മാപ്പുസാക്ഷിയായി മാറിയ ദിഗംബർ ബാഡ്ഗേയാണ് ഗാന്ധി കൊലക്കേസിൽ വി.ഡി. സവർക്കർക്കെതിരായ മുഖ്യസാക്ഷി. സവർക്കറുടെ വീട്ടിലെ സന്ദർശനത്തെക്കുറിച്ച് അയാൾ നൽകിയ മൊഴികളെ മറ്റു രണ്ട് സാക്ഷികൾ സ്ഥിരീകരിക്കുന്നു.
ബാഡ്ഗേ വിശ്വാസയോഗ്യനായ സാക്ഷിയാണെന്ന് ജഡ്ജി ആത്മ ചരണിനും അപ്പീൽ പരിഗണിച്ച പഞ്ചാബ് ഹൈകോടതിക്കും ബോധ്യമായി. ഒട്ടുമിക്ക കാര്യങ്ങളിലും അയാൾ പറഞ്ഞ മൊഴികൾ സ്വതന്ത്ര തെളിവുകളുമായി ചേർന്നുനിന്നു.
എന്നാൽ, നാഥുറാം ഗോദ്സെയും കൂട്ടുപ്രതി നാരായൺ ആപ്തെയും 1948 ജനുവരി 14, 17 തീയതികളിൽ സവർക്കറെ വീട്ടിൽചെന്ന് കണ്ടുവെന്നതിന്റെ തെളിവുകൾ കോടതിയിൽ ഹാജരാക്കപ്പെട്ടില്ല. രണ്ടു തവണയും ബാഡ്ഗേയോട് പുറത്ത് കാത്തുനിൽക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. രണ്ടാം തവണ യശാവി ഹോൻ യാ (വിജയിയായി മടങ്ങിവരൂ) എന്ന് സവർക്കർ ഇരുവരെയും ആശീർവദിക്കുന്നത് അയാൾ കേട്ടു. മൂന്നുപേർ വീടിനു മുന്നിൽ ഇറങ്ങുന്നത് കണ്ടു എന്നു മാത്രമാണ് രണ്ടു സാക്ഷികൾ സ്ഥിരീകരിച്ചത്. ഒരു മാപ്പുസാക്ഷിയുടെ സാക്ഷ്യത്തിന് സ്വതന്ത്രമായ സ്ഥിരീകരണം വേണമെന്ന 1872ലെ ഇന്ത്യൻ എവിഡൻസ് ആക്ടിലെ 133ാം വകുപ്പ് പ്രകാരം സവർക്കർ കുറ്റമുക്തനാക്കപ്പെട്ടു.
സവർക്കറുടെ മരണത്തിന് ഒന്നു രണ്ടു വർഷം കഴിഞ്ഞ് അംഗരക്ഷകൻ ആപ്തേ രാമചന്ദ്ര കസറും സെക്രട്ടറി ഗജനൻ വിഷ്ണു ദാംലേയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കപൂർ കമീഷൻ നിരീക്ഷിച്ചതിങ്ങനെ:
ആപ്തേയും ഗോദ്സെയും സവർക്കറെ ബോംബെയിൽ നിരന്തരം സന്ദർശിക്കാറുണ്ടെന്നും സമ്മേളനങ്ങളിലും എല്ലാ യോഗങ്ങളിലും ഇവർ രണ്ടുപേരെയും സവർക്കർക്കൊപ്പം കാണാറുണ്ടായിരുന്നുവെന്നും ഇരു സാക്ഷികളുടെയും മൊഴികളിൽനിന്ന് വ്യക്തമാണ്. കർകറെയും സവർക്കർക്ക് സുപരിചിതനും പതിവ് സന്ദർശകനുമാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ബാഡ്ഗേയും പതിവായി സന്ദർശിക്കാറുണ്ട്. ഡോ. പർചുറെയും സന്ദർശിച്ചിരുന്നു. ഇതെല്ലാം കാണിക്കുന്നത് മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിൽ വ്യക്തമായി പങ്കുവഹിച്ചവരെല്ലാം പലപ്പോഴായി ബോംബെ ദാദറിലുള്ള സവർക്കർ സദനിൽ ഒത്തുചേരാറുണ്ടായിരുന്നുവെന്നും പലപ്പോഴും സവർക്കറുമായി ദീർഘ സംഭാഷണങ്ങളിലേർപ്പെടാറുണ്ടായിരുന്നുവെന്നുമാണ്. ഡൽഹിയിലേക്ക് പുറപ്പെടുംമുമ്പ് കർക്കറെയും മദൻലാലും, ബോംബേറിനും കൊലപാതകത്തിനും മുമ്പായി ആപ്തേയും ഗോദ്സെയും സവർക്കറെ സന്ദർശിച്ചിരുന്നുവെന്നതും ഈ അവസരങ്ങളിൽ ദീർഘ സംഭാഷണങ്ങൾ നടത്തിയെന്നതും എടുത്തുപറയേണ്ടതുണ്ട്. 1946, 47, 48 വർഷങ്ങളിൽ പലയിടങ്ങളിലായി നടന്ന പൊതുയോഗങ്ങളിൽ ഗോദ്സെയും ആപ്തേയും സവർക്കർക്കൊപ്പമുണ്ടായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കുക.’- ഇവർ ഇരുവരും കോടതിയിൽ മൊഴി നൽകിയിരുന്നുവെങ്കിൽ സവർക്കർ ശിക്ഷിക്കപ്പെടുമായിരുന്നു.
1948 ജനുവരി 14നും 17നും ഗോദ്സെയും ആപ്തേയും സവർക്കറെ സന്ദർശിച്ചതിൽ ഒരുവിധ അവ്യക്തതയും ഉണ്ടായിരുന്നില്ല. ബോംബേറിനുശേഷം ജനുവരി 23നോ 24നോ അവർ സവർക്കറെ സന്ദർശിച്ചുവെന്ന് അംഗരക്ഷകൻ കപൂർ കമീഷനോട് പറഞ്ഞിരുന്നു. ഗോദ്സെയും ആപ്തേയും ജനുവരി മധ്യത്തോടെ സവർക്കറെ കാണുകയും പൂന്തോട്ടത്തിൽ ഒന്നിച്ചിരിക്കുകയും ചെയ്തിരുന്നതായി സെക്രട്ടറി ദാംലേ മൊഴി നൽകി. ഈ ‘ഗൂഢാലോചനയുടെ നട്ടെല്ലായിരുന്ന’ സവർക്കർ ‘അസുഖം അഭിനയിക്കുക’യായിരുന്നുവെന്ന് ബോംബെ പൊലീസ് ഡെ. കമീഷണർ ജംഷേദ് നഗർവാല ആദ്യ കുറ്റ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന്റെ പിറ്റേന്ന് നഗർവാല എഴുതിയ കത്തിൽ, ഡൽഹിയിലേക്ക് പുറപ്പെടുന്നതിന്റെ തലേന്ന് ഗോദ്സെയും ആപ്തേയും സവർക്കറുമായി നാൽപത് മിനിറ്റ് ചർച്ച നടത്തിയ വിവരമുണ്ട്. സവർക്കറുടെ വസതിയിൽ ഇരുവർക്കും ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല. കസറും ദാംലേയും വെളിപ്പെടുത്തിയ വിവരങ്ങളുടെ ബലത്തിലാണ് ഇക്കാര്യം അദ്ദേഹമെഴുതിയത്. ഇവരിരുവരെയും എന്തുകൊണ്ടാണ് കോടതിയിൽ സാക്ഷികളായി ഹാജരാക്കാതിരുന്നത് എന്നത് ദുരൂഹമാണ്.
ബാപ്പു കൊല്ലപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി ഏതാണ്ടെല്ലാ ദിവസവും താൻ അന്വേഷിക്കുന്നുണ്ട് എന്ന മുഖവുരയോടെ 1948 ഫെബ്രുവരി 27ന് വല്ലഭ്ഭായ് പട്ടേൽ നെഹ്റുവിന് എഴുതിയ കത്ത് ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: സവർക്കർക്ക് നേരിട്ട് നിയന്ത്രണമുള്ള ഹിന്ദു മഹാസഭയുടെ ഒരു മതഭ്രാന്തൻ വിഭാഗമാണ് ഗൂഢാലോചന മെനഞ്ഞതും നടപ്പാക്കിയതും.
(തലമുതിർന്ന അഭിഭാഷകനും ചരിത്രാന്വേഷ കനുമായ ലേഖകൻ ജനുവരി 17, 2020 ലക്കം ഫ്രണ്ട് ലൈനിൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.