തിരു-കൊച്ചി, മലബാർ എന്നിങ്ങനെ വേർപെട്ടുകിടന്നിരുന്ന പ്രദേശങ്ങൾ ഭാഷാടിസ്ഥാനത്തിലെ സംസ്ഥാനമായി മാറിയിട്ട് 66 വർഷം പിന്നിട്ടിരിക്കുകയാണ്. ത്യാഗോജ്വലങ്ങളായ നിരവധി പോരാട്ടങ്ങളും സാംസ്കാരികമായ മുന്നേറ്റങ്ങളുമാണ് ഐക്യകേരളം സാധ്യമാക്കിയത്.
ഐക്യകേരളം സ്വപ്നംകണ്ടവർക്ക് ഭാവികേരളത്തെക്കുറിച്ച് വ്യക്തമായ സങ്കൽപങ്ങളുണ്ടായിരുന്നു. അവ യാഥാർഥ്യമാക്കാനാണ് ഐക്യകേരളപ്പിറവിക്കു തൊട്ടുപിന്നാലെ അധികാരത്തിൽവന്ന 1957 ലെ ഇ.എം.എസ് മന്ത്രിസഭ മുതൽക്കിങ്ങോട്ട് പുരോഗമന സ്വഭാവമുള്ള മന്ത്രിസഭകളാകെ ശ്രമിച്ചത്. ഇത്തരം ഇടപെടലുകൾ സൃഷ്ടിച്ച മുന്നേറ്റത്തിെൻറ ഫലമായിരുന്നു ഭൂപരിഷ്കരണവും സാർവത്രിക വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും മറ്റു സാമൂഹിക സുരക്ഷ പദ്ധതികളുമെല്ലാം.
മാനവവികസന സൂചികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. കേരളത്തിെൻറ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയുന്ന പല പദ്ധതികളും പൂർത്തീകരണത്തോട് അടുക്കുകയാണ്.
ഒരു വൈജ്ഞാനിക നൂതന സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ് നാം. ലോകത്തെവിടെയും ഉണ്ടാകുന്ന അറിവുകളെ നമ്മുടെ സമ്പദ്ഘടനയിലേക്കു കൂട്ടിച്ചേർത്ത് അതിനെ പുരോഗമനോന്മുഖമായി പരിവർത്തിപ്പിക്കേണ്ടതുണ്ട്. എല്ലാ പൗരർക്കും അറിവ് ആർജിക്കുന്നതിന് സാഹചര്യമൊരുക്കാനായി ബഹുമുഖമായ ഇടപെടലുകൾ സാധ്യമാകേണ്ടതുണ്ട്. വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസവുമായി ഒരു ജൈവബന്ധം രൂപപ്പെടുത്തണം. ലോക വിജ്ഞാനഘടനയുമായി നമ്മുടെ നാടിനെ ബന്ധിപ്പിക്കണം.
ഇടതു സർക്കാർ ഐ.ടി മേഖലയിൽ നടത്തിയ കാര്യക്ഷമമായ ഇടപെടലുകളെ തുടർന്ന് കേരളത്തിലെ മൂന്ന് ഐ.ടി പാർക്കുകളുടെ വിസ്തീർണം രണ്ടു കോടിയിലേറെ ചതുരശ്രയടിയായി അവിടെ 1,106 കമ്പനികളും 1,35,288 ജീവനക്കാരുമുണ്ട്. 17,356 കോടി രൂപയുടെ ഐ.ടി കയറ്റുമതിയാണ് കേരളത്തിൽ നടക്കുന്നത്. ദേശീയപാത 66ന് സമാന്തരമായി നാല് ഐ.ടി ഇടനാഴികൾ സംസ്ഥാനത്ത് സ്ഥാപിക്കാനും ഒരുക്കങ്ങളായി. തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ കൊല്ലംവരെയും ചേർത്തല മുതൽ എറണാകുളം വരെയും എറണാകുളത്തുനിന്ന് കൊരട്ടി വരെയും കോഴിക്കോട് മുതൽ കണ്ണൂർ വരെയുമാണ് ഇടനാഴികൾ. ദേശീയപാതക്ക് സമാന്തരമായി ഐ.ടി പാർക്കിന് അനുയോജ്യമായവിധം 15 മുതൽ 25 ഏക്കർ വരെ ഭൂമി ഏറ്റെടുക്കും. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമിയിൽ 50,000 മുതൽ രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള 20 ചെറിയ സാറ്റ് ലൈറ്റ് ഐ.ടി പാർക്കുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഈ സർക്കാറിന്റെ കാലത്ത് 90,168 ചെറുകിട - ഇടത്തരം സംരംഭങ്ങളാണ് ആരംഭിച്ചത്. 2021-22 സാമ്പത്തിക വർഷത്തെ സംരംഭക വർഷമായി ആചരിക്കുകയാണ്. ആദ്യത്തെ ഇരുനൂറ് ദിനം കൊണ്ടുതന്നെ 75,000 സംരംഭങ്ങൾ തുടങ്ങാനായി. ഇതിലൂടെ 4,694 കോടി രൂപയുടെ നിക്ഷേപങ്ങളും സംഭരിച്ചു. ഇതുവഴി 1,65,301 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. ഇതിൽത്തന്നെ 25,000 സംരംഭങ്ങൾ വനിതകളുടേതാണ്.
ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. ആ അവകാശം എല്ലാവർക്കും പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താനാണ് കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്. കെ-ഫോണിലൂടെ എല്ലാവർക്കും സൗജന്യമായോ കുറഞ്ഞനിരക്കിലോ ഗുണമേന്മയുള്ള അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കും. അതിനായി 30,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് നിലവിൽ വരുന്നത്. 1,611 കോടി രൂപ ചെലവഴിക്കുന്ന ഈ പദ്ധതിയുടെ 85 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തീകരിച്ചുകഴിഞ്ഞു. കെ-ഫോണിന് ഐ.പി-1 സർട്ടിഫിക്കേഷനും ഐ.എസ്.പി-ബി ലൈസൻസും ലഭ്യമായിട്ടുണ്ട്.
വർധിച്ച ജനസാന്ദ്രതയും വാഹനപ്പെരുപ്പവും നേരിടുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ, നമ്മുടെ ഗതാഗത സൗകര്യങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. അനിശ്ചിതമായി നീണ്ടുപോയ ദേശീയപാത വികസനത്തിന്റെ തടസ്സങ്ങൾ നീക്കാനായത് കഴിഞ്ഞ ഇടതുപക്ഷ സർക്കാറിന്റെ സുപ്രധാനമായ നേട്ടമാണ്.
വ്യവസായ മുന്നേറ്റവും വികസനവും ലക്ഷ്യംവെച്ചുള്ള പരിപാടികൾ ആവിഷ്കരിക്കുമ്പോഴും ക്ഷേമപദ്ധതികളിൽനിന്ന് ഒരിഞ്ച് പിന്നിലേക്കു പോയില്ല സർക്കാർ. ഈ സർക്കാറിെൻറ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ മാത്രം 1,406 കോടി രൂപയാണ് വിതരണം ചെയ്തത്. ലൈഫ് മിഷൻ മുഖേന 50,650 വീടുകൾ നിർമിച്ചുനൽകി. 57 ലക്ഷം പേർക്ക് ക്ഷേമപെൻഷനുകൾ മുടങ്ങാതെ ലഭ്യമാകുന്നുണ്ട്. 583 കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജമായി. 849 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും 102 അർബൻ ൈപ്രമറി ഹെൽത്ത് സെൻററുകളെയും ഹെൽത്ത് ആൻഡ് വെൽനെസ് സെൻററുകളായി ഉയർത്തി.
പൊതുവിദ്യാഭ്യാസ രംഗത്തു നാം കൈവരിച്ച നേട്ടങ്ങൾക്ക് ആനുപാതികമായി ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിത്തീർക്കുന്നതിനുള്ള ഇടപെടലുകളും സർക്കാർ നടത്തിവരുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തിെൻറ ശാക്തീകരണത്തിനായി സർക്കാർ നടത്തിയ ഇടപെടലുകൾ ഫലം കാണുന്നു. നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിെൻറ പരിശോധനയിൽ കേരള സർവകലാശാലക്ക് എ പ്ലസ് പ്ലസ് േഗ്രഡും കാലിക്കറ്റ്, ശ്രീ ശങ്കരാചാര്യ, കുസാറ്റ് എന്നീ സർവകലാശാലകൾക്ക് എ പ്ലസ് േഗ്രഡും കരസ്ഥമാക്കാൻ കഴിഞ്ഞു. മറ്റു സർവകലാശാലകളും മികച്ച പ്രകടനമാണ് വിവിധ മേഖലകളിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ പുറത്തിറങ്ങിയ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് െഫ്രയിംവർക്ക് റിപ്പോർട്ട് പ്രകാരം കേരളത്തിലെ പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ നൂറിൽ ഇടംനേടിയിട്ടുണ്ട്. കേരളത്തിലെ മൂന്നു സർവകലാശാലകൾ ഓവറോൾ റാങ്കിങ്ങിലെ ആദ്യ നൂറിലുണ്ട്.
നവകേരള സൃഷ്ടിയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സമാധാനപൂർണമായ സാമൂഹികാന്തരീക്ഷം. ഈ സാമൂഹികാന്തരീക്ഷത്തിൽ ഊന്നിനിന്നുകൊണ്ടുവേണം നാം വിഭാവനം ചെയ്ത തരത്തിലുള്ള പുതിയ കേരളം പടുത്തുയർത്താൻ. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വലിയ ജാഗ്രത പുലർത്തണം. നമ്മുടെ നാടിനെ കാർന്നുതിന്നുന്ന മറ്റൊരു മഹാവിപത്താണ് മയക്കുമരുന്നിെൻറ ഉപയോഗം. ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ നാട്ടിൽ നിന്ന് ഇല്ലാതാക്കാൻ അതിവിപുലമായ ഒരു കാമ്പയിൻ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഈ പോരാട്ടത്തിൽ നാം ഓരോരുത്തരും കണ്ണിചേരണം.
നവോത്ഥാന കാലഘട്ടത്തിന്റെ സംഭാവനയായ ശാസ്ത്രബോധവും യുക്തിചിന്തയും നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടായിക്കൂടാ. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് നമ്മുടെ നാട് പുരോഗതിയിലേക്കെത്തിയത്. അതിൽനിന്നുള്ള മടങ്ങിപ്പോക്ക് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. ജനങ്ങളുടെ ബോധമണ്ഡലത്തെ മലീമസമാക്കുന്ന അത്തരം ശക്തികൾക്കെതിരെ ഒരേ മനസ്സോടെ അണിചേരുമെന്ന് ദൃഢപ്രതിജ്ഞ കൈക്കൊള്ളേണ്ട സന്ദർഭം കൂടിയാണ് ഈ കേരളപ്പിറവി ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.