നോട്ടുറദ്ദാക്കല്‍ പോലുള്ള പരീക്ഷണങ്ങളുടെ ട്രോമയില്നിന്നു ജനങ്ങള്‍ ഇപ്പോഴും മോചിതരായിട്ടില്ല എന്നതിന്റെ ഉദാഹരണമായിരുന്നു കറന്സിനോട്ടുകള് റദ്ദാക്കി ഡിജിറ്റല്‍ കറൻസിയിലേക്ക് മാറുന്നു എന്ന, മലയാളപത്രങ്ങളിൽ വന്ന ഫാന്റസി പരസ്യവാര്‍ത്ത വായിച്ചു മലയാളികള്‍ ഏതാണ്ട് ഒന്നടങ്കം പരിഭ്രാന്തരാവാനുള്ള കാരണം. മോദി ഒരു സായന്തനത്തില്‍ നോട്ടുകള്‍ റദ്ദാക്കി എന്നുപറഞ്ഞതിനുശേഷം ഈ ഭരണകൂടം എന്ത് വിഡ്ഢിത്ത നയവും നടപ്പിലാക്കുമെന്ന...
നോട്ടുറദ്ദാക്കല്‍ പോലുള്ള പരീക്ഷണങ്ങളുടെ ട്രോമയില്നിന്നു ജനങ്ങള്‍ ഇപ്പോഴും മോചിതരായിട്ടില്ല എന്നതിന്റെ ഉദാഹരണമായിരുന്നു കറന്സിനോട്ടുകള് റദ്ദാക്കി ഡിജിറ്റല്‍ കറൻസിയിലേക്ക് മാറുന്നു എന്ന, മലയാളപത്രങ്ങളിൽ വന്ന ഫാന്റസി പരസ്യവാര്‍ത്ത വായിച്ചു മലയാളികള്‍ ഏതാണ്ട് ഒന്നടങ്കം പരിഭ്രാന്തരാവാനുള്ള കാരണം. മോദി ഒരു സായന്തനത്തില്‍ നോട്ടുകള്‍ റദ്ദാക്കി എന്നുപറഞ്ഞതിനുശേഷം ഈ ഭരണകൂടം എന്ത് വിഡ്ഢിത്ത നയവും നടപ്പിലാക്കുമെന്ന ധാരണ ജനമനസ്സില്‍നിന്നും വിട്ടുമാറുന്നില്ല
ഇന്ത്യ എഴുപത്താറാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന അവസരത്തില്‍ രാഷ്ട്രത്തിന്റെ കടന്നുപോയ സാമ്പത്തിക ചരിത്രത്തെക്കുറിച്ച് പുനരാലോചിക്കുന്നത് ഉചിതമായിരിക്കും. ഒന്നുമില്ലായ്മയില്‍നിന്നാണ് ഇന്ത്യ ആരംഭിക്കുന്നത് എന്നുപറഞ്ഞാല്‍ അതിശയോക്തിയല്ല. മുഗള്‍ ഭരണകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി ആയിരുന്നു ഇന്ന് ഇന്ത്യയും പാകിസ്താനുമായി അറിയപ്പെടുന്ന ദക്ഷിണേഷ്യയിലെ വിശാല ഭൂപ്രദേശം. എന്നാല്‍, മൂന്നു ശതാബ്ദക്കാലം നീണ്ട കൊളോണിയല്‍ കൊള്ളയുടെ ഫലമായി അതിദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് ദക്ഷിണേഷ്യ എടുത്തെറിയപ്പെട്ടിരുന്നു. നെഹ്റുവും കോൺഗ്രസ് നേതൃത്വവും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ആഭ്യന്തര-വൈദേശിക സമ്മർദങ്ങളില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോവുക എന്നതായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തോടുള്ള വിപ്രതിപത്തിയും നിസ്സഹകരണവും ഹിന്ദുത്വ വിഘടനവാദികളുടെ ഭരണഘടനയോടുള്ള അസംതൃപ്തിയും വിദ്വേഷവും കാര്‍ഷിക-വ്യാവസായിക മേഖലകളില്‍ ഉടനടി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ ഉയര്‍ന്നുവന്ന കലാപസാധ്യതകളും ഉൽപാദന മുരടിപ്പിനെ മറികടക്കാന്‍ അത്ഭുതങ്ങളൊന്നും ഉണ്ടാവില്ലെന്ന തിരിച്ചറിവും കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നു. പക്ഷേ, നെഹ്റുവും കോൺഗ്രസ് നേതൃത്വവും സ്വീകരിച്ചത് തികച്ചും ലോകത്തെ ഞെട്ടിച്ച ഒരു സാമ്പത്തിക പരീക്ഷണത്തിനുള്ള തീരുമാനമായിരുന്നു. സോവിയറ്റ് യൂനിയനില്‍ ഒരു കമാന്‍ഡ് സമ്പദ്വ്യവസ്ഥയില് സ്വീകരിക്കാന്‍ എളുപ്പമുള്ള നിശ്ചിതകാല സാമ്പത്തിക ആസൂത്രണത്തിന്റെ മാതൃക ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പരീക്ഷിക്കാന്‍ മുതിരുക എന്നത് എളുപ്പമായിരുന്നില്ല. പക്ഷേ, അതിനുള്ള ലോകാഭിപ്രായം അപ്പോഴേക്ക് രൂപപ്പെട്ടിരുന്നു.
ആസൂത്രണം എന്ന രാഷ്ട്രീയ തീരുമാനം
ഉദാഹരണത്തിന് ഐൻസ്റ്റൈനെപ്പോലുള്ള ചിന്തകര്‍ സോഷ്യലിസ്റ്റ് ചിന്തകള്‍ അനിവാര്യമാണ് എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. 1949ല്‍ ‘എന്തുകൊണ്ട് സോഷ്യലിസം?’ എന്ന ലേഖനത്തില്‍ ആൽബർട്ട് ഐൻസ്റ്റൈൻ എഴുതിയത് മുതലാളിത്തത്തിന്റെ ഗുരുതരമായ തിന്മകളെ ഇല്ലാതാക്കാൻ ഒരു സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ സ്ഥാപിച്ചുകൊണ്ട് സാമൂഹികലക്ഷ്യങ്ങൾ മുന്‍നിര്‍ത്തിയുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായവും ആവിഷ്കരിക്കുക എന്ന ഒരേയൊരു മാർഗമേയുള്ളൂ എന്ന് തനിക്ക് ബോധ്യമുണ്ട് എന്നായിരുന്നു. അത്തരമൊരു സമ്പദ്വ്യവസ്ഥയിൽ, ഉൽപാദനമാർഗങ്ങൾ സമൂഹത്തിന്റെ ഉടമസ്ഥതയില്‍, ആസൂത്രിതമായ രീതിയിൽ ഉപയോഗിക്കപ്പെടുക എന്നതാണ് അഭികാമ്യം എന്ന് അദ്ദേഹം എഴുതി. സഹജീവികളോടുള്ള ഉത്തരവാദിത്തബോധത്തിലാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. ഈ ആശയത്തെ ജനാധിപത്യവുമായി ചേര്ത്തുവെച്ചുകൊണ്ടും അംബേദ്കറുടെ ലോകംകണ്ട ആദ്യത്തെ സമഗ്രമായ ഭരണഘടനാധിഷ്ഠിത സംവരണതത്ത്വത്തെ സ്വീകരിച്ചുകൊണ്ടും സാമ്പത്തിക ആസൂത്രണത്തെ കമ്യൂണിസ്റ്റിതരമായ ശൈലിയില്‍ രാഷ്ട്രപുനര്‍നിർമാണത്തിന് ഉപയോഗിക്കുക എന്ന ധീരവും അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതുമായ പാതയാണ് നെഹ്റു സ്വീകരിച്ചത്. ഇതിനെ അങ്ങേയറ്റം പുച്ഛത്തോടെയാണ് ഇന്ത്യക്കകത്തും പുറത്തും പലരും നോക്കിക്കണ്ടത്.
ആസൂത്രണത്തെക്കുറിച്ച് മുപ്പതുകളിലും നാല്പതുകളിലും ഇന്ത്യയില്‍ ആലോചനകള്‍ നടന്നിരുന്നു (വിശ്വേശ്വരയ്യയുടെ പദ്ധതി, വ്യവസായികളുടെ ബോംബെ പ്ലാന്‍, എം.എന്‍. റോയിയുടെ പീപ്ള്‍സ് പ്ലാന്‍, ശ്രീമന്‍ നാരായന്റെ ഗാന്ധിയന്‍ പ്ലാന്‍ തുടങ്ങിയവ ഉദാഹരണം). എന്നാല്‍, മൂര്‍ത്തമായ രീതിയില്‍ അതിനു രാഷ്ട്രീയരൂപം ഉണ്ടാവുന്നത് 1938ൽ സുഭാഷ്ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റായിരിക്കുമ്പോള്‍ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നാഷനല്‍ പ്ലാനിങ് കമ്മിറ്റി രൂപവത്കരിച്ചതോടെയാണ്. കോൺഗ്രസിന്റെ ഹരിപുര സമ്മേളനത്തിൽ ഇത് തീരുമാനിക്കുകയും മേഘ്നാഥ് ഷാ റഷ്യൻ മാതൃകയിലുള്ള സാമ്പത്തിക ആസൂത്രണം എന്ന ആശയം മുന്നോട്ടുവെക്കുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948-49ൽ സമിതിയുടെ നിദേശങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന് കോൺഗ്രസിന്റെ സാമ്പത്തികസമിതി ആസൂത്രണ കമീഷൻ രൂപവത്കരിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു. കെ.എന്‍. രാജ്, അമര്‍ത്യ സെന്‍, മഹാലനോബിസ്, മന്‍മോഹന്‍സിങ് തുടങ്ങിയ പ്രഗത്ഭ ധനശാസ്ത്രജ്ഞര്‍ പല ഘട്ടങ്ങളിലായി ഇന്ത്യന്‍ ആസൂത്രണ പദ്ധതിക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. ആദ്യത്തെ മൂന്നു പദ്ധതികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ഉറപ്പിച്ചെങ്കില്‍ മന്‍മോഹന്‍സിങ് നേതൃത്വം കൊടുത്ത 1985ലെ ഏഴാം പഞ്ചവത്സര പദ്ധതിയാണ് ‘ഹിന്ദുവളര്ച്ചാനിരക്ക്’ എന്ന് വിദേശികള്‍ പരിഹസിച്ചിരുന്ന 3-4 ശതമാനം വളര്‍ച്ച എന്ന പാരമ്പര്യത്തില്‍നിന്ന് ഇന്ത്യയെ കരകയറ്റി ആറുശതമാനം വളര്‍ച്ച എന്നനിലയിലേക്ക് ആദ്യമായി എത്തിക്കുന്നത്. എന്നാല്‍, എൺപതുകളിലെ രാഷ്ട്രീയ അസ്ഥിരത്വം ഈ നേട്ടത്തെ ശാശ്വതീകരിക്കാന്‍ കഴിയാത്തവിധം സങ്കീർണതകള്‍ നിറഞ്ഞതാവുകയും മന്മോഹൻ സൗത്ത് കമീഷന് സെക്രട്ടറി ജനറലായി പോയതോടെ എൺപതുകളുടെ അവസാനത്തിലെ കോൺഗ്രസിതര സര്‍ക്കാറുകളുടെ സാമ്പത്തിക മാനേജ്മെന്റ് തകര്‍ച്ചയെ നേരിടുകയും ചെയ്തു.
തൊണ്ണൂറുകളിലെ സാമ്പത്തിക ക്രമീകരണങ്ങള്‍
ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ കൂടുതല്‍ വ്യവസ്ഥാപിതമായി നിയോ ലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കേണ്ടിവന്നത്. എന്നാല്‍, എണ്പതുകളില്ത്തന്നെ ഈ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതരായ ചില ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെപ്പോലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞില്ല എന്ന് മാത്രമല്ല, സാമ്പത്തിക ആസൂത്രണം ഒരു പരിധിവരെ അപ്രസക്തമായി തീര്‍ന്നെങ്കിലും അതിന്റെ അടിസ്ഥാനഘടന നിലനിര്‍ത്തിക്കൊണ്ടുള്ള സാമ്പത്തിക പരിഷ്കരങ്ങൾക്കാണ് ഇന്ത്യ മുതിര്‍ന്നത്. ഇതിനിടയില്വന്ന ബി.ജെ.പി ഭരണം ഈ അടിസ്ഥാനങ്ങളെ അട്ടിമറിച്ചു. അതുകൊണ്ടാണ് വാജ്പേയിയുടെ നേതൃത്വത്തില്‍ 2004ല്‍ അവര്‍ ‘ഇന്ത്യ തിളങ്ങുന്നു’എന്ന ഉപരിപ്ലവമായ മുദ്രാവാക്യം മുഴക്കിയതും എന്നാല്‍, ജനങ്ങള്‍ അത് പാടേ തിരസ്കരിച്ചുകൊണ്ട് രണ്ടുവട്ടം മന്മോഹന് സിങ് പ്രധാനമന്ത്രിയായി കോൺഗ്രസ് സര്‍ക്കാറുകളെ അധികാരത്തിലേറ്റിയതും.
രണ്ടായിരത്തിനുശേഷം ലോകത്ത് കൂടുതല്‍ ശക്തിയോടെ വേരുറപ്പിച്ച ഡിജിറ്റല്‍ മൂലധനം മുന്‍കാല മൂലധനചരിത്രത്തില്നിന്നു വ്യത്യസ്തമായി സാമ്പത്തിക പ്രതിസന്ധികളെ ഭയക്കുന്ന ഒന്നായിരുന്നില്ല. മറിച്ച് അതിന്റെ അടിസ്ഥാനതന്ത്രംതന്നെ സാമ്പത്തിക പ്രതിസന്ധികളെ കൂടുതല്‍ യന്ത്രവത്കരണത്തിനുള്ള സാധൂകരണമാക്കുക എന്നതായിരുന്നു. അതിനാല്‍ത്തന്നെ അടിക്കടി ആഗോള സാമ്പത്തികക്കുഴപ്പങ്ങള്‍ കെട്ടഴിച്ചു വിടുകയും അതില്‍നിന്ന് കരകയറാന്‍ എന്നപേരില്‍ കൂടുതല്‍ ഓട്ടോമേഷന്‍ പരിപാടികളുമായി മുന്നോട്ടുപോവുകയുമാണ് മൂലധനം സ്വീകരിച്ച സമീപനം. ഇതില്‍ അമേരിക്കയടക്കം നിരവധി രാഷ്ട്രങ്ങൾക്ക് കാലിടറിയപ്പോഴും മന്‍മോഹൻസിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അസാധാരണമായ ചെറുത്തുനിൽപിന്റെ പാതയാണ് കാട്ടിക്കൊടുത്തത്. ഒബാമയടക്കം പല ലോകനേതാക്കളെയും അത്ഭുതപ്പെടുത്തിയ നേട്ടമായിരുന്നു ഇത്. എന്നാല്‍, കോൺഗ്രസ് സര്‍ക്കാറിനെതിരെ അണ്ണാഹസാരെ മുതല്‍ അദ്വാനി വരെയുള്ളവരുടെ ഗൂഢാലോചന മുതലാക്കിക്കൊണ്ട് ബി.ജെ.പിയില്‍ ഉയര്‍ന്നുവന്ന മോദി-ഷാ നേതൃത്വം മതഭൂരിപക്ഷവാദത്തെ കപടമായ നിയോലിബറല്‍ വിരുദ്ധതയുടെയും അസംഗതമായ അഴിമതി ആരോപണങ്ങളുടെയും മറവില്‍ അധികാരം നേടിയതോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ എല്ലാ അടിസ്ഥാന സംവിധാനങ്ങളും ഒരു തത്ത്വദീക്ഷയും ദീര്‍ഘവീക്ഷണവുമില്ലാതെ ഇളക്കിമറിക്കുന്നതാണ് നാം കണ്ടത്. ആസൂത്രണ കമീഷന് പിരിച്ചുവിട്ട് ചാപിള്ളയായ നിതി ആയോഗിനെ ഇപ്പോഴും അവര്‍ കാത്തുവെച്ചിരിക്കുന്നു.
സാമ്പത്തിക പരാജയങ്ങളുടെ തുടര്‍ക്കഥകള്‍
തുടര്‍ന്നുണ്ടായ സാമ്പത്തിക പരാജയങ്ങള്‍ ഈ പംക്തിയില്‍ ഞാന്‍ മുമ്പ് അക്കമിട്ട് അപ്പപ്പോള്‍ എഴുതിയിട്ടുണ്ട്. നോട്ടു റദ്ദാക്കല്‍ പോലുള്ള പരീക്ഷണങ്ങളുടെ ട്രോമയില്‍നിന്ന് ജനങ്ങള്‍ ഇപ്പോഴും മോചിതരായിട്ടില്ല എന്നതിന്റെ ഉദാഹരണമായിരുന്നു കറന്സിനോട്ടുകള് റദ്ദാക്കി ഡിജിറ്റല്‍ കറൻസിയിലേക്ക് മാറുന്നു എന്ന മലയാളപത്രങ്ങളിൽ വന്ന ഫാന്റസി പരസ്യവാര്‍ത്ത വായിച്ചു മലയാളികള്‍ ഏതാണ്ട് ഒന്നടങ്കം പരിഭ്രാന്തരാവാനുള്ള കാരണം. മോദി ഒരു സായന്തനത്തില്‍, നോട്ടുകള്‍ റദ്ദാക്കി എന്നുപറഞ്ഞതിനുശേഷം ഈ ഭരണകൂടം എന്ത് വിഢ്ഡിത്ത നയവും നടപ്പിലാക്കുമെന്ന ധാരണ ജനമനസ്സില്‍നിന്നും വിട്ടുമാറുന്നില്ല.
സമ്പദ്വ്യവസ്ഥ ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നുകൂടി ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിനുമുമ്പ് ഒന്ന് പരിശോധിക്കാം. ക്രോണി മൂലധനത്തിന് നല്കുന്ന മിതമായ പരിലാളനകള്‍ പൊതുവില്‍ ഭരണകൂടത്തിന്റെ വിശ്വാസ്യത കുറക്കുകയും ആഭ്യന്തര സ്വകാര്യ മൂലധന നിക്ഷേപത്തില്‍ കാര്യമായ ഇടിവുണ്ടാക്കുകയുമാണ്. പണപ്പെരുപ്പവും ഉൽപാദന ഉപകരണങ്ങളുടെ വിലവർധനവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മുരടിപ്പിക്കുന്നു. തൊഴിലില്ലായ്മ പെരുകുന്നു. വിദ്യാഭ്യാസ സമ്പ്രദായംതന്നെ ഒരോവര്‍ഷവും ഡ്രോപ്ഔട്ട് എളുപ്പമാക്കി ഡിജിറ്റല്‍ മൂലധനത്തിന്റെ ഗിഗ് സമ്പദ്വ്യവസ്ഥയുടെ തൊഴില്‍സേന മാത്രമായി ഒടുങ്ങാന്‍ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു.
വളര്‍ച്ചാനിരക്ക് കുറഞ്ഞുകുറഞ്ഞ് ഇപ്പോള്‍ 5.2 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. ഇരട്ടസംഖ്യയിലുള്ള വളര്‍ച്ചാനിരക്കിലേക്ക് കുതിച്ചിരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ ഒരു പ്രതീക്ഷയും ആര്‍ക്കുമില്ല എന്നത് ഈ ദുരവസ്ഥയുടെ പശ്ചാത്തലത്തില്‍വേണം മനസ്സിലാക്കേണ്ടത്. റിപ്പബ്ലിക് 76 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നാം നേരിടുന്നത് പ്രത്യാശയുടെ എല്ലാ നാളങ്ങളും അണയുന്നു എന്ന അനിശ്ചിതത്വത്തെയാണ്. സാമ്പത്തിക നയങ്ങളില്‍ ദിശാബോധമുള്ള സര്‍ക്കാറിനെ തെരഞ്ഞെടുക്കുക എന്നത് അനിവാര്യമാണ് എന്ന രാഷ്ട്രീയബോധ്യത്തിലേക്ക് ജനങ്ങള്‍ തീര്‍ച്ചയായും ഉയരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.