കേരളത്തിനും ചരിത്ര പഠനശാഖക്കും നികത്താനാവാത്ത നഷ്ടമാണ് ഡോ. എം. ഗംഗാധരന്‍റെ വിയോഗം. മലബാർ സമരത്തെ കുറിച്ച് ഗവേഷണം ആരംഭിച്ച കാലം മുതൽ അദ്ദേഹത്തെ നേരിട്ടറിയാം. തന്‍റെ ഗവേഷണം മാത്രമല്ല വിദ്യാർഥികളുടെ ചരിത്ര ഗവേഷണ പഠനവും മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ അക്ഷീണയത്നം നടത്തി. വിദേശ ചരിത്രകാരൻമാരെ ചരിത്ര വകുപ്പിൽ ക്ഷണിച്ചു വരുത്തി പുതിയ തലമുറക്ക് അനുഭവം സൃഷ്ടിക്കാൻ നേതൃത്വം നൽകി.
കോഴിക്കോട് ആർട്സ് കോളജിലും എം.ജി യൂനിവേഴ്സിറ്റിയിലും ചരിത്രഗവേഷണവും പഠനവും പുതിയ തലത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു. എം. ഗോവിന്ദനെപ്പോലെയുള്ളവരുമായുളള സൗഹൃദം ഗംഗാധരനു നൂതനമായ ആശയങ്ങൾ ലഭിക്കാനിടയാക്കി. കർഷകരുടെ ജീവിതത്തെ അടുത്തറിയാനുള്ള പ്രവണത ഞങ്ങളിരുവർക്കുമുണ്ടായിരുന്നു. എന്നാൽ, ചരിത്ര പഠനങ്ങളിലും നിരീക്ഷണങ്ങളിലും എന്‍റെ വഴിയായിരുന്നില്ല അദ്ദേഹത്തിന്‍റെത്. വിയോജിപ്പുകൾ സെമിനാർ വേദിയിൽ പരസ്യമായി പറയും. പക്ഷേ, വേദിവിട്ടിറങ്ങുക സൗഹൃദത്തിന്‍റെ ചെറുചിരിയോടെയായിരിക്കും.
ചെറുചിരിയില്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല. ചരിത്രരംഗത്തുള്ളവരെ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കാണാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഈ സവിശേഷ അനുഭവം പലപ്പോഴായി എനിക്കുണ്ടായിട്ടുണ്ട്. സെമിനാറുകളിൽ അദ്ദേഹം അവതരിപ്പിക്കുന്ന ആശയങ്ങൾ ജനങ്ങൾ വേഗം ഏറ്റെടുക്കുന്നതായി തോന്നി. അത്രമേൽ തെളിമയോടെ തന്‍റെ വിഷയം അനുവാചകനിലെത്തിക്കാൻ ഡോ. ഗംഗാധരന് കഴിയുമായിരുന്നു. എന്‍റെ വില്യം ലോഗൻ, കർഷക ചരിത്രം തുടങ്ങിയ പഠനങ്ങളെ അദ്ദേഹം വളരെയധികം ആദരിച്ചു. ഇത്, തുറന്നുപറയുന്നതിനു മടികാണിച്ചില്ല. സെമിനാറുകളിൽ എതിരഭിപ്രായങ്ങൾ ഉന്നയിച്ചാലും വ്യക്തിബന്ധങ്ങൾ സൂക്ഷ്മതയോടെ, ആദരപൂർവം കൊണ്ടു നടക്കാൻ വളരെയധികം ശ്രദ്ധിച്ചു. അദ്ദേഹത്തിന്‍റെ പുസ്തകങ്ങൾക്കുള്ള തെളിമ ആ പെരുമാറ്റത്തിലും കണ്ടു. മലബാറിനെ കുറിച്ച് അദ്ദേഹം രചിച്ച പുസ്തകം വളരെ ശക്തമായിരുന്നു.
വിമർശനങ്ങളെ ഗൗനിക്കാതെ തന്‍റെ നിലപാടിലുറച്ചു നിൽക്കാൻ അദ്ദേഹത്തിനെപ്പോഴും കഴിഞ്ഞു. ചരിത്രവഴിയിൽ വിപുലമായ ശിഷ്യ സമ്പത്തിനുടമയായിരുന്നു. നാലുവർഷം മുമ്പാണ് അവസാനമായി ഞാൻ കണ്ടത്. അത് തിരുനാവായയിലെ സെമിനാറിലായിരുന്നു. അതിനുശേഷം ഞാൻ കൊച്ചിയിലും അദ്ദേഹം വീട്ടിൽ കിടപ്പിലുമായി. ആരോഗ്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചിരുന്നു. പക്ഷേ, പിന്നെ കാണാൻ കഴിഞ്ഞില്ല. വാർധക്യസഹജമായ അസുഖം അദ്ദേഹത്തിന്‍റെ ഗവേഷണ തുടർച്ചക്ക് തടസ്സമായി. കവിത മുതൽ വിമർശനം വരെ കൈകാര്യം ചെയ്തു. അറിയപ്പെടുന്ന പ്രഭാഷകൻകൂടിയായിരുന്നു. അതുകൊണ്ട്, തന്നെ വിവിധ മേഖലകളിൽ തന്‍റെ ചിന്തകൾ പങ്കുവെക്കാൻ കഴിഞ്ഞു. സ്വതന്ത്ര ചിന്തകനായിരുന്നു.
ഇടതുപക്ഷ അനുകൂലിയായി നിൽക്കുമ്പോഴും മൂല്യങ്ങളെ പക്ഷംനോക്കാതെ പിൻതുണച്ചു. അദ്ദേഹത്തിന്‍റെ വലിയ നേട്ടവും അതാണ്. പൊതുവെ ചരിത്രകാരൻമാരിലെ പക്ഷം പിടിക്കലുകൾക്ക് അദ്ദേഹം എതിരായിരുന്നു. ഗംഗാധരന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തോടൊപ്പം ചേരുന്നു. പകരക്കാരനില്ലാതെയാണ് അദ്ദേഹം വിടവാങ്ങുന്നത്.
(ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ ലേഖകൻ കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.