ആറ്റിങ്ങൽ: സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക ഏടാണ് ആറ്റിങ്ങൽ വെടിവെപ്പ്. ഒരാളുടെ ജീവത്യാഗത്തിനും നിരവധി പേർക്ക് ഗുരുതര പരുക്കേൽക്കുന്നതിനും കാരണമായ പ്രക്ഷോഭം. 1938 സെപ്റ്റംബർ 21ന് പകൽ 11ന് ആണ് ആറ്റിങ്ങൽ കച്ചേരി ജങ്ഷനിൽ തമ്പാനൂർ ലൈനിൽ വെടിവെപ്പ് നടന്നത്. സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭസമരത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിന് നേരെയാണ് ബ്രിട്ടീഷ് പട്ടാളം വെടി ഉതിർത്തത്.
ഉത്തരവാദ ഭരണലബ്ധിക്കായി ആറ്റിങ്ങൽ കേന്ദ്രമാക്കി നേതൃത്വപരമായ പങ്കുവഹിച്ച നാണു വക്കീലിനെ 1938 സെപ്റ്റംബർ 20ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് വിലങ്ങണിയിച്ച് പൊതുനിരത്തിലൂടെ ജയിലിലേക്ക് കൊണ്ടുപോയത് ചിറയിൻകീഴ് താലൂക്കിലെ ജനതയുടെ മനസ്സിനെ പിടിച്ചുലച്ചു.
ജനങ്ങളാകെ ഇളകി പ്രതിഷേധിച്ചു. തൊട്ടടുത്ത ദിവസമായ 1938 സെപ്റ്റംബർ 21ന് (1114 കന്നി അഞ്ച്) ചിറയിൻകീഴ് താലൂക്കിന്റെ നാനാഭാഗങ്ങളിൽ നിന്നും പ്രതിഷേധജാഥകൾ ആറ്റിങ്ങൽ കേന്ദ്രമായി നീങ്ങി. ചിറയിൻകീഴ് പണ്ടകശാലയിൽ നിന്ന് സെയ്ദ് മുഹമ്മദ് പിള്ളയും വേലുവക്കീലും നയിച്ച ജാഥ പാലക്കുന്നിൽ െവച്ച് െപാലീസ് തടഞ്ഞു. തുടർന്ന് വില്ലേജ് ഓഫിസ് എറിഞ്ഞുതകർത്തു. അഞ്ചൽ ഓഫിസും െപാലീസ് സ്റ്റേഷനും പിക്കറ്റുചെയ്തു. ആറ്റിങ്ങൽ ടൗണിന്റെ അതിർത്തിപ്രദേശങ്ങളായ വലിയകുന്നിലും ആലംകോടും പ്രതിഷേധക്കാർ കേന്ദ്രീകരിച്ചു.
ടൗണിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിരോധനം ലംഘിച്ച് കച്ചേരി ജങ്ഷനിലേക്ക് പ്രകടനം നടത്താൻ ഒരു സംഘം യുവ സമരഭടന്മാർ തിരുമാനിച്ചു.
കിളിമാനൂർ എൻ. കേശവന്റെ നേതൃത്വത്തിലുള്ള ജാഥയെ ആറ്റിങ്ങൽ കച്ചേരിനടയിലെത്തുന്നതിനുമുമ്പ് മുനിസിപ്പൽ ലൈബ്രറി ഭാഗത്തു െവച്ച് െപാലീസും പട്ടാളവും തടഞ്ഞു, കല്ലേറുണ്ടായി. ലാത്തിച്ചാർജിനുശേഷം യാതൊരു മുന്നറിയിപ്പും നൽകാതെ പട്ടാളം വെടിെവച്ചു. മുനിസിപ്പൽ ലൈബ്രറിക്ക് എതിരെയുള്ള തമ്പാനൂർ ഇടവഴിയിൽ െവച്ചാണ് വെടിെവപ്പ് നടന്നത്.
ജാഥാംഗമായിരുന്ന പൂവൻപാറ കൊച്ചുവീട്ടിൽ ഗംഗാധരൻ വെടിയേറ്റ് സ്ഥലത്ത് പിടഞ്ഞു മരിച്ചു. പലർക്കും വെടിയേറ്റു. ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ വാസുമേസ്തിരി, നഗരൂർ വണ്ടിക്കാരൻ കേശവൻ, പാപ്പാല ഇബ്രാഹിം തുടങ്ങിയ സമര ഭടന്മാർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടുപേർ മരിച്ചു എന്നാണ് അന്ന് വാർത്ത പരന്നത്. ഇപ്പോഴും പഴമക്കാരായ പലരുടെയും അറിവുകളിൽ രണ്ടുപേർ അന്ന് വെടിയേറ്റ് മരിച്ചിട്ടുണ്ട്. എന്നാൽ രണ്ടാമൻ ആര് എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല.
വെടിെവപ്പിനെ തുടർന്ന് വ്യാപക പ്രതിഷേധ സമരങ്ങളും െപാലീസിന്റെ ക്രൂര മർദനങ്ങളും തുടർന്നു. വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രകടനം നടത്തുകയും തെരുവുവിളക്കുകൾ ഉൾപ്പെടെ തകർക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഈ നിർണായക ഏട് ആറ്റിങ്ങലിലെ പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമയാണ്. കന്നി അഞ്ചിന് നടന്നതിനാൽ കന്നി അഞ്ചിലെ വെടിവെപ്പ് എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.