പള്ളിക്കൂടത്തിലേക്ക് കൈപിടിച്ചാനയിച്ച് തുടക്കം; തുഞ്ചന്‍ പറമ്പിന്റെ തലപ്പത്തേക്ക് വിളിക്കാനായ സുകൃതം

ആറു പതിറ്റാണ്ട് മുമ്പാണ്. 1964 ല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സാഹിത്യ സമാജത്തിന്റെയും സ്‌കൂള്‍ പാര്‍ലമെന്റിന്റെയും പരിപാടിയില്‍ പങ്കെടുക്കാനുള്ള മുഖ്യാതിഥിയെ കൊണ്ടുവരാന്‍ മാഷ് നിയോഗിച്ചത് എന്നെയായിരുന്നു. കോഴിക്കോടുള്ള പരിചയമൊക്കെ വെച്ച് എം.ടിയെ ക്ഷണിച്ചു. എം.ടി വന്നു. സ്‌കൂള്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാന്‍ അന്നത്തെ മേയറായിരുന്ന മഞ്ജുനാഥ റാവുനെയും കിട്ടി. അവരെല്ലാം വന്ന മധുര സ്മരണ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് എം.ടി വാസുദേവന്‍ നായര്‍ എന്ന മഹാനായ സാഹിത്യ കുലപതിയുമായുളള ബന്ധം.

അന്ന് എം.ടിയുടെ അന്നത്തെ പ്രസംഗം ഇന്നും അതുപോലെ ഓര്‍മ്മയിലുണ്ട്. പഥേര്‍ പഞ്ചാലിയെന്ന പുസ്തകത്തെ കുറിച്ചും പിന്നീടത് സിനിമയായതിനെ കുറിച്ചുമൊക്കെയായിരുന്നു എം.ടി പറഞ്ഞത്. പഥേര്‍ പഞ്ചാലിയെന്ന മികച്ച കൃതിയായിട്ടും സിനിമക്ക് വലിയ സ്വീകാര്യത കിട്ടാതെ രണ്ടും മൂന്നും ദിവസം കൊണ്ട് തന്നെ തിയേറ്ററില്‍ നിന്നും മാറി പോയതിനെ കുറിച്ചുമൊക്ക അന്ന് എം.ടി പറഞ്ഞു. പ്രസംഗം കഴിഞ്ഞ് കോഴിക്കോട്ടേക്ക് തിരിച്ചു കൊണ്ടു ചെന്നാക്കിയതും ഞാനാണ്. വളരെ സ്‌നേഹത്തോടെയായിരുന്നു പെരുമാറ്റം. പൊതു രംഗത്ത് സജീവമായപ്പോള്‍ ആ ബന്ധം കൂടുതല്‍ ദൃഢമായി. തിരൂര്‍ എം.എല്‍.എയായതും തുഞ്ചന്‍ പറമ്പിനെ മഹത്തായ സ്ഥാപനമാക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതും ആ ഇഴയടുപ്പവും സ്‌നേഹവും ഊട്ടിയുറപ്പിച്ചു.

സാംസ്‌കാരിക വകുപ്പിന്റെ കീഴിലായിരുന്നു തുഞ്ചരന്‍ പറമ്പ്. മന്ത്രിയായിരുന്ന ടി.എം ജേക്കബ് എന്നോടു പറഞ്ഞു. എം.ടിയോട് തുഞ്ചന്‍ പറമ്പിന്റെ തലപ്പത്ത് ഒന്ന് വരാന്‍ പറ്റുമോ എന്ന് ചോദിക്കാമോ. ഞാനും ആ അഭിപ്രായത്തോട് യോജിച്ചു. എം.ടിയുടെ സ്ഥാനം ആലങ്കാരികമാണ്. എന്നാല്‍ തന്നെ സ്ഥാപനത്തിന് അത് വലിയ ഗുണം ചെയ്യും. പക്ഷെ എം.ടിയെ ആ സ്ഥാനത്ത് കിട്ടുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. ഞങ്ങള്‍ ചെന്ന് എം.ടിയെ കണ്ടു. ആവശ്യം പറഞ്ഞു. എം.ടി അധികമൊന്നും സംസാരിച്ചില്ല. ഞങ്ങളുടെ ആവശ്യം സന്തോഷത്തോടെ സ്വീകരിച്ചു. എം.ടി ആ ദൗത്യം പൂര്‍ണ്ണ മനസ്സോടെ ഏറ്റെടുക്കുന്നതാണ് പിന്നെ കണ്ടത്. എം.ടി അത് ഏറ്റെടുത്തതിന് ശേഷം മറ്റൊരാളും അത് നോക്കേണ്ടതില്ലാത്ത വിധം അതിന്റെ വളര്‍ച്ചയും വികാസവുമുണ്ടായി.

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പോയാല്‍ അറിയാം എന്താണ് ആ സ്ഥാപനത്തിന്റെ ഗരിമയെന്ന്. എം.ടി ആ ദൗത്യമേറ്റെടുത്ത് കാലത്താണ് അവിടുത്തെ അടിസ്ഥാന പുരോഗതികളെല്ലാം വന്നത്. താളിയോല ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിക്കുന്നതിന് ഏറെ പ്രാധാന്യം നല്‍കി. അതിമനോഹരമായ ലൈബ്രറി ഉണ്ടാക്കിയതും അക്കാലത്താണ്. ലോകത്തിന്റെ പല ഭാഗത്തു നിന്നും വരുന്ന സാഹിത്യ കാരന്മാര്‍ക്ക് എത്ര ദിവസം വേണമെങ്കിലും താമസിക്കാന്‍ സംവിധാനമുണ്ടായി. അക്ഷര സ്‌നേഹികള്‍ തീര്‍ഥാടനത്തിന് വരുന്നത് പോലെ അവിടുത്തേക്ക് വരാന്‍ തുടങ്ങി. എം.ടി തുഞ്ചന്‍ പറമ്പിലുണ്ടായിരുന്നത് കൊണ്ട് ലോക പ്രശസ്തരായ സാഹിത്യകാരനും ചിന്തകരുമൊക്കെ അവിടെയെത്തി. സാധാരണ സാഹിത്യ മേളയില്‍ നിന്നും തുഞ്ചന്‍ ഉത്സവത്തെ ശ്രദ്ധേയമാക്കിയതും എം.ടിയുടെ നേതൃത്വവും സാനിധ്യവുമെല്ലാമാണ്.


ശരിക്ക് പറഞ്ഞാല്‍, മലയാളം ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തന് അര്‍ഹമായ രീതിയിലുള്ള സ്മാരകമില്ലല്ലോയെന്ന ദു:ഖം എം.ടി ഈ സ്ഥാപനത്തിന്റെ തലപ്പത്ത് വന്നതോടെയാണ് ഇല്ലാതായത്. എം.ടിയില്‍ ഞാന്‍ കണ്ട പ്രധാന സംഗതി, എം.ടി വിവാദങ്ങളിലൊന്നും ഇടപെടാത്ത ഒരാളായിരുന്നു എന്നതാണ്. വിവാദത്തിന്റെ ഓളങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ തനിക്ക് എന്തെങ്കിലും നേടാന്‍ കഴിയുമെന്ന് പല എഴുത്തുകാരും ചിന്തിക്കുന്ന സമയത്ത്, എം.ടി അത്തരത്തിലുള്ള ഒന്നിനും പോയില്ല. വഴക്കിനോ വക്കാണത്തിനോ കലഹത്തിനോ ഒന്നിനും അദ്ദേഹത്തിന് സമയമില്ലായിരുന്നു. ആഴത്തിലുള്ള വായനയും ചിന്തയും രചനയിലും മുഴുകുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എം.ടിയുടെ സാഹിത്യം വായിച്ചാല്‍ അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എഴുത്തുകാരന്‍ നേരിട്ടു വന്ന് കാര്യങ്ങള്‍ വിശദീകരിക്കേണ്ട അവസ്ഥയാണ്.

എം.ടിയുടെ ഓരോ കൃതികളും ആര്‍ക്കും മനസ്സിലാകുന്ന ക്ലാസിക്കായിരുന്നു. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ എനിക്ക് ഒരു അവാര്‍ഡ് ലഭിച്ച ചടങ്ങില്‍ എം.ടിയുമുണ്ടായിരുന്നു. ഹൃദയത്തില്‍ നിന്നുള്ള ആശംസക്കൊപ്പം സാഹിത്യത്തെകുറിച്ചും അദ്ദേഹം ആശയം പങ്കുവെച്ചു. എം.ടി തന്നെ പങ്കെടുത്ത തിരൂരിലെ ഒരു യോഗത്തില്‍ വെച്ച് എം.ടിയുടെ നിര്‍മ്മാല്യത്തെ കുറിച്ച് പറയാന്‍ അവസരമുണ്ടായി. പലതുകൊണ്ടും എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ട എം.ടിയുടെ കയ്യൊപ്പും നിലപാടും തുടിച്ച് നില്‍ക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു അത്. ഞാന്‍ അതേ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം പ്രസന്നതയോടെ കേട്ടിരുന്നു.

എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണ് 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം. 1973ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ ഈ ചിത്രത്തിലെ അഭിനയത്തിന് പി.ജെ ആന്റണിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരമായ ഭരത് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അതിലെ കഥയും ആഖ്യാനവും ക്ലൈമാക്‌സുമെല്ലാം പരിശോധിക്കുമ്പോഴാണ് ഇക്കാലത്ത് അങ്ങനെയൊരു സിനിമ പുറത്തിറക്കുന്നതും അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നതുമൊക്കെ എത്ര ക്ലേശകരമാണെന്ന ബോധ്യപ്പെടുക.

എം.ടി വാസുദേവന്‍ നായരുടെ തന്നെ 'പള്ളിവാളും കാല്‍ച്ചിലമ്പും' എന്ന കഥയുടെ ചലച്ചിത്ര ആവിഷ്‌കാരമാണത്. ഒരു ഗ്രാമത്തിലെ ദേവീക്ഷേത്രവും, അവിടുത്തെ ശാന്തിക്കാരനും, കഴകക്കാരനും, വെളിച്ചപ്പാടും അവരുടെ ജീവിതവുമൊക്കെയാണതില്‍ പറയുന്നത്. കൊടിയ ദാരിദ്ര്യത്തിലും മതാനുഷ്ഠാനങ്ങളെ മുറുകെ പിടിച്ച വെളിച്ചപ്പാടാണ് ഈ കഥയിലെ നായകന്‍. വെളിച്ചപ്പാടിന്റെ അശ്രദ്ധയില്‍ അയാളുടെ കുടുംബം ശിഥിലമാവുന്നതാണ് ഇതിവൃത്തം. താന്‍ ഉപാസിച്ച ദേവി തന്റെ രക്ഷക്കെത്തുകയില്ലെന്നു മനസ്സിലാക്കുന്ന വെളിച്ചപ്പാട് അവസാനം ദേവിയുടെ വിഗ്രഹത്തിനുമുമ്പില്‍ ആത്മഹത്യ ചെയ്യുന്നു.

നായകനായ പി.ജെ ആന്റണി. വെളിച്ചപ്പാടായി തലയില്‍ വെട്ടി ഒഴുകി വന്ന രക്തം, കവിളിലൂടെ ഒഴുകുന്നതും വായനിറയുമ്പോള്‍ ദേവീ പ്രതിമയുടെ മുഖത്തേക്ക് തുപ്പുന്നതുമായ വളരെ അപൂര്‍വമായ രംഗം കോരിച്ചരിപ്പോടെയല്ലാതെ കണ്ടിരിക്കാനാവില്ല. എം.ടിയല്ലാതെ മറ്റൊരാള്‍ക്ക് അങ്ങനെയൊന്ന് എഴുതാനും ചിത്രീകരിക്കാനും ധൈര്യമുണ്ടാവില്ല. യോഗത്തില്‍ അതിനെ കുറിച്ച് പറഞ്ഞ ശേഷം, ഇക്കാലത്താണ് അത്തരമൊരു സിനിമയെങ്കില്‍ അത്തരമൊരു രംഗമുണ്ടായിരുന്നെതെങ്കില്‍ സംവിധായകനും നടനും സമാധാനത്തോടെ പുറത്തിറങ്ങാനായിരുന്നോ എന്ന എന്റെ ചോദ്യത്തെ അദ്ദേഹത്തിന്റെ മുഖത്തെ മന്ദഹാസം കൊണ്ട് പിന്തുണച്ചു എം.ടി.

മാതൃഭൂമിയില്‍ പത്രാധിപ സമതിയിലും ആഴ്ചപതിപ്പിതിപ്പിന്റെ പത്രാധിപരുമായി മാധ്യമ രംഗത്ത് നിറഞ്ഞു നിന്ന എം.ടിയുടെ എഴുത്ത് വളര്‍ച്ചക്ക് ചന്ദ്രികയും പ്രോത്സാഹനമായതായി തുറന്നു പറയാന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നു. ചന്ദ്രികയാണ് എഴുത്തിന് ആദ്യ പ്രതിഫലം നല്‍കിയതെന്ന് രാജ്യം പത്മപുരസ്‌കാരവും ജ്ഞാപീഠവുമൊക്കെ നല്‍കിയ ആദരിച്ച് സാഹിത്യത്തിന്റെ പരമോന്നത സ്ഥാനത്തിരുത്തിയപ്പോള്‍ അദ്ദേഹം മറന്നില്ല. പലപ്പോഴും അതു പറയാന്‍ അദ്ദേഹത്തിന് വൈമനസ്യവുമുണ്ടായില്ല. മതേതര ജനാധിപത്യ ബോധ്യത്തിലും ബന്ധങ്ങളുടെ ഊഷ്മളതയിലും എം.ടി അവസാനം വരെ വിട്ടുവീഴ്ച ചെയ്തില്ല. എം.ടിയെ സ്‌നേഹിക്കാത്തവരോ എം.ടിയുടെ തൂലികയെ പറ്റി അറിയാത്തവരോ ആയി മലയാളികളാരുമില്ല.

കേരളത്തില്‍ ഇത്രയേറെ വായനക്കാരനുണ്ടായിരുന്ന മറ്റൊരു എഴുത്തുകാരന്‍ വേറെയില്ലെന്ന് പറഞ്ഞാല്‍ അത് സത്യം മാത്രമാണ്. അതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ എഴുതുന്നില്ല. നന്നേ ചെറുപ്പത്തിലേ മനസ്സിലേറ്റി, ഹൃദയത്തില്‍ നിന്ന് പരസ്പരം പാലം പണിത പ്രിയപ്പെട്ടൊളാണ് എനിക്ക് നഷ്ടമായത്. ഇങ്ങനെയൊരു മഹാപ്രതിഭയെ പള്ളിക്കൂടത്തിലേക്ക് കൈപിടച്ചാനയിക്കാനായ ബാല്ല്യവും തുഞ്ചന്‍ പറമ്പിന്റെ തലപ്പത്തേക്ക് ആ തലപ്പൊക്കത്തെ കൂടെക്കൂട്ടാനായ നിമിത്തവും എന്റെ സുകൃതം; മലയാളത്തിന്റെ പുണ്യമേ പ്രാര്‍ത്ഥനകളോടെ വിട...

Tags:    
News Summary - ET Muhammed Basheer about MT Vasudevan Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.