കേരളത്തിലെ വിദ്യാഭ്യാസം മണ്ണുണ്ണികളെ സൃഷ്ടിക്കുന്നതായി ഉന്നത വിദ്യാഭ്യാസ കൗൺസില്‍ ചെയര്‍മാനും മഹാത്മാ ഗാന്ധി സര്‍വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. രാജന് ഗുരുക്കള്‍ ഒരു ലേഖനത്തിലൂടെ പ്രസ്താവിച്ചിരിക്കുന്നു (എഴുത്ത്, ജൂണ്‍ 2024). മണ്ണുണ്ണികള്‍ എന്നാല്‍ ഒന്നിന്നും കൊള്ളാത്തവര്‍ എന്നാണല്ലോ അർഥം. ഉയരമുള്ള കസേരകളില്‍ ഇരിക്കുന്നവര്‍ മാത്രമാണോ കൊള്ളുന്നവര്‍? ജ്ഞാനത്തെയും തൊഴിലിനെയും സംബന്ധിക്കുന്ന വരേണ്യബോധമാണ് ഈ ഒരു പ്രസ്താവത്തിനു പിന്നില്‍. കേരളത്തില്‍നിന്ന് വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥിയും അധ്യാപകനുമാണ് ഞാന്‍. കാലിക്കറ്റ് സര്‍വകലാശാലയിലും സർക്കാര്‍ കോളജുകളിലും ഒപ്പം പഠിച്ചവര്‍ ആരും മണ്ണുണ്ണികളാണെന്ന് എനിക്കു തോന്നിയിട്ടില്ല.
ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ടവരും പഠനം നിര്‍ത്തേണ്ടിവന്നവരും അര്‍ഹിക്കുന്ന തൊഴില്‍ ലഭിക്കാതെപോയവരും ഉണ്ടാകും. എങ്കിലും ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്നവരും അവിടങ്ങളില്‍ തൊഴില്‍ചെയ്യുന്നവരും ഇന്ന് ലോകത്തെവിടെയും പ്രവര്‍ത്തിക്കുന്നവരെ പോലെ വിവിധങ്ങളായ ശേഷിയുള്ളവരാണ്. ഉരുവിട്ടു പഠിക്കുന്നവരും അപഗ്രഥിച്ച് പഠിക്കുന്നവരും എക്കാലത്തും സമൂഹത്തിന്റെ ഭാഗമാണ്. അപഗ്രഥനശേഷിയും രചനാത്മകശേഷിയും എല്ലാവർക്കും ഒരുപോലെയല്ല. സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിക്കുന്ന പല അധ്യാപകരുമായും ബന്ധപ്പെടാന്‍ അവസരമുണ്ടായ ഒരാളെന്ന നിലയില്‍ കേരളത്തിലെ അധ്യാപകരോ വിദ്യാർഥികളോ മണ്ണുണ്ണികളല്ലെന്ന് ഉറപ്പിച്ചു പറയാന്‍ എനിക്കു കഴിയും. ഇതര ദേശങ്ങളിലെ അധ്യാപകരും വിദ്യാർഥികളും ഒരേ നിലവാരത്തിലുള്ളവരുമല്ല.
ഇന്ത്യയില്‍ വിദ്യാഭ്യാസം സമ്പന്നര്‍ക്ക് മാത്രം പരിമിതപ്പെടുത്താനും ഉന്നത വിദ്യാഭ്യാസത്തെ അന്ധവിശ്വാസത്തിലേക്കും ചരിത്രനിരാസത്തിലേക്കും നയിക്കാനും ആവശ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ ആരംഭിച്ച ഒരു സന്ദര്‍ഭത്തിലാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന് വര്‍ഷങ്ങളായി ചുക്കാന്‍പിടിക്കുന്ന ഒരു വ്യക്തി ഇതുപോലൊരു നിരുത്തരവാദപരവും അവഹേളനപരവുമായ പ്രസ്താവം നടത്തുന്നത്. ഇതുണ്ടാക്കുന്ന അപകടം ചെറുതായിരിക്കില്ല. ഇന്ന് ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന എല്ലാ നിയമങ്ങളും വിദ്യാഭ്യാസ പരിഷ്കാരങ്ങളും കേരളത്തിനും ബാധകമാണ്. നാളിതുവരെ കേരളം നേടിയ മുന്നേറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, വിഭവം അഥവാ മനുഷ്യാധ്വാന ശേഷിയാണ്. എല്ലാ ഗ്രാമങ്ങളിലും വിദ്യാലയങ്ങള്‍ ഉള്ളതുകൊണ്ടാണ് (ഒരു ചതുരശ്ര മൈല്‍ ചുറ്റളവില്‍ ചുരുങ്ങിയത് ഒന്നെങ്കിലും) കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നത്. ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും അസാധ്യമായി ഇന്നും നിലനില്‍ക്കുന്ന ഈ യാഥാര്‍ഥ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
സർക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രം പഠിച്ച എന്നെ സംബന്ധിച്ചിടത്തോളം പൊതുവിദ്യാഭ്യാസം നിലനില്‍ക്കാനുള്ള ത്വര വളരെ കൂടുതലാണ്. മാത്രമല്ല, വിദ്യാഭ്യാസം പരിഷ്കരിച്ച് ഇല്ലാതാക്കുന്ന നീക്കങ്ങള്‍ കാണുമ്പോള്‍ പറയാതിരിക്കാനും നിര്‍വാഹമില്ല. ഉന്നത വിദ്യാഭ്യാസത്തിന് മുന്‍വര്‍ഷത്തേക്കാള്‍ 60.99 ശതമാനം കുറവുവരുത്തിയാണ് രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് 2024ൽ ധനമന്ത്രി അവതരിപ്പിച്ചത്. മുന്‍വര്‍ഷത്തെ 6409 കോടിയില്‍നിന്ന് 2500 കോടിയിലേക്ക് ചെലവ് ചുരുക്കുമ്പോള്‍ എവിടെയെല്ലാം എത്രയെല്ലാം കുറവുകള്‍ ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാനാവും.
സമ്പന്നവും അതിസമ്പന്നവുമായ കുടുംബങ്ങളില്‍നിന്ന് വിദേശങ്ങളില്‍ പോയി വാണിജ്യം പഠിച്ചു വലിയ ശമ്പളം വാങ്ങി വിദേശങ്ങളില്തന്നെ ജോലിചെയ്യുന്ന ഒരു വിഭാഗം ഉണ്ടാകുന്നത് സ്വാഭാവികം. അവരെ നോക്കിയല്ല പൊതുവിദ്യാഭ്യാസം രൂപപ്പെടുന്നത്. പ്രകൃതിയുമായി ഇണങ്ങി വിദ്യാഭ്യാസം നടക്കുന്ന വിശ്വഭാരതിയില്‍ അടക്കം എന്താണ് നവ ഫാഷിസ്റ്റ് കാലത്ത് നടക്കുന്നതെന്ന് ഗുരുക്കൾക്ക് അറിയാതിരിക്കാന്‍ വഴിയില്ല. നമ്മുടെ സര്‍വകലാശാലകളില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത് യൂറോപ്പിലും അമേരിക്കയിലും ശാസ്ത്രജ്ഞരായും അധ്യാപകരായും ജോലി ചെയ്യുന്നവര്‍ ധാരാളമുണ്ട്. വിദേശ സര്‍വകലാശാലകളിലെ എല്ലാ അധ്യാപകരും ചോംസ്കിയെപോലെയോ സിസക്കിനെ പോലെയോ പ്രശസ്തരോ പണ്ഡിതരോ അല്ല. എവിടെയും ഒരേ വിഷയം ഒരേ സ്ഥാപനത്തില്‍ പഠിച്ചവരില്‍ വ്യത്യസ്തമായ കഴിവും ആവിഷ്കാരശേഷിയും ഉള്ളവരുണ്ടാകും. പുറത്തു പഠിച്ചവര്‍ എല്ലാം ശ്രേഷ്ഠര്‍, ഇവിടെ പഠിച്ചവരെല്ലാം മണ്ണുണ്ണികള്‍ എന്ന ആക്ഷേപവാക്യത്തിലെ വരേണ്യമായ തെറി ഇന്നത്തെ ചരിത്രഘട്ടത്തില്‍ സൂക്ഷ്മവായനക്ക് വിധേയമാക്കണം.
ദീര്‍ഘകാലമായി പ്രാന്തവത്കരിക്കപ്പെട്ട ബഹുജന വിഭാഗങ്ങളുടെ ഒരു മുന്നേറ്റം കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാണാവുന്നതാണ്. ഈ മുന്നേറ്റം പിന്നാക്ക, ദലിത് വിദ്യാർഥികളുടെയും ന്യൂനപക്ഷ സമൂഹങ്ങളിൽനിന്നുള്ള അധ്യാപകരുടെയും എണ്ണത്തില്‍വന്ന മാറ്റങ്ങളില്നിന്ന് മനസ്സിലാക്കാവുന്നതാണ്. സംസ്കാരത്തിലെയും ചരിത്രത്തിലെയും വരേണ്യ പണ്ഡിതരെ തിരസ്കരിച്ചുകൊണ്ട് പുതിയ വായനകള്‍ ഉയര്‍ന്നുവരുന്നത് പഴയ പണ്ഡിതര്‍ക്ക് അംഗീകരിക്കാന്‍ വിഷമമുണ്ടാവും. മലയോരവും കടലോരവും കാണാതെ നടത്തിയ ചരിത്രരചനയും അസവര്‍ണ സംസ്കാരങ്ങളെ പുറംതള്ളിയ കേരളീയ സാഹിത്യ ചരിത്രവും ധീരമായി ചെറുക്കുന്ന പുതുതലമുറയുടെ രംഗപ്രവേശം ഒട്ടുമേ ഇഷ്ടപ്പെടാത്ത വരേണ്യരാണ് നാളിതുവരെ ഇതെല്ലാം ഇവിടെ നിര്‍ണയിച്ചത്.
കീഴാളവും അവര്‍ണവുമായി മുദ്രകുത്തപ്പെട്ട സംസ്കാരങ്ങളും രചനകളും ഇപ്പോള്‍ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരുന്നതു തടയാനുള്ള വരേണ്യതന്ത്രങ്ങള് ബോധപൂര്‍വവും അബോധപൂര്വവുമായി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് പ്രകടമാണ്. നര്‍ത്തകി സത്യഭാമ കറുത്ത മനുഷ്യരെ മുഴുവന്‍ ഡോ. ആര്.എല്‍.വി. രാമകൃഷ്ണനെ മുന്‍നിര്‍ത്തി നൃത്തവേദിയില്‍നിന്ന് ഒഴിവാക്കാന്‍ ആഹ്വാനംചെയ്തതിന്റെ തുടര്‍ച്ചയിലാണ് രാജന് ഗുരുക്കളുടെ മണ്ണുണ്ണി വിളിയെ ഞാന്‍ അടയാളപ്പെടുത്തുന്നത്.
പത്തു വര്‍ഷത്തിലധികമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അധികാരത്തോടുകൂടിയ പദവികളില്‍ ഇരിക്കുകയും ഗുണപരമായ മാറ്റങ്ങള്‍ നടത്തുന്നതിനു പകരം നവ ഫാഷിസ്റ്റ് ഭരണകൂടത്തില്‍നിന്ന് ലഭിച്ച ആജ്ഞകള്‍ വള്ളി പുള്ളി നടപ്പാക്കുകയും ഇപ്പോള്‍ വിരമിക്കാന്‍ പോകുമ്പോള്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപക, വിദ്യാര്‍ഥി സമൂഹത്തെ മുഴുവനായും അധിക്ഷേപിക്കുകയും ചെയ്യുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ജനാധിപത്യ ബോധമില്ലായ്മയാണ്. കേരളം നടന്ന വഴികള്‍ കാണാനും നിലനില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തെ മുന്‍നിര്‍ത്തി മാറുന്ന ലോകത്തെ സംബോധന ചെയ്യാനും പരിശീലിച്ചാല്‍ മാത്രമേ പുതിയ ഭാഷയില്‍ സംസാരിക്കാന്‍ കഴിയൂ. സ്വയം തിരുത്താത്തവര്‍ക്ക് ഒരു വ്യവസ്ഥയെ തിരുത്താന്‍ കഴിയില്ലെന്നുകൂടി തിരിച്ചറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.