ലോൺ ആപ്പുകൾ നൽകുന്ന വായ്പയെ തെമ്മാടി കടം നൽകൽ (rogue lending) എന്നാണ് വിശേഷിപ്പിക്കുന്നത്. വായ്പയെടുക്കാൻ സമൂഹമാധ്യമ സൈറ്റുകളിലൂടെയും ഫോൺ സന്ദേശങ്ങൾ വഴിയും നിരന്തരം പ്രലോഭിപ്പിക്കുന്നു. അപേക്ഷിച്ചയുടൻ പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. അന്ന് മുതൽ കടക്കാരനായി. ഒരു തവണ അടവ് മുടങ്ങുകയാണെങ്കിൽ തെമ്മാടി കടം നൽകൽ രീതിയനുസരിച്ച് നാൽപതു മുതൽ അമ്പതു ശതമാനം വരെയാണ് പലിശ
മൊബൈൽ ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലെ മികവുറ്റ ആപ്പുകളെ സാങ്കേതികാർഥത്തിൽ ‘‘കില്ലർ ആപ്ലിക്കേഷൻ’’ എന്നാണ് വിശേഷിപ്പിക്കാറ്. പലിശക്ക് ഉടൻ വായ്പ നൽകി മുടങ്ങുന്നവരുടെ ജീവിതം ഇടുക്കുക വഴി ആപ്പുകളിൽ പലതുമിന്ന് അക്ഷരാർഥത്തിൽ ‘കൊലയാളി ഉപകരണ’ങ്ങളായിരിക്കുന്നു. എന്തിനും വായ്പയെ ആശ്രയിക്കുന്ന ഒരു ഉപഭോഗ സാമ്പത്തിക സംസ്കാരത്തിന്റെ ഭാഗമായി പെട്ടെന്ന് പണം കിട്ടാവുന്ന സ്രോതസ്സുകളെ ആശ്രയിക്കുന്ന ശീലം വ്യാപകമാണ്.
തിരിച്ചടവിന്റെ സമയക്രമത്തെപ്പറ്റിയോ തിരിച്ചടവിൽ വീഴ്ച വന്നാൽ ഇരട്ടിക്കുന്ന പലിശയെക്കുറിച്ചോ വായ്പയെടുക്കുന്നവർ ആലോചിക്കുന്നതേയില്ല. വാസ്തവത്തിൽ, നവ ഉപഭോഗ സാമ്പത്തിക സംസ്കാരത്തിന്റെ ഇരകൾ കൂടിയാണ് കൊലയാളി ലോൺ ആപ്പുകളുടെ കെണിയിൽ കുരുങ്ങി ആത്മഹത്യ ചെയ്തവർ.
വാഹനങ്ങളും ആഡംബര ഗൃഹോപകരണങ്ങളും വാങ്ങാൻ മുതൽ തീർഥയാത്രക്ക് പണംകണ്ടെത്താൻ വരെ വട്ടിപ്പലിശക്കാരെ ആശ്രയിക്കുന്ന വായ്പ സംസ്കാരം കുറച്ചു മുമ്പേ തന്നെ നാട്ടിലുണ്ട്. വിവാഹങ്ങൾ ആർഭാടത്തിൽ നടത്താനും കൂടിയ പലിശക്ക് കടംവാങ്ങി തലവെച്ചുകൊടുക്കാൻ സാമൂഹിക അന്തസ്സ് എന്ന മിഥ്യാബോധംവെച്ച് പലരും തയാറാകുന്നു.
തിരിച്ചടവോ പലിശയോ മുടക്കുന്നവരെ ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും വട്ടിപ്പലിശക്കാർ ഗുണ്ടകളെ ഇറക്കുന്ന രീതി നാട്ടുനടപ്പായതോടെയാണ് ചെറുനഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ക്രിമിനൽ സംസ്കാരം വ്യാപകമായത്.
മുമ്പ്, കാർഷിക ഫ്യൂഡൽവ്യവസ്ഥയിൽ അധ്വാനിക്കുന്ന ജനവിഭാഗം അതിജീവനത്തിനായി കടമെടുക്കാൻ നിർബന്ധിതമാവുകയും അവരുടെ ഗതികേട് ചൂഷണം ചെയ്ത് തീറുവെച്ച സ്വത്തുവഹകൾ നാട്ടുപ്രമാണി സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ ശവംതീനിവ്യവസ്ഥയിൽ അടിയാളരുടെ നിരക്ഷരതയാണ് ചൂഷണം ചെയ്യപ്പെട്ടിരുന്നതെങ്കിൽ ധനനിരക്ഷരതയും ഉപഭോഗത്വരയുമാണ് വർത്തമാനകാല ചൂഷണത്തിനു വഴിയൊരുക്കുന്നത്.
കൈയിൽ പണമുണ്ടായിരിക്കെ തന്നെ താൽക്കാലികമായൊരു ആവശ്യനിർവഹണത്തിനായി വായ്പയെ ആശ്രയിക്കുന്ന ശീലവും ഇപ്പോഴുണ്ട്. ദൈനംദിന ജീവിതത്തിൽ അത്രതന്നെ അത്യാവശ്യമുള്ളതല്ലെങ്കിലും വിപണിയിലോ അല്ലെങ്കിൽ ഓൺലൈനിലോ കണ്ട ഒരു സാധനം വാങ്ങണമെന്നിരിക്കട്ടെ, കുറച്ചുദിവസത്തെ പണം ചെലവാക്കാനുള്ള മടിക്ക് ചെറുകിട വായ്പകൾ നൽകുന്ന ലോൺ ആപ്പുകളെ ആശ്രയിക്കുന്നു.
ഡിജിറ്റൽ പണമിടപാടിൽ ഇത്തരം അനവധി ആപ്പുകൾ പണം നൽകാൻ തയാറായി നിൽപ്പുണ്ടാവും. ലോൺ വഴി താൽക്കാലികമായ പണത്തിന്റെ ആവശ്യം പരിഹരിക്കപ്പെടുമെങ്കിലും അവിടം മുതൽ കാര്യങ്ങൾ സങ്കീർണമാകാനും തുടങ്ങുന്നു.
തിരിച്ചടവ് തീയതിക്ക് മുമ്പ് ലഭിക്കാനിരിക്കുന്ന വരുമാനത്തിൽനിന്ന് തുച്ഛമായ തുക മാത്രം നീക്കിവെച്ചാൽ മതി എന്നതിനാൽ വായ്പയെടുക്കുന്നത് പ്രശ്നമല്ലെന്ന വിചാരമുദിക്കുന്നു. സമയബന്ധിതമായി അടച്ചുതീർത്താൽ ചുരുങ്ങിയ പലിശ മാത്രമെ വരികയുള്ളൂ, ചിലപ്പോൾ പലിശ തന്നെയുണ്ടാകില്ല; ഇത് വായ്പ സ്വീകരിക്കാൻ പ്രലോഭനമാകുന്നു.
ലോൺ ആപ്പുകൾ നൽകുന്ന വായ്പയെ തെമ്മാടി കടം നൽകൽ (rogue lending) എന്നാണ് വിശേഷിപ്പിക്കുന്നത്. വായ്പയെടുക്കാൻ സമൂഹമാധ്യമ സൈറ്റുകളിലൂടെയും ഫോൺ സന്ദേശങ്ങൾ വഴിയും നിരന്തരം പ്രലോഭിപ്പിക്കുന്നു. അപേക്ഷിച്ചയുടൻ പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടും.
അന്ന് മുതൽ കടക്കാരനായി. ഒരു തവണ അടവ് മുടങ്ങുകയാണെങ്കിൽ തെമ്മാടി കടം നൽകൽ രീതിയനുസരിച്ച് നാൽപതു മുതൽ അമ്പതു ശതമാനം വരെയാണ് പലിശ. ആദ്യ തവണ അടവ് മുടക്കത്തിനുള്ള പലിശ കണ്ട് അന്ധാളിക്കുന്നതിനു തൊട്ടുപിന്നാലെ അൽപം കർക്കശ സ്വരത്തിൽ വായ്പ തിരിച്ചടക്കാനുള്ള അടുത്ത തീയതിയുടെ അറിയിപ്പ് വരും. ഈ സമയമാകുമ്പോഴേക്കും മറ്റാവശ്യങ്ങൾ വരുന്നതോടെ പണമടപ്പ് വീണ്ടും വൈകും. കൂട്ടുപലിശ പിന്നെയും വർധിക്കും.
പലിശ അടച്ചുതീർത്താലും മുതലടച്ചു തീർക്കാൻ പറ്റാതെവരും. ഇതോടെ കടക്കെണിയിൽ സ്ഥിരമായി അകപ്പെടുകയായി. തിരിച്ചടവ് മുടങ്ങുന്നതോടെയാണ് വലിയ പലിശ നിരക്കുകളും കൊള്ള വ്യവസ്ഥകളും ആപ്പുകൾ വെളിപ്പെടുത്തുക. അതിനുള്ള മുൻകൂർ സമ്മതം ലിങ്ക് ക്ലിക്ക് ചെയ്യുക വഴിയോ അല്ലെങ്കിൽ മറ്റ് ഉപായങ്ങളിലൂടെയോ നൽകിക്കഴിഞ്ഞിട്ടുണ്ടാകും.
രേഖകളൊന്നും സമർപ്പിക്കാതെയാണ് ലോൺ ആപ്പുകളിൽനിന്ന് കടം ലഭിക്കുന്നത് എന്നത് മിഥ്യാ ധാരണയാണ്. വ്യവസ്ഥാപിത രേഖകൾ സമർപ്പിക്കാത്തതിനു പകരമായി ഒരു വ്യക്തിയുടെ ഏറ്റവും വിലപ്പെട്ട സ്വകാര്യതയിലേക്കുള്ള പ്രവേശനമാണ് നൽകേണ്ടിവരുന്നത്.
വായ്പ ലഭിക്കാനായി ഇ-മെയിൽ അക്കൗണ്ടിലേക്കും മൊബൈൽ ഫോണിലേക്കും പ്രവേശനം നൽകപ്പെടുന്നു. സ്വകാര്യ ചിത്രങ്ങൾ, വ്യക്തിഗതമായ വിവരങ്ങൾ എന്നിവയെല്ലാം ഈ ലോൺ ആപ്പുകൾ കരസ്ഥമാക്കുന്നു. അതുകൊണ്ടും തീർന്നില്ല. ഒരു വ്യക്തിയുടെ കുടുംബാംഗങ്ങളുടെ വിവരങ്ങളും ചോർത്തപ്പെടുന്നു.
എല്ലാവിധ സർവൈലൻസിനും ഇതോടെ കടം വാങ്ങിയ വ്യക്തി വിധേയമാക്കപ്പെടുന്നു. ഫോണിൽനിന്ന് ചോർത്തുന്ന ഓരോ വ്യക്തിഗതമായ വിവരങ്ങളും ലോൺ അടവ് തെറ്റുന്നതോടെ പ്രയോഗിക്കുന്നു. കടം വാങ്ങിയ വ്യക്തിയെ നാണം കെടുത്തുക(Debt Shaming) എന്ന തെമ്മാടിത്തമാണ് ആദ്യം കൊലയാളി ആപ്പുകൾ സ്വീകരിക്കുന്ന നടപടി.
വ്യക്തിഗത വിവരങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് കടം വാങ്ങിയ വ്യക്തിയുടെ ബന്ധുക്കളെയും സഹപ്രവർത്തകരെയും അറിയിക്കുന്നു. ഇതിനായി ഏറ്റവും ക്രൂരമായ വിധത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്തുവരെ പ്രചരിപ്പിക്കുന്നു. മറ്റൊരു നിർവാഹവുമില്ലാത്ത സാഹചര്യത്തിൽ കൊള്ളപ്പലിശ നൽകി കടം വീട്ടാൻ നിർബന്ധിതമാകുന്നു.
3000 രൂപ കടം വാങ്ങിയ ആൾ രണ്ടു തിരിച്ചടവ് മുടങ്ങിയാൽ 30,000 രൂപ വരെ അടക്കേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ടും മാനഹാനിയും മാനസിക സമ്മർദവും താങ്ങാനാകാതെ ജീവിതം വഴിമുട്ടുന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുന്നത്. കടം വാങ്ങിയ വ്യക്തിയുടെ ജീവൻ നഷ്ടപ്പെട്ടാലും വേണ്ടില്ല പലിശ സഹിതം പണം ലഭിച്ചാൽ മതിയെന്നാണ് കൊലയാളി ആപ്പുകാരുടെ ചിന്ത.
ഈ ആപ്പുകളിൽ പലതും സോഷ്യൽ മീഡിയ സൈറ്റുകളും ഗൂഗ്ൾ തുടങ്ങിയ ആപ്പുകളും വഴിയാണ് പരസ്യം ചെയ്യുന്നത്. ആൻഡ്രോയ്ഡ് ഫോണുകളിലെ ഗൂഗ്ൾ േപ്ല സ്റ്റോർ മുഖേനയാണ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത്. ആപ്പുകളുടെ നിലവാരവും അംഗീകാരവും മുൻകൂറായി പരിശോധിച്ച് ഉറപ്പുവരുത്താനുള്ള ബാധ്യത ഗൂഗ്ളിനുണ്ട്.
സാമ്പത്തിക ഇടപാട് നടത്തുന്ന ആപ്പുകളുടെ കാര്യത്തിൽ നാട്ടിലെ നിലവിലെ നിയമമനുസരിച്ചുള്ള രജിസ്ട്രേഷനും ആർ. ബി.ഐ വ്യവസ്ഥകളും പാലിക്കുന്നുണ്ടോ എന്ന പരിശോധന നടത്താതെ േപ്ലസ്റ്റോറിൽ ഇടം നൽകുന്നത് നിയമലംഘനമാണ്.
കൊലയാളി ആപ്പുകളുടെ അനാശാസ്യപ്രവർത്തനത്തിൽനിന്ന് കൈകഴുകി മാറിനിൽക്കാൻ ഇക്കാരണത്താൽതന്നെ ടെക്നോളജി കമ്പനികൾക്ക് സാധ്യമല്ല. ഈ ആപ്പുകൾ ചൈനീസ് സെർവറുകളിലാണ് പ്രവർത്തിക്കുന്നത്. പല ആപ്പുകളുടെയും ഉടമസ്ഥത ചൈനീസ് പൗരന്മാർക്കാണെന്നു തെളിഞ്ഞിട്ടുണ്ട്. ചൈനീസ് ആപ്പുകൾ ഡേറ്റ കൊള്ളയും നടത്തുകയാണ്.
സാമ്പത്തികമായി ദുർബലരായ ഒരു വിഭാഗത്തെ ഏതു നിലയിലും ഏറ്റവും ഹീനമായ വിധത്തിൽ ചൂഷണം ചെയ്യുക എന്നത് ഉപഭോഗ മുതലാളിത്തത്തിന്റെ സ്വാഭാവിക സമ്പ്രദായമായി മാറിയിരിക്കുന്നു. രാഷ്ട്രീയ വർഗത്തിന്റെ ഇടപെടലും പരോക്ഷവും പ്രത്യക്ഷവുമായ പിന്തുണയുമില്ലാതെ ക്രിമിനൽ സംരംഭകത്വവ്യവസ്ഥ നിലനിൽക്കില്ല.
സയാക് വലൻസിയുടെ ‘‘ഗോർ കാപിറ്റലിസം’’ - ഹിംസാത്മകവും പൈശാചികവുമായ മുതലാളിത്തം- എന്ന പ്രബന്ധത്തിൽ ഉപഭോഗ മുതലാളിത്തത്തിന്റെ ക്രൂരമായ വർത്തമാന സ്വഭാവത്തെ വിശകലനം ചെയ്യുന്നു. പുതിയ അത്യോപഭോഗ മുതലാളിത്തത്തിന്റെ സമ്പ്രദായങ്ങൾ പുതിയ ധന പ്രതിഭാസങ്ങളെ (financial phenomena) സൃഷ്ടിക്കുന്നുവെന്നാണ് സയാക് വലൻസി നിരീക്ഷിക്കുന്നത്.
അക്രമവും ക്രിമിനൽ പ്രവർത്തനങ്ങളും ഇനി ധാർമികമായി നിന്ദ്യവും നീചവുമായ പാതയായി കാണുന്നില്ല, മറിച്ച് സ്വാഭാവിക തന്ത്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. വാണിജ്യ വസ്തുക്കളും സാമൂഹികപദവിയും വാങ്ങാൻ വ്യക്തികളെ അനുവദിക്കുന്ന പണം എങ്ങനെയും സമ്പാദിക്കാനുള്ള ഒരു ഉപകരണമായി അക്രമവും ഹിംസയും മനസ്സിലാക്കപ്പെടുന്നു.
ഉപഭോക്തൃ പ്രവർത്തനത്തിന്റെ ഈ യുക്തിയെ അഭിമുഖീകരിക്കാനോ ഇല്ലാതാക്കാനോ കഴിയാതെ ഇതെല്ലാം പുത്തൻ ധനസമ്പാദന സംസ്കാരത്തിലേക്ക് സംയോജിപ്പിക്കാനാണ് വഴിയൊരുക്കപ്പെടുന്നത്. ശരീരത്തെ ഇതിനായി ആക്രമിക്കാമെന്ന വ്യവസ്ഥപോലും സ്വാഭാവികവത്കരിക്കപ്പെടുന്നു.
ലോൺ ആപ്പുകൾ നടത്തുന്ന സർവൈലൻസ് ഒട്ടും അസ്വാഭാവികമായി അനുഭവപ്പെടാത്തതും ഇതിനാലാണ്. തീവ്രമായ അക്രമം, കൊലപാതകം, ശവഭോഗതൃഷ്ണ (കടമെടുത്തയാൾ മരണപ്പെട്ടു എന്നറിഞ്ഞിട്ടും കൂടുതൽ ക്രൂരമായി ഇതിനോട് പ്രതികരിക്കുക) ഉഗ്രവും ന്യായരഹിതവുമായ മുതലാളിത്തത്തിന്റെ ഒരു പുതിയ രൂപമായി മാറിയിരിക്കുകയാണ്.
വികസിത മുതലാളിത്ത രാജ്യമായി -സിംഗപ്പൂരായി- മാറാനും മുതലാളിത്ത സന്തുഷ്ടത ഏറ്റവും പ്രലോഭനീയമായ അനുഭവമായി കാണാനും പൗരസഞ്ചയത്തെ പ്രേരിപ്പിക്കുന്ന നൈതിക ശൂന്യവും ധിഷണാദരിദ്രവുമായ രാഷ്ട്രീയ മേലാളവർഗത്തിന്റെ ആശയങ്ങളും അഭിലാഷങ്ങളും പ്രമാണങ്ങളും ഈ രീതിയിലേക്ക് പരിണമിച്ചിരിക്കെ ഇത്തരത്തിലുള്ള ഭൂതബാധിത മുതലാളിത്തം (spectral capitalism) മനുഷ്യരെ കൊന്നുതിന്നാൻ വെമ്പൽ കൂട്ടുന്നതിൽ എന്താണ് അത്ഭുതപ്പെടാനുള്ളത്? കൊലയാളി ആപ് എന്നത് ഒരു സാമൂഹിക സ്ഥിതിയായിതന്നെ രൂപാന്തരപ്പെട്ടിരിക്കുകയാണെന്നതാണ് ആകുലപ്പെടുത്തുന്ന യാഥാർഥ്യം.
damodar.prasad@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.