ഒരു ഭാഗത്ത് കോവിഡ് ഭീഷണിയിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തം. അതോടൊപ്പം കോവിഡ് മൂലം തകർന്നുകിടക്കുന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും വേണം. ഇൗ ആവശ്യങ്ങൾക്ക് പൊതുവിഭവങ്ങൾ സമാഹരിക്കാൻ ഉള്ള പരിമിതികൾ മറുവശത്ത്. കന്നിക്കാരനായ ധനമന്ത്രി മുന്നോട്ടുവെച്ച ബജറ്റ് നിർദേശങ്ങളെ ഇൗ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ.
ജനുവരിയിൽ ഡോ. തോമസ് െഎസക് പ്രഖ്യാപിച്ച എല്ലാ പദ്ധതികൾക്കും പുറമെയാണ് ഇൗ ബജറ്റിലെ പ്രഖ്യാപനങ്ങൾ. നമ്മുടെ നാട്ടിൽ ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമേ ജനങ്ങളും മാധ്യമങ്ങളും ശ്രദ്ധിക്കാറുള്ളൂ. വികസിതരാജ്യങ്ങളിലൊക്കെ outcome budget അല്ലെങ്കിൽ കഴിഞ്ഞ ബജറ്റിെൻറ ഫലങ്ങളെ സംബന്ധിച്ച വിലയിരുത്തൽ ജനങ്ങളുടെ മുന്നിൽ വെക്കുന്ന പതിവുണ്ട്. ആ പതിവ് ഇല്ലാത്തതുമൂലം പ്രഖ്യാപനങ്ങളുടെ പെരുമഴയുമായി ഒാരോ ബജറ്റും കടന്നുപോകും. ജനുവരിയിലെ ഡോ. െഎസക്കിെൻറ ബജറ്റിലെ പല പ്രഖ്യാപനങ്ങളും മുൻ ബജറ്റിൽ നിന്നുള്ള വെട്ടി ഒട്ടിക്കലുകൾ (cut and paste) ആയിരുന്നു.
ഏതൊരു ബജറ്റിലെയും ഏറ്റവും പ്രധാനപ്പെട്ടഭാഗം വിഭവസമാഹരണമാണ്. കോവിഡിെൻറ ഇൗ കാലത്ത് ജനങ്ങളുടെ കൈയിൽ പണമില്ല. അതുകൊണ്ടുതന്നെ നികുതി നിർദേശങ്ങൾക്ക് പ്രസക്തിയില്ല എന്നാണ് ധനമന്ത്രിയുടെ നിലപാട്. പക്ഷേ, ഒന്നോർക്കണം, ഒരു ജനാധിപത്യസർക്കാർ എന്നത് ജനങ്ങളുടെ നികുതി-നികുതിയിതര മാർഗങ്ങളിലൂടെയുള്ള സംഭാവനകൊണ്ട് പുലർന്നുേപാകുന്നതാണ്. തീർച്ചയായും കടമെടുക്കാം; കടമെടുക്കുന്നത് മൂലധന ചെലവിനായിരിക്കണം തുടങ്ങിയ യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ ഇൗ കോവിഡ് കാലത്ത് പ്രസക്തമല്ല എന്ന് വാദിക്കാം. പക്ഷേ, കടമെടുപ്പിന് പരിധിയുണ്ട്.
നികുതി പിരിക്കാൻ മാർഗമുണ്ട് എന്ന ഒരു നിലപാട് സ്വീകരിച്ച് അതിനുള്ള മാർഗങ്ങൾ ആഴത്തിൽ പരിശോധിച്ചിരുന്നെങ്കിലോ? സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ മധ്യവർഗത്തിൽനിന്നും സമ്പന്നരിൽനിന്നും അധികവരുമാനം സമാഹരിക്കാനുള്ള മാർഗങ്ങൾ പരിഗണിക്കാം. ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലെ ഫീസുകൾ ആണ് അവയിലൊന്ന്. 2020-21 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 42469.84 കോടിയാണ് ഇൗ മേഖലയിലെ റവന്യൂചെലവ്. ഫീസായി പിരിക്കുന്നത് 702.01 കോടി രൂപ! അതായത് 1.65 ശതമാനം. 1972-73 ലെ നിരക്കിൽ ഇത് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ 2357.08 കോടി രൂപ സമാഹരിക്കാമായിരുന്നു. മധ്യവർഗവും സമ്പന്നരുമാണ് ഇൗ മേഖലയിലെ സബ്സിഡികൾ അടിച്ചുകൊണ്ടുപോകുന്നത്. കേന്ദ്രനിയമപ്രകാരം സംസ്ഥാനം ചുമത്തുന്ന വൈദ്യുതിതീരുവയാണ് മറ്റൊന്ന്. സാധാരണക്കാരെ ഒഴിവാക്കി ഭാരം മധ്യവർഗത്തിനും സമ്പന്നർക്കും വരത്തക്കവിധം വൈദ്യുതിതീരുവ വർധിപ്പിക്കാമായിരുന്നു.
വസ്തുനികുതിയാണ് പ്രധാനപ്പെട്ട മറ്റൊരു സ്രോതസ്സ്. സംസ്ഥാനം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയ ഒരു നികുതി സ്രോതസ്സാണിത്. അങ്ങേയറ്റം കാര്യക്ഷമമല്ലാത്ത വിധം പിരിക്കപ്പെടുന്ന ഒരു നികുതിയാണിത് എന്ന് ധനകാര്യ കമീഷനുകൾ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇൗ നികുതി തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ഏറ്റെടുത്ത് കാര്യക്ഷമമായി പിരിക്കുകയാണെങ്കിൽ 15,000 കോടി രൂപ സമാഹരിക്കാൻ കഴിയും.
സംസ്ഥാനത്തിെൻറ മൊത്തം വരുമാനത്തിെൻറ 57 ശതമാനത്തിനുമേൽ ശമ്പളവും പെൻഷനും വേണ്ടിയാണ് ചെലവഴിക്കപ്പെടുന്നത്. അതുകുറക്കാൻ ആവില്ലേല്ലാ. എങ്ങനെയും തുടർഭരണം എന്ന ലക്ഷ്യംവെച്ച് ശമ്പള-പെൻഷൻ പരിഷ്കാരം നടത്തി. കോവിഡിെൻറ പല തരംഗങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു എന്നോർക്കണം. ശമ്പളക്കാരും പെൻഷൻകാരും വിപണിയിൽ തിരികെ എത്തിക്കുന്നത് ഇൗ കോവിഡ് കാലത്ത് എത്രയോ കുറവാണ്.
സാധാരണക്കാരുടെ വരുമാനം വർധിച്ചാലേ വിപണി ഉണരുകയുള്ളൂ. എങ്കിലേ കയറ്റിറക്ക് അടക്കമുള്ള സാമ്പത്തികപ്രവർത്തനങ്ങൾ ത്വരിതെപ്പട്ട് ചരക്ക് സേവന നികുതി വരുമാനം വർധിക്കുകയുള്ളൂ. മധ്യവർഗത്തിൽനിന്നും സമ്പന്നരിൽനിന്നും മേൽപറഞ്ഞ മാർഗങ്ങളിലൂടെ വിഭവസമാഹരണം നടത്തി ക്ഷേമപെൻഷനുകൾ 2500 രൂപയായി വർധിപ്പിച്ചിരുന്നെങ്കിലോ? അല്ലെങ്കിൽ തൊഴിൽ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 5000 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുന്ന ഒരു പദ്ധതി മുന്നോട്ട് വെച്ചിരുന്നെങ്കിലോ?
അത്തരം ഒരു നിർദേശവും ഇല്ലെന്നുമാത്രമല്ല, മധ്യവർഗത്തെയും സമ്പന്നരെയും കൂടുതൽ സന്തോഷിപ്പിക്കുകയുമാണ്. എല്ലാവർക്കും കിറ്റും സൗജന്യ വാക്സിനും. സൗജന്യ വാക്സിൻ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവർക്ക് മാത്രം എന്നുവെച്ചാൽ 700 കോടി രൂപ സുഖമായി ലാഭിക്കാമായിരുന്നു.
വ്യവസായങ്ങൾക്ക് പലിശ സബ്സിഡി, പുതുസംരംഭങ്ങൾക്ക് പ്രത്യേകപദ്ധതി, കുടുംബശ്രീക്ക് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനുള്ള സഹായപദ്ധതി എന്നിങ്ങനെ തൊഴിലവസരങ്ങളും വരുമാനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കുറേ പദ്ധതികൾ ഉണ്ട്. പക്ഷേ, എന്തുഫലം? കുറഞ്ഞ പലിശക്ക് പണം ലഭ്യമല്ലാത്തതുകൊണ്ടല്ല, വ്യവസായ-സേവന സംരംഭങ്ങൾ തുടങ്ങാൻ ആളുകൾ മുന്നോട്ടുവരാത്തത്. ഉൽപന്നങ്ങൾ വാങ്ങാൻ ആളുകളുടെ കൈയിൽ പണം ഇല്ലാത്തതുകൊണ്ടാണ്. അത് മനസ്സിലാക്കിയിരുന്നെങ്കിൽ എങ്ങനെയും വിഭവസമാഹരണം നടത്തി സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ധനമന്ത്രി നടത്തിയേനെ.
സ്വകാര്യവത്കരണം, സർക്കാർ ഭൂമിയുടെ വിൽപന തുടങ്ങിയവ ഒക്കെ ഒരു ഇടതുപക്ഷസർക്കാറിന് അയിത്തമാണല്ലോ. അല്ലെങ്കിൽ 65,000 കോടി രൂപയുടെ ആസ്തിയാണ് കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങൾക്ക് ഉള്ളത്. കേരളത്തിലെ ബാങ്കുകളിൽ ഉള്ള നിേക്ഷപത്തിെൻറ 66 ശതമാനം മാത്രമേ ഇവിടെ വായ്പ ആയി കൊടുക്കാൻ കഴിയുന്നുള്ളൂ. ആശയപരമായ കടുംപിടുത്തങ്ങൾ വെടിഞ്ഞ് വൈദ്യുതിബോർഡ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ 50 ശതമാനം ഒാഹരികൾ വിപണിയിൽ വിറ്റാൽ മാത്രം 20,000 കോടി സമാഹരിക്കാമായിരുന്നു.
അത്തരം ഒരു ശ്രമങ്ങളും നടത്താതെയുള്ള 'പ്രഖ്യാപനങ്ങളുടെ ഇൗ പെരുമഴ ബജറ്റ്' വിശ്വാസ്യമല്ല. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരമുള്ള 1,30,000 കോടി വരുമാനത്തിൽ മൂന്നിൽ ഒന്നെങ്കിലും കുറവുണ്ടാകും. അതിനർഥം പ്രഖ്യാപിച്ച പല പദ്ധതികളും കടലാസിൽ ആയിരിക്കും. എന്നാൽ കോവിഡിനെ നേരിടാനുള്ള 20,000 കോടി രൂപ അടക്കമുള്ള പദ്ധതികൾ സ്വാഗതാർഹമാണ്.
സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടാൽ ജനങ്ങൾ നികുതി നൽകാൻ സ്വയം മുന്നോട്ടുവരും എന്നൊക്കെയുള്ള തെറ്റിദ്ധാരണയിൽ ആണ് ധനമന്ത്രി. വിഭവസമാഹരണത്തിനുള്ള ഗൃഹപാഠം ചെയ്തുതുടങ്ങും എന്ന പ്രഖ്യാപനം വരുന്ന ബജറ്റുകളിൽ നികുതി നിർദേശങ്ങൾ ഉണ്ടാകും എന്നതിെൻറ സൂചനയാണ്. ഇൗ വർഷം പിരിക്കാമായിരുന്ന നികുതി എന്നേക്കുമായി നഷ്ടപ്പെട്ടു. പക്ഷേ, ഇൗ വർഷം എടുത്ത കടം കൃത്യമായി രേഖപ്പെടുത്തപ്പെടും. നികുതിപോലെയുള്ള അനിഷ്ടകരമായ കഷായങ്ങൾ ഭരണത്തിെൻറ ആദ്യവർഷങ്ങളിലാണ് ജനങ്ങൾക്ക് നൽകേണ്ടത്.
പെട്രോളിെൻറ വില അടിക്കടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ ജനദ്രോഹം തുടരുകയാണ്. 2011 ലെ യു.ഡി.എഫ് സർക്കാർ പെട്രോളിെൻറ േമലുള്ള നികുതിനിരക്ക് കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകർന്നു. നിർഭാഗ്യവശാൽ അതൊന്നും ആലോചിക്കാനേ വയ്യാത്ത അവസ്ഥയിലാണല്ലോ. ചുരുക്കത്തിൽ പുതുക്കിയ ബജറ്റിൽ ആവേശം കൊള്ളാൻ മാത്രം ഒന്നുമില്ല. എല്ലാ ഉൗർജവും മഹാമാരിയെ പ്രതിരോധിക്കാൻ വിനിയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു സർക്കാറിനെ പൂർണമായും കുറ്റപ്പെടുത്താനുമാവില്ല. ഇനിയൊക്കെ നമ്മുടെ ഭാഗ്യം!
(സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.