മോശം പരാമർശം നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ലേഖനമെഴുതിയതിെൻറ പേരിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനോട് വിശദീകരണം തേടിയിരിക്കുകയാണ് രാജ്യസഭാ സെക്രട്ടേറിയറ്റ്. ഇന്ത്യയുടെ ജനാധിപത്യസങ്കൽപങ്ങളെതന്നെ നടുക്കുന്ന ഈ നടപടിയുടെ പശ്ചാത്തലത്തിൽ ജോൺ ബ്രിട്ടാസ് മാധ്യമവുമായി സംസാരിച്ചു. അഭിമുഖത്തിെൻറ പ്രസക്ത ഭാഗങ്ങൾ
കേരളത്തെയെന്നല്ല, ഇന്ത്യയിലെ ഏതെങ്കിലുമൊരു പ്രദേശത്തെക്കുറിച്ച് ആരെങ്കിലും സത്യവിരുദ്ധ പരാമർശം നടത്തിയാൽ അത് തെറ്റാണ് എന്ന് ചൂണ്ടിക്കാണിക്കുന്നതും എതിർക്കുന്നതും നമ്മുടെ അവകാശവും അധികാരവുമല്ലേ, അത് വിനിയോഗിച്ചതിന് താങ്കൾക്കെതിരെ രാജ്യസഭ സെക്രട്ടേറിയറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി അറിയുന്നു- എങ്ങനെ വിലയിരുത്തുന്നു ഈ സാഹചര്യത്തെ?
‘‘ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ’’ എന്ന് പഠിച്ചും പാടിയും പ്രാവർത്തികമാക്കിയും വളർന്നവരാണ് നമ്മൾ. കേരളത്തിനെതിരെ ഭരണകക്ഷിയുടെ പ്രബല നേതാവ് തികച്ചും തെറ്റായ, അസത്യവും അസംബന്ധവും അതിലുപരി വിദ്വേഷവും നിറഞ്ഞ ഒരു പ്രസ്താവന നടത്തി, അത് ശരിയല്ലെന്ന് തറപ്പിച്ചു പറഞ്ഞ് രാജ്യത്തെ മുൻനിര പത്രങ്ങളിലൊന്നായ ഇന്ത്യൻ എക്സ്പ്രസിെൻറ ഓപൺ എഡ് പേജിൽ ഞാൻ ലേഖനമെഴുതി. ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരജനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന അവകാശമാണ് ഞാൻ ഉപയോഗപ്പെടുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യം എന്നത് നാം ഓരോരുത്തരുടെയും മൗലികാവകാശമാണ്.
അതിനെതിരെ ഭരണകക്ഷിയുടെ ഒരു സംസ്ഥാന ഭാരവാഹി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭ അധ്യക്ഷൻ എന്നോട് വിശദീകരണം തേടിയത്. ഇത് തീർത്തും അവിശ്വസനീയ നടപടിയാണ്. അക്ഷരാർഥത്തിൽ ഞാൻ അന്ധാളിച്ചു പോയി. സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഭരണകക്ഷിക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പ്രകടിപ്പിച്ചതിെൻറ പേരിൽ ഒരു പാർലമെൻറംഗത്തിനെതിരെ, അതുമല്ലെങ്കിൽ പൗരജനങ്ങൾക്കെതിരെ ഇതുപോലൊരു നടപടി സ്വീകരിച്ചിട്ടുണ്ടാവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ലൈംഗിക ചൂഷണങ്ങൾക്കെതിരെ നീതി തേടി ഇന്ത്യയുടെ അഭിമാനമായ അന്താരാഷ്ട്ര കായികതാരങ്ങൾ ജന്തർമന്തറിൽ സമരം നടത്തിവരുകയാണ്. ആ വിഷയത്തിൽ കുറ്റാരോപിതനായ ബി.ജെ.പിയുടെ പാർലമെൻറംഗത്തോടുപോലും ഇത്തരമൊരു വിശദീകരണം ചോദിക്കൽ ഉണ്ടായിട്ടില്ല.
താങ്കളുടെ ലേഖനം രാജ്യദ്രോഹവും ഛിദ്രതയും നിറഞ്ഞതാണ് എന്ന ആരോപണമാണ് പരാതിയിലുള്ളത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരം മതത്തിെൻറയോ വംശത്തിെൻറയോ ജന്മദേശത്തിെൻറയോ താമസസ്ഥലത്തിെൻറയോ ഭാഷയുടെയോ പേരിൽ വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത
വളർത്തുന്നതോ സമാധാനത്തിന് ഭംഗം വരുത്തുന്നതോ ആയ പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമാണ് എന്ന് ലേഖനത്തിെൻറ ആദ്യ ഖണ്ഡികയിൽ ചൂണ്ടിക്കാട്ടിയാണ് ഞാൻ ലേഖനം ആരംഭിച്ചതു തന്നെ. തെൻറ പാർട്ടിക്ക് മാത്രമെ കർണാടകയെ സുരക്ഷിതമായി നിലനിർത്താനാവൂ, നിങ്ങളുടെ തൊട്ടടുത്തായി കേരളമാണുള്ളത്, ഞാൻ കൂടുതൽ പറയുന്നില്ല... എന്നാണ് കർണാടകയിൽ നടത്തിയ പ്രസംഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.
തികച്ചും ദുരുദ്ദേശ്യം നിറഞ്ഞ പരാമർശം. അതാണ് ഡിവിസിവ് ആയ വർത്തമാനം. മനപ്പൂർവം തെറ്റിദ്ധാരണ പരത്തുവാൻ വേണ്ടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അത് പറഞ്ഞത്. ഇന്ത്യൻ ഗവൺമെൻറിെൻറ വിവിധ ഏജൻസികൾ നടത്തുന്ന കണക്കെടുപ്പുകളിലും പുറത്തുവിടുന്ന പഠന റിപ്പോർട്ടുകളിലും ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, മാതൃശിശുക്ഷേമം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ കേരളം ഒന്നാമതാണ്. കേരളം അയൽ സംസ്ഥാനങ്ങൾക്ക് നാളിതുവരെ ഒരു പ്രയാസവും സൃഷ്ടിച്ചിട്ടില്ല, മികവിെൻറ മാതൃകകളല്ലാതെ മറ്റൊന്നും രാജ്യത്തിനും ലോകത്തിനും സംഭാവന ചെയ്തിട്ടില്ല. വിദ്യാസമ്പന്നരും, സമാധാനകാംക്ഷികളും സൗഹാർദപ്രിയരുമായ ഒരു ജനത അയൽപക്കത്തുണ്ട് എന്നതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്. അങ്ങനെയൊരു സംസ്ഥാനത്തിനെതിരെ മോശം പരാമർശം നടത്തിയത് ഒരു ആഭ്യന്തരമന്ത്രിക്ക് ചേർന്ന നടപടിയല്ല എന്ന് ചൂണ്ടിക്കാട്ടി നാടിെൻറ ഐക്യവും അഭിമാനവും ഇന്ത്യയുടെ ഏകതയും ഉയർത്തിപ്പിടിച്ച എെൻറ സമീപനം നന്നായി എന്നാണ് സത്യത്തിൽ രാജ്യസഭയുടെ അധ്യക്ഷൻ പറയേണ്ടിയിരുന്നത്, പക്ഷേ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്.
കേരളത്തിനെതിരെ മുമ്പും കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കൾ തെറ്റായ മോശമായ പരാമർശങ്ങൾ നടത്തുന്നുണ്ട്- അവരിത്ര കലിപൂണ്ട് സംസാരിക്കാനുള്ള കാരണമായി തോന്നിയിട്ടുള്ളത്?
ഉവ്വ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കേരളത്തെ സോമാലിയ എന്നാണ് വിശേഷിപ്പിച്ചത്. കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത സർക്കാറിനെ താഴെയിറക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. യു.പി. മുഖ്യമന്ത്രി ആദിത്യനാഥ് ഉൾപ്പെടെ ചെറുതും വലുതുമായ നേതാക്കൾ ഇതിനുമുമ്പും നിരവധി മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. അവർ പിൻപറ്റുന്ന, പ്രചരിപ്പിക്കുന്ന, പ്രയോഗവത്കരിക്കുന്ന വർഗീയതയുടെയും വിഭാഗീയതയുടെയും വിദ്വേഷത്തിെൻറയും ധ്രുവീകരണത്തിെൻറയും മെജോറിറ്റേറിയൻ അജണ്ടകളെ നിരന്തരം നിരാകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു എന്നതാണ് അവർക്ക് കേരളത്തോടുള്ള കലിയുടെയും വിരോധത്തിെൻറയും കാരണം. കേരളത്തെക്കുറിച്ച് ആർക്കും മോശപ്പെട്ടതെന്തും പറയാം എന്ന സന്ദേശം അവർ ഇതുവഴി നൽകാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ, കേരളത്തെ ഭീകരവാദത്തിെൻറ കേന്ദ്രമായി ചിത്രീകരിക്കുന്ന കള്ളക്കഥ ചമച്ച് ഒരു സിനിമ തയാറാക്കി വെച്ചിരിക്കുന്നു. അതിന് പ്രചാരണവും പ്രോത്സാഹനവും നൽകുന്നതും ഭരണകക്ഷി നേതാക്കൾ തന്നെയാണ്. ഇവർക്കെതിരെയൊന്നും വാക്കുകൊണ്ടൊരു താക്കീതുപോലും നാളിതുവരെ ഉണ്ടായിട്ടില്ല.
പ്രധാനമന്ത്രിയും മറ്റും കേരളത്തെ അപമാനിച്ച സന്ദർഭത്തിൽ രാജ്യസഭയിൽ ഞാൻ തന്നെ നടത്തിയ ഒരു പ്രസംഗമുണ്ട്, ഭാഗ്യവശാൽ അത് ഇപ്പോഴും നീക്കം ചെയ്യപ്പെടാതെ സഭയുടെ രേഖകളിലുണ്ട്. അന്ന് ഞാൻ പറഞ്ഞത് ‘‘നിങ്ങൾ കേരളത്തെ സോമാലിയ എന്ന് വിളിക്കുന്നു. രാജ്യത്തെ പൊതുമേഖല ബാങ്കുകളെ കൊള്ളയടിച്ച് വിദേശരാജ്യങ്ങളിലേക്ക് കടന്നുകളഞ്ഞ മൂന്നിൽ നാലുപേരും ഗുജറാത്ത് സംസ്ഥാനത്തു നിന്നുള്ളവരാണ് എന്നതിെൻറ പേരിൽ ഞങ്ങൾ ആ സംസ്ഥാനത്തെ അവഹേളിക്കുകയോ അപമാനിക്കുകയോ ചെയ്യാറില്ല, ചെയ്യുകയുമില്ല. ഇന്ത്യയുടെ ദേശീയ മുന്നേറ്റത്തിന് ഉലയൂതിയ, ഊടുംപാവും നെയ്ത, ഒട്ടേറെ സ്വാതന്ത്ര്യസമര സേനാനികളെ സംഭാവന ചെയ്ത സംസ്ഥാനമായാണ് ഞങ്ങൾ ഗുജറാത്തിനെ അന്നും ഇന്നും കാണുന്നത്’’ എന്നാണ്.
ഒരു പാർലമെൻറംഗത്തിനെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കുക വഴി ഭരണപക്ഷം ലക്ഷ്യംവെക്കുന്നതെന്താണ്?
പാർലമെൻറംഗം എന്ന കാര്യം മാറ്റി നിർത്തിയേക്കൂ, നമ്മളൊക്കെ ഇന്ത്യയിലെ പൗരജനങ്ങളല്ലേ. ഇത് ജോൺ ബ്രിട്ടാസ് എന്ന പാർലമെൻറംഗത്തിെൻറ മാത്രം പ്രശ്നമല്ല, എന്നെ മാത്രമല്ല അവർ ഉന്നമിടുന്നത്. എത്രയൊക്കെ ശ്രമിച്ചിട്ടും അവരുടെ അജണ്ടക്ക് വഴങ്ങാത്ത സംസ്ഥാനം എന്ന നിലയിൽ കേരളത്തോടുള്ള പകയുടെ കാര്യം ഞാൻ തുടക്കത്തിലേ പറഞ്ഞുവല്ലോ. പാർലമെൻറിൽ ഞാനുൾപ്പെടെയുള്ളവർ സംസാരിക്കുന്നതിന് അവർ മുമ്പുതൊട്ടേ തടയിടുന്നുണ്ട്. സമീപകാലത്ത് ഭരണകക്ഷി അംഗങ്ങൾ തന്നെ സഭ സ്തംഭിപ്പിച്ച് പാർലമെൻറിലെ ചർച്ചകളും നടപടികളും അലങ്കോലപ്പെടുത്തുകയാണ് രീതി. ഞങ്ങൾ സംസാരിക്കാൻ എഴുന്നേൽക്കുേമ്പാൾ അവർ തടസ്സപ്പെടുത്തും. സഭയിൽ സംസാരിക്കാൻ സമയം ലഭിച്ചില്ലെങ്കിൽ നമ്മൾ സഭയുടെ പുറത്ത് സംസാരിക്കും. രാജ്യത്തെ ജനങ്ങളോട് പറയാനുള്ളത് തെരുവിൽ നിന്ന് പ്രസംഗിക്കും, മാധ്യമങ്ങളിൽ ലേഖനമെഴുതും, ചാനലുകളിൽ അഭിപ്രായ പ്രകടനം നടത്തും. വർഗീയതക്കെതിരെ പ്രസംഗിക്കുന്നവരെ കേസിൽ കുടുക്കുകയാണ് അവരുടെ മറ്റൊരു കുതന്ത്രം. തങ്ങളുടെ നിലപാടിനെതിരായ ഒന്നും തന്നെ ആരും പറഞ്ഞുകൂടാ, തങ്ങൾക്കെതിരായ എതിരഭിപ്രായങ്ങൾ ആരും പ്രസിദ്ധീകരിച്ചുകൂടാ എന്ന സന്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. ലേഖനമെഴുതിയ എനിക്ക് മാത്രമല്ല, അത് പ്രസിദ്ധീകരിച്ച ഇന്ത്യൻ എക്സ്പ്രസിനെതിരായ ഭീഷണിയും അതിലുൾക്കൊള്ളുന്നുണ്ട്. ഭരണകക്ഷി നിലപാടിന് എതിരായ അഭിപ്രായ പ്രകടനം നടത്തുന്ന പാനൽ അംഗങ്ങളെ ചാനൽ ചർച്ചകളിൽ ഉൾപ്പെടുത്തിക്കൂടാ എന്ന് ഇവർ നാളെ തീട്ടൂരമിറക്കിയാലും എനിക്കിനി അത്ഭുതം തോന്നില്ല. പാർലമെൻറിൽ ചർച്ചകളില്ലാതെ, എതിരഭിപ്രായങ്ങൾ പുറത്തുകേൾപ്പിക്കാതെ, വിയോജിപ്പുകൾക്ക് ഇടംനൽകാതെ, സംവാദങ്ങളില്ലാതെ രാജ്യത്തെ വേദികളിലും മാധ്യമങ്ങളിലും പാർലമെൻറിലും ഭരണകക്ഷിയുടെ മൻ കി ബാത് മാത്രം മതി എന്നാണ് അവരുടെ നിലപാട്. അതനുവദിച്ചു കൊടുക്കാൻ നമുക്ക് സമ്മതമില്ല, ഭരണഘടന അതിന് അനുവദിക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.