മുസ്​ലിം രാഷ്​ട്രീയം ഇടത്തോട്ടു നീങ്ങുന്നുവോ?

മുസ്​ലിംന്യൂനപക്ഷത്തിലെ മധ്യവർഗം പാർട്ടിയിലേക്ക് ആകൃഷ്​ടരാവുന്നു എന്നാണ് ഈയിടെ സി.പി.എം സംസ്​ഥാന കമ്മിറ്റി കണ്ടെത്തിയത്. മുസ്​ലിം മധ്യവർഗസമൂഹത്തിൽ സ്വാധീനം വർധിച്ചുവരുന്നു എന്ന ഈ വിലയിരുത്തലിെൻറ നേരെ ചൊവ്വേ അർഥമെന്താണ്? മുസ്​ലിംസമുദായത്തിലെ, ഇടത്തരക്കാരും അതിനു മേലെയുള്ളവരുമായ വർഗം, പാർട്ടി പദപ്രയോഗങ്ങൾ കടമെടുത്താൽ പെറ്റി ബൂർഷ്വവർഗം, കമ്യൂണിസ്​റ്റു പാർട്ടിയിൽ ചേർന്നു തുടങ്ങി എന്നുതന്നെ. കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ മുസ്​ലിംസമുദായത്തിലെ സമ്പന്നവർഗത്തിെൻറകൂടി പാർട്ടിയായി സി.പി.എം മാറുകയാണ്. കേരളരാഷ്​ട്രീയത്തിലെ സാമുദായിക സമവാക്യങ്ങൾ വെച്ചു ചിന്തിച്ചാൽ, വളരെയധികം അർഥതലങ്ങളുള്ള ഒരു മാറ്റമാണ്. പൊതുവിൽ മുസ്​ലിം സമുദായത്തിൽ മുസ്​ലിം ലീഗിനാണ് മേൽക്കൈ. അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ലീഗിന് മുസ്​ലിം പൊതുസമൂഹത്തിനുമേൽ ചില 'പിടുത്ത'ങ്ങളുണ്ട്. മഹല്ല്​ കമ്മിറ്റികൾ, സമുദായസംഘടനകൾ, വിദ്യാഭ്യാസസ്​ഥാപനങ്ങൾ, പണ്ഡിതസമൂഹം, പ്രവാസി മലയാളികൾ, ആതുരസേവാ പ്രവർത്തനങ്ങൾ, ആത്മീയനേതാക്കൾ–ഈ ഘടകങ്ങളുടെമേൽ എക്കാലത്തും മുസ്​ലിംലീഗിന്​ മേൽക്കൈയുണ്ട്.

മുസ്​ലിം സമുദായവൃത്തങ്ങളിൽ മുസ്​ലിംലീഗിനുള്ള ഈ സ്വാധീനം, പൊതുമണ്ഡലത്തിൽ സി.പി.എം നിലനിർത്തുന്ന അധികാരപ്രയോഗ സാധ്യതകൾക്ക് സമാനമാണ്. മുസ്​ലിം മധ്യവർഗം ഇടതുപക്ഷത്തേക്കോ സി.പി.എമ്മിലേക്കോ ചായുന്നു എന്നു പറഞ്ഞാൽ അർഥം മുസ്​ലിംസമൂഹത്തിനുമേലുള്ള ലീഗ് സ്വാധീനം എടുത്തുമാറ്റപ്പെടുന്നു എന്നാണ്; ഇടതുപക്ഷ മുസ്​ലിം എന്നൊരു സ്വത്വം രൂപപ്പെടുന്നു എന്നാണ്. മുസ്​ലിംലീഗിെൻറ ശക്തികേന്ദ്രമായ മലബാറിൽ സമ്പന്ന വിഭാഗം സി.പി.എമ്മിനോടടുക്കുന്നത് അതിെൻറ സൂചനയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ പല മണ്ഡലങ്ങളിലും സി.പി.എം./സി.പി.ഐ സ്​ഥാനാർഥികളായി മത്സരിച്ചത് മുസ്​ലിം പ്രമാണിമാരായിരുന്നു എന്നോർക്കുക.

ഒരു കാലത്ത് മുസ്​ലിംലീഗിൽ പ്രവർത്തിച്ചവരും മത–സാമുദായിക സംഘടനകളുടെ ഭാഗമായിരുന്നവരും കൂടിയായിരുന്നു അവർ. ഏതാനും വർഷങ്ങളായി സി.പി.എം നടത്തിവരുന്ന പരീക്ഷണമാണ് പാർട്ടിയിലേക്ക് പണക്കാരെ കൂടി കൊണ്ടുവരുക എന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ പരീക്ഷണം വിപുലമായി തന്നെ നടത്തി. ഇതു മുസ്​ലിം സമൂഹത്തിൽ ഇടത്​ ആഭിമുഖ്യം വർധിക്കുന്നതിെൻറ ലക്ഷണമാണ്. അതോടൊപ്പം ചില സാമുദായിക സംഘടനകളുടെ പിന്തുണ കൂടിയായപ്പോൾ മുസ്​ലിം ന്യൂനപക്ഷത്തിനിടയിൽ സി.പി.എമ്മിന് സ്വാധീനം വർധിച്ചു. മുസ്​ലിം ലീഗ് കോട്ടകളിലുണ്ടായ വോട്ടുചോർച്ച അതിനു തെളിവുമാണ്. ഇത് സമ്മതിക്കുക മാത്രമാണ് സി.പി.എം ഇപ്പോൾ ചെയ്തിട്ടുള്ളത്.

മുസ്​ലിംലീഗ് തിരിച്ചറിയുന്നുവോ?

ഈ വിലയിരുത്തലിൽ അന്തർഭവിച്ചിട്ടുള്ള പാഠങ്ങൾ മുസ്​ലിംലീഗ് തിരിച്ചറിഞ്ഞിട്ടുണ്ടോ? യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം മുസ്​ലിം ലീഗ് പ്രസരിപ്പിച്ച സന്ദേശം ലീഗ് കോട്ടകൾ ഭദ്രമാണെന്നാണ്. വിജയപരാജയങ്ങൾ പരിശോധിച്ചാൽ അത് ശരിയുമാണ്. എന്നാൽ, പാഠാന്തരവായനയിൽ ഈ ആത്മവിശ്വാസത്തിൽ പല അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട് എന്നു കാണാം. യു.ഡി.എഫ് അപ്പാടെ തകർന്നപ്പോഴും മുസ്​ലിംലീഗ് അഭിമാനാർഹമായ വിജയം നേടി എന്നതു ശരിതന്നെ. പക്ഷേ, തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടമായ ജനപിന്തുണയുടെ കാര്യത്തിലോ? എക്കാലത്തും മുസ്​ലിംലീഗിനെ വൻ ഭൂരിപക്ഷത്തോടെ ജയിപ്പിക്കുന്ന മുസ്​ലിംലീഗ് കോട്ടകളുണ്ട് മലപ്പുറം ജില്ലയിൽ. ഇതേപോലെ സി.പി.എം കോട്ടകൾ കണ്ണൂരിലുമുണ്ട്. കണ്ണൂരിലെ സി.പി.എമ്മിെൻറ സ്വാധീനമേഖലകളിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിെൻറ ഭൂരിപക്ഷം അമ്പതിനായിരവും അറുപതിനായിരവുമായി ഉയർന്നപ്പോൾ മലപ്പുറത്തെ മുസ്​ലിംലീഗ് കോട്ടകളിൽ അത് കുത്തനെ കുറഞ്ഞു. ഇതു നൽകുന്ന സൂചനകൾ പാർട്ടി യഥാവിധം തിരിച്ചറിഞ്ഞു എന്നു തോന്നുന്നില്ല.

തെരഞ്ഞെടുപ്പിനുശേഷം മുസ്​ലിം ലീഗിലുണ്ടായ അപസ്വരങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. ഒരു ജനാധിപത്യ പാർട്ടിയിൽ സ്വാഭാവികമായും ഉണ്ടാവുന്ന അഭിപ്രായഭേദങ്ങൾ മാത്രമേ ലീഗിലും ഉണ്ടായിട്ടുള്ളൂ എന്നത് നൂറു ശതമാനം ശരിയാണ്. അത് പർവതീകരിച്ചുകാണിക്കുന്നതിൽ പലർക്കും ദുഷ്​ടലാക്കുണ്ടെന്നതും ശരി. എങ്കിലും മുസ്​ലിംലീഗ് പോലെയുള്ള ഒരു പാർട്ടിയിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതുമായ രീതിയിലാണ് സംഭവങ്ങൾ കുഴഞ്ഞുമറിഞ്ഞത്. ഈ സംഭവവികാസങ്ങളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കാൻ പാർട്ടിക്ക് കഴിയുന്നുണ്ടോ എന്ന് രാഷ്​ട്രീയനിരീക്ഷകർ ചോദിക്കുന്നത് സ്വാഭാവികവുമാണ്.

എന്നാൽ, മുസ്​ലിംലീഗി​െൻറ ചരിത്രം വിശകലനം ചെയ്യുമ്പോൾ ഇത്തരം പ്രതിസന്ധികളെ വിജയകരമായി തരണംചെയ്യാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട് എന്നു ബോധ്യപ്പെടും. മുസ്​ലിംലീഗിനെ തകർക്കാൻ ഇവിടത്തെ മുഖ്യധാരാ പാർട്ടികൾ പണ്ടുമുതലേ ശ്രമിച്ചിട്ടുണ്ട്. സമസ്​ത ലീഗും േപ്രാഗ്രസിവ് ലീഗും അങ്ങനെ പിറന്നതാണ്​. പക്ഷേ, അവ ഉദിച്ചേടത്തുതന്നെ അസ്​തമിച്ചു പോയി. സി.പി.എമ്മിെൻറ കനത്ത പിന്തുണയോടെയാണ് അഖിലേന്ത്യ മുസ്​ലിംലീഗ് രൂപം കൊണ്ടതും പ്രവർത്തിച്ചതും. പാർട്ടിക്ക്​ എം.എൽ.എമാരും മന്ത്രിമാരുമുണ്ടായി. അധികാരരാഷ്​ട്രീയത്തിൽ അവർ പങ്കാളികളായി. എന്നിട്ടെന്ത്? നിരുപാധികം മുസ്​ലിംലീഗിൽ ലയിക്കാനായിരുന്നു പാർട്ടിയുടെ വിധി.

പാഠവും പാഠഭേദവും

ഇബ്രാഹിം സുലൈമാൻ സേട്ടി​െൻറ ഇന്ത്യൻ നാഷനൽ ലീഗും വലിയ മുന്നൊരുക്കത്തോടെ രൂപവത്​കരിച്ചതാണ്. ബാബരി മസ്​ജിദ് പ്രശ്നത്തിെൻറ പേരിൽ മുസ്​ലിം മനസ്സിൽ നീറിക്കത്തിയ ഉൾക്ഷോഭത്തിെൻറ ചൂടും സേട്ടി​െൻറ ജനസമ്മിതിയിൽനിന്ന് ഉൽഫുല്ലമായ വികാരതരംഗവുമെല്ലാം പശ്ചാത്തലത്തിലുണ്ടായിട്ടും ഐ.എൻ.എല്ലിന് ഒട്ടും വേരോട്ടമുണ്ടായില്ല. സി.പി.എമ്മിെൻറ വാൽ എന്നതിനപ്പുറം ആ പാർട്ടിക്ക് കേരള രാഷ്​ട്രീയത്തിൽ പ്രസക്തിയുമില്ല; ഇതെല്ലാം സൂചിപ്പിക്കുന്നത് മുസ്​ലിം സമുദായത്തിെൻറ രാഷ്​ട്രീയപ്രസ്​ഥാനമെന്ന നിലയിൽ മുസ്​ലിംലീഗിനുള്ള സ്​ഥാനം ഇളക്കിയെടുക്കാൻ എതിർശക്തികൾക്ക് കഴിഞ്ഞിട്ടില്ലെന്നു തന്നെയാണ്. അതിലേറെ പ്രധാനമാണ് 2006ലെ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്കുശേഷം മുസ്​ലിംലീഗിനുണ്ടായ ഉയിർത്തെഴുന്നേൽപ്​.

2006 ൽ കേരള നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ മുസ്​ലിംലീഗിെൻറ പ്രമുഖ നേതാക്കളെല്ലാവരും തോറ്റുപോയി; അതിനു മുമ്പ് മഞ്ചേരി പാർലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പിൽ കെ.പി.എ. മജീദിനെ തോൽപിച്ച് ടി.കെ. ഹംസ എം.പിയായി. സാധാരണ നിലക്ക് മുസ്​ലിംലീഗിെൻറ തകർച്ചയുടെ തുടക്കമാണത് എന്നായിരിക്കും ആരും കരുതുക. അങ്ങനെ വിലയിരുത്തപ്പെടുകയും ചെയ്തു. പക്ഷേ, ആരെയും ഞെട്ടിക്കുന്ന തരത്തിലാണ് മുസ്​ലിംലീഗ് തിരിച്ചുവന്നതും പലിശ സഹിതം കണക്കു തീർത്തതും. ഇങ്ങനെയൊരു പാരമ്പര്യം അവകാശപ്പെടുന്ന ഒരു രാഷ്​ട്രീയകക്ഷിക്ക് ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കുക പ്രയാസമാവില്ല, ശരിയായ തിരിച്ചറിവോടെ കാര്യങ്ങൾ വിലയിരുത്തുകയാണെങ്കിൽ.

ഈ തിരിച്ചറിവ് കൈവരിക്കുന്നതിൽ പാർട്ടി ശരിയായ രീതിയിൽ വിജയിക്കുന്നുവോ എന്ന സംശയമുന്നയിക്കുന്നവരുണ്ട്. അത്തരമൊരവസ്​ഥയിലാണ് ചന്ദ്രിക ഫണ്ടും ഹരിത പ്രശ്നവും മറ്റും പാർട്ടിയെ തിരിഞ്ഞുകൊത്തുന്നത്. ഇത്തരം സാഹചര്യങ്ങളെ, കമ്യൂണിസ്​റ്റു പാർട്ടിക്ക് മുസ്​ലിം മധ്യവർഗ സമൂഹത്തിൽ സ്വാധീനം വർധിക്കുന്നു എന്ന സി.പി.എം അവകാശവാദത്തോട് ചേർത്തുവെച്ചു വായിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് മുസ്​ലിം മധ്യവർഗം സി.പി.എമ്മിലേക്ക് ആകർഷിക്കപ്പെടുന്നത്? ഒരിക്കലും അത് പാർട്ടി കൈക്കൊണ്ട മുസ്​ലിം ന്യൂനപക്ഷ അനുകൂല നിലപാടുകളുടെ പേരിലായിരിക്കുകയില്ല. ശരീഅത്ത് പ്രശ്നം, ബാബരി മസ്​ജിദ് തകർച്ച, സച്ചാർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കൽ, സംവരണം തുടങ്ങിയ വിഷയങ്ങളിലൊന്നും മുസ്​ലിം സാമുദായിക വികാരങ്ങൾക്കൊപ്പം സി.പി.എം നിന്നിട്ടില്ല. പക്ഷേ, ബി.ജെ.പിക്കെതിരായി ന്യൂനപക്ഷങ്ങൾക്ക് ആശ്രയിക്കാവുന്ന രാഷ്​​ട്രീയ ശക്തി എന്ന നിലയിൽ സ്വയം വെളിപ്പെടാൻ സി.പി.എമ്മിനു സാധിച്ചിട്ടുണ്ട്. അത് മുസ്​ലിം ജനസാമാന്യത്തെ സ്വാധീനിച്ചിട്ടുമുണ്ട്. എന്നാൽ, മധ്യവർഗ മുസ്​ലിംകൾ(അതായത് സമ്പന്നർ) സി.പി.എമ്മിലേക്ക് ആകർഷിക്കപ്പെടുന്നുവെങ്കിൽ, അതിനു കാരണം മുസ്​ലിംലീഗിന്​ അധികാരം നഷ്​ടപ്പെടുന്നു എന്നതു തന്നെയാണ്; അധികാരമില്ലാത്തവരോടൊപ്പം എന്തിന് സ്​ഥാപിതതാൽപര്യങ്ങൾ നിറവേറ്റാനില്ലാത്തവർ നിലകൊള്ളണം? ഇതു തിരിച്ചറിയുകയും മുൻഗണനകൾ പുനർനിർണയിക്കുകയുമാണ് മുസ്​ലിംലീഗ് ഇപ്പോൾ ചെയ്യേണ്ടത്.

സമുദായത്തിലെ ഉപരിവർഗത്തിെൻറ താൽപര്യങ്ങൾ സംരക്ഷിക്കുകയല്ല, ഒരു സർഗാത്മക ന്യൂനപക്ഷമെന്ന നിലയിൽ സ്വയം പുനർനിർമിക്കുകയാണ് വേണ്ടത് എന്ന് മനസ്സിലാക്കുകയായിരിക്കണം പുതിയ കാലത്ത് മുസ്​ലിംലീഗി​െൻറ വഴി. അതിന്​ സംഘടന ആശ്രയിക്കേണ്ടത് ഏതു സമയത്തും കൂറുമാറാവുന്ന മധ്യവർഗത്തെയല്ല, കീഴാള സമൂഹത്തെയാണ്; സാമാന്യ ജനത്തെയാണ്, ദലിത്–പിന്നാക്ക–ന്യൂനപക്ഷ ഐക്യനിര കെട്ടിപ്പെടുത്തുകൊണ്ടായിരിക്കണം പാർട്ടി പ്രയോറിറ്റികൾ പുനർനിർണയിക്കേണ്ടത്. പൗരാവകാശങ്ങളും പരിസ്​ഥിതിയും സ്​ത്രീയുമൊക്കെ ആലോചന വിഷയമാവണം. പറയുന്നത് പഴയ കണ്ണട പോരാ എന്നു തന്നെ.

ദുർബലമായാൽ

മുസ്​ലിംലീഗിനു ബദലായി ഇടതുമുന്നണിയിൽ സ്​ഥാനം കണ്ടെത്തിയിട്ടുള്ള ഐ.എൻ.എല്ലിന് ഇങ്ങനെയൊരു പുതിയ നോട്ടവും കാഴ്ചപ്പാടുമുണ്ടോ? ഉണ്ടാക്കാനാവുമോ? ഇല്ലെന്നുവേണം കരുതാൻ. പേരുമാറ്റിയതുകൊണ്ടും പിണറായി സ്​തുതികൾ ഉരുക്കഴിച്ചതുകൊണ്ടും ഇടതാണെന്നു പറഞ്ഞതുകൊണ്ടും നേടാനാവുന്നതല്ല ഈ പുതിയ കാഴ്ചപ്പാട്. എത്ര മതേതരത്വം പറഞ്ഞാലും ഐ.എൻ.എൽ മുസ്​ലിംലീഗ് ഭൂമികയിൽ തഴുത്തുവളർന്ന മറ്റൊരു ലീഗാണ്. അതിനാൽ, സമുദായ താൽപര്യങ്ങളുടെ പുള്ളികൾ ദേഹത്തുനിന്നു കുടഞ്ഞുതെറിപ്പിക്കാൻ പാർട്ടിക്കു സാധിക്കുകയില്ല.

നിർഭാഗ്യവശാൽ, മതേതരമാവണോ സാമുദായികമാവണോ അല്ലെങ്കിൽ ഇടതാവണോ വലതാവണോ എന്ന അസ്​തിത്വ പ്രതിസന്ധിയിലാണ് ഐ.എൻ.എൽ. അതിനിടയിലാണ് പിളർപ്പ് എന്ന ഭൂതം ഐ.എൻ.എല്ലിനെ ആവേശിച്ചതും. ആയതിനാൽ, മുസ്​ലിം ലീഗിനു ബദൽ എന്ന നിലയിൽ മുസ്​ലിം സാമുദായിക രാഷ്​ട്രീയത്തിന് പുതിയ മുഖം രൂപപ്പെടുത്താൻ ഐ.എൻ.എല്ലിന് സാധിക്കുകയില്ല. അങ്ങനെ വരുമ്പോൾ, മുസ്​ലിംലീഗിലെ വിള്ളലുകൾ സി.പി.എമ്മിനു തന്നെയായിരിക്കും ഗുണം ചെയ്യുക. പഴയ ചരിത്രമാണ് പാഠമെങ്കിൽ ഇതെല്ലാം തിരിച്ചറിഞ്ഞു മുന്നോട്ടുപോവാൻ മുസ്​ലിംലീഗിനു സാധിച്ചേക്കും. ഇല്ലെങ്കിലോ–ശേഷം ചിന്ത്യം.


Tags:    
News Summary - Is Muslim politics moving to the left?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.