ഗതാഗത മന്ത്രിയുടെ കണക്കിൽ വളർച്ച; യഥാർഥത്തിൽ കെ.എസ്.ആർ.ടി.സിക്ക്​ വിളർച്ച

സർക്കാറിന്‍റെ കാലാവധി പകുതി പിന്നിട്ടപ്പോൾ ഗതാഗത മന്ത്രിയെ മാറ്റിയത്​ കെ.എസ്​.ആർ.ടി.സിക്ക്​ ഗുണകരമാകുമെന്നായിരുന്നു പ്രതീക്ഷ. പഴയ മന്ത്രിയുടെ നടപടികൾ റദ്ദാക്കി പുത്തൻ പരിഷ്​ക്കാരങ്ങൾ പ്രഖ്യാപിച്ച പുതിയ മന്ത്രിയും ജനങ്ങൾക്കു പ്രതീക്ഷ നൽകി. എന്നാൽ, രണ്ടു മന്ത്രിമാരുടെയും സമയത്ത്​ കെ.എസ്​.ആർ.ടി.സിയുടെ നില താരതമ്യം ചെയ്​താൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നു ബോധ്യമാകും.

ഈ മാസം കെ.എസ്​.ആർ.ടി.സി നേടിയത് റെക്കോഡ് കളക്ഷനെന്നാണ്​ പുതിയ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ വാദം. പരമാവധി വാഹനങ്ങള്‍ റോഡില്‍ ഇറക്കിയും സർവീസ് റദ്ദാക്കല്‍ കുറച്ചും നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം അവകാശ​പ്പെട്ടിട്ടുണ്ട്​. ഈ സാഹചര്യത്തിൽ കെ.എസ്​.ആർ.ടി.സിയുടെ വരുമാനം സംബന്ധിച്ച്​ തൊഴിലാളി യൂണിയനുകൾ ലഭ്യമാക്കിയ കണക്കുകൾ പരിശോധിക്കാം.

2023 ജൂൺ മൂന്നു മുതൽ ജൂലൈ മൂന്നു വരെ കെ.എസ്​.ആർ.ടി.സിയുടെ മൊത്തം കളക്ഷൻ 201.63 കോടിയാണ്​. ശരാശരി ഒരു ദിവസത്തെ കളക്ഷൻ 650.43 ലക്ഷം. അതേസമയം, 2024 ജൂൺ 23 തുടങ്ങി ജൂലൈ 22 വരെ ഒരു മാസം കിട്ടിയതു 190.13 കോടി മാ​ത്രമാണ്​. ശരാശരി കളക്ഷൻ ദിവസം 633.77 ലക്ഷം രൂപ.

ആന്‍റണി രാജു ഗതാഗത മന്ത്രിയായിരിക്കെ 2023 ജൂൺ 26 ന്​ കെ.എസ്​.ആർ.ടി.സി നിരത്തിലിറക്കിയത്​ 4501 ബസുകളാണ്​. 14.65 ലക്ഷം കിലോമീറ്റർ ഇവ സർവീസ്​ നടത്തി. 21.71 ലക്ഷം യാത്രക്കാരെ കയറ്റിയിറക്കി. 726.67 ലക്ഷം രൂപയായിരുന്നു അന്നത്തെ വരുമാനം.

ഒരു വർഷത്തിനിപ്പുറം 2024 ജൂൺ 24 ന്​ കെ.ബി ഗണേഷ്​ കുമാർ മന്ത്രിയായിരിക്കെ 4302 ബസുകളാണ്​ റോഡിലിറങ്ങിയത്​. പ്രതിദിനവരുമാനം 720.52 ലക്ഷമായിക്കുറഞ്ഞു. സർവീസ്​ നടത്തിയത്​ 14.30 ലക്ഷം കിലോമീറ്റർ മാത്രം. തകരാറുകൾ ഒന്നുമില്ലാതിരുന്നിട്ടും ഓടാതെ കിടന്ന ബസുകൾ ആന്‍റണി രാജുവിന്‍റെ കാലത്തു 375 ബസുകളായിരുന്നുവെങ്കിൽ ഗണേഷ് കുമാർ വന്നപ്പോൾ 630 ആയി വർധിച്ചു. കിലോമീറ്റർ വരുമാനം 4501 പൈസയിൽ നിന്നും 4302 ആയും കുറഞ്ഞു. 2023, 2024 വർഷങ്ങളിലെ ജൂലൈ ആദ്യവാരത്തിലെ തിങ്കളാഴ്ചയിലെ കോർപറേഷന്‍റെ ഔദ്യോഗിക കണക്കുകളും ഇരു വർഷങ്ങളിലെയും ജൂൺ അവസാന വാരത്തിലെ തിങ്കളാഴ്ചയിലെ കണക്കുകളുമാണ്​ താരതമ്യപ്പെടുത്തിയത്​. മന്ത്രിയുടെ പ്രഖ്യാപനങ്ങൾ സോഷ്യൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും തരംഗമാകുന്നുണ്ടെങ്കിലും കെ.എസ്​.ആർ.ടി.സി ബസുകൾ ഉ​പയോഗിക്കുന്നവർക്ക്​ സൗകര്യങ്ങൾ കുറയുകയാണെന്നതാണ്​ വാസ്തവം.


ഏഴു പതിറ്റാണ്ടു നീണ്ട ചരിത്രം പരിശോധിച്ചാൽ ആദ്യമായാണ്​ ഐ.എ.എസ്​, ​െഎ.പി.എസ്​ അല്ലെങ്കിൽ വൻകിട കമ്പനികളെ നയിച്ചു പരിചയമില്ലാത്ത ഒരാൾ കെ.എസ്​.ആർ.ടി.സിയുടെ സി.എം.ഡിയാകുന്നത്​. മാത്രമല്ല, കെ.എസ്​.ആർ.ടി.സി പരിഷ്​ക്കരണം സംബന്ധിച്ചു പഠനം നടത്തിയ സുശീൽ ഖന്ന, പ്രധാന സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്ന്​ ശിപാർശ ചെയ്തവരെ​ പുതിയ മന്ത്രി എക്സിക്യൂട്ടീവ്​ ഡയറക്ടർ സ്ഥാനത്തേക്ക്​ ഉയർത്തുകയും ചെയ്തു. കെ.എസ്​.ആർ.​ടി.സിയുടെ വരുമാനത്തിന്‍റെ 90 ശതമാനവും കൊണ്ടുവരുന്ന ഓപറേഷൻസ്​ വിഭാഗത്തിന്‍റെ പൊളിടെക്​നിക്​ മാത്രം യോഗ്യതയുള്ളവരുടെ പക്കൽ എത്തിയത്​ ഇങ്ങനെയാണ്​. മുൻ സി.എം.ഡിമാരായ ടോമിൻ തച്ചങ്കരിയും ബിജു പ്രഭാകറും മറ്റി നിർത്തിയ ഒരു ഉദ്യോഗസ്ഥൻ കോർപറേഷൻ തലപ്പത്തു തിരിച്ചെത്തിയതോടെയാണ്​ ടേക്​ ഓവർ സർവീസുകൾ സ്വകാര്യമേഖലക്ക്​ തിരിച്ചു കിട്ടാൻ സാഹചര്യമൊരുങ്ങിയത്.

വിവാദമായ മിനിബസ്​ വാങ്ങൽ പദ്ധതിക്ക്​ പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ വിരമിച്ചപ്പോൾ കെ.എസ്​.ആർ.ടി.സി സ്വിഫ്​റ്റിൽ വൻ ശമ്പളത്തിൽ പുനർനിയമനം നൽകിയതിൽ തൊഴിലാളി യൂണിയനുകൾ അമർഷത്തിലാണ്​. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സംസ്ഥാന സർക്കാർ കഴിഞ്ഞ ഏഴുവർഷത്തിനിടെ പതിനായിരം കോടി രൂപയാണ്​ പ്രതിദിനം 4000ൽ താഴെ ബസോടിക്കാൻ കെ.എസ്.ആർ.ടി.സിക്ക്​ നൽകുന്നത്​. ഇങ്ങനെ കിട്ടുന്ന തുക ശരിയി വിനിയോഗിച്ച്​ നഷ്ടംകുറക്കുന്നതിനു പകരം മിനി ബസ്​, മൊബൈൽ വർക്​ഷോപിനുള്ള വാഹനങ്ങൾ തുടങ്ങിയവ വാങ്ങി ബാധ്യത വർധിപ്പിക്കാനാണ്​ പുതിയ മന്ത്രി ശ്രമിക്കുന്നതെന്ന്​ തൊഴിലാളി നേതാക്കൾ ആരോപിക്കുന്നു.

Tags:    
News Summary - KB Ganesh Kumar's calculation about KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.