ആർക്കുവേണ്ടിയാണ് ഈ റിപ്പോർട്ടുകൾ ഒളിപ്പിച്ചുവെക്കുന്നത്?

വിഴിഞ്ഞം തീരത്തിന് തീ പിടിക്കുന്നു (ഭാഗം 4)

മുതലപ്പൊഴിയിൽ നേരത്തേ നിർമിച്ച രണ്ടു പുലിമുട്ടുകൾ മൂലം വടക്കുവശത്ത് തീരശോഷണം ശക്തമാകുകയും തെക്കുവശത്ത് പുതിയ തീരം വെക്കുകയും ചെയ്തു. തെക്കുവശത്ത് നിരവധി വീടുകൾ തകർന്നു. മത്സ്യബന്ധന യാനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതായി. കടലും കായലും ചേരുന്ന പൊഴിയിൽ പുലിമുട്ടുകൾകൊണ്ട് നിർമിച്ച ചാനലിൽ കല്ലുകൾ അടിഞ്ഞുകൂടിക്കിടക്കുന്നു. ഇവിടെ വള്ളങ്ങൾ മറിഞ്ഞു വീണ് അറുപതോളം പേരാണ് തല തകർന്നും മുഖമടർന്നും അഞ്ചു വർഷം കൊണ്ട് മരിച്ചത്. ഈ ചാനൽ കല്ലെടുത്തു മാറ്റിയും ഡ്രഡ്ജ് ചെയ്തും ശരിയാക്കിക്കൊടുക്കും എന്നുപറഞ്ഞാണ് അദാനി ഗ്രൂപ്പിനെ സർക്കാർ കൊണ്ടുവന്നത്. പകരമായി, വിഴിഞ്ഞം പോർട്ട് പണിക്കുള്ള വലിയ കല്ലുകൾ സംഭരിച്ചുവെക്കുന്ന ഇടമായി തെക്കുവശത്തെ ബീച്ച് സർക്കാർ എഴുതിക്കൊടുത്തു. നേരത്തേ 'മാധ്യമം' നൽകിയ വാർത്തയെ തുടർന്ന് പരിഹാരമായി സാൻഡ് ബൈപാസിങ് നടത്തുമെന്ന് അന്നത്തെ ഫിഷറീസ് മന്ത്രി ആയിരുന്ന ജെ. മേഴ്സികുട്ടിയമ്മ ഉറപ്പുനൽകിയിരുന്നു. എന്നാൽ ആ പദ്ധതി എവിടെയുമെത്തിയില്ല. പുതുതായി തെക്കു വശത്തുള്ള ബീച്ചിൽ ടൂറിസം പദ്ധതി ആരംഭിക്കാൻ മൂന്നു കോടി രൂപ ഉമ്മൻ ചാണ്ടി സർക്കാർ വകയിരുത്തിയെങ്കിലും അതും നഷ്ടമായി എന്ന് പ്രദേശവാസിയായ ഷാജഹാൻ പെരുമാതുറ പറയുന്നു.

തുറമുഖത്തിന്റെ പുലിമുട്ടുകളിൽ തട്ടി പ്രതിഫലിച്ച തിരമാലകൾ വിഴിഞ്ഞം ഹാർബറിനകത്തു മരണക്കെണി സൃഷ്ടിക്കുന്നതു സംബന്ധിച്ച അന്വേഷണാത്മക ലേഖനം 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ തിരമാലകൾക്കു ഗതിമാറ്റം ഉണ്ടെന്നും അതുമൂലം ഹാർബർ മൗത്തിൽ മണലടിഞ്ഞുകൂടി ആഴം കുറഞ്ഞതായും വള്ളങ്ങളുടെ അടി തട്ടി പൊളിഞ്ഞുപോകുന്നതായും തിരയിളക്കം മൂലം നിർത്തിയിട്ട യാനങ്ങൾ കൂട്ടിമുട്ടി നാശനഷ്ടം ഉണ്ടായതും ആ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. അന്ന് പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷനെ കാര്യങ്ങൾ വിശദമായി പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തി. 2020 നവംബറിൽ ഈ സംഘം പഠനത്തിനെത്തി. ആറു മാസം കൊണ്ട് പഠനം പൂർത്തിയാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും കോവിഡ് മഹാമാരിയുടെ പേരിൽ അത് നീണ്ടുപോയി.

അതിനിടെ 2021 മേയ് 26ന് ഹാർബർ മൗത്തിൽ വള്ളങ്ങൽ മറിയുകയും മൂന്നു പേർ മരിക്കുകയും 18 വള്ളങ്ങൾ തകരുകയും ചെയ്തു. 14 പേരെ രക്ഷപ്പെടുത്തി. തുടർന്ന് ജൂൺ ആദ്യവാരം ഹാർബർ മൗത്തിൽ ഡ്രെഡ്ജിങ് നടത്തി ആഴം കൂട്ടി. അന്ന് സമർപ്പിക്കേണ്ട റിപ്പോർട്ട് ഒരു വർഷത്തിനുശേഷം 2022 ജൂണിൽ സർക്കാറിന് മുന്നിൽ സമർപ്പിക്കപ്പെട്ടു. ഈ റിപ്പോർട്ട് ഇതുവരെ സർക്കാർ മാധ്യമങ്ങൾക്കു നൽകിയിട്ടില്ല. അന്ന് പഠനത്തിനായി വന്ന സമയത്ത്, സംഘത്തിന് വിവരം നൽകാൻവന്ന കടൽ-പരിസ്ഥിതി പ്രവർത്തകർക്കും ഇതിന്റെ പകർപ്പ് നൽകിയില്ല.

വിഴിഞ്ഞം പോർട്ട് സമരത്തിനിടെ മന്ത്രി അഹമ്മദ് ദേവർകോവിൽ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പഠനറിപ്പോർട്ട് കിട്ടിയതായും അതിൽ പറഞ്ഞതുപോലെ പ്രശ്നപരിഹാരത്തിനായി ഹാർബർ പുലിമുട്ട് നീട്ടിപ്പണിയുമെന്നും വ്യക്തമാക്കിയിരുന്നു. അതായത്, പ്രശ്‌നം ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നു വ്യക്തം. നിലവിൽ ഹരിത ൈട്രബുണലിന്റെ ഉത്തരവുപ്രകാരം ആറാറു മാസം കൂടുമ്പോൾ പുറത്തിറക്കുന്ന പഠന റിപ്പോർട്ടുകളിൽ അദാനി പോർട്ടിന് അനുകൂലമായ കണക്കുകൾ മാത്രമാണ് രേഖപ്പെടുത്തുന്നത് എന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. നേരത്തേ ഫീസിബിലിറ്റി പഠന റിപ്പോർട്ടിൽ ഉണ്ടായിരുന്ന തീരശോഷണം സംബന്ധിച്ച അധ്യായവും അപ്രത്യക്ഷമായി എന്നാണ് വിവരം.

പരിസ്ഥിതിലോല മേഖല (ഇ.എസ്.ഇ.സെഡ്) വിഷയം സംസ്ഥാനത്ത് കടുത്ത ആശങ്കകൾ ഉയർത്തുന്നതിനിടെയാണ് നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതത്തിന് സമീപം അദാനി ഗ്രൂപ്പിന്‍റെ ക്വാറിക്ക് ദേശീയ വന്യജീവി ബോർഡിന്‍റെ പ്രവർത്തനാനുമതി ലഭിച്ചത്. അതെങ്ങനെ എന്നല്ലേ? നിർദിഷ്ട ക്വാറി യൂനിറ്റ് പരിസ്ഥിതിലോല മേഖലയിൽ അല്ലെന്നും ക്വാറി വന്യജീവി സങ്കേത‍ത്തെയോ സംരക്ഷിത വനമേഖലെയെയോ പ്രതികൂലമായി ബാധിക്കില്ലെന്നും കേരള സർക്കാർ ഉഗ്രനൊരു റിപ്പോർട്ട് നൽകി, അത്ര തന്നെ.

(തുടരും)

Tags:    
News Summary - For whom these reports hiding?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.