പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് ഒന്നാം പിണറായി സർക്കാർ ആരംഭിച്ച പ്രവർത്തനങ്ങൾ തുടരുകയാണ്. മന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോൾ ആദ്യം നേരിടേണ്ടിവന്ന വെല്ലുവിളി പാൽസംഭരണം പൂർണമായി നടക്കുന്നില്ല എന്നതായിരുന്നു. കോവിഡ് പ്രതിസന്ധി കാരണം മിൽമക്ക് ക്ഷീരകർഷകരിൽനിന്ന് 40 ശതമാനത്തോളം പാൽ എടുക്കാനാകാതെ വന്നതോടെ വലിയ അളവിൽ പാൽ പാഴാകാനും കർഷകർക്ക് കനത്ത നഷ്ടം സംഭവിക്കാനും തുടങ്ങി.
ഇവിടെനിന്ന് സംഭരിക്കുന്ന പാൽ ഇതര സംസ്ഥാനങ്ങളിലെ പ്ലാൻറുകളിൽ എത്തിച്ച് സംസ്കരണം നടത്തുന്നതിന് സമയതാമസം നേരിട്ടതാണ് ഇൗ അവസ്ഥക്ക് വഴിെവച്ചത്. ഇൗ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മിൽമക്ക് നിർദേശം നൽകിയതിനു പിന്നാലെ പ്രശ്നം പരിഹരിക്കപ്പെട്ടു. ഇപ്പോൾ സുഗമമായി പോകുന്ന സംസ്കരണത്തിലൂടെ ഉണ്ടാക്കുന്ന മിൽമ പാൽപ്പൊടി 250 ഗ്രാം വീതം സ്കൂൾ കുട്ടികൾക്ക് നൽകുന്ന കിറ്റിൽ ഉൾക്കൊള്ളിക്കാൻ ആലോചനയുണ്ട്.
സംസ്കരണത്തിനായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥക്ക് ഒരു വർഷത്തിനകം പരിഹാരമാകും. മലപ്പുറത്ത് 52 കോടി ചെലവിൽ പാൽസംസ്കരണ പ്ലാൻറ് തുടങ്ങുന്നതിന് കഴിഞ്ഞ സർക്കാർ തുക അനുവദിച്ച് തറക്കല്ലിട്ടിരുന്നു. ടെൻഡർ നടപടിയിലേക്ക് നീങ്ങുന്ന ഇൗ പ്ലാൻറ് ഒരു വർഷത്തിനകം പൂർത്തിയാകും.
പശുവളർത്തൽ പുതിയ സംരംഭമായി കണ്ട് രംഗത്തുവരുന്നവർക്ക് സഹായവുമായി മൃഗസംരംക്ഷണ വകുപ്പ് മുന്നിലുണ്ട്. മിൽമക്ക് പാൽ നൽകിയാൽ ലിറ്ററിന് 38 രൂപ കർഷകന് ലഭിക്കും. തമിഴ്നാട്ടിൽ ഇൗ വില ലഭിക്കാത്തതിനാൽ അതിർത്തി പ്രദേശങ്ങളിൽ അവിടെ നിന്നുള്ള കർഷകർ കേരളത്തിൽ പാൽ എത്തിച്ച് വിൽക്കുന്നുണ്ട്. ഇതിന് തടയിടാൻ നടപടി സ്വീകരിക്കും. പാൽ വിൽപനയിൽ മാത്രം ഒതുങ്ങാതെ മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനത്തിനും വിപണനത്തിനും സർക്കാർ പൂർണ പിന്തുണ നൽകും.
ക്ഷീരകർഷകരുടെ നഷ്ടം പിടിച്ചുനിർത്താൻ വലിയ ഇടപെടൽ സർക്കാറിന് നടത്താനാകുന്നത് കാലിത്തീറ്റയുടെ കാര്യത്തിലാണ്. കാലിത്തീറ്റക്കായി നിലവിൽ കൂടുതൽ ആശ്രയിക്കുന്നത് കേരള ഫീഡ്സിനെ ആണ്. സൊസൈറ്റികൾ ഉൾപ്പെടെ വിപുലമായ മാർക്കറ്റ് ആണ് കേരള ഫീഡ്സിനുള്ളത്. വലിയ വില നൽകേണ്ട സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയെ അപേക്ഷിച്ച് കിലോക്ക് 75 രൂപ വരെ കുറച്ചാണ് അവർ വിൽക്കുന്നത്. ഇതുകാരണം സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
കാലിത്തീറ്റക്ക് വിലകൂട്ടണം എന്ന ആവശ്യം അവരുടെ ഭാഗത്തുനിന്നുണ്ട്. എന്നാൽ, സർക്കാർ കർഷകരുടെ ക്ഷേമത്തിനാകും മുൻതൂക്കം നൽകുന്നത്. വിപണിയിൽ ഇന്ന് ഏറെ ആവശ്യകത ഉള്ളതും വില ഏറെ കൂടിയതുമായ കോഴിത്തീറ്റ ഉൽപാദനം ആരംഭിക്കുന്നതിനും കേരള ഫീഡ്സിന് നിർദേശം നൽകിയിട്ടുണ്ട്. കെപ്കോ തങ്ങളുടെ ആവശ്യത്തിന് തിരുവനന്തപുരത്തും കൊല്ലത്തും ഉള്ള ഫാമുകളിൽ സ്വന്തമായി തീറ്റ ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ, വിൽപനക്കുള്ളതില്ല. അതിനാണ് കേരള ഫീഡ്സിെൻറ സഹായം തേടുന്നത്. ഇതിലൂടെ കോഴികർഷകർക്ക് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള തീറ്റ ലഭ്യമാകും. നായ്ക്കൾക്കും മത്സ്യങ്ങൾക്കും ഉള്ള തീറ്റ ഉൽപാദനം ഇപ്പോൾ പദ്ധതികളൊന്നുമില്ല. ഇതിനായി വെറ്ററിനറി സർവകലാശാലയുമായും വിദഗ്ധരുമായും ആലോചിച്ച് പുതിയ സംരംഭങ്ങളിലേക്ക് കടക്കാവുന്നതേയുള്ളൂ.
കർഷകർക്ക് നഷ്ടംവരുത്തുന്ന മറ്റൊരു പ്രതിസന്ധിയാണ് പശുക്കളിലെ കുളമ്പുരോഗം ഉൾപ്പെടെ വെല്ലുവിളികൾ. ചുമതല ഏറ്റെടുത്തതിനു പിന്നാലെ ആലപ്പുഴയിലെ കുളമ്പുരോഗ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിലെ വീഴ്ചയാണ് രോഗബാധക്ക് കാരണമായത്. വാക്സിൻ ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. കേരളത്തിൽ പെെട്ടന്ന് വാക്സിൻ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇപ്പോൾ മറ്റു ജില്ലകളിലും കുളമ്പുരോഗം റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. വലിയ തോതിൽ രോഗം വ്യാപിക്കാതിരിക്കാൻ റൗണ്ട് വാക്സിൻ എത്രയും പെെട്ടന്ന് പൂർത്തീകരിക്കാനുള്ള നടപടി പുരോഗമിക്കുന്നു.
നാട് നേരിടുന്ന വലിയ പ്രശ്നമായി തെരുവുനായ്ക്കളുടെ സാന്നിധ്യം പലയിടത്തും മാറിയിട്ടുണ്ട്. എ.ബി.സി വന്ധ്യംകരണ പദ്ധതി കൂടുതൽ ശക്തമായി നടപ്പിലാക്കുന്നതിന് നടപടിയുണ്ടാകും.
വിലകൂടിയ നായ്ക്കളെപോലും ക്രൂരമായി തെരുവിൽ ഉപേക്ഷിക്കുന്നവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കും. നായ്ക്കൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂറും മൃഗാശുപത്രികളിൽ ചികിത്സ ലഭ്യമാകുന്നുണ്ട്. ചിലയിടങ്ങളിലെങ്കിലും പരാതികളുണ്ട്. അതിനാൽ, വെറ്ററിനറി ഡോക്ടർമാരുടെ പ്രവർത്തനം വിലയിരുത്തുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സി.യു.ജി സംവിധാനം ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.