മഴയുടെയും കെടുതിയുടെയും വാർത്തകളുടെ നടുവിലാണ് കേരളം. 1997ൽ ഇതുപോലെ മഴയുണ്ടായിരുന്നു എന്നാണ് എെൻറ ഒാർമ. ശരാശരിക്കും മുകളിലായിരുന്നു അന്ന് മഴ. കുറെ വർഷങ്ങളുടെ ഇടവേളക്കുശേഷം ഇത്തവണയാണ് നമ്മുടെ നാട്ടിൽ മഴ ശക്തിയാർജിക്കുന്നത്. ഇത് കേരളത്തിൽ മാത്രമല്ല; തായ്ലൻഡ്, മ്യാന്മർ, ചൈനയുടെ ചില ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഏറെ കാലത്തിനുശേഷം കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. ആഗോളതലത്തിലുള്ള ഒരു പ്രതിഭാസത്തിെൻറ ഭാഗമായി വേണം ഇൗ മഴയെ കാണാൻ. ഇങ്ങനെ വല്ലപ്പോഴും കനത്തുപെയ്യുന്ന മഴക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാം. ഏതെങ്കിലും ഒരു കാരണത്തെ വ്യക്തമായി നമുക്ക് ചൂണ്ടിക്കാട്ടാനാവില്ല.
ലിറ്റിൽ ജീസസ് അഥവാ ഉണ്ണിയേശു
ലാറ്റിനമേരിക്കൻ മേഖലയിലെ പസഫിക് സമുദ്രത്തിലെ പെറു തീരങ്ങളിൽ രൂപപ്പെടുന്ന എൽനിനോ പ്രവാഹമാണ് ഇതിലൊരു കാരണമായി കണക്കാക്കുന്നത്. ചൂടുള്ള ഇൗ വായുപ്രവാഹം ലിറ്റിൽ ജീസസ് (ഉണ്ണി യേശു) എന്നാണ് പെറുവിൽ അറിയപ്പെടുന്നത്. ഡിസംബർ കാലത്ത് രൂപപ്പെടുന്ന പ്രവാഹമായതുകൊണ്ടാണ് തിരുപ്പിറവിയുമായി ബന്ധപ്പെട്ട ഇൗ പേര് വീണത്. ഇന്ത്യൻ മൺസൂണിൽ എൽനിനോയുടെ സ്വാധീനം സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്. സാധാരണഗതിയിൽ നല്ല കാറ്റടിക്കുേമ്പാൾ സമുദ്രത്തിന് മുകളിലെ ഉഷ്ണജലം മുകളിലേക്ക് മാറുകയും പകരം താഴെ തട്ടിലെ തണുത്ത ജലം മുകളിെലത്തുകയുമാണ് ചെയ്യുക. എന്നാൽ, ആറോ ഏഴോ വർഷങ്ങൾ കഴിയുേമ്പാൾ പെറു തീരങ്ങളിൽ കാറ്റിെൻറ ഗതി മാറും. അതോടെ പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന ശക്തിയേറിയ ഉഷ്ണജലപ്രവാഹം ലോകത്തിെൻറ പല ഭാഗങ്ങളിലെപോലെ കറങ്ങിത്തിരിഞ്ഞ് ഇന്ത്യൻ സമുദ്രത്തിലുമെത്തും. കടലിലെ ചൂടിെൻറയും തണുപ്പിെൻറയും മിശ്രിതത്തിൽ ഇൗ എൽനിനോ പ്രവാഹം വ്യത്യാസം വരുത്തും. ചിലപ്പോൾ എൽനിനോ ഇന്ത്യൻ മഹാസമുദ്രത്തിലെത്തുന്നത് വരണ്ട കാലാവസ്ഥയിലായിരിക്കും. ആ മൺസൂണിൽ ശരാശരിക്കും താഴെയേ മഴ ലഭിക്കൂ. ചിലപ്പോൾ എൽനിനോ എത്തുേമ്പാൾ ശരാശരിക്ക് മുകളിൽ മഴ ലഭിക്കും. ഒാരോ തവണയും എൽനിനോയുടെ വരവിൽ ഇന്ത്യൻ മൺസൂൺ എങ്ങനെ പെരുമാറുന്നുവെന്ന് ശാസ്ത്രജ്ഞർ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇൗ ഉഷ്ണപ്രവാഹത്തിെൻറ സ്വാധീനം ഇന്ത്യൻ മൺസൂണിൽ കാണുന്നുണ്ട് എന്നതാണ് സത്യം.
പ്രാദേശിക ഘടകങ്ങളുടെ പങ്ക്
പ്രാദേശികമായ പല ഘടകങ്ങളും മഴകനക്കുന്നതിന് പിന്നിലുണ്ട്. വേനൽക്കാലങ്ങളിൽ ചൂടുപിടിക്കുന്ന കരയിലെ ഉഷ്ണവായു മുകളിലേക്ക് നീങ്ങി പകരം കടലിൽനിന്നുള്ള ശീതവായു കരയിലേക്ക് അടിച്ചുകയറുന്നതാണ് ഇന്ത്യൻ മൺസൂണിന് വഴിയൊരുക്കുന്നത്. കരയും കടലും തമ്മിലുള്ള തണുപ്പിെൻറയും ചൂടിെൻറയും അന്തരം ഒാരോ വർഷവും ഏറിയും കുറഞ്ഞുമിരിക്കുന്നതിനാൽ മൺസൂണിൽ ലഭിക്കുന്ന മഴയുടെ തോതിലും മാറ്റം വരും. ഹിമാലയത്തിൽ രൂപപ്പെടുന്ന മഞ്ഞുപാളികളുടെ കട്ടിയും വിസ്തൃതിയും വ്യത്യാസപ്പെട്ടാലും കരയിലെ ചൂടിൽ വ്യത്യാസം വരും. ഇത്തരത്തിൽ പല കാരണങ്ങൾ ഒന്നിച്ചുവരുേമ്പാഴാണ് കനത്ത മഴ ലഭിക്കുന്നത്. ഇത്തവണ കേരളത്തിൽ അനുഭവപ്പെടുന്നതും അതാണ്. അടുത്ത ഒന്നോ രണ്ടോ വർഷങ്ങൾ ഇതാവർത്തിക്കാനും സാധ്യതയുണ്ട്്. പക്ഷേ, ഇങ്ങനെ മൺസൂൺ കനക്കുേമ്പാൾ അതിൽ ഒാരോ ഘടകവും എത്രത്തോളം പങ്ക് വഹിക്കുന്നുവെന്ന കാര്യത്തിൽ ഇപ്പോഴും ശാസ്ത്രത്തിന് വ്യക്തത കുറവാണ്. അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. പലപ്പോഴും പല രീതിയിലാണ് ഇതിെൻറ ഫലങ്ങൾ കാണപ്പെടുന്നത്.
കേരളം ഒരു നഗരമാകുന്നു
മഴ നന്നായി കിട്ടുേമ്പാൾ അതിെൻറ കെടുതിക്കും കനംവെക്കുകയാണ്. തുടർച്ചയായ മഴ മുമ്പും കേരളത്തിൽ ലഭിച്ചിട്ടുണ്ട്്. അന്നൊന്നുമില്ലാത്ത കെടുതികളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതുപോലൊരു മഴ ഇരുപതോ മുപ്പതോ വർഷം മുമ്പ് കുട്ടനാട്ടിൽ സംഭവിച്ചാൽ ഇത്രയധികം നാശനഷ്ടങ്ങളുണ്ടാകുമായിരുന്നില്ല. കുട്ടനാട് ഒരുദാഹരണമായി ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ. അന്ന് ജനസംഖ്യയും കെട്ടിട നിർമാണപ്രവർത്തനങ്ങളും കുറവായിരുന്നു. വെള്ളത്തിെൻറ സ്വാഭാവികമായ നീരൊഴുക്കിന് കാര്യമായ തടസ്സങ്ങളില്ലായിരുന്നു. ഇപ്പോൾ ദുരന്തത്തിെൻറ റിസ്ക് ഫാക്ടർ കൂടുതലാണ്. ഭൂമിയുമായുള്ള നമ്മുടെ ഇടപെടലിൽ കാര്യമായ മാറ്റം സംഭവിച്ചുകഴിഞ്ഞു. വനനശീകരണവും കുന്നിടിക്കലും പാടം നികത്തലുമൊക്കെ സർവസാധാരണമായി. ഇന്ന് കേരളത്തെ വേണമെങ്കിൽ വലിയൊരു ഒറ്റ നഗരമായി കണക്കാക്കാം. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരേ മുഖമാണ് കേരളത്തിന്. നഗരവത്കരണം ഗ്രാമങ്ങളിലേക്ക് തള്ളിക്കയറുകയാണ്. ജീവിതശൈലിയായാലും നിർമാണ പ്രവൃത്തികളായാലും ഗ്രാമങ്ങൾ നഗരങ്ങളെ അനുകരിക്കുകയാണ്. നഗരത്തിെൻറ ചെറുപതിപ്പുകളായി അവ മാറുന്നു. കുന്നുകളും മലകളും വാസസ്ഥലങ്ങളായി പരിണമിച്ചു. മലകളിൽ മരങ്ങളില്ലാതാകുന്നതോടെ ചെറിയ ഒഴുക്കിൽപോലും മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുന്നു. പശ്ചിമഘട്ടത്തിെൻറ നിലനിൽപ് മുന്നിൽക്കണ്ടുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനോടുപോലും കേരളത്തിെൻറ പ്രതികരണം എങ്ങനെയായിരുന്നു? രാഷ്ട്രീയ ലാഭത്തിനുവേണ്ടി അത് അട്ടിമറിച്ചില്ലേ? ഇടുക്കി ഡാമിൽ ജലനിരപ്പ് അനുദിനം ഉയരുകയാണ്. മുൻകരുതലിനായി നാമൊരുങ്ങുേമ്പാഴും ഭൂകമ്പ മേഖലയിലാണ് ആ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എന്ന കാര്യം വിസ്മരിക്കരുത്. കേരളം നേരിടുന്ന കെടുതികൾക്കുള്ള പരിഹാരങ്ങൾ നടപ്പാക്കേണ്ട കാലം കടന്നുപോയെന്നാണ് എെൻറ പക്ഷം. വികസനത്തിെൻറ പേരിൽ നടക്കുന്ന നഗരവത്കരണം ഇത്തരത്തിൽ വഴിമാറി സഞ്ചരിക്കുന്നതിെൻറ ദോഷഫലങ്ങളാണ് നാമിപ്പോൾ കേരളത്തിൽ കണ്ടുെകാണ്ടിരിക്കുന്നത്.
(ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞനായ സി.പി. രാജേന്ദ്രൻ ദേശീയ ഭൗമശാസ്ത്ര അവാർഡ് ജേതാവും അന്തരിച്ച എഴുത്തുകാരൻ പവനെൻറ മകനുമാണ്)
തയാറാക്കിയത്: ഇഖ്ബാൽ ചേന്നര
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.