പാലാരിവട്ടത്തെ 'കമ്പിയില്ലാ പാലം' പൊളിക്കുന്നതിനു മുമ്പായി നടന്ന പൂജയെച്ചൊല്ലിയുണ്ടായ പുകിൽ ഒാർക്കുന്നില്ലേ? ഇടതുമതേതര സർക്കാറിെൻറ മതം പുറത്തുചാടിയേ എന്നായിരുന്നു സർവർക്കും പറയാനുണ്ടായിരുന്നത്. മതമില്ലാത്ത ജീവനില്ല എന്നതുപോലെതന്നെ മതമില്ലാത്തൊരു സർക്കാറുമില്ലെന്ന് ആർക്കാണറിയാത്തത്! അന്നു വാസ്തവത്തിൽ ചർച്ച ചെയ്യേണ്ടിയിരുന്നത് പൂജയുടെ മെറിറ്റിനെക്കുറിച്ചായിരുന്നു. കേവലമൊരു 'സംഹാരപൂജ'യായിരുന്നോ അതെന്ന് അപ്പോഴേ സംശയിച്ചവരുണ്ട്. വിഘ്നങ്ങളെല്ലാം മാറ്റി എട്ടു മാസത്തിനുള്ളിൽ മെട്രോമാൻ ഇ. ശ്രീധരെൻറ നേതൃത്വത്തിൽ കുലുക്കമില്ലാത്തൊരു പാലം സാധ്യമാകാനുള്ള മന്ത്രോച്ചാരണങ്ങളൊന്നും അവിടെ കേട്ടില്ല. പൊന്നിൻ ചിങ്ങ മാസത്തിൽ നടന്നത് ശരിക്കുമൊരു ശത്രുസംഹാരപൂജതന്നെയായിരുന്നു എന്ന് അടക്കംപറഞ്ഞവരുണ്ട്. അവരുടെ വാക്കുകൾ പുലർന്നിരിക്കുന്നു. കൃത്യം 52ാം നാളിൽതന്നെ ഫലവും കണ്ടു- പ്ധും... പാലം പണികഴിപ്പിച്ച ഇബ്രാഹിംകുഞ്ഞ് വീണിതല്ലോ കിടക്കുന്നു എന്ന പരുവമായി.
അല്ലെങ്കിലും തെരഞ്ഞെടുപ്പ് കാലമാകുേമ്പാൾ ചിലപ്പോഴൊക്കെ ശനിദശ വന്നുപെടാറുണ്ട് ലീഗിന്. 'കുന്ന് കുലുങ്ങിയാലും കുഞ്ഞാപ്പ കുലുങ്ങില്ല' എന്നതൊക്കെ കുറ്റിപ്പുറം പാലം കടക്കേ നിളയിൽ ഒലിച്ചുപോയി. 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല' എന്ന ധൈര്യവും പാലാരിവട്ടത്തെ പഞ്ചവടിപ്പാലത്തിലെ വിള്ളലുകളിൽ ഉൗർന്നുപോയി. വിജിലൻസ് ചെറുതായൊന്നു കുലുക്കിയപ്പോഴേക്കും യു.ഡി.എഫിൽ ഭൂമികുലുക്കം. കടപുഴകി വീണവരേക്കാൾ വീഴാനുള്ളവരാരെന്ന ജിജ്ഞാസയിലാണ് കേരളം.
'പഞ്ചവടിപ്പാല'ത്തിനു മീനച്ചിലാറ്റിൽ സെറ്റിട്ടപ്പോൾ ഷൂട്ടിങ് ഇടവേളകളിൽ നാട്ടുകാർക്ക് അസ്സൽ പാലമായി ഉപയോഗിക്കാനുള്ള ബലം അതിനുണ്ടായിരുന്നുവത്രേ. ക്ലൈമാക്സിൽ അത് പൊളിക്കാൻ കെ.ജി. ജോർജും സംഘവും ഒരുങ്ങിയപ്പോൾ നാട്ടുകാർ തടഞ്ഞെന്നും ഒടുവിൽ പ്രശ്നം പരിഹരിക്കാൻ സ്ഥലത്തെ രാഷ്ട്രീയക്കാർ ഇടപെട്ടുവെന്നുമാണ് കഥ. ആ പാലവും പാലാരിവട്ടം പാലവും തമ്മിൽ ആകെയുള്ള സാമ്യം പാലംപൊളി രാഷ്ട്രീയ വിഷയമായി പരിണമിച്ചു എന്നത്. ആവശ്യത്തിന് കമ്പിയും സിമൻറുമില്ലാത്ത പാലം നിർമിച്ചുവെന്നതു മാത്രമല്ല ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണം. പാലത്തിെൻറ രൂപരേഖ തയാറാക്കിയതു മുതൽ നിർമാണം വരെയുള്ള കാര്യങ്ങളിൽ ക്രമവിരുദ്ധമായി പ്രവർത്തിച്ചുവെന്നുകൂടിയാണ്. ഇൗ വകയിൽ സർക്കാറിന് 20 കോടിയുടെ നഷ്ടവും വരുത്തിവെച്ചു. കേസിൽ അഞ്ചാം പ്രതിയാണ്. ആദ്യ നാലുപേർ കുറച്ചു മുമ്പ് അറസ്റ്റിലായിട്ടുണ്ട്. നാലാം പ്രതി ടി.ഒ. സൂരജിെൻറ മൊഴിയിൽ കല്ലുകടി കണ്ടതോടെയാണ് ഇബ്രാഹിംകുഞ്ഞിനും കാരാഗൃഹയോഗം തെളിഞ്ഞത്. എന്നാൽ, വിജിലൻസ് വാറണ്ടുമായി വീട്ടിലെത്തിയപ്പോഴാണ് ആൾ ചികിത്സയിലാണെന്നറിയുന്നത്. രോഗം അൽപം സീരിയസാണെന്നും കേൾക്കുന്നു. അതിനാൽ, അറസ്റ്റ് വേഗത്തിലുള്ള തുടർപരിപാടികൾ ഉടനുണ്ടാവില്ല. അറസ്റ്റ് വന്ന വഴി നോക്കുേമ്പാൾ അതിെൻറ ആവശ്യവും തോന്നുന്നില്ല. സ്വർണക്കടത്ത്, സ്പ്രിൻഗ്ളർ, കിഫ്ബി അങ്ങനെ അവസാനത്തെ നൂൽബന്ധവും ഉൗർന്നുപോകുന്ന ഭരണകക്ഷിക്കും മുന്നണിക്കും തൽക്കാലം മറക്കാനുള്ളത് ഒത്തിട്ടുണ്ട്.
അതറിഞ്ഞുതന്നെയാണ് പിണറായി വിജയനും കൂട്ടർക്കുമെതിരെ കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും വെടി പൊട്ടിച്ചത്. സർക്കാറിനെതിരായ അഴിമതിക്കേസുകളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണെന്നു കുഞ്ഞാലിക്കുട്ടി. ആ നിരീക്ഷണത്തിൽ തെറ്റു പറയാനാകില്ല. 120 കോടിയിൽ പരം കൺസൽറ്റൻസിക്കായി മാത്രം ചെലവഴിച്ചൊരു സർക്കാറിന് ഇതൊക്കെ ക്ഷമിക്കാവുന്നതേയുള്ളൂ. എന്നിട്ടും കേസെടുത്ത് പിന്നാലെ കൂടുകയാണ്. ഇതിപ്പോൾ രണ്ടാമത്തെ അറസ്റ്റാണ് ലീഗിന്. സഭയിലേതുപോലെ അകത്തോ പുറത്തോ എന്നറിയാതെ മൂന്നാമതൊരാളെ വട്ടം കറക്കുന്നുമുണ്ട്. ചെന്നിത്തല അടക്കമുള്ള കോൺഗ്രസുകാരെയും പിണറായി കണ്ണുവെച്ചിട്ടുണ്ട്. സ്വന്തം മുന്നണിയിലുള്ള ചില എം.എൽ.എമാർ ഇതിനേക്കാൾ അപ്പുറമുള്ള വേണ്ടാതീനം കാണിച്ചിട്ടും കണ്ണടച്ചിരിക്കുേമ്പാഴാണ് കക്ഷത്തിലുള്ള വിജിലൻസിനെ വെച്ചുള്ള ഇൗ കളി. അതിനാൽ, രാഷ്ട്രീയമായി നേരിടാൻതന്നെയാണ് വലതുമുന്നണി തീരുമാനം.
ആ പോരാട്ടം വിജയിച്ചാലും 'കമ്പിയില്ലാ പാല'ത്തെക്കുറിച്ച് ജനങ്ങളോട് എന്തോ പറയേണ്ടിവരും. പണ്ട് സോളാർ കേസ് കത്തിനിൽക്കുന്ന കാലത്താണ് ഇബ്രാഹിംകുഞ്ഞ് ആ പ്രഖ്യാപനം നടത്തിയത്: 400 ദിവസത്തിനുള്ളിൽ 100 പാലങ്ങൾ പണികഴിപ്പിക്കുമെന്ന്. അതിലൊരു പാലമാണിത്. ഉമ്മൻ ചാണ്ടിയുടെ 'അതിവേഗ' സിദ്ധാന്തത്തിനനുസരിച്ചുള്ള ഒാട്ടപ്പാച്ചിലിനിടെ 'നിർമാണ ചേരുവ' വിട്ടുപോയി. 440 മീറ്റർ നീളമുള്ള പാലത്തിലെ 102 ഗർഡറുകളിൽ 97ലും കാര്യമായി സിമൻറ് പിടിച്ചിട്ടില്ല; കമ്പി ഘടിപ്പിച്ചിട്ടുമില്ല. ഇവയത്രയും പൊളിച്ചാൽ നല്ലൊരു കടൽഭിത്തി നിർമിക്കാമെന്നാണ് ശ്രീധരൻ പറയുന്നത്. ആ കടൽഭിത്തിയുടെ പേരിൽ വേണമെങ്കിൽ ഉമ്മൻ ചാണ്ടിക്കും ഇബ്രാഹിംകുഞ്ഞിനും അവകാശവാദമുന്നയിക്കാം.
2001 മുതൽ നിയമസഭയിലുണ്ട് കുഞ്ഞ്. ആദ്യ രണ്ടു തവണ മട്ടാഞ്ചേരിയുടെയും പിന്നീട് കളമശ്ശേരിയുടെയും ജനപ്രതിനിധി. അതിനുമുേമ്പ, അനന്തപുരിയിലെയും ഹജുർകച്ചേരിയിലെയും വഴികളറിയാമായിരുന്നു. 1980ൽ മട്ടാഞ്ചേരിയിൽനിന്ന് വിജയിച്ച് ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ.എം. ഹംസക്കുഞ്ഞിെൻറ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നു. അവിടുന്നങ്ങോട്ട് വെച്ചടി കയറ്റം. ആദ്യം പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടിയുടെ ചെയർമാൻ. മെല്ലെ പാർട്ടിയിലും ശക്തനായി. അതുവരെ ജില്ല കമ്മിറ്റിയിൽ ചോദ്യംചെയ്യപ്പെടാത്ത നേതാവായിരുന്ന അഹമ്മദ് കബീറിനെതിരെ ഒരു സംഘത്തെ വളർത്തി ജില്ല സെക്രട്ടറിയായി. 1996ൽ കബീർ മട്ടാഞ്ചേരിയിൽ തോറ്റു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കബീറിനു പകരം മത്സരിച്ച് വിജയിച്ചത് ഇബ്രാഹിംകുഞ്ഞായിരുന്നു. െഎസ്ക്രീം വിവാദത്തിൽപെട്ട് കുഞ്ഞാലിക്കുട്ടി രാജിവെച്ചപ്പോൾ ആ ടേമിൽ കുറച്ചുകാലം മന്ത്രിയുമായി. 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. രണ്ടു പതിറ്റാണ്ടോളം പാർട്ടിയുടെ എറണാകുളം ജില്ല സെക്രട്ടറി. കുസാറ്റിെൻറ സിൻഡിക്കേറ്റിൽ, അങ്കമാലിയിലെ ടെൽക്, ഉദ്യോഗമണ്ഡലിലെ ടി.സി.സി ഓഫിസേഴ്സ് ഫോറം, കേരള മിനറൽസ് ആൻഡ് മെറ്റൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ തുടങ്ങിയവയുടെ തലപ്പത്തൊക്കെ ഇരുന്നിട്ടുണ്ട്. ഇപ്പോൾ വയസ്സ് 68. എടയാറിലെ ബിനാനി സിങ്ക് എന്ന കമ്പനിയിലെ സാധാരണ തൊഴിലാളിയായി തുടങ്ങി എസ്.ടി.യുവിലൂടെ ആരംഭിച്ച രാഷ്ട്രീയ ജീവിതമിപ്പോൾ എത്തിനിൽക്കുന്നത് വിജിലൻസും സർക്കാറും തീർത്തൊരു പാലത്തിലാണ്. അതൊരു 'പാലാരിവട്ടം പാല'മായാൽ കാര്യങ്ങൾ അത്ര ശുഭകരമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.