ചിറകുകൾക്ക് തീ കൊടുത്ത് കടലുകൾക്ക് കുറുകെ പറന്ന പക്ഷി എന്നാണ് കവിയും കഥാകൃത്തുമായ പി.കെ. പ്രകാശ് കെ.കെ. കൊച്ചിനെ ഒരു കഥയിൽ വിശേഷിപ്പിച്ചത്.പ്രതീക്ഷകൾ അണഞ്ഞുപോയ വിദ്യാർഥികളുടെ അരണ്ട ഇടങ്ങളിലേക്ക് വെളിച്ചവുമായെത്തുന്ന ജ്ഞാനവെളിച്ചമായാണ് ‘ജാഗ’ എന്ന നോവലിൽ ഡോ. എം.ബി. മനോജ് കെ.കെ. കൊച്ചിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ആധുനികാനന്തരം നാട് മൊത്തം വഴികളും നിർമിതകളുംകൊണ്ട് വെളിച്ചം നിറഞ്ഞപ്പോൾ ആ നാടിന്റെ വെളിച്ചത്തിനകത്ത് നിഴൽപോലെ...
ചിറകുകൾക്ക് തീ കൊടുത്ത് കടലുകൾക്ക് കുറുകെ പറന്ന പക്ഷി എന്നാണ് കവിയും കഥാകൃത്തുമായ പി.കെ. പ്രകാശ് കെ.കെ. കൊച്ചിനെ ഒരു കഥയിൽ വിശേഷിപ്പിച്ചത്.
പ്രതീക്ഷകൾ അണഞ്ഞുപോയ വിദ്യാർഥികളുടെ അരണ്ട ഇടങ്ങളിലേക്ക് വെളിച്ചവുമായെത്തുന്ന ജ്ഞാനവെളിച്ചമായാണ് ‘ജാഗ’ എന്ന നോവലിൽ ഡോ. എം.ബി. മനോജ് കെ.കെ. കൊച്ചിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ആധുനികാനന്തരം നാട് മൊത്തം വഴികളും നിർമിതകളുംകൊണ്ട് വെളിച്ചം നിറഞ്ഞപ്പോൾ ആ നാടിന്റെ വെളിച്ചത്തിനകത്ത് നിഴൽപോലെ വീണുപോയ ഇരുട്ടായിരുന്നു ദലിതരുടെ ജീവിതം എന്ന് ആവുന്നത്ര ഉറക്കെ പറയുകയായിരുന്നു കെ.കെ. കൊച്ച് തന്റെ വൈജ്ഞാനിക ജീവിതംകൊണ്ട് ചെയ്തത്.
നവോത്ഥാനാനന്തരം ദേശീയ പ്രസ്ഥാനങ്ങൾ സാമൂഹികജീവിതത്തിൽനിന്ന് പുറത്താക്കപ്പെട്ട മനുഷ്യരെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ പരിമിതികളെ പരിഹരിക്കുകയായിരുന്നു ഡോ. അംബേദ്കർ തന്റെ ജ്ഞാനജീവിതംകൊണ്ട് ചെയ്തത്. കേരളത്തിൽ പുരോഗമനചിന്തകളെ രൂപപ്പെടുത്തിയതിലും വളർത്തിക്കൊണ്ടുവന്നതിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പങ്കുണ്ട്. ഭൂപരിഷ്കരണത്തിലൂടെ കർഷകരിൽ ഭൂമി നിക്ഷിപ്തമാക്കിയതിലും ആ പ്രസ്ഥാനത്തിന്റെ ഇടപെടലുകൾ നിഷേധിക്കാനാവുന്നതുമല്ല.
ഭൂപരിഷ്കരണത്തിലൂടെ തങ്ങൾക്ക് ഭൂമി ലഭിച്ചു എന്ന ഒരു ‘മയക്കത്തിനകത്താണ്’ ദലിത് ആദിവാസി സമൂഹങ്ങളും ‘വിജയശ്രീലാളിതരായി’ ജീവിച്ചു പോന്നത്. കെ.കെ. കൊച്ചി ന്റെ ഇടപെടലുകളാണ് ഭൂമി വിതരണത്തിൽ ഉൽപാദന ബന്ധങ്ങളെക്കാൾ പ്രത്യുൽപാദന ബന്ധങ്ങളാണ് കേരളത്തിൽ പ്രവർത്തിച്ചത് എന്ന സത്യം വ്യവച്ഛേദിച്ചു പറഞ്ഞുതന്നത്.
ഭൂപരിഷ്കരണം കർഷകർക്ക് ഭൂമി നൽകിയപ്പോൾ കർഷകത്തൊഴിലാളികളായ ദലിതർക്കും ആദിവാസികൾക്കും ഭൂമി നൽകിയില്ല എന്നതാണ് ആ യാഥാർഥ്യം.
26,000 പട്ടികജാതി കോളനികളും 6000 ആദിവാസി കോളനികളും സാമൂഹികജീവിതത്തിന് പുറത്തുനിർമിച്ചുകൊണ്ടാണ് കേരളത്തിൽ ഭൂപരിഷ്കരണം നടപ്പായത്. കോളനി ജീവിതം പൊതുധാരാ ജീവിതത്തിൽനിന്ന് എങ്ങനെയെല്ലാം വേറിടുന്നുവെന്നും എങ്ങനെയെല്ലാം അപരലോകങ്ങളെ നിർമിക്കുന്നു എന്നും കെ.കെ. കൊച്ച് തന്റെ ശക്തമായഭാഷയിലൂടെ സമൂഹത്തെ എഴുതിയറിയിച്ചു .ആദിവാസി വിഭാഗങ്ങളുടെ അന്യാധീനപ്പെട്ട ഭൂമിയെ സംബന്ധിക്കുന്ന ചർച്ചകൾ കേരളീയ സമൂഹത്തിൽ ഉയർത്തി വിട്ടതിലും കെ.കെ. കൊച്ചിന്റെ രാഷ്ട്രീയ ഇടപെടലുകൾ സുപ്രധാനമാണ്. മുഴുവൻ പേരും വിപ്ലവമായി വാഴ്ത്തുമ്പോഴും, വിദ്യാഭ്യാസ ബിൽ ദലിത് ആദിവാസി സമൂഹങ്ങളെ എയ്ഡഡ് നിയമനങ്ങൾപോലുള്ള വലിയ ജോലി സാധ്യതയിൽനിന്നും പുറത്താക്കുന്നു എന്ന കാര്യവുംസൂക്ഷ്മമായി പറയാനും ആദ്യഘട്ടങ്ങളിൽ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സമുദായവത്കരണം എന്ന ആശയലോകത്തെ ദലിത് സമൂഹത്തിൽ അദ്ദേഹം അവതരിപ്പിച്ചു. നായർ സർവിസ് സൊസൈറ്റിയും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഉപജാതികളെ ഇല്ലാതാക്കി വ്യത്യസ്ത സമുദായമായി അന്തസ്സാർജിച്ചത് പോലെ നൂറിലേറെ വരുന്ന പട്ടികജാതി വിഭാഗങ്ങൾ ഒറ്റ സമുദായമായി പരിവർത്തിക്കണം എന്ന കെ.കെ. കൊച്ചിന്റ ചിന്തകൾ ദലിത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സൈദ്ധാന്തികമായ പിൻബലം നൽകി.
എഴുത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഒരു സമൂഹം ചരിത്രത്തിൽ അടയാളപ്പെടുന്നത് മുഖ്യധാരയെ പിളർത്തിക്കൊണ്ട്, മറ്റൊരു മുഖ്യധാരയെ നിർമിക്കാനുതകുന്ന സവിശേഷമായ ഭാഷ നിർമിക്കുകയാണ് കെ.കെ. കൊച്ച് മലയാളസാഹിത്യത്തിൽ ചെയ്ത ഏറ്റവും വലിയ സാംസ്കാരിക ഇടപെടൽ.
ഏകപക്ഷീയവും വംശീയവുമായ സാഹിത്യം എഴുത്തിനെയും ചരിത്രം എഴുത്തിനെയും കെ.കെ. കൊച്ച് അപനിർമിക്കുന്നുണ്ട്. ഒരാളുടെ ഭാഷ എങ്ങനെയാണ് വംശീയത വേറുന്നത് എന്ന് അദ്ദേഹം പലയിടങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ചന്തുമേനോന്റെ ഇന്ദുലേഖ മലയാളത്തിൽ ആഘോഷിച്ച നോവലാണ്. എന്നാൽ, കേരളത്തിലെ നായന്മാർ അല്ലാത്ത ആരും ആ നോവലിൽ കടന്നുവരുന്നില്ല എന്ന് വസ്തുതയെ വിശകലനം ചെയ്യാൻ സാധിച്ചു. അത്തരം നോവലുകളിൽ തുടങ്ങുന്നതാണ് ഇസ്ലാം അപരവത്കരണം എന്നതും അദ്ദേഹം വിശദമായി വ്യാഖ്യാനിച്ചിട്ടുണ്ട്.
നോവൽ സാഹിത്യത്തിന്റെ കേന്ദ്രത്തിൽ നിർത്തുന്നതിനായി അഭിജാതനിരൂപകർ അധികം ചേർത്ത വാഴ്ത്തുമൊഴികളെ തിരുത്തുന്നതാണ് വായനയുടെ ദലിത് പാഠം എന്ന പുസ്തകത്തിലെ ‘ഇന്ദുലേഖ ഒരു രാഷ്ട്രീയ പുനർവായന’ എന്ന ലേഖനം. ഇന്ദുലേഖയുടെ പതിനെട്ടാം അധ്യായത്തിലെ ചർച്ചകൾ സവർണ പുരുഷൻ അംബേദ്കർ ചിന്തകളോട് നടത്തുന്ന എതിർവചനങ്ങളാണ് എന്ന നിരീക്ഷണം എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ട വിവരം നൽകലാണ്.
പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയം എന്ന നോവലിനെ എഴുത്തിലൂടെ വീണ്ടെടുക്കുന്നതാണ് കേരളം മറന്ന സാമൂഹിക പരിഷ്കരണം എന്ന കെ. കെ. കൊച്ചിന്റെ ലേഖനം.
ആദ്യത്തെ മലയാള സിനിമാ സംവിധായകനായ ജെ.സി. ഡാനിയൽ അവർണനായതിനാൽ അദ്ദേഹത്തിന്റെ സിനിമയായ വിഗതകുമാരനെ തമസ്കരിക്കാൻ സിനിമാചരിത്രനിർമിതി കാട്ടിക്കൂട്ടിയ
അനീതികളെ എത്രയോ വൈകിയാണ് കേരളീയ സമൂഹം ചർച്ചക്കെടുത്തത്. സമാനമായ വംശീയ വിമർശനരീതിയാണ് സരസ്വതീ വിജയത്തിന്മേലും വരേണ്യ സാഹിത്യ വിമർശകർ നിർമിച്ചത്.
നീതിപൂർവമല്ലാത്ത സാഹിത്യ വിമർശനത്താൽ അടച്ചുവെപ്പിച്ച സരസ്വതീ വിജയത്തിന്റെ അധ്യായങ്ങളെ പുതിയ വായനയിലേക്ക് തുറന്നിടുവാൻ കെ.കെ. കൊച്ചിന്റെ സരസ്വതീ വിജയ പഠനത്താൽ സാധ്യമായിട്ടുണ്ട്.
അതുവരെ കേരളത്തിലെ സർവകലാശാലകൾ അയിത്തം കൽപ്പിച്ചു മാറ്റിനിർത്തിയ ആ കൃതി കെ.കെ. കൊച്ചിന്റെ പഠനത്തിനുശേഷം ആ പഠനത്തെ മുഖവുര ചേർത്തുകൊണ്ട് പാഠപുസ്തകമായി വന്നു എന്നതും ശ്രദ്ധേയമാണ്.
ദലിതൻ എന്ന കെ.കെ. കൊച്ചിന്റെ ആത്മകഥ അവസാനിക്കുന്നത് താഴെക്കൊടുത്ത വാചകങ്ങൾകൊണ്ടാണ് ‘ബൃഹാഖ്യാനങ്ങളിൽ രാജാക്കന്മാരുടെയും കൊട്ടാരങ്ങളുടെയും പടയോട്ടങ്ങളുമാണുള്ളത്.
പരിചാരകരും ചതഞ്ഞ മനുഷ്യരും ഭാരം വലിച്ചു തളർന്നുവീഴുന്ന മൃഗങ്ങളുമില്ല. ചരിത്ര സ്രഷ്ടാക്കൾ ഈ അവഗണിതരും അദൃശ്യരാക്കപ്പെട്ടവരും കൂടിയാണ്. സ്ഥൂല ലോകത്തോടൊപ്പം ബഹിഷ്കൃതമായ സൂക്ഷ്മലോകത്തിനും ഇടം കിട്ടേണ്ടതുണ്ട്.’
വെളിച്ചമെത്താത്ത ധ്രുവപ്രദേശങ്ങളിലേക്കും വെളിച്ചമെത്തിക്കാൻ തന്നെത്താൻ കത്തിയ മറ്റൊരു സൂര്യനായിരുന്നു കൊച്ചേട്ടൻ.
ഈ നാടിന്റെ ഇനിവരുന്ന സാമൂഹികവിപ്ലവങ്ങളുടെ വഴികളിലേക്കായി ആ വെളിച്ചവും ചൂടും ഞങ്ങൾ നെഞ്ചിലേറ്റുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.