നാം ജീവിക്കുന്ന ലോകത്തെ കരുതലിന്റെയും തിരുത്തലിന്റെയും ഏറ്റവും ശ്രദ്ധേയ സ്വരമാണ് പ്രഫ. നോം ചോംസ്കിയുടെത്. വർഗീയ അതിക്രമങ്ങൾക്കെതിരെ അമേരിക്കയിലെ 13 പ്രവാസി, പൗരാവകാശ കൂട്ടായ്മകൾ ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ പ്രഫ. ചോംസ്കി നടത്തിയ വിഡിയോ പ്രഭാഷണത്തിൽനിന്ന്. ഇന്ത്യ എത്തിപ്പെട്ട ദുരവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ അദ്ദേഹം കേരളത്തിന്റെ ചെറുത്ത്നിൽപ്പിനെക്കുറിച്ചും പരാമർശിക്കുന്നു
ഇസ്ലാംഭീതിയുടെ രോഗലക്ഷണം പടിഞ്ഞാറൻ രാജ്യങ്ങളിലെമ്പാടും വളരുകയാണ്. മതേതര ജനാധിപത്യത്തെ പടിപടിയായി അട്ടിമറിച്ച് മോദി സർക്കാർ ഒരു ഹിന്ദു വംശീയാധിപത്യ രാഷ്ട്രമാക്കിക്കൊണ്ടിരിക്കുന്ന, 250 ദശലക്ഷം വരുന്ന മുസ്ലിംകൾ പീഡിത ന്യൂനപക്ഷമായിരിക്കുന്ന ഇന്ത്യയിലാവട്ടെ അതേറ്റം അപകടകരമായ രൂപത്തിലാണ്. സ്വതന്ത്ര ചിന്തക്കെതിരായും വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാനപരമായി മുസ്ലിംകൾക്കെതിരായുമെല്ലാം ഈ കടന്നാക്രമണം മറ്റു രീതികളിലുമുണ്ടായിരുന്നു, എന്നാലിപ്പോൾ സകല അതിരുകളും ഉല്ലംഘിച്ച് വ്യാപിച്ചിരിക്കുന്നു.
ജമ്മു കശ്മീരിന് നേരെ കാലങ്ങളായി നടന്നുവരുന്ന അതിക്രമങ്ങൾ മോദിയുടെ വലതുപക്ഷ ദേശീയതാ ഭരണകൂടത്തിന് കീഴിൽ കുത്തനെ വർധിച്ചിരിക്കുന്നു. ജമ്മു കശ്മീർ ഇന്ന് പല രീതിയിലും അധിനിവിഷ്ട ഫലസ്തീനോട് സമാനതകളുള്ള കടുത്ത സൈനിക നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഒരു പ്രദേശമായിരിക്കുന്നു. എന്നിരിക്കിലും സമസ്ത മേഖലയിലും ധീരമായ ചെറുത്തുനിൽപ് പുലർത്തുന്ന കേരളം പോലെ ചില തിളക്കമുള്ള പൊട്ടുകളുമുണ്ട്. എന്നാൽ, വില്യം പോക്ക് വാചാലമായി വിശദീകരിച്ച ആയിരമാണ്ട് യുദ്ധം പൂർണശക്തിയിൽ തുടരുകയാണ്.
വിശിഷ്യാ തെക്കനേഷ്യയിലെ അവസ്ഥ വേദനാജനകമാണ്. പാകിസ്താനിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾകൊണ്ട് മാത്രമല്ല, അവിടെ നടക്കാത്ത കാര്യങ്ങൾകൂടിയാണ് അതിന് കാരണം.
പരിസ്ഥിതി നശീകരണത്തിന്റെ സമകാലിക പ്രവണത തുടർന്നുപോയാൽ തെക്കനേഷ്യയുടെ വലിയ ഒരു ഭാഗവും അക്ഷരാർഥത്തിൽ വാസയോഗ്യമല്ലാതാവും എന്നത് ഒരു രഹസ്യമേയല്ല. ഭയാനകമായ സർവനാശം ചെറുക്കാൻ സുസാധ്യമായ നടപടികളുണ്ട്. അവയൊന്നും നടപ്പാക്കുന്നില്ലെന്ന് മാത്രമല്ല, നയപരിപാടികളെല്ലാം കടുത്ത അടിച്ചമർത്തലുകളിലേക്കും സർവകാല യുദ്ധങ്ങളിലേക്കും നയിക്കുന്നവയാണ്. തീർച്ചയായും ഈ കുറ്റകൃത്യങ്ങളൊന്നും തെക്കനേഷ്യയിൽമാത്രം പരിമിതപ്പെടുന്നവയല്ല.
അപരാധത്തിന്റെ വലിയ ഭാരം പടിഞ്ഞാറൻ സമ്പന്ന രാജ്യങ്ങളുടെമേൽ തന്നെയാണ്. എന്നാൽ, ഈ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിൽ ഒരു പങ്കുമില്ലാത്ത ആഗോള സമൂഹമാണ് അതിന്റെ ഏറ്റവും ദാരുണമായ ഇരകൾ. എങ്കിലും പ്രതീക്ഷകളുണ്ട്, അവസരങ്ങളുമുണ്ട്- അവ അധികകാലത്തേക്ക് അവശേഷിക്കില്ലെന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.