന്‍സസ് നടക്കുകയും ചെയ്താല്‍ കാലങ്ങളായി പിന്നാക്കമായവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മന്നേറ്റത്തിന് അത് നിമിത്തമാകും. അതിനുള്ള മുന്നേറ്റത്തില്‍ വെള്ളാപ്പള്ളിയും മുസ്ലിംകളും ശത്രുക്കളാകേണ്ടവരല്ല, ഒന്നിച്ച് മുന്നേറേണ്ടവരാണ്. ഇ.ഡി, സി.ബി.ഐ-കേന്ദ്ര പേടികള്‍ മാറ്റിവെച്ച്, സ്വസമുദായത്തോടുള്ള പ്രതിബദ്ധത വെള്ളാപ്പള്ളി പ്രകടിപ്പിക്കേണ്ടത് അങ്ങനെയാണ്.
മുസ്ലിം രാഷ്ട്രീയ കര്‍തൃത്വ നിഷേധമെന്നാണ് ബ്രിട്ടീഷ് പാര്‍ലമെന്ററി കൗണ്‍സിലില്‍ സമര്‍പ്പിക്കപ്പെട്ട കരടില്‍ പ്രമുഖ ബ്രിട്ടീഷ് മുസ്ലിം പണ്ഡിതൻ സല്മാന് സഈദ് ഇസ്ലാമോഫോബിയയെ നിര്‍വചിക്കുന്നത്. രാഷ്ട്രീയത്തിന്റെ നിര്‍ണായകമായ സ്ഥാനത്ത് മുസ്ലിംകള്ക്ക് എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ഉണ്ടാകുന്നതിനെ ആസൂത്രിതമായ തടയിടൽ.
ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വരുമ്പോള്‍ ആൾക്കൂട്ട കൊലകളും ഭരണകൂടവേട്ടയും നിയമവ്യവസ്ഥയുടെ ഹിംസകളും മാത്രമല്ല, മറിച്ച് അത്തരം വംശഹത്യയുടെ വിവിധ രൂപങ്ങളെ മറച്ചുവെക്കാനും വെളുപ്പിക്കാനും അവസരം നല്കുന്ന പൊതുബോധമാണ് യഥാര്‍ഥത്തില്‍ ഇസ്ലാമോഫോബിയ. മുസ്ലിം രാഷ്ട്രീയ കര്‍തൃത്വത്തെയും രാഷ്ട്രീയ പ്രാതിനിധ്യത്തെയും കുറിച്ച ചര്‍ച്ചകളെ മറച്ചുവെക്കാൻ നടക്കുന്ന വ്യാജ പ്രചാരവേലകളെയും ഈ ഗണത്തിൽതന്നെയാണ് വായിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.