കേരളത്തിൽ ക്രൈസ്തവർ ഭീകരമായി അവഗണിക്കപ്പെടുന്നുവെന്നും മുസ്ലിംകൾ അനർഹമായി പലതും നേടിയെടുക്കുന്നുവെന്നും കൊണ്ടുപിടിച്ച പ്രചാരണം നടക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് പ്രചരിക്കപ്പെട്ട അസംബന്ധങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കുറച്ചുകൂടി സജീവമാക്കാനാണ് നീക്കം. ഇൗ പറഞ്ഞ കാര്യങ്ങളിൽ എത്രമാത്രം വസ്തുതകളുണ്ട്? എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ വിശദീകരിക്കുന്നു
കേരളത്തിലെ 170 എയ്ഡഡ് കോളജുകളിൽ പകുതിയോളവും ക്രൈസ്തവരുടേതാണ്. മുസ്ലിം-27, എൻ.എസ്.എസ് (നായർ)-22, എസ്.എൻ.ഡി.പി (ഈഴവ)-16- ഇങ്ങനെയാണ് സമുദായം തിരിച്ച കണക്ക്. സ്കൂളുകളുടെ കാര്യത്തിൽ ആയിരങ്ങളുടെ വ്യത്യാസമുണ്ട്. പകുതിയിലധികം എയ്ഡഡ് സ്കൂളുകൾ ക്രൈസ്തവരുടെ കൈയിലാണ്. 25 ഓളം സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഏഴെണ്ണം സഭകൾക്കുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ കേരളപഠന പ്രകാരം ഏറ്റവുമധികം സ്വത്ത്, വരുമാനം എല്ലാം ക്രൈസ്തവസമുദായത്തിനാണ്. സർക്കാർ ജോലിയിലെ പ്രാതിനിധ്യത്തിലും അവർ തന്നെ ഏറെ മുന്നിൽ.
12 ശതമാനം സംവരണമുണ്ടായിട്ടും ജോലിയിൽ മുസ്ലിംകൾ 10 ശതമാനമേയുള്ളൂ എന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ട് പറയുന്നു. നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് പ്രകാരം പി.എസ്.സി.യിലെ മുസ്ലിം ബാക്ക്ലോഗ് ആയിരങ്ങളാണ്. കേരളത്തിൽ ക്രൈസ്തവർ ഒരു കാരണവശാലും പിറകോട്ടല്ല. എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ കേരളത്തിൽ 900 പുതിയ തസ്തികകൾ അനുവദിച്ചതിൽ പകുതിയിലധികവും അവർക്ക് കിട്ടി. പുതിയ കോഴ്സുകൾ എഴുനൂറിലധികം അനുവദിച്ചു. 'നാക്' എ അക്രഡിറ്റേഷനുള്ള കോളജുകൾക്കാണ് നൽകിയത്. നല്ലൊരു പങ്കും ക്രൈസ്തവർക്ക് തന്നെ. മെറിറ്റ് നോക്കിയാണ് നൽകിയതെന്നതും വിസ്മരിക്കുന്നില്ല. മുസ്ലിംസ്ഥാപനങ്ങൾക്ക് കിട്ടിയത് തുലോം കുറവാണ്.
മുന്നാക്കസമുദായ സംവരണത്തെ മുസ്ലിംലീഗും പിന്നാക്കസംഘടനകളും എതിർത്ത് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് മറ്റൊരു പ്രചാരണം. മുന്നാക്കത്തിലെ പിന്നാക്കക്കാർക്ക് പത്തു ശതമാനം സംവരണമാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മും പിന്തുണച്ചു. കേന്ദ്രം നടപ്പാക്കിയത് മണ്ഡൽകമീഷൻ റിപ്പോർട്ടിെൻറ ചുവടുപിടിച്ചാണ്. അങ്ങനെ നോക്കുമ്പോൾ ജനസംഖ്യാനുപാതികമായി പിന്നാക്കക്കാർക്ക് പ്രാതിനിധ്യം കിട്ടണം. എന്നാൽ, കേരളത്തിലെ സംവരണം മണ്ഡലിനു മുമ്പുള്ള കമീഷനുകളെ അടിസ്ഥാനമാക്കിയതാണ്. ഇതനുസരിച്ച് എം.ബി.ബി.എസിന് ഈഴവർക്ക് ഒമ്പതും മുസ്ലിംകൾക്ക് എട്ടും ശതമാനവും പോസ്റ്റ് ഗ്രാജ്വേഷന് യഥാക്രമം മൂന്നും രണ്ടുമാണ്. ഇവിടെയൊക്കെ 10 ശതമാനം സംവരണം മുന്നാക്കക്കാർക്ക് നൽകി.
അപ്പോൾ മുന്നാക്കസംവരണത്തിനെതിരെയല്ല സംവരണ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കാനാണ് സമരം നടത്തേണ്ടത്. മണ്ഡൽ കമീഷനെ അടിസ്ഥാനമാക്കിത്തന്നെ പിന്നാക്കസംവരണവും വേണം. സമരം നടത്തുന്നത് മുന്നാക്കത്തിനെതിരാണെന്ന ധാരണ വന്നതിനാലാണ് നായർ, ക്രൈസ്തവ സമുദായങ്ങൾ ഇവരെ ശത്രുക്കളായി കാണാൻ തുടങ്ങിയത്. അത് യു.ഡി.എഫിന് വലിയ പരിക്കുണ്ടാക്കി.
ക്രൈസ്തവർ മുഴുവനും മുന്നാക്കമാണെന്ന തരത്തിൽ സാമ്പത്തികസംവരണ വിരുദ്ധസമരത്തെ അവതരിപ്പിക്കുന്നത് തീർത്തും തെറ്റാണ്. ക്രൈസ്തവരിൽ നല്ലൊരു ഭാഗവും പിന്നാക്കക്കാരോ ഗിരിവർഗക്കാരോ ദലിതുകളോ ആണ്. വടക്കേ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലെ ക്രൈസ്തവർ ഗിരിവർഗക്കാരായതിനാൽ എസ്.ടി ആനുകൂല്യം ലഭിക്കുന്നു. ക്രൈസ്തവരായി മതപരിവർത്തനം നടത്തിയാലും അവർ ദലിത് അല്ലാതാവുന്നില്ല. കേരളത്തിലും ലത്തീൻകത്തോലിക്കർ, ദലിത് ക്രിസ്ത്യാനികൾ തുടങ്ങിയ പിന്നാക്ക ക്രൈസ്തവർക്ക് സംവരണമുണ്ട്. നായരെപ്പോലെയല്ല ക്രൈസ്തവരുടെ കാര്യം.
കേരളത്തിലേത് മതസംവരണമാണെന്ന വാദവും തെറ്റാണ്. ഒ.ബി.സി വിഭാഗത്തിൽ പെടുത്തിയാണ് മുസ്ലിംകൾക്ക് സംവരണം നൽകുന്നത്. ഒ.ബി.സിയിൽ ഹിന്ദുക്കളും ക്രൈസ്തവരുമൊക്കെയുണ്ട്. രാജ്യത്തെ മുസ്ലിംകളിൽ പകുതി പേർക്കേ സംവരണത്തിന് അർഹതയുള്ളൂ. കേരളത്തിൽ മുന്നാക്കസമുദായ കോർപറേഷൻ ഫണ്ടും ക്രൈസ്തവർക്ക് ലഭിക്കുന്നു.
ന്യൂനപക്ഷ പദ്ധതികൾ കൂട്ടിക്കുഴച്ച് നടത്തുന്ന പ്രചാരണങ്ങളാണ് മറ്റൊരു നുണ. സച്ചാർ കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേരളത്തിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച പാലോളി കമ്മിറ്റി കോച്ചിങ് സെൻററുകളും സ്കോളർഷിപ്പുകളുമടക്കം അനുവദിച്ചിരുന്നു. പാലോളി കമ്മിറ്റി ശിപാർശ പ്രകാരം മുസ്ലിം കോച്ചിങ് സെൻററുകൾ തുടങ്ങി. ഇത് പിന്നീട് മൈനോറിറ്റി കോച്ചിങ് സെൻറർ എന്ന് പേരു മാറ്റി. ഇവിടെ പ്രാതിനിധ്യമില്ലെന്ന് ക്രൈസ്തവസംഘടനകൾ പറയുന്നത് അർഥശൂന്യമാണ്. സച്ചാർ കമ്മിറ്റിയും പാലോളി കമ്മിറ്റിയുമെല്ലാം മുസ്ലിംകളുടെ മാത്രം പിന്നാക്കാവസ്ഥ പഠിക്കാനുള്ളതായിരുന്നു. മുസ്ലിംകൾക്കും ക്രൈസ്തവർക്കും പൊതുവായ സ്കോളർഷിപ്പുകൾ രണ്ടുകൂട്ടർക്കും ഒരുപോലെ കിട്ടുന്നുണ്ട്.
മൾട്ടി സെക്ടർ ഡെവലപ്മെൻറ് പ്രോഗ്രാം കേന്ദ്ര സർക്കാറിേൻറതാണ്. സച്ചാർ കമ്മിറ്റി ശിപാർശ പ്രകാരമുണ്ടാക്കിയതാണിത്. ഇപ്പോൾ കേന്ദ്ര പദ്ധതി പ്രകാരം ഫണ്ടുകൾ അനുവദിക്കുന്നത് പിന്നാക്ക നഗരങ്ങൾക്കും ബ്ലോക്കുകൾക്കുമാണ്; സാമുദായികാടിസ്ഥാനത്തിലല്ല. പിന്നാക്കപ്രദേശങ്ങളിലെ സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ വികസനത്തിന് അനുവദിക്കുന്ന ഫണ്ടുകൾക്ക് മതത്തിെനന്തു കാര്യം? ഇപ്പോൾ പ്രധാനമന്ത്രി 'ജനവികാസ് കാര്യക്രം' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ല സമിതി രൂപവത്കരണത്തിൽ ക്രൈസ്തവ പ്രാതിനിധ്യം അട്ടിമറിച്ചെന്നും ഇത് സംസ്ഥാന ന്യൂനപക്ഷ വകുപ്പിെൻറ ക്രൈസ്തവ വിരുദ്ധതയുടെ പ്രതിഫലനമാണെന്നു പറയുന്നതും എന്തടിസ്ഥാനത്തിലാണ്?
ക്രൈസ്തവ ജനസംഖ്യ കുറയുന്നുവെന്നതാണ് ആ സമുദായത്തിലെ പ്രധാന ചർച്ചകളിലൊന്ന്. 1957ലെ ഫെർട്ടിലിറ്റി റേറ്റ് വെച്ച് നോക്കുമ്പോൾ ക്രൈസ്തവരുടേത് ഗണ്യമായി കുറയുന്നുവെന്നു പറയുന്നു. മുസ് ലിംകളുടേതു മാത്രം കൂടുന്നുവെന്ന നെഗറ്റിവ് ചിന്തയും പടച്ചുവിടുന്നു. മുസ്ലിംകളുടെയും പട്ടികജാതി-വർഗക്കാരുടെയും പുരോഗതിയിലുള്ള മെല്ലെപ്പോക്കും ക്രൈസ്തവർ വേഗത്തിൽ പുരോഗതി കൈവരിച്ചതുമാണ് ഇതിനു കാരണം.
മുസ്ലിംസമുദായം കുടുംബാസൂത്രണം അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യംത്തിന് ഉണ്ട് എന്നുതന്നെ ഉത്തരം. അതുകൊണ്ടാണ് മുസ്ലിം കുടുംബങ്ങൾ ഇപ്പോൾ രണ്ടോ മൂന്നോ കുട്ടികളിലേക്ക് ചുരുങ്ങിയത്. അരക്കുട്ടി, ഒരു കുട്ടി എന്നതിലേക്കൊന്നും താഴാൻ കഴിയില്ലല്ലോ. പ്രാതിനിധ്യം കുറയുന്നുവെന്ന പരാതി ക്രൈസ്തവസഭകളിൽ നിന്നുയരാനുള്ള മുഖ്യകാരണം ജനസംഖ്യയാണ്. ഒരുകാലത്ത് ക്രൈസ്തവ, മുസ്ലിം ജനസംഖ്യ ഏറക്കുറെ അടുത്തടുത്ത് 20 ശതമാനത്തിനടുത്തായിരുന്നു. ക്രൈസ്തവർ 19 ലേക്ക് താഴുകയും മുസ്ലിംകൾ 27ലേക്ക് ഉയരുകയും ചെയ്തു. ക്രൈസ്തവ ഭൂരിപക്ഷ സീറ്റുകൾ കുറഞ്ഞു. കേരളത്തിൽ രണ്ടു ന്യൂനപക്ഷങ്ങൾ കൂടിചേർന്നാലും ഹൈന്ദവ ഭൂരിപക്ഷമാണ് നൂറിലധികം സീറ്റുകളിൽ. ക്രൈസ്തവരും മുസ്ലിംകളും ചേർന്ന് 46 ശതമാനം വരുന്നുണ്ടെങ്കിലും ജയിക്കാവുന്ന സീറ്റുകൾ 40ന് അടുത്തേയുള്ളൂ.
കേരള കോൺഗ്രസ് രൂപവത്കരിച്ച കാലത്ത് 20ൽ അധികം സീറ്റുകൾ ഉണ്ടായിരുന്നു. അത് കുറഞ്ഞുകുറഞ്ഞ് നാലോ അഞ്ചോ ആയി. മാണിയും ജോസഫും ഒരുമിച്ചുനിന്നപ്പോൾപോലും പത്തു കടന്നില്ല. അതിനു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണമെന്താണ്? കേരള കോൺഗ്രസുകൾ തുടരത്തുടരെ പിളരുന്നു. മുസ്ലിംലീഗ് പിളരുന്നില്ല. ലീഗ് പിളർന്നപ്പോഴും ചെറിയൊരു വിഭാഗമേ വിട്ടുപോയുള്ളൂ. കേരള കോൺഗ്രസ് നെടുകെയാണ് പിളരുന്നത്. സ്വാധീനം വലിയ രീതിയിൽ കുറയുന്നു. കേരള കോൺഗ്രസുകളാവട്ടെ, പ്രത്യേക മേഖലയിലെ ക്രൈസ്തവരുടെ കാര്യം മാത്രമാണ് നോക്കുന്നത്. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലൊതുങ്ങുന്നു. വടക്കൻ കേരളത്തിലെ ക്രൈസ്തവരിൽ കോൺഗ്രസിനാണ് സ്വാധീനം. ജനസംഖ്യ കുറഞ്ഞതും രാഷ്ട്രീയമായി പിറകോട്ടുപോയതിനും പുറമെയാണ് സഭകളിൽ നടക്കുന്ന പ്രശ്നങ്ങൾ. അതിെൻറ ശരിതെറ്റുകളിലേക്ക് കടക്കുന്നില്ല. കത്തോലിക്ക സഭയിലും സി.എസ്.ഐ സഭയിലും ബിലീവേഴ്സ് ചർച്ചിലും പ്രശ്നങ്ങൾ. ഓർത്തഡോക്സ്^യാക്കോബായ വിഷയങ്ങളും. മുസ്ലിംസമുദായത്തിലും ഭിന്നതകളുണ്ടെങ്കിലും പരസ്യസംഘർഷം കുറവാണ്. ക്രൈസ്തവരിലെ മാറ്റങ്ങൾ രാഷ്ട്രീയമായും ബാധിക്കുന്നുണ്ട്.
ഇപ്പോൾ എന്തുകൊണ്ടാണ് ക്രൈസ്തവർ ഇടതുപക്ഷത്തേക്ക് ചരിഞ്ഞിരിക്കുന്നത്? ഇടത്തേക്ക് മാത്രമല്ല, ബി.ജെ.പിയിലേക്കും ചരിഞ്ഞിട്ടുണ്ട്. സഭകൾക്ക് അതൃപ്തിയുണ്ടെന്ന് പി.എസ്. ശ്രീധരൻപിള്ള പറയുന്നു. പ്രധാനമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ വലിയ പ്രക്ഷോഭം നടക്കുമ്പോൾ കർദിനാൾ ലവ് ജിഹാദ് വിഷയം എടുത്തിട്ടത് മനപ്പൂർവമാണ്. ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നുവെന്ന ആരോപണം മുസ്ലിംസമുദായത്തിനെതിരായ പോർവിളിയാണ്. യഥാർഥത്തിൽ അങ്ങനെയൊന്നില്ലെന്നാണ് കോടതി പറഞ്ഞത്. ഒരു തെളിവുമില്ല. അന്വേഷണം നടത്തിയത് സഭയുമായി അടുത്ത ബന്ധമുള്ള ജേക്കബ് പുന്നൂസാണ്. അേദ്ദഹവും പറഞ്ഞില്ല ലവ് ജിഹാദ് ഉണ്ടെന്ന്. എന്നിട്ടും ബി.ജെ.പിയുടെ ലവ് ജിഹാദ് പ്രചാരണം ഏറ്റെടുക്കുകയായിരുന്നു.
ഹാഗിയ സോഫിയ വിഷയമടക്കം കേരളത്തിലെ ൈക്രസ്തവർക്കിടയിൽ തെരഞ്ഞെടുപ്പു കാലത്ത് വലിയ രീതിയിൽ പ്രചാരണവിഷയമായി. മുസ്ലിംപള്ളികൾ ചർച്ചുകളാക്കുകയും തിരിച്ചുമുള്ള സംഭവങ്ങൾ ധാരാളം കാണാം ചരിത്രത്തിൽ. യഥാർഥത്തിൽ ഇതൊരു വൈകാരിക വിഷയമാക്കി എടുക്കുകയേ ചെയ്യേണ്ടതില്ല. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയായതിനാൽ അവരുമായി മികച്ച ബന്ധമെന്ന തന്ത്രവും പയറ്റുന്നു. വിദേശ ഫണ്ടിെൻറയടക്കം കാര്യത്തിൽ കേന്ദ്രപിന്തുണ ആവശ്യമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മേധാവിത്വമുണ്ട്. അവർ, കേന്ദ്രം ഭരിക്കുന്നതാരാണോ അവർക്കൊപ്പമായിരിക്കും.
മതപരിവർത്തനത്തിൽ വിശ്വസിക്കുന്നവരാണ് സഭകൾ. അത് ബി.ജെ.പി അനുവദിച്ചുകൊടുക്കുമോ? മതപരിവർത്തനം പാടില്ല എന്നതാണ് ഉത്തർപ്രദേശിൽ ലവ് ജിഹാദിനെതിരെ കൊണ്ടുവന്ന നിയമത്തിന്റെ കാതൽ. രാജ്യത്ത് കൂടുതൽ മതപ്രബോധനവും പരിവർത്തന പ്രവർത്തനങ്ങളും നടത്തുന്നത് ക്രൈസ്തവ സഭകളാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഗിരിവർഗക്കാരെ മതപരിവർത്തനത്തിലൂടെയാണ് ക്രിസ്ത്യാനികളാക്കിയത്. ഇതിനെ എതിർത്തവരാണ് ആർ.എസ്.എസ്. അതുകൊണ്ടുതന്നെ ബി.ജെ.പി^ക്രൈസ്തവ സൗഹൃദം അധികകാലം മുന്നോട്ടുപോവില്ല.
തയാറാക്കിയത്:
കെ.പി.എം. റിയാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.