കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് ഉയർന്ന നാലു ചോദ്യങ്ങളും അതിനുള്ള മറുപടിയുമായാണ് ഹൈകോടതി വിശാലബെഞ്ച് അന്തിമ വിധി പുറത്തിറക്കിയത്. ഭരണഘടനയിലെ ആർട്ടിക്കിൾ 25ന് കീഴിൽ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ഇസ്‍ലാം വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അവിഭാജ്യമായ മതാചാരമാണോ?, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിഫോം ഏർപ്പെടുത്തിയത് ഭരണഘടനയിലെ ആർട്ടിക്കിൾ 19(1), ആർട്ടിക്കിൾ 21 എന്നിവ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണോ?, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രത്തിന് വിലക്കേർപ്പെടുത്തികൊണ്ട് യൂനിഫോം നിർബന്ധമാക്കിയുള്ള ഫെബ്രുവരി അഞ്ചിലെ സർക്കാർ ഉത്തരവ് ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15 എന്നിവയുടെ ലംഘനമാണോ?, ശിരോവസ്ത്ര വിലക്കേർപ്പെടുത്തിയതിൽ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഉഡുപ്പി പി.യു വനിത കോളജിലെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമോ? എന്നീ നാലു ചോദ്യങ്ങൾക്കാണ് ഉത്തരവിൽ ഹൈകോടതി മറുപടി നൽകിയത്.
ഇസ്‍ലാം മതാചാര പ്രകാരം മുസ്‍ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് അവിഭാജ്യമല്ലെന്നും അതിനാൽ ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ വകുപ്പ് 25 പ്രകാരം മതസ്വാതന്ത്ര്യത്തിന്‍റെ കീഴില്‍ വരുന്നില്ലെന്നുമാണ് ആദ്യ ചോദ്യത്തിനുള്ള ഹൈകോടതിയുടെ നിരീക്ഷണം.
2019ൽ പുനഃപ്രസിദ്ധീകരിച്ച അബ്ദുല്ല യൂസുഫ് അലിയുടെ ഖുർആൻ പരിഭാഷയും വിശദീകരണവും ആധാരമാക്കിയാണ് ഹിജാബ് മതാചാരപ്രകാരം അവിഭാജ്യഘടകമല്ലെന്ന് ഹൈകോടതി നിരീക്ഷിച്ചത്. മതത്തിൽ ഒന്നും അടിച്ചേൽപിക്കരുതെന്ന ഖുർആനിലെ വാക്യവും ഹൈകോടതി ഉദ്ധരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിഫോം ഏർപ്പെടുത്തിയത് ഭരണഘടനാപരമായി അനുവദിക്കുന്ന ന്യായമായ നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നതാണെന്നും അതിനെ വിദ്യാർഥികൾക്ക് എതിർക്കാനാകില്ലെന്നും ഇതിൽ മൗലികാവകാശ ലംഘനമില്ലെന്നുമായിരുന്നു രണ്ടാമത്തെ ചോദ്യത്തിനുള്ള ഹൈകോടതിയുടെ നിഗമനം. യൂനിഫോം ഏർപ്പെടുത്തുന്നതിൽ ഭരണഘടന ലംഘനമില്ലാത്തതിനാൽ യൂനിഫോം സംബന്ധിച്ച് സർക്കാറിന് ഉത്തരവിറക്കാൻ അധികാരമുണ്ടെന്നായിരുന്നു മൂന്നാമത്തെ ചോദ്യത്തിനുള്ള ഹൈകോടതിയുടെ വിശദീകരണം. 1983ലെ കര്‍ണാടക വിദ്യാഭ്യാസ നിയമ പ്രകാരം സ്‌കൂളുകളിലും പ്രീ യൂനിവേഴ്‌സിറ്റി കോളജുകളിലും യൂനിഫോം ധരിക്കുന്നത് സംബന്ധിച്ച് ഫെബ്രുവരി അഞ്ചിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്‍റെ നിയമസാധുതയാണ് ഇതോടെ ഹൈകോടതി ശരിവെച്ചത്.
നാലാമതായി ഹിജാബ് വിലക്കേർപ്പെടുത്തിയതിൽ ഉഡുപ്പി പി.യു വനിത കോളജിലെ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം തള്ളുകയാണെന്നും ഹൈകോടതി വ്യക്തമാക്കി. അതേസമയം, ഹൈകോടതി വിധിയിൽ നിരാശയുണ്ടെന്നും വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നുമാണ് വിലക്കിനെതിരെ ഹരജി നൽകിയ ഉഡുപ്പി ഗവ. പി.യു കോളജിലെ വിദ്യാർഥികളുടെ പ്രതികരണം. ഹിജാബ് മതാചാരപ്രകാരം അവിഭാജ്യമാണെന്നും അതില്ലാതെ കോളജിൽ പോകില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. സുപ്രീം കോടതിയിൽ അപ്പീൽ നൽകി നിയമ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
കർണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നിൽ അദൃശ്യ കരങ്ങൾ പ്രവർത്തിച്ചുവെന്ന് ഹൈകോടതി. ഹിജാബ് വിലക്കിനെതിരായ ഹരജികൾ തള്ളിക്കൊണ്ടുള്ള അന്തിമ ഉത്തരവിന്‍റെ അവസാന ഭാഗത്താണ് സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങൾ കരുതിക്കൂട്ടിയുള്ളതാണെന്ന തരത്തിലുള്ള നിരീക്ഷണം ഹൈകോടതി നടത്തിയത്. ഉഡുപ്പിയിലെ പി.യു കോളജുകാർ നൽകിയ രേഖയിൽ 2004 മുതൽ അവിടെ ഡ്രസ് കോഡുണ്ടെന്നാണ് പറയുന്നത്. ഉഡുപ്പിയിലെ അഷ്ട മഠ സമ്പ്രദായത്തിലെ ഉത്സവാഘോഷങ്ങളിൽ ഇപ്പോഴും മുസ്‍ലിംകൾ പങ്കെടുക്കുന്നുണ്ട്. എന്നാൽ, ഇത്തരം കാര്യങ്ങളെല്ലാം നിലനിൽക്കെ അധ്യയനവർഷത്തെ പകുതിയിൽവെച്ച് പെട്ടെന്നാണ് ഹിജാബ് വിവാദമുണ്ടായതെന്ന് ഹൈകോടതി നിരീക്ഷിച്ചു.
വിവാദം നിയന്ത്രിക്കാൻ കഴിയാത്തവിധം ആളിപപ്പടരുകയായിരുന്നു. ഇത്തരത്തിൽ വിവാദം ആളിക്കത്തിച്ച് സമൂഹത്തിന്‍റെ ഐക്യം തകർക്കാൻ ചില അദൃശ്യ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടാകാം. മതസൗഹാർദം തകർക്കാനായി ചിലർ നടത്തിയ ഇത്തരം നീക്കങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയുന്നില്ല. വിഷയത്തിൽ പൊലീസ് നൽകിയ മുദ്രവെച്ച കവർ സൂക്ഷ്മമായി പരിശോധിച്ച് തിരിച്ചുകൈമാറിയിട്ടുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റവാളികൾക്കെതിരെ കേസെടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഹൈകോടതി വ്യക്തമാക്കി. ഹിജാബ് വിവാദത്തിൽ കാമ്പസ് ഫ്രണ്ടിനെതിരെ അന്വേഷണം നടത്താൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ടാണ് ഹൈകോടതിയിൽ സമർപ്പിച്ചതെന്നാണ് സൂചന.
അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി മതപരമായ സ്വാതന്ത്ര്യം ഇന്ത്യയിൽ സമ്പൂർണമല്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. ഭരണഘടനപ്രകാരം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 25ൽ മതസ്വാതന്ത്ര്യത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരം നൽകുന്നുണ്ട്. സ്കൂളുകളിൽ വിദ്യാർഥികൾക്ക് സ്വന്തം നിലയിൽ വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം നൽകിയാൽ അത് അച്ചടക്കലംഘനമാകും. അത് കാമ്പസിലും പിന്നീട് സമൂഹത്തിലും അരക്ഷിതാവസ്ഥയുണ്ടാക്കും.
ഇന്ത്യക്ക് ഔദ്യോഗികമായി ഒരു മതമില്ല. ഒരു മതത്തോടും പ്രത്യേക അനുകമ്പയും രാജ്യത്തിനില്ല. മതത്തിന്‍റെ പേരിൽ വേർതിരിവ് കാണിക്കാത്ത പോസിറ്റിവ് മതേതരത്വമാണ് നമ്മുടേത്. കഴിഞ്ഞ ഡിസംബർ 27ന് ഉഡുപ്പി പി.യു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ജനുവരിയിൽ പ്രതിഷേധം സംസ്ഥാന വ്യാപകമായി. ഹിജാബ് വിലക്കിനെതിരായ ഹരജി ഫെബ്രുവരി ഒമ്പതിനാണ് ഹൈകോടതി സിംഗ്ൾ ബെഞ്ച് വിശാല ബെഞ്ചിന് കൈമാറുന്നത്. തുടർന്ന് അന്തിമ വിധി വരുന്നതുവരെ ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാർഥികൾ ക്ലാസുകളിൽ പ്രവേശിക്കരുതെന്ന ഇടക്കാല ഉത്തരവും ഫെബ്രുവരി പത്തിന് ഹൈകോടതി വിശാല ബെഞ്ച് പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.