പ്രശംസയുടെ സോഷ്യൽമീഡിയ രൂപമാണ് ലൈക്കും തംസപ്പും കമന്റുകളും. യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമൊക്കെ പുതിയ ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യുന്നവർ എത്ര ലൈക്കായി, എത്ര കമന്റായി തുടങ്ങിയവ തുടരെത്തുടരെ നോക്കും. വാട്സ്ആപ്പിന്റെ സ്റ്റാറ്റസിൽപോലും എത്രപേർ കണ്ടു, ആരെല്ലാം എന്തെല്ലാം പറഞ്ഞു എന്നു നോക്കിക്കൊണ്ടേയിരിക്കും. നല്ല കാര്യങ്ങളെക്കാൾ ലൈക്കും കമന്റും ചില കോമാളിത്തങ്ങൾക്കും കാട്ടിക്കൂട്ടലുകൾക്കും ലഭിക്കുന്നു എന്നു തോന്നുമ്പോൾ പതുക്കെ അവർ ആ പാതയിലേക്കു മാറുന്നു
‘വഷളത്തരം’ എന്നു തിരിച്ചറിഞ്ഞ് മുമ്പ് നാം അകറ്റിനിർത്തിയിരുന്ന പല കാര്യങ്ങളും ഇപ്പോൾ പലരും പരസ്യമായി ചെയ്യുന്നതും പറയുന്നതും കാണാം. സംസാരത്തിൽ അശ്ലീലവാക്കുകളുടെ പ്രളയം, ആഭാസകരമായ മുദ്രകളും ആംഗ്യങ്ങളും ഗോഷ്ടികളും, അറപ്പുളവാക്കുന്ന പ്രവർത്തനങ്ങൾ... ഈ പട്ടിക നീണ്ടുപോകും. സമൂഹമധ്യത്തിൽ ഇതൊക്കെ ചെയ്യുന്നവരെക്കുറിച്ച് ‘അവന്/അവൾക്ക് വട്ടാണ്’ എന്നു പണ്ടു പറയുമായിരുന്നു. ശരിയായ മനോനില അല്ല എന്നർഥം.
എന്നാൽ, ഇപ്പോൾ ഇത്തരക്കാർക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് പലർക്കും ലഭിക്കുന്നത്. മുഖ്യധാരാ സിനിമകളിൽപോലും തെറിവിളികൾ ഹിറ്റ് ഡയലോഗുകളായി ഇടംപിടിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ഇത്തരം സമൂഹവിരുദ്ധ താരങ്ങൾ കൗമാരക്കാരുടെ ഹരമായി മാറുന്നു. ഇത് വലിയ വിപത്താണ് എന്ന് സമൂഹം പതുക്കെ തിരിച്ചറിയുന്നു എന്നതു മാത്രമാണ് ആശ്വാസം.
പറയുന്നതും ചെയ്യുന്നതും കാണിക്കുന്നതും വൃത്തികേടാണ് എന്ന് ബോധ്യമുണ്ടായിട്ടും ഇത്തരം ‘താരങ്ങൾ’ ഇതുതന്നെ വീണ്ടുംവീണ്ടും ചെയ്യുന്നത് എന്തുകൊണ്ടാണ്? അത് മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു മനോനിലയിലേക്കാണ് വിരൽചൂണ്ടുന്നത്. അംഗീകരിക്കപ്പെടുക, ശ്രദ്ധിക്കപ്പെടുക, സ്വീകാര്യത നേടുക തുടങ്ങിയവ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.
നമ്മുടെ പ്രവൃത്തി, സ്വഭാവം, പെരുമാറ്റം തുടങ്ങിയവ നല്ലതാണ് എന്നു മറ്റൊരാൾ പറയുന്നത് എല്ലാവർക്കും ഇഷ്ടമാണ്. ചിലർക്ക് പരസ്യമായ പുകഴ്ത്തൽ ഇഷ്ടമില്ല എന്നു പറയുമ്പോഴും രഹസ്യമായെങ്കിലും പ്രശംസ എല്ലാവർക്കും പ്രചോദനമാണ്. പക്ഷേ, ഈ പ്രശംസ നേടിയെടുക്കുക എളുപ്പമല്ല.
പ്രശംസയുടെ സോഷ്യൽമീഡിയ രൂപമാണ് ലൈക്കും തംസപ്പും കമന്റുകളും. യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമൊക്കെ പുതിയ ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യുന്നവർ എത്ര ലൈക്കായി, എത്ര കമന്റായി തുടങ്ങിയവ തുടരെത്തുടരെ നോക്കും. വാട്സ്ആപ്പിന്റെ സ്റ്റാറ്റസിൽപോലും എത്രപേർ കണ്ടു, ആരെല്ലാം എന്തെല്ലാം പറഞ്ഞു എന്നു നോക്കിക്കൊണ്ടേയിരിക്കും.
നല്ല കാര്യങ്ങളെക്കാൾ ലൈക്കും കമന്റും ചില കോമാളിത്തങ്ങൾക്കും കാട്ടിക്കൂട്ടലുകൾക്കും ലഭിക്കുന്നു എന്നു തോന്നുമ്പോൾ പതുക്കെ അവർ ആ പാതയിലേക്കു മാറുന്നു. ലൈക്കുകൾ ഏറിയേറി അത് നല്ല വരുമാനം കൂടിയായി മാറുമ്പോൾ പണത്തിനും പ്രശസ്തിക്കും ഇതുതന്നെ വഴി എന്ന് അവരുടെ അബോധമനസ്സ് തീരുമാനമെടുക്കുന്നു - കിട്ടുന്നത് കുപ്രശസ്തിയാണെങ്കിലും.
വൈകൃതങ്ങളെ ഇങ്ങനെ ആഘോഷിക്കുന്ന സ്വഭാവം രൂപപ്പെടുന്നത് എങ്ങനെയാണ്? സമൂഹവിരുദ്ധമായ ഇത്തരം മനോനിലയെ ASPD (ആന്റി സോഷ്യൽ പേഴ്സനാലിറ്റി ഡിസോർഡർ) എന്നാണു വിളിക്കുക. ഇത്തരം മനോനില രൂപപ്പെടാൻ പല കാരണങ്ങളുണ്ട്. ചിലരിൽ വളരെ ചെറുപ്പത്തിലുണ്ടായ എന്തെങ്കിലും സംഭവങ്ങളുടെ ആഘാതം വലിയ ട്രോമയായി മനസ്സിൽ അവശേഷിക്കും. ഇതു സമൂഹവിരുദ്ധ മനസ്സ് രൂപപ്പെടുന്നതിൽ നിർണായക പങ്കുവഹിക്കും.
ചിലരെ വളർത്തിയെടുത്തതിലെ (പാരന്റിങ്) പാകപ്പിഴകൾ സമൂഹവിരുദ്ധ മനോനിലക്ക് കാരണമാകും. വീട്ടിനുള്ളിലെ അമിത നിയന്ത്രണങ്ങളും കർക്കശ പെരുമാറ്റവും മുതൽ മാതാപിതാക്കൾ തമ്മിലുള്ള വഴക്കുവരെ കാരണമാകാം. മറുവശത്ത് ചില വീടുകളിലെ അമിത സ്വാതന്ത്ര്യവും ഒട്ടും നിയന്ത്രണമില്ലാത്ത ഇടപെടലുകളും കുട്ടികളെ വഴിതെറ്റിക്കാം.
തെരുവിലിറങ്ങി വൃത്തികേടുകൾ ചെയ്യാനും തെറി വിളിച്ചുപറയാനുമൊക്കെ സ്വാഭാവികമായ ജാള്യം എല്ലാവർക്കുമുണ്ടാകും. പക്ഷേ, സോഷ്യൽമീഡിയയിൽ എന്തും ചെയ്യാൻ ഒരു ധൈര്യം പലർക്കും ലഭിക്കുന്നു. പൂച്ച കണ്ണടച്ച് പാൽ കുടിക്കുന്നതുപോലെയുള്ള ഒരു മനോഭാവം.
തന്നെ മറ്റാരും കാണില്ല എന്ന ചിന്ത, ശാരീരികമായി താൻ ഒളിച്ചിരിക്കുകയാണ് എന്നത്, ഒളിച്ചിരുന്ന് ചെയ്യുന്നതും പറയുന്നതുമൊക്കെ പ്രാവർത്തികമാക്കാനുള്ള ചോദനയുണ്ടാകും. സോഷ്യൽമീഡിയ എന്നത് സൈബർ ലോകത്തെ തെരുവാണ് എന്നത് പലരും തിരിച്ചറിയാതെ പോകുന്നു.
തികഞ്ഞ ആഭാസവും അശ്ലീലവും പറഞ്ഞും കാണിച്ചും നടക്കുന്ന ഇത്തരക്കാർക്ക് വലിയ സ്വീകാര്യത ലഭിക്കുന്നത് എങ്ങനെയാണ്? അതും കൗമാരക്കാർക്കിടയിൽ. അരുതെന്ന് പറയുന്നതിലേക്ക് ആകർഷിക്കപ്പെടുക എന്നത് മനുഷ്യന്റെ ബലഹീനതയാണ്. ആദം-ഹവ്വ ജീവിതം മുതൽ അതിന്റെ ചരിത്രം ആരംഭിക്കുന്നു. ഇങ്ങോട്ട് നോക്കല്ലേ എന്ന് ഒരാൾ പറയുമ്പോൾ അങ്ങോട്ട് നോക്കിപ്പോകും.
കൗമാരക്കാർക്കിടയിൽ ഈ മനോഭാവം വളരെ കൂടുതലായിരിക്കും. നിഷിദ്ധമാക്കപ്പെട്ടതിനെ പുണരാനുള്ള വെമ്പൽ. അത് സമൂഹമാധ്യമങ്ങളിലൂടെ ആകുമ്പോൾ ശാരീരികമായി രംഗത്തുവരാതെ തന്നെ അനുസരണക്കേട് കാണിക്കാനുള്ള അവസരമാകുന്നു.
ധിക്കാരത്തിൽ ആവേശം കാണുന്ന കാലമാണ് കൗമാരം (ടീനേജ്). മൂല്യങ്ങളെയും മര്യാദകളെയും സാമൂഹിക ഘടനയെയുമൊക്കെ ധിക്കരിക്കുന്നത് ഹീറോയിസമായി അവർക്കു തോന്നും. അത് ഹീറോയിസമല്ല, ആന്റി സോഷ്യൽ ആക്ടിവിറ്റി (സാമൂഹികവിരുദ്ധ പ്രവർത്തനം) ആണെന്ന് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. അതിനെ കോമാളിക്കളിയെന്നും പ്രായത്തിന്റെ അറിവില്ലായ്മ എന്നുംപറഞ്ഞ് നിസ്സാരവൽക്കരിക്കരുത്; പകരം, ഗൗരവമേറിയ സമൂഹതിന്മയായി തിരിച്ചറിഞ്ഞ് തിരുത്താൻ കൂട്ടായ ശ്രമം വേണം.
(പ്രമുഖ സൈക്യാട്രിക് കണ്സൽട്ടന്റാണ് ലേഖകന്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.