ആഗസ്റ്റ് എട്ടിന്, ക്വിറ്റിന്ത്യ ദിനത്തിെൻറ 79ാം വാർഷികനാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി ഉൾപ്പെടെ ക്വിറ്റിന്ത്യ മുന്നേറ്റപോരാളികൾക്ക് ആദരവുകളർപ്പിച്ചു. ക്വിറ്റിന്ത്യ പ്രസ്ഥാനത്തിെൻറ ആവേശം ഇന്ത്യ ഒട്ടുക്കും മാറ്റൊലി കൊള്ളുകയാണെന്നും രാജ്യത്തെ യുവജനങ്ങളിൽ അത് ഊർജം നിറക്കുന്നുവെന്നുമെല്ലാം തെൻറ തനത് വാചാടോപത്തിൽ അദ്ദേഹം പറഞ്ഞുവെച്ചു.
ഇതേ സമയംതന്നെ പാർലമെൻറിൽനിന്ന് കാൽനടദൂരം മാത്രമകലത്തിലെ സമരവേദിയായ ജന്തർ മന്തറിൽ മറ്റൊരു ഒത്തുചേരൽ നടക്കുന്നുണ്ടായിരുന്നു. പകൽവെളിച്ചത്തിൽ, ഭയാശങ്കകളേതുമില്ലാതെ ഒരുസംഘം അവിടെ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി. മുസ്ലിംകളെ വെട്ടിയിട്ടാൽ റാം... റാം... എന്നവർ അലമുറയിടുമെന്നും ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ജയ്ശ്രീറാം വിളിക്കണമെന്നുമൊക്കെയായിരുന്നു സാരാംശം.
വിദ്വേഷ ഭാഷണത്തിെൻറ ഏത് അളവുകോലുവെച്ച് നോക്കിയാലും ആ കേട്ടത് അറപ്പിക്കുന്ന വാക്കുകളായിരുന്നു. വംശഹത്യക്കായുള്ള ഈ വിളിച്ചുകൂവൽ മുഴങ്ങിയത് ഇന്ത്യൻ ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകൾക്ക് വിളിപ്പാടകലെ നിന്നായിരുന്നു.
'യുനൈറ്റ് ഇന്ത്യ മൂവ്മെൻറ്' എന്നപേരിൽ ജന്തർ മന്തറിൽ ഈ കൂട്ടായ്മ സംഘടിപ്പിച്ചത് ഡൽഹിയിലെ മുൻ ബി.ജെ.പി വക്താവും സുപ്രീംകോടതിയിലെ അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ്. വിദ്വേഷ പ്രസംഗകർക്ക് ഉറച്ചവിശ്വാസമുണ്ടായിരുന്നു നിയമവും അധികാരവുമെല്ലാം അവർക്കൊപ്പമാണെന്ന്. വഴിപാടെന്നപോലെ ചില അറസ്റ്റുകൾ നടന്നിട്ടുണ്ട്. പക്ഷേ, സമീപകാല അനുഭവങ്ങൾ വെച്ചുനോക്കിയാൽ ഒട്ടും താമസമില്ലാതെ അവരെല്ലാം പുറത്തിറങ്ങും.
5000 പേർ ഒത്തുചേർന്ന പരിപാടിയിൽ ഏതാനും ചിലർ അത്തരം മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിൽ അതുമായി ബന്ധമില്ല എന്ന വിശദീകരണമിറക്കിയിട്ടുണ്ട് 'യുനൈറ്റ് ഇന്ത്യ മൂവ്മെൻറ്.'@ashwiniBJP എന്ന ട്വിറ്റർ വിലാസം അശ്വിനി ഉപാധ്യായയുടേത് തന്നെയാണെങ്കിൽ ആ മുദ്രാവാക്യങ്ങൾ ഉയർന്നത് തങ്ങളുടെ ഉള്ളിൽനിന്ന് തന്നെയല്ലെന്ന് തെളിയിക്കാൻ ഭരണപാർട്ടിക്ക് ലേശം കഷ്ടപ്പെടേണ്ടിവരും.
നാഷനൽ ദസ്തക് എന്ന യുട്യൂബ് ചാനലിലെ മാധ്യമപ്രവർത്തകനായ അൻമോൽ പ്രിതമിനെ ബലാൽക്കാരമായി ജയ് ശ്രീറാം വിളിപ്പിക്കാനും ഈ വിദ്വേഷക്കാർ ഒരുെമ്പട്ടു. ആൾക്കൂട്ടത്തിനുമുന്നിൽ പതറാതെനിന്ന ആ മാധ്യമപ്രവർത്തകന് കൊടുക്കണമൊരു കൈയടി. സംഭവശേഷം അദ്ദേഹമെഴുതി: 'വെറിയന്മാർക്ക് മുന്നിൽ പണ്ട് കുമ്പിട്ടിട്ടില്ല, മേലിലും അതിനെന്നെക്കിട്ടില്ല' എന്ന്.
2020 ഫെബ്രുവരിയിൽ നടന്ന വംശീയ അതിക്രമത്തിൽ മുറിവേറ്റ നഗരത്തിലാണ് മുസ്ലിംകളെ 'ശരിയാക്കിക്കളയണ'മെന്ന ആഹ്വാനം വീണ്ടും മുഴങ്ങുന്നത്. നേരത്തേ പൗരത്വസമരവും ഡൽഹി നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്ന വേളയിൽ മുസ്ലിംകളെ ഉന്നംവെച്ച്, ദേശദ്രോഹികളെ വെടിവെച്ചുകൊല്ലുക എന്ന മുദ്രാവാക്യം മുഴക്കാറുണ്ടായിരുന്നു ചില ബി.ജെ.പി നേതാക്കൾ. ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട ദുരൂഹമായ കേസുകളുടെ പേരിൽ നിരവധി മുസ്ലിം ചെറുപ്പക്കാർ തടവറയിലടക്കപ്പെട്ടപ്പോഴും ഈ വിദ്വേഷവെറിയന്മാർക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. ചിലർക്കത് രാഷ്ട്രീയമായി കൂടുതൽ സ്വീകാര്യതയും നേടിക്കൊടുത്തു. രണ്ട് ബി.ജെ.പി നേതാക്കൾക്കെതിരെ എഫ്.ഐ.ആറിന് ഉത്തരവിട്ട ജഡ്ജിയെ ഡൽഹി ഹൈകോടതിയിൽനിന്ന് സ്ഥലംമാറ്റി. എഫ്.ഐ.ആർ ഈ നിമിഷം വരെ നൽകിയിട്ടുമില്ല.
രാജ്യതലസ്ഥാനത്ത് 2020ൽ നടന്ന അതിക്രമത്തിനിടെ 14 മസ്ജിദുകളിലാണ് കൊള്ളയും കൊള്ളിവെപ്പും നടന്നത്. കൊലപാതകം, കൊള്ള, നശീകരണം എന്നിവയേക്കാളേറെ വിശ്വാസത്തിനുനേരെ നടന്ന അതിക്രമമായാണ് മുസ്ലിംകൾ അതിനെ കാണുന്നത്.
അതുകൊണ്ടുതന്നെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ നല്ല ഭയപ്പാടുണ്ട്. നഗരത്തിെൻറ വടക്കുകിഴക്കൻ മേഖലയിലെ മുസ്തഫാബാദിൽ വീടും വർക്ഷോപ്പുമെല്ലാം തീവെക്കപ്പെട്ട ഒരു കലാപ ഇര എന്നെ വിളിച്ചു. അയാൾ ജീവിതം വീണ്ടെടുക്കാൻ ശ്രമിച്ചുവരുന്നതേയുള്ളൂ. അതിനിടയിൽ ജന്തർ മന്തർ പരിപാടിയുടെ വിഡിയോകൾ വാട്സ്ആപ്പിൽ കണ്ടിട്ടാണ് വിളിക്കുന്നത്- ഞങ്ങൾ എല്ലാം പെറുക്കിക്കെട്ടി ഇനിയും നാടുവിട്ട് പോകേണ്ടിവരുമോ? എന്നിട്ട് എങ്ങോട്ടാണ് പോകാൻ പോകുന്നത് ഉത്തർപ്രദേശിലേക്കോ? -ഞാൻ ചോദിച്ചു.
ഖുതുബ് മിനാറിൽനിന്ന് ഏറെ അകലെയല്ലാതെ ഞാൻ താമസിക്കുന്നതിനടുത്തുള്ള ചില മദ്റസകളിൽ ലോക്ഡൗണിന് ശേഷം കുട്ടികൾ കുറച്ചുകുറച്ചായി തിരിച്ചുവന്ന് പഠനം തുടങ്ങിയിട്ടുണ്ട്. പ്രഭാതനടത്തത്തിനിടെ കണ്ട അവിടത്തെ ജീവനക്കാരിലൊരാൾ ഈ വിഡിയോ പ്രത്യക്ഷപ്പെട്ടശേഷം ചോദിച്ചു -ഞങ്ങൾ കുട്ടികളെ തിരിച്ചയക്കണോ? അത്തരം സ്ഥാപനങ്ങളിലെ കുട്ടികളിൽ ഭൂരിഭാഗവും അനാഥകളോ നിർധന ചുറ്റുപാടുകളിൽനിന്നുള്ളവരോ ആണ്. അവർക്ക് തൃപ്തികരമായ നല്ല വിദ്യാഭ്യാസമൊന്നും കിട്ടുന്നുണ്ടാവില്ല. പക്ഷേ, അവർ കുഞ്ഞുങ്ങളാണ്. എനിക്കദ്ദേഹത്തോട് പറയാൻ മറുപടിയില്ലായിരുന്നു -സൂക്ഷിച്ചാൽ മതിയെന്ന് പറഞ്ഞു ഞാൻ.
സ്വാതന്ത്ര്യദിനം പടിവാതിൽക്കൽ നിൽക്കെ ഇതെല്ലാം കണ്ട് വല്ലാത്ത ലജ്ജതോന്നുന്നുണ്ടെനിക്ക്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ അടിയുറച്ചുനിന്ന, ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് അഭിമാനം പൂണ്ട എെൻറ ഗ്രാൻറ് പാരൻറ്സ് ഇത്തരം വൃത്തികെട്ട കാഴ്കളൊക്കെ മറനീക്കി വരും മുെമ്പ മൺമറഞ്ഞുപോയല്ലോ എന്നോർത്ത് ആശ്വാസം തോന്നി.എന്തൊക്കെ വിദ്വേഷവും ഭീഷണിയും എഫ്.ഐ.ആറുമൊക്കെ എനിക്കെതിരെ വന്നാലും എെൻറ കാര്യമോർത്ത് എനിക്ക് പേടിയില്ല. പക്ഷേ, ഉന്മത്തരായ വിദ്വേഷക്കൂട്ടങ്ങളുടെ മുന്നിൽപെടുന്ന ദുർബലരായ മനുഷ്യരെയോർത്ത് ശരിക്കും വിഷമമുണ്ടെനിക്ക്.
(മുതിർന്ന മാധ്യമപ്രവർത്തകയും ഗ്രന്ഥരചയിതാവുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.