രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കൊലപാതകികളാരെന്നും ആരായിരുന്നു അവരുടെ പ്രചോദനമെന്നും നമുക്കറിയാം. എന്നാൽ, ആ കൊലപാതകം എളുപ്പമാക്കാനും അന്വേഷണം വഴിതെറ്റിക്കാനും നടന്ന സംഭവങ്ങളും പലതുണ്ട്.ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ എ. ഗാന്ധി അതിലേക്ക് വെളിച്ചം വീശുന്നു
പുതുതായി സ്വതന്ത്രമാക്കപ്പെടുകയും വിഭജിക്കപ്പെടുകയും ചെയ്ത ഇന്ത്യൻ രാഷ്ട്രത്തിന്റെ പിതാവ് മഹാത്മ ഗാന്ധി - നമ്മളെയും അദ്ദേഹത്തിന്റെ പിൻഗാമികളെയും സംബന്ധിച്ച് ബാപ്പു 1948 ജനുവരി 30 ന്റെ സായാഹ്നത്തിൽ,ഒരു ഹിന്ദു മതഭ്രാന്തനാൽ കൊലചെയ്യപ്പെട്ടു.
ലോകം ഗാന്ധിയെ ആ ദിവസം സ്മരിക്കുകയും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ആ കൊലപാതകത്തിന്റെ കഥ മറന്നു. എല്ലാ ജനുവരി 30 നും സർക്കാർ മേധാവികൾ രാജ് ഘട്ട് സന്ദർശിച്ച് സമാധിയിൽ പുഷ്പചക്രമർപ്പിക്കും. ഒരു സൈറൺ മുഴക്കി, സമാധാനത്തിന്റെ അപ്പോസ്തലനായ ഗാന്ധി കൊല്ലപ്പെട്ട ദിനമാണിന്നെന്ന് ജനങ്ങളെ ഓർമിപ്പിക്കും.
രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി മൗനം പാലിക്കുകയായിരുന്നു പതിവ്. പുതിയ ഇന്ത്യയിൽ, അദ്ദേഹത്തിന്റെ ത്യാഗങ്ങൾ വിസ്മരിക്കപ്പെട്ടിരിക്കുന്നു; അദ്ദേഹത്തിന്റെ കൊലപാതകി ആരാധിക്കപ്പെടുന്നു. ഇന്ത്യ ഇന്ന് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും ആ പാത പിന്തുടരുകയാണ്. 1947 ൽ രാജ്യ വിഭജനത്തിലേക്കും രാഷ്ട്രപിതാവായി ബഹുമാനിക്കപ്പെട്ട ഒരു മനുഷ്യന്റെ കൊലപാതകത്തിലേക്കും നയിച്ച അതേ പാതയിലൂടെ ചലിക്കുകയാണ് രാജ്യം. പുതിയ ഇന്ത്യയിൽ, അവർ അദ്ദേഹത്തിന്റെ കൊലപാതകിയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.
അത് പരസ്യമായി പ്രകടിപ്പിക്കുന്നു; കൊലപാതകിയെ മഹത്തപ്പെടുത്താൻ അവർ ആ കൊലപാതകം വീണ്ടും സൃഷ്ടിക്കുന്നു; ഗാന്ധിയെ കൊല്ലാൻ ഉപയോഗിച്ച ആയുധത്തെ അവർ ആരാധിക്കുന്നു. അസഹിഷ്ണുത നമ്മുടെ വിശ്വാസപ്രമാണമായും, മതഭ്രാന്ത് ഒരു ഗുണമായും, അക്രമവും കൊലപാതകവും നമ്മുടെ രീതിയുമായി മാറിയിരിക്കുന്നു. വിദ്വേഷം സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു, അത് നമ്മുടെ മനസ്സിലും ഹൃദയത്തിലും ബോധപൂർവം നടുകയും ചെയ്യുന്നു. നിശ്ശബ്ദതയാണ് ദേശസ്നേഹം. ഹിന്ദുത്വമാണ് ഔദ്യോഗിക നയം. ഈ വിദ്വേഷവും ശിഥിലീകരണവും പിടിച്ചുകെട്ടിയില്ലെങ്കിൽ ഇന്ത്യ ഇല്ലാതാകും. നമ്മെ രക്ഷിക്കാൻ ബാപ്പു ഇനി നമ്മുടെ ഇടയിലില്ല; നാം ഈ വഴിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വ്യർഥമായി മാറും.
1948 ജനുവരി 30 മുതൽ, അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് വിവിധ ഗ്രൂപ്പുകൾ തങ്ങളുടേതായ അടിസ്ഥാനരഹിതമായ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു. പല നുണകളും സത്യങ്ങളായി കടന്നുവന്നു; അർധസത്യങ്ങൾ യഥാർഥ സംഭവങ്ങളുമായി കൂട്ടിക്കുഴച്ച് മുഴുവൻ സത്യങ്ങളായി കടന്നുവന്നു. ഹിന്ദുക്കളെ ദ്രോഹിക്കുന്ന, ഗാന്ധിയുടെ മുസ്ലിം അനുകൂല നിലപാടുകളോടുള്ള രോഷം കൊണ്ടാണ് നാഥുറാം ഗോദ്സെ ആ കൃത്യം ചെയ്തതെന്ന അവകാശവാദം പ്രകീർത്തിക്കപ്പെട്ടു.
‘വിഭജനത്തിന് ഉത്തരവാദി ഗാന്ധിയായിരുന്നു’; ‘ഗാന്ധി മുസ്ലിംകളെ ലാളിക്കുകയും ഹിന്ദുക്കളോട് വിവേചനം കാണിക്കുകയും ചെയ്തു’; ‘ഗാന്ധി പാകിസ്താന് 55 കോടി നൽകാൻ ഇന്ത്യൻ സർക്കാറിനെ നിർബന്ധിച്ചു’; ‘വിഭജനസമയത്ത് ഹിന്ദു അഭയാർഥികളുടെ കഷ്ടപ്പാടുകൾക്ക് നേരെ ഗാന്ധി കണ്ണടക്കുകയും കുഴപ്പമില്ലാതിരുന്ന മുസ്ലിംകളെ പ്രീണിപ്പിക്കുകയും ചെയ്തു’; ‘ഗാന്ധിയെ കൊല്ലുക മാത്രമായിരുന്നു ഭാരതമാതാവിനെ രക്ഷിക്കാൻ ഏകമാർഗം’; ‘ഗാന്ധി ഹിന്ദു രാഷ്ട്രത്തിന് ഹാനികരമായിരുന്നു’; ‘നാഥുറാം ദേശസ്നേഹിയായിരുന്നു, ദേശഭക്തനായിരുന്നു, രാഷ്ട്രത്തെ രക്ഷിക്കാൻ അദ്ദേഹം മഹാത്മ ഗാന്ധിയെ കൊന്നു’: ഗോദ്സെയുടെയും രക്ഷാധികാരി സവർക്കറിന്റെയും അനുയായികളും ഹിന്ദു തീവ്രവാദ സംഘടനകളായ രാഷ്ട്രീയ സ്വയംസേവക സംഘവും (ആർ.എസ്.എസ്) ഹിന്ദു മഹാസഭയും, ഗാന്ധി വധത്തെ ന്യായീകരിക്കാൻ ഇന്നും പ്രചരിപ്പിക്കുന്ന ചില നുണകളാണിവ.
ഈ നുണകൾ സത്യമാണെന്ന് വിശ്വസിച്ച് ഇന്ത്യക്കാരുടെ ഏതാനും തലമുറകൾ വളർന്നു. കാരണം അവരോട് സത്യം പറഞ്ഞിട്ടില്ല. ഗാന്ധി ആക്രമിക്കപ്പെടുമ്പോഴും അപകീർത്തിപ്പെടുത്തുമ്പോഴും, അടിച്ചാൽ മറ്റേ കവിൾ കാണിച്ചുകൊടുക്കുന്ന ഗാന്ധിയന്മാരുടെ മൗനം ഈ വിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. 1948 ജനുവരി 20 നും 30 നും അവസാന രണ്ട് വധശ്രമം നടക്കുന്നതിന് മുമ്പ് ഗാന്ധിജിയെ വധിക്കാൻ നാല് ശ്രമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വളരെ കുറച്ചുപേർക്ക് മാത്രമെ അറിയൂ.
പരാജയപ്പെട്ട അഞ്ച് ശ്രമങ്ങളിൽ നാലെണ്ണം മുസ്ലിം ലീഗിന്റെ അജണ്ടയിൽ പോലും പാകിസ്താൻ ഇല്ലാതിരുന്ന സമയത്തായിരുന്നു. നാല് ആക്രമണങ്ങളും തീവ്ര വലതുപക്ഷക്കാരായ, പുണെയിലെ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളിൽ നിന്നാണുണ്ടായത്. അവയിൽ മൂന്നെണ്ണം നടത്തിയത് സവർക്കറുടെ തീവ്ര മതഭ്രാന്ത ശിഷ്യന്മാരായ നാരായൺ ആപ്തെ-നാഥുറാം ഗോദ്സെ സംഘമാണ്.
ജനുവരി 20 ന് ബിർള ഹൗസിൽ സായാഹ്ന പ്രാർഥന യോഗത്തിനിടെ പഞ്ചാബി അഭയാർഥി മദൻലാൽ പഹ്വ നാടൻ ബോംബ് പൊട്ടിച്ചു. അറസ്റ്റിന് തൊട്ടുപിന്നാലെ, ഗാന്ധിയെ കൊല്ലാൻ ഗൂഢാലോചന നടത്തുന്ന സംഘത്തിന്റെ ഭാഗമാണ് താനെന്ന് മദൻലാൽ സമ്മതിച്ചു. സംഘത്തിന്റെ നേതാക്കൾ പുണെയിൽ നിന്നുള്ളവരാണെന്നും അവരിൽ ഒരാൾ ‘ഹിന്ദു രാഷ്ട്ര’, ‘അഗ്രാനി’ എന്നീ തീവ്രവാദ ആനുകാലികങ്ങളുടെ എഡിറ്ററും മറ്റൊരാൾ പ്രസാധകനുമാണെന്നും മദൻലാൽ കുറ്റസമ്മതം നടത്തി.
ഗോദ്സെയും ആപ്തെയും പ്രസിദ്ധീകരിച്ചതും അച്ചടിച്ചതും സവർക്കർ ഫണ്ട് ചെയ്തതുമായ മറാത്തി ആനുകാലികങ്ങളായിരുന്നു അത്. 1948 ജനുവരി 20 ന് പരാജയപ്പെട്ട ശ്രമത്തിന് മുമ്പ് സംഘം നേതാക്കൾ താമസിച്ചിരുന്ന ന്യൂ ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ മറീന ഹോട്ടലിലെ റൂം നമ്പർ 40 ലേക്ക് മദൻലാൽ പൊലീസിനെ നയിച്ചു. ആ മുറിയിൽ നിന്ന്, നാഥുറാം വിനായക് ഗോദ്സെ എന്ന് സൂചിപ്പിക്കുന്ന ‘എൻ.വി.ജി’ എന്ന ഇനീഷ്യലുള്ള അലക്കാനിട്ട തുണികൾ പൊലീസ് കണ്ടെത്തി. ഡൽഹി ഹിന്ദു മഹാസഭയുടെ സെക്രട്ടറി അശുതോഷ് ലാഹിരിയുടെ ഇന്നുവരെ പുറത്തുവിടാത്ത പത്രപ്രസ്താവനയുടെ പകർപ്പും അവർ കണ്ടെത്തി.
പരാജയപ്പെട്ട ശ്രമം നടന്ന ശേഷം, ജനുവരി 21 ന് വൈകീട്ട്, ബോംബെ പ്രവിശ്യയിലെ ആഭ്യന്തര മന്ത്രി മൊറാർജി ദേശായിയെ ബോംബെ റൂയ കോളജിലെ ഹിന്ദി പ്രഫസറായ ജെ.സി. ജെയിൻ ഗൂഢാലോചനയെക്കുറിച്ചും സംഘാംഗങ്ങളുമായുള്ള സവർക്കറിന്റെ ബന്ധത്തെക്കുറിച്ചും അറിയിച്ചു. തന്റെ പങ്കാളിത്തവും ഡൽഹിയിലേക്ക് ഗാന്ധിയെ കൊല്ലാൻ പുറപ്പെട്ട സംഘത്തിന്റെ ഭാഗമാണ് താൻ എന്നും ജെയിനിനോട് മദൻലാൽ കശ്മീരിലാൽ പഹ്വ വീമ്പിളക്കിയിരുന്നു.
ജെയിനിന്റെ മുന്നറിയിപ്പ് ദേശായി കാര്യമായി ശ്രദ്ധിച്ചില്ല, എന്നാൽ അഹമ്മദാബാദിൽ വെച്ച് കണ്ടപ്പോൾ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ പട്ടേലിനോട് ഇക്കാര്യം സൂചിപ്പിച്ചതായി ദേശായി അവകാശപ്പെട്ടു. ദേശായി പറയുന്നതനുസരിച്ച്, ഒരു ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ പട്ടേൽ സമ്മതിച്ചു. എന്നാൽ ജെയിനിന്റെ കഥ വളരെ അസ്വാഭാവികമായി പെരുപ്പിച്ച ചിത്രമാണെന്ന് പറഞ്ഞ് പട്ടേൽ തള്ളിക്കളഞ്ഞു. പിന്നീട്, കപൂർ കമീഷൻ നടത്തിയ അന്വേഷണത്തിൽ, ജെയിൻ നൽകിയ വിവരങ്ങളെക്കുറിച്ച് ദേശായി സർദാർ പട്ടേലിനെ അറിയിച്ചിരുന്നുവെന്ന കാര്യം സർദാർ പട്ടേലിന്റെ സെക്രട്ടറിയും മകൾ മണിബെന്നും നിഷേധിച്ചു.
എല്ലാ വിവരങ്ങളുണ്ടായിട്ടും പ്രതികളെ കണ്ടെത്താനോ യഥാസമയം അവരുടെ വ്യക്തിവിവരങ്ങൾ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞില്ല. പത്ത് ദിവസത്തിനു ശേഷം, നാഥുറാം ഗോദ്സെ, നാരായൺ ആപ്തെ, വിഷ്ണു കർക്കറെ എന്നിവർ ഡൽഹി റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ റൂമിൽ കൂടിക്കണ്ടശേഷം ബിർള ഹൗസിലേക്ക് പോയി. വൈകീട്ടത്തെ പ്രാർഥന യോഗത്തിന് തടിച്ചുകൂടിയ ജനക്കൂട്ടവുമായി അവർ സ്വതന്ത്രമായി ഇടപഴകി. 1948 ജനുവരി 30 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് കഴിഞ്ഞ് പതിനേഴു മിനിറ്റിന്, ഗോദ്സെ ഗാന്ധിയുടെ വഴി തടഞ്ഞ് മുന്നിൽ വരുകയും, തൊട്ടടുത്ത് നിന്ന് 9 എംഎം ബറേറ്റ പിസ്റ്റളിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ ഗാന്ധിയുടെ നെഞ്ചിലേക്ക് തൊടുക്കുകയും ചെയ്തു. ചുണ്ടിൽ ‘രാമ’ മന്ത്രം ജപിച്ചുക്കൊണ്ട് ഗാന്ധി താഴെ വീണു.
മുമ്പ് കുറഞ്ഞത് മൂന്ന് തവണയെങ്കിലും ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട കാര്യത്തിൽ ഗോദ്സെ ഒടുവിൽ വിജയിച്ചു. പൊലീസ് എന്ത് ചെയ്യുകയായിരുന്നു? അവർ സൗകര്യപ്രദമായ മട്ടിൽ കണ്ണടച്ചിരുന്നോ? മദൻലാലിൽ നിന്ന് ഡൽഹി പൊലീസിന് ലഭിച്ച ഒപ്പിട്ട കുറ്റസമ്മത മൊഴിയിൽ സംഘം വീണ്ടും ശ്രമിക്കാൻ തക്ക ഭ്രാന്തരാണെന്ന് പറഞ്ഞിരുന്നു. ‘വോ ഫിർ ആയേഗാ!’ (അവൻ തിരിച്ചു വരും!) എന്ന് വളരെ നിശിതമായ ചോദ്യം ചെയ്യലിൽ മദൻലാൽ പലപ്പോഴും ആവർത്തിച്ചു. പുണെയിലെയും ബോംബെയിലെയും പൊലീസുകാർക്ക് ‘ഹിന്ദു രാഷ്ട്ര’ത്തെയും ‘അഗ്രാനി’യെയും അവരുടെ ജീവനക്കാരെയും അവരുടെ പിറകിലുള്ള ആളുകളെയും കുറിച്ച് അറിയാമായിരുന്നു.
അതിശയകരമെന്നു പറയട്ടെ, പുണെ പൊലീസിനെ അറിയിക്കുകയോ അവരുടെ സഹായം ആവശ്യപ്പെടുകയോ ചെയ്തില്ല. പുണെ പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന് മദൻലാലിന്റെ മൊഴി നൽകുകയും അത് ബോംബെയിലേക്ക് തിടുക്കത്തിൽ കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ബോംബെയിലേക്ക് വിമാനത്തിലോ നേരിട്ടുള്ള വഴിയിലോ പോകുന്നതിനുപകരം വിശുദ്ധ ത്രിവേണി സംഗമത്തിൽ മരണാനന്തര ചടങ്ങുകൾ നടത്താനായി അലഹബാദ് വഴി ട്രെയിനിൽ യാത്ര ചെയ്യാൻ ആ ഉദ്യോഗസ്ഥൻ തീരുമാനിച്ചു. ഉദ്യോഗസ്ഥൻ ബോംബെയിൽ എത്തിയപ്പോഴേക്കും നാഥുറാം ഗോദ്സെയും നാരായൺ ആപ്തെയും വിഷ്ണു കർക്കറെയും അവിടെ നിന്ന് പുറപ്പെട്ട് ഡൽഹിയിലേക്ക് നീങ്ങുകയായിരുന്നു. സാവധാനമുള്ള യാത്രാ രീതിയെക്കുറിച്ച് പിന്നീട് ചോദ്യം ചെയ്തപ്പോൾ, വിമാനയാത്രയെ ഭയപ്പെട്ടിരുന്നതായി അസിസ്റ്റന്റ് കമീഷണർ മറുപടി നൽകി. അദ്ദേഹത്തിന്റെ വിശദീകരണം അംഗീകരിക്കപ്പെട്ടു.
അധിക സുരക്ഷയോ തന്റെ സന്ദർശകരെ പരിശോധിക്കാനോ അനുവദിക്കില്ലെന്ന ഗാന്ധിയുടെ തീരുമാനത്താൽ പൊലീസ് തടയപ്പെട്ടിരുന്നു. പക്ഷേ, പൊലീസ് ബോംബെ, പുണെ, അഹമ്മദ്നഗർ എന്നിവിടങ്ങളിൽ നിന്നുള്ള കോൺസ്റ്റബിൾമാരെയോ ഇൻസ്പെക്ടർമാരെയോ ബിർള ഹൗസിൽ വിന്യസിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് കൊലപാതക ഗൂഢാലോചനയുടെ വിജയത്തിലെ നിർണായക ഘടകങ്ങളിലൊന്ന്. ഗോദ്സെ, ആപ്തെ, കർക്കരെ എന്നിവർ അവരുടെ നാട്ടിലെ പൊലീസ് രേഖകളിലുണ്ട്. അതിനാൽ തിരിച്ചറിയാൻ ബിർള ഹൗസിലെ പൊലീസിന് കഴിയുമായിരുന്നു. കൊലപാതക ശേഷം പുണെയിലെ മുതിർന്ന കോൺഗ്രസ് അംഗം അണ്ണാ ഗാഡ്ഗിൽ ആണ് കൊലപാതകിയായ ഗോദ്സെയെ ആദ്യം തിരിച്ചറിഞ്ഞത്.
പരകാര്യങ്ങളിൽ ഇടപെടുന്ന വയോധികന്റെ ഇടപെടലുകളിൽ കേന്ദ്ര സർക്കാറും കുറഞ്ഞപക്ഷം മന്ത്രിസഭയിലെ ചില അംഗങ്ങളും മടുത്തിരുന്നു. അവർക്ക്, രക്തസാക്ഷിയായ ഒരു മഹാത്മാവിനൊപ്പം ജീവിക്കാൻ എളുപ്പമായിരിക്കും. ആഭ്യന്തര മന്ത്രി സർദാർ പട്ടേലിന് സമർപ്പിച്ച ഒരു രഹസ്യ റിപ്പോർട്ട് അനുസരിച്ച്, പൊലീസിലും പ്രതിരോധ സേനയിലും അക്കാലത്ത് നിരവധി ഉദ്യോഗസ്ഥർ ആർ.എസ്.എസിന്റെയും ഹിന്ദു മഹാസഭയുടെയും രഹസ്യ അംഗങ്ങളായിരുന്നു, കൂടാതെ അവർ ഹിന്ദു തീവ്രവാദ സംഘടനകളുടെ പ്രത്യയശാസ്ത്രത്തെ സജീവമായി പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു; അവർ ഇന്നും അത് തുടരുന്നു, ഇപ്പോൾ ഔദ്യോഗിക രക്ഷാകർതൃത്വത്തോടെ. സംഘാംഗങ്ങൾ ഈ തീവ്രവാദ സംഘടനകളുടെ മുന്നണി സേനാംഗങ്ങളും വ്യക്തിപരമായി വി.ഡി. സവർക്കറുമായി അടുപ്പമുള്ളവരുമായിരുന്നു. അവർക്കിടയിൽ ഒരു നിശ്ശബ്ദ സഹകരണം ഉണ്ടായിരുന്നോ?
അന്വേഷണം നടന്ന രീതിയും ഗാന്ധിജിയുടെ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കേണ്ട പൊലീസിന്റെ അപര്യാപ്തമായ സമീപനവും, വെളിപ്പെടുത്താൻ ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ മറയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ് അന്വേഷണം എന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കും. 1948 ജനുവരി 20 നും 30 നും ഇടയിൽ പൊലീസ് സ്വീകരിച്ച നടപടികൾ ഗാന്ധിയുടെ കൊലപാതകം തടയാൻ ശ്രമിക്കുന്നതിനേക്കാൾ കൊലപാതകികളുടെ സുഗമമായ പ്രയാണം ഉറപ്പാക്കാനായിരുന്നെന്ന് തോന്നിപ്പിക്കുന്നു.
Let's Kill Gandhi എന്ന പുസ്തകത്തിൽ നിന്ന്
മൊഴിമാറ്റം: ആർ.കെ. ബിജുരാജ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.