അസാധാരണ സാഹചര്യത്തിലെ അസാധാരണ തെരഞ്ഞെടുപ്പാണ് ഇത്തവണ ജമ്മു-കശ്മീരിൽ. വിഘടനവാദവും അതിർത്തികടന്ന ഭീകരതയും അവസാനിപ്പിക്കാൻ പ്രത്യേകപദവി എടുത്തുകളയുന്നുവെന്ന് പ്രഖ്യാപിച്ച കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന്റെ അവകാശവാദം എങ്ങുമെത്തിയില്ല എന്നു തെളിയിക്കുന്നതാണ് ജമ്മു മേഖലയിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾ. തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണത്തിനും സംസ്ഥാനപദവിയുടെ പുനഃസ്ഥാപനത്തിനും കളമൊരുക്കുമെന്നാണ് കേന്ദ്രത്തിന്റെ മറ്റൊരു വാഗ്ദാനം. പ്രത്യേകപദവിക്കൊപ്പം കളഞ്ഞുപോയ സംസ്ഥാനപദവി ഏതു വിധേനയും വീണ്ടെടുക്കാനും പ്രത്യേകാവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാനും വേണ്ടിയുള്ള ജനാധിപത്യമാർഗം തുറന്നുകിട്ടണം. അതിനു ബി.ജെ.പിയെ അധികാരസ്ഥാനത്തുനിന്നു മാറ്റിനിർത്തണം. ജമ്മു-കശ്മീർ പിടിക്കാൻ വാശിയേറിയ മത്സരമാണ് ഇപ്പോൾ അത്യുത്തര ദേശത്ത് ദൃശ്യമാകുന്നത്. അതിനൊടുവിൽ ആരു ജയിക്കുന്നു എന്നത് ജമ്മു-കശ്മീരിനും രാജ്യത്തിനും നിർണായകമാണ്.
സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ് ‘പുതിയ കശ്മീരിന്റെ ശിൽപികൾ’ ആയി മാറിയ ഭാരതീയ ജനതാപാർട്ടിയും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ (സങ്കൽപ് പത്ര) പുറത്തിറക്കി കളത്തിലേക്ക് കച്ചമുറുക്കിയതോടെ ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിക്കുകയാണ്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്നു തീയതികളിൽ മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഒക്ടോബർ എട്ടിനാണ്.
2019 ആഗസ്റ്റ് അഞ്ചിന് ജമ്മു-കശ്മീരിന് പ്രത്യേകപദവി അനുവദിക്കുന്ന ഭരണഘടനയുടെ 370 ാം വകുപ്പും 35 എ വകുപ്പും ഏകപക്ഷീയമായി റദ്ദാക്കി, ലഡാക്ക്, ജമ്മു-കശ്മീർ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി സംസ്ഥാനത്തെ വിഭജിച്ച നരേന്ദ്ര മോദി സർക്കാർ, സംസ്ഥാന പദവിയും നിയമസഭയും ഉചിതമായ സമയത്ത് പുനഃസ്ഥാപിക്കുമെന്ന് അന്നു വ്യക്തമാക്കിയിരുന്നു.
ടെലിഫോണും ഇന്റർനെറ്റുമടക്കമുള്ള ആശയവിനിമയോപാധികൾ സ്തംഭിപ്പിക്കുകയും രണ്ടു മുൻ മുഖ്യമന്ത്രിമാരടക്കം സംസ്ഥാനത്തെ രാഷ്ട്രീയ, മതനേതാക്കളെ മുഴുവൻ ജയിലിലടക്കുകയും പ്രതിഷേധത്തിന്റെ ഇലയനക്കം പോലുമില്ലാതെ ഒരു സംസ്ഥാനത്തെ ഒരു വർഷത്തിലേറെ സൈനിക ബൂട്ടുകൾക്കടിയിൽ അമർത്തിവെക്കുകയും ചെയ്ത ശേഷം ലഫ്.ഗവർണറെ ഉപയോഗിച്ചുള്ള കേന്ദ്രത്തിന്റെ പ്രത്യേക ഭരണസംവിധാനത്തിൽ പരുവപ്പെടുത്തിയെടുത്തു എന്ന വിശ്വാസത്തിലാണ് കേന്ദ്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
2019നു മുമ്പും ശേഷവുമുള്ള രാഷ്ട്രീയസാഹചര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് പത്തുവർഷത്തിനു ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്നു പറയണം. കോൺഗ്രസിന്റെ ന്യായപത്രയും ബി.ജെ.പിയുടെ സങ്കൽപ് പത്രയുമൊക്കെ വാഗ്ദാനങ്ങൾ വാരിക്കോരി നൽകുന്നുണ്ടെങ്കിലും സംസ്ഥാന പദവിയുടെ വീണ്ടെടുപ്പ് ആണ് മുഖ്യ ആയുധം. മേഖലയിലെ കക്ഷികളായ നാഷനൽ കോൺഫറൻസും പി.ഡി.പിയും ജനഹിതമറിഞ്ഞ് 370ാം വകുപ്പ് പുനഃസ്ഥാപനം, സംസ്ഥാനപദവി തിരിച്ചെടുക്കൽ, പാകിസ്താനുമായി ചർച്ച, അതിർത്തികടന്ന വാണിജ്യ-വ്യാപാരബന്ധങ്ങൾ, പി.എസ്.എ, യു.എ.പി.എ തുടങ്ങിയ കിരാതനിയമങ്ങൾ റദ്ദാക്കൽ, ജയിലിലടച്ച നിരപരാധികളുടെ മോചനം തുടങ്ങിയ വിഷയങ്ങൾക്ക് മുഖ്യപരിഗണന നൽകിയിരിക്കുന്നു.
സംസ്ഥാനത്തിന്റെ ജനാധിപത്യാവകാശം തിരിച്ചുപിടിക്കുന്നതിനാണ് ജനങ്ങൾ മുൻഗണന നൽകുന്നത് എന്നു പാർലമെന്റ് തെരഞ്ഞെടുപ്പിൽ വ്യക്തമായതോടെ സംസ്ഥാന പദവിയുടെ അടിയന്തര പുനഃസ്ഥാപനം എന്ന മിനിമം അജണ്ടയിൽ പിടിച്ചാണ് ബി.ജെ.പി മുതൽ എല്ലാ കക്ഷികളുടെയും പ്രചാരണം. സംസ്ഥാനപദവി തിരിച്ചുനൽകാതെ, പ്രത്യേക പരമാധികാരങ്ങളുള്ള ഗവർണറുടെ മേൽനോട്ടത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പും രൂപംകൊള്ളുന്ന നിയമസഭയും ഗവൺമെന്റും ജനാധിപത്യാവകാശങ്ങൾ പുനഃസ്ഥാപിച്ചുകിട്ടാൻ സഹായകമാകില്ല എന്നു ജനം പൊതുവേ തിരിച്ചറിയുന്നു.
നേരത്തേ കേന്ദ്ര ഭരണപ്രദേശമായി വേറിട്ടുപോകാൻ ആവശ്യപ്പെട്ട ലഡാക്ക് പോലും ജനാധിപത്യാവകാശങ്ങൾ വകവെച്ചു കിട്ടുന്നതിനുള്ള പ്രക്ഷോഭത്തിലാണിപ്പോൾ. (അവിടെ ജമ്മു-കശ്മീരിന് അനുവദിച്ച ആനുകൂല്യം പോലും കേന്ദ്രസർക്കാർ നൽകുന്നില്ല). ഈ സാഹചര്യത്തിൽ ഏതുവിധേനയും ബി.ജെ.പിയുടെ വിജയസാധ്യത മറികടക്കുന്നതിനാണ് ഇതര രാഷ്ട്രീയ പാർട്ടികളുടെയും വോട്ടർമാരുടെയും ഊന്നൽ. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനോ അതിൽനിന്നു മുഖംതിരിഞ്ഞു നിൽക്കാനോ അല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയായി ദേശത്തിന്റെ ഭാഗധേയം മാറ്റിയെടുക്കാനാണ് എല്ലാവരും ഉത്സാഹിക്കുന്നത്.
ജയിലിലുള്ള വിഘടനവാദി നേതാക്കൾ ഗോദയിലിറങ്ങുന്നതും നിരോധനത്തിലുള്ള കശ്മീർ ജമാഅത്തെ ഇസ്ലാമി സ്വതന്ത്രവേഷത്തിൽ മത്സരിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്. സ്വന്തം ആധിപത്യത്തിൽ അമർത്തിവെച്ച പ്രദേശത്ത് കേന്ദ്രാനുമതിയില്ലാതെ ഇതൊന്നും സാധ്യമല്ലെന്നിരിക്കെ, ജനവികാരം മാനിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നു ബി.ജെ.പി അടക്കം മനസ്സിലാക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് നീക്കങ്ങൾ വ്യക്തമാക്കുന്നത്.
പ്രത്യേകപദവി എടുത്തുകളഞ്ഞ ശേഷം പുനഃസ്ഥാപിക്കപ്പെടുന്ന നിയമസഭയിൽ അധികാരം കൈയടക്കുന്നതിനുള്ള കരുതൽ നീക്കങ്ങളാണ് കേന്ദ്രം നടത്തിവന്നത്. മണ്ഡല പുനർനിർണയത്തിലൂടെ നിയമസഭയിലെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. 2026വരെ രാജ്യത്ത് മണ്ഡല പുനർനിർണയം നിർത്തിവെച്ചിരിക്കെ 2019 ലെ ജമ്മു-കശ്മീർ പുനഃസംഘടനാ നിയമത്തിന്റെ ബലത്തിൽ മണ്ഡല പുനർനിർണയത്തിന് കേന്ദ്രം മുന്നിട്ടിറങ്ങി. ലഡാക്കിലെ നാലു സീറ്റുകളടക്കം മുൻ ജമ്മു-കശ്മീർ നിയമസഭയിൽ 84 സീറ്റുകളാണുണ്ടായിരുന്നത്. ലഡാക്ക് വിഭജിക്കപ്പെട്ടതോടെ അത് 83 ആയി.
അതാണ് പുനർനിർണയത്തിൽ 90 ആയി വർധിപ്പിച്ചത്. 37 സീറ്റുകളുണ്ടായിരുന്ന ജമ്മു മേഖലയിൽ ആറു സീറ്റുകൾ വർധിപ്പിച്ച് 43 എണ്ണമാക്കി. 46 സീറ്റുകളുള്ള കശ്മീർ താഴ്വരയിൽ ഒരു സീറ്റു കൂട്ടി 47 ആക്കി. ഇതിനു പുറമെ കശ്മീർ പണ്ഡിറ്റുകൾ, പാക് അധീന കശ്മീരിൽ നിന്നുള്ള അഭയാർഥികൾ, സ്ത്രീകൾ എന്നിവരിൽ നിന്ന് നിയമസഭയിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യാം. സർക്കാറിനെ വാഴ്ത്താനും വീഴ്ത്താനും ഇവർക്ക് വോട്ടവകാശവുമുണ്ടായിരിക്കും.
പുതിയ നിയമമനുസരിച്ച് പണ്ഡിറ്റുകളിൽനിന്നു രണ്ടുപേരെയും അഭയാർഥികളിൽനിന്ന് ഒരാളെയും ലഫ്.ഗവർണറാണ് നോമിനേറ്റ് ചെയ്യുക. പട്ടികജാതിക്കാർക്ക് നിലവിൽ ഏഴു സംവരണ സീറ്റുകളുണ്ട്. പുനർനിർണയത്തിൽ പട്ടികവർഗക്കാർക്ക് ഒമ്പതു സീറ്റുകൾ സംവരണം ചെയ്തു. അതിൽ ആറും ജമ്മു മേഖലയിലാണ്. ജമ്മുവിലെ പുതിയ ആറു സീറ്റുകളിൽ നാലും ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളാണ്. അനന്തനാഗ്, ജമ്മു സീറ്റുകളിൽ ജനസംഖ്യാപരമായ മാറ്റങ്ങൾ വരുത്തിയതും ബി.ജെ.പിക്ക് അനുകൂലം തന്നെ. പണ്ഡിറ്റ്, അഭയാർഥി സംവരണവും അവർക്ക് ഗുണകരമാകും.
തെരഞ്ഞെടുപ്പിൽ മാത്രമല്ല, അധികാരമേൽക്കുന്ന പുതിയ ഭരണകൂടത്തിനുമേലും ഉണ്ട് കേന്ദ്രത്തിന്റെ പിടുത്തം. സംസ്ഥാനപദവി അനുവദിക്കുന്നതുവരെ അധികാരമെല്ലാം ലഫ്.ഗവർണറുടെ കൈപ്പിടിയിലായിരിക്കും. നേരത്തേ ആറു വർഷമായിരുന്ന ജമ്മു-കശ്മീർ നിയമസഭാ കാലാവധി ഇനി അഞ്ചു വർഷമായിരിക്കും. ഇതര സംസ്ഥാനങ്ങളിലെ പോലെ ലജിസ്ലേറ്റിവ് കൗൺസിൽ സംവിധാനവും കശ്മീരികൾക്കില്ല.
അങ്ങനെ തെരഞ്ഞെടുപ്പിനു ശേഷം ഏതു കക്ഷി ഭരണം പിടിച്ചാലും സംവിധാനം കേന്ദ്രനിയന്ത്രണത്തിൽ ഭദ്രമായിരിക്കും. 370ാം വകുപ്പ് കഴിഞ്ഞുപോയ കഥയാണെന്നും അതു തിരിച്ചുവരില്ലെന്നും ജമ്മുവിൽ പ്രകടനപത്രിക പുറത്തിറക്കി പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന നിയമസഭക്കു ഇപ്പോഴും പറയുന്ന അവധി ‘ഉചിതമായ സമയം’ ആണ്. അഥവാ, കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് ഉചിതമായി കാര്യങ്ങൾ നീങ്ങുന്ന മുറക്കായിരിക്കും കേന്ദ്രഭരണത്തിൽനിന്നു ജമ്മു-കശ്മീരിന് തലയൂരാനാവുക.
ഇങ്ങനെയൊക്കെ നീങ്ങുമ്പോഴും പാർട്ടിയെ വരുതിയിലാക്കാനാവുന്നില്ലെന്ന പ്രശ്നം ബി.ജെ.പിയെ അലട്ടുന്നുണ്ട്. രാജ്യവ്യാപകമായി ചെയ്തുവരുന്ന ചാക്കിട്ടുപിടിത്തം തന്നെയാണ് ജമ്മു-കശ്മീരിലും ബി.ജെ.പി പരീക്ഷിക്കുന്നത്. വലിയ വാഗ്ദാനം നൽകി, നാഷനൽ കോൺഫറൻസിന്റെ ജമ്മു നേതാവായിരുന്ന ദേവീന്ദർ സിങ് റാണ, സുർജിത് സിങ് സ്ലാതിയ, കോൺഗ്രസിന്റെ ശാംലാൽ തുടങ്ങി ഒട്ടനവധി പ്രമുഖരെ അവർ മറുകണ്ടം ചാടിച്ചു. എന്നാൽ, സ്ഥാനാർഥിപ്പട്ടിക ഇറങ്ങിയതോടെ ജമ്മുവിൽ പൊട്ടിത്തെറിയും കലാപവുമായി. ദീർഘകാലമായി പാർട്ടിയിൽ സ്ഥാനമാനങ്ങൾ വഹിക്കുകയും കഴിഞ്ഞ മുന്നണി മന്ത്രിസഭയിൽ അംഗമായിരിക്കുകയും ചെയ്ത പ്രമുഖരെ വരെ ബലിയാടാക്കിയ പട്ടിക അണികൾ വകവെച്ചില്ല. അകത്തുള്ളവരും വരത്തരും തമ്മിലുള്ള പോര് മുറുകിയപ്പോൾ പാർട്ടിക്ക് പട്ടിക പിൻവലിച്ച് പുതിയ ഭാഗികപട്ടികയുമായി രംഗത്തിറങ്ങേണ്ടി വന്നു.
ഏതുവിധേനയും കശ്മീരിനെ ചൊൽപടിയിൽ നിർത്തുക എന്ന വാശിയിൽ ബി.ജെ.പി നീങ്ങുമ്പോൾ അവരെ മറിച്ചിടാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് പ്രതിപക്ഷത്തുള്ളത്. മുൻനിരയിൽ കോൺഗ്രസ്-എൻ.സി ഇൻഡ്യ സഖ്യം തന്നെ. ‘ഇവിടെ ജമ്മു-കശ്മീരിൽ ഒരു രാജാവിരിക്കുന്നുണ്ട്. പേര് ലഫ്.ഗവർണർ എന്നാണെങ്കിലും രാജാവാണെന്നാണ് ഭാവം’ എന്നു ഗവർണർ മനോജ് സിഹ്നയെ പരിഹസിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി സംസ്ഥാനപദവി തിരിച്ചെടുക്കാനും പ്രദേശത്തെ പഴയ പ്രതാപത്തിലേക്കു നയിക്കാനുമുള്ള ഏറ്റവും ഉചിതമായ സന്ദർഭമാണിത് എന്നു വ്യക്തമാക്കുന്നു. ‘മോദിയെ നിങ്ങൾ ദൂരെ നിന്നാണ് കാണുന്നത്.
ഞാൻ പാർലമെന്റിൽ അദ്ദേഹത്തെ അടുത്തുനിന്നു കാണുന്നുണ്ട്. അങ്ങേരുടെ ആത്മവിശ്വാസമൊക്കെ ചോർന്നിരിക്കുന്നു. പ്രതിപക്ഷം പറയുന്നതിനൊക്കെ വഴങ്ങുകയാണ് അവർ. ലാറ്ററൽ എൻട്രി ഉദാഹരണം. ഞങ്ങളെതിർത്തു, അവർ വേണ്ടെന്നു വെച്ചു. പ്രതിപക്ഷ നിയന്ത്രണത്തിലുള്ള ഭരണമാണ് ഇപ്പോൾ’-രാഹുൽ ആത്മവിശ്വാസം പകരുന്നു. കശ്മീരുമായുള്ള തന്റെ ജനിതകബന്ധം എടുത്തുകാട്ടി ജനവികാരത്തിനൊപ്പം നിൽക്കാൻ തനിക്കു കഴിയും എന്നുപറയുന്നു. ന്യൂഡൽഹിയിൽ നിന്നുവന്ന് ഭരിക്കുന്ന ബി.ജെ.പിക്ക് ജമ്മുവിൽ വംശീയരാഷ്ട്രീയം വിലപ്പോവുമെങ്കിലും താഴ്വരയിലെ മനസ്സുപിടിക്കാനാവുന്നില്ല.
മറുകണ്ടം ചാടിക്കുന്നവരെ ജനം അഞ്ചാംപത്തിയായി കാണുന്നതിനാൽ അതും ഏശുന്നില്ല. അവിടെയാണ് രാഹുലിന്റെ രക്തബന്ധം തുറുപ്പാകുന്നത്. 90 സീറ്റുകളിലും മത്സരിക്കുന്ന ഇൻഡ്യ സഖ്യത്തിന് ജമ്മു മേഖലയിൽ ബി.ജെ.പിയുമായി നേർക്കുനേർ മത്സരമാണ്. ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സഖ്യം 41 ശതമാനത്തിലേറെ വോട്ടുനേടിയത് അവർക്ക് ആവേശം പകരുന്നുണ്ട്. പൂഞ്ച്, റജൗരി, ഡോഡ ബെൽറ്റിൽ പി.ഡി.പിയും ഗുലാം നബി ആസാദിന്റെ ഡി.പി.എ.പിയും കൂടിയുണ്ടെങ്കിലും അതിനെയും മറികടന്ന് മുന്നോട്ടുപോകാനാവുമെന്നു തന്നെയാണ് ഇൻഡ്യ സഖ്യത്തിന്റെ കണക്കുകൂട്ടൽ. കശ്മീരിൽ രണ്ടു പാർലമെന്റ് സീറ്റുകൾ എൻ.സി നേടിയിട്ടുണ്ട്.
പി.ഡി.പിയുടെ മോശം പ്രകടനം വെച്ച് അവരുടെ ഭീഷണി കാര്യമാക്കുന്നില്ലെങ്കിലും സജ്ജാദ് ലോണിന്റെ പീപ്ൾസ് കോൺഫറൻസും അപ്നി പാർട്ടിയും കൂടിയാകുമ്പോൾ നിയമസഭ തെരഞ്ഞെടുപ്പിൽ അതു പ്രതിബന്ധങ്ങളുണ്ടാക്കും. അതുപോലെ ബാരാമുല്ലയിൽ ഉമർ അബ്ദുല്ലയെ തോൽപിച്ചതോടെ ശ്രദ്ധാകേന്ദ്രമായ എൻജിനീയർ റാഷിദിന്റെ അവാമി ഇത്തിഹാദ് പാർട്ടിയുടെയും കാര്യമായ സ്വാധീനമുള്ള, ജയിലിൽ കഴിയുന്നവരടക്കമുള്ള വിഘടനവാദി നേതാക്കളുടെയും സാന്നിധ്യം മുന്നണി ഗൗരവത്തിലെടുക്കുന്നുണ്ട്.
ഇത്തവണ ഉമർ അബ്ദുല്ല മത്സരിക്കുന്ന ഗണ്ടർബാലിൽ ജയിലിലുള്ള വിഘനവാദി നേതാവ് സർജാൻ ബർകത്തി പത്രിക സമർപ്പിച്ചിരിക്കുന്നു. കേന്ദ്രഭരണകൂടം തന്നെ തോൽപിക്കാൻ ജയിലിലുള്ള വിഘടനവാദികളെ മത്സരിപ്പിക്കുകയാണെന്ന് ബാരാമുല്ല അനുഭവവും ചേർത്തുവെച്ച് ഉമർ അബ്ദുല്ല ആരോപണമുന്നയിച്ചിരിക്കുകയാണ്.
രാഷ്ട്രീയ കളികളിൽ മിടുക്ക് തെളിയിച്ച പിതാവിന്റെ മകളാണ് മഹ്ബൂബ മുഫ്തി. എന്നാൽ, അതിസാമർഥ്യം അവർക്ക് പലപ്പോഴും വിനയായിട്ടുമുണ്ട്. താഴ്വരയിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടിയോട് പടവെട്ടിയാണ് പിതാവ് മുഫ്തി മുഹമ്മദ് സഈദ് പി.ഡി.പിയെ വളർത്തിയതും സംസ്ഥാനത്ത് ഭരണം പിടിച്ചതും. കേന്ദ്രത്തിൽ നിന്നു ബി.ജെ.പി കൈനീട്ടിയപ്പോൾ 2014ൽ അവരുമായി സഖ്യം ചേർന്ന് മുഖ്യമന്ത്രി പദത്തിലിരുന്ന മകൾ മഹ്ബൂബക്ക് പക്ഷേ, അതിനൊടുക്കേണ്ടിവന്ന വില ചെറുതായിരുന്നില്ല.
പാരമ്പര്യവൈരികളായിരുന്ന നാഷനൽ കോൺഫറൻസിനെ തോൽപിക്കുകയാണ് അവരുടെ മുഖ്യലക്ഷ്യം. എന്നാൽ, ബി.ജെ.പി പകവീട്ടാൻ തക്കമുണ്ടാക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴേക്കും അവർക്കു വൈകി. സ്വന്തം ജനതയെ കൈവിട്ട് ബി.ജെ.പിയെ വരിച്ച ശാപത്തിൽനിന്നു ഇനിയും അവർക്കു മോചനമായിട്ടില്ല. കോൺഗ്രസിന്റെയും കോൺഫറൻസിന്റെയും മുന്നിൽ സഖ്യമോഹം കലശലായി പ്രകടിപ്പിച്ചിട്ടും അവർ ചെവിക്കൊണ്ടിട്ടില്ല. 2019ൽ പീപ്ൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്ന സഖ്യം എല്ലാ കശ്മീരി സംഘടനകളും ചേർന്നുണ്ടാക്കിയെങ്കിലും പതിയെ അതും തകർന്നു.
ഇത്തവണ തെരഞ്ഞെടുപ്പിന് ഗുപ്കർ മോഡൽ അയഞ്ഞ സഖ്യത്തിന് മഹ്ബൂബ കൊതിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുമ്പോൾ, സഖ്യവും സീറ്റുവിഭജനവുമൊന്നും വേണ്ട പി.ഡി.പി അജണ്ട അംഗീകരിച്ചാൽ എല്ലാ സീറ്റുകളിലും ഇൻഡ്യ മുന്നണിക്കു വോട്ടുതരാം എന്നുവരെ പറഞ്ഞുനോക്കിയെങ്കിലും ഫാറൂഖ്, ഉമർ അബ്ദുല്ലമാർ കനിഞ്ഞില്ല. ബി.ജെ.പിയുമായി ചേർന്ന് സഖ്യമന്ത്രിസഭ രൂപവത്കരിച്ച മഹ്ബൂബ ഇപ്പോഴും അന്നത്തെ സഖ്യ ഇടനിലക്കാരൻ ആർ.എസ്.എസ് നേതാവ് റാം മാധവുമായി ലോഹ്യത്തിലാണെന്നും ഏതുനിമിഷവും അവർ പാളയം മാറാമെന്നുമാണ് ഉമർ അബ്ദുല്ലയുടെ ആരോപണം. ഉമർ പഴയ ബി.ജെ.പി സർക്കാറിലെ കേന്ദ്രമന്ത്രിയായതു ചൂണ്ടി മഹ്ബൂബ തിരിച്ചടിക്കുന്നു. ഇരുപാർട്ടികളും പരസ്പരം മത്സരത്തിനു നീങ്ങുന്നതാണ് അവസാന ചിത്രം.
മുഖ്യധാരാ കക്ഷികളുടെ അവകാശവാദങ്ങൾക്കപ്പുറം ജനപിന്തുണ നേടിയെടുക്കുന്നതിൽ അവർക്കു വേണ്ടത്ര വിജയിക്കാനായിട്ടില്ല. നാഷനൽ കോൺഫറൻസിന്റെയും അവർ കോൺഗ്രസുമായി ചേർന്നതിന്റെയും പി.ഡി.പിയുടെയും അവരുടെ ബി.ജെ.പി മുന്നണിയുടെയും അനുഭവം ജനത്തിനു മുന്നിലുണ്ട്. നിലവിൽ ബി.ജെ.പി എല്ലാവർക്കും മുകളിൽ ഒരു പോലെ ഭീഷണിയായുള്ളതിനാൽ അതിനു നേരെ അവർ കണ്ണടക്കുന്നുവെന്നു മാത്രം. ഈ വിടവിലാണ് കൊച്ചുപാർട്ടികളുടെയും സ്വതന്ത്രരുടെയും രംഗപ്രവേശം. ആ പരീക്ഷണം വിജയകരമാണെന്നതിന് എൻജിനീയർ റാഷിദിന്റെ ബാരാമുല്ല വിജയം അവർക്ക് പ്രതീക്ഷ നൽകുന്നു. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി, വിഘടനവാദി സംഘടനകളിൽ പ്രവർത്തിച്ചിരുന്ന നിരവധി പ്രമുഖർ റാഷിദിന്റെ എ.ഐ.പിയിൽ ചേർന്നിട്ടുണ്ട്.
ഇതിനൊപ്പമാണ് നിരോധിത ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ സ്വതന്ത്രരെ പിന്തുണച്ചുള്ള രംഗപ്രവേശം ശ്രദ്ധ നേടുന്നത്. 1971 മുതൽ ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ട്. അന്ന് അവർ അഞ്ചു സീറ്റുകൾ നേടി. 1977ൽ പ്രകടനം മോശമായിരുന്നു. സീറ്റ് ഒന്നിൽ ചുരുങ്ങി. 1983ൽ സീറ്റുകളൊന്നും നേടാനായില്ല. 1987ൽ മുസ്ലിം യുനൈറ്റഡ് ഫ്രണ്ട് രൂപവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് നാലു സീറ്റ് നേടി. ഈ തെരഞ്ഞെടുപ്പിൽ വൻതോതിലുള്ള ക്രമക്കേടുകളുണ്ടായെന്ന ആരോപണവും തുടർപ്രതിഷേധങ്ങളുമാണ് കശ്മീർ താഴ്വരയെ ആഭ്യന്തര സംഘർഷത്തിലേക്കും ശൈഥില്യത്തിലേക്കും നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.