കേരളത്തിൽ ഭരണം മാറിമാറി വരുന്നത് മനസ്സും ശരീരവും രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അടിയറവെച്ച് രാഷ്ട്രീയ ജീവിതം നയിക്കുന്ന ജനവിഭാഗങ്ങൾ ഉള്ളതുകൊണ്ടല്ല; മറിച്ച്, ഭരണ മികവ് നോക്കി മാറിച്ചിന്തിക്കുന്ന നിശ്ചിത ശതമാനം ജനവിഭാഗങ്ങൾ ഉള്ളതുകൊണ്ടാണ്. ഈ ഭരണ മാറ്റങ്ങളാണ് കേരളത്തെയും രാഷ്ട്രീയ പാർട്ടികളെയും നവീകരിക്കുന്നതിലും ആധുനീകരിക്കുന്നതിലും സഹായകമാകുന്നത്. അതുകൊണ്ടുതന്നെ കേരളത്തെ നവീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ശക്തമായ കക്ഷിരാഷ്ട്രീയ ബോധത്തിനടിമപ്പെട്ടു ജീവിക്കുന്നവരെക്കാൾ രാഷ്ട്രീയമായ അപചയങ്ങളെ മനസ്സിലാക്കി മാറിച്ചിന്തിക്കുന്നവരാണ്. രാഷ്ട്രീയവും ഭരണപരവുമായ അപചയങ്ങളെ ചൂണ്ടിക്കാണിക്കുന്നത് പൗരജനങ്ങളുടെ അവകാശമാണ്.
ഒരു രാഷ്ട്രീയ സംവിധാനത്തിൽ ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള അവകാശം പോലെത്തന്നെ തെരഞ്ഞെടുക്കപ്പെട്ടവരെ വിമർശിക്കാനുള്ള അവകാശവുമുണ്ട്. ആ അവകാശം വകവെച്ചു കൊടുക്കുന്നതുംകൂടിയാണ് ജനാധിപത്യം. ജനാധിപത്യം എന്നത് ഭൂരിപക്ഷ കൂട്ടായ്മ മാത്രമല്ല; മറിച്ച്, ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ ഉതകുന്ന സാഹചര്യംകൂടി ഉണ്ടാക്കിയെടുക്കുന്നതിലാണ്. കേരള രാഷ്ട്രീയത്തെക്കുറിച്ച് ഒരു ജനപ്രതിനിധി നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ ഭരണകൂട സംവിധാനങ്ങൾക്ക് സാധിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ ജനങ്ങളോടുള്ള ബാധ്യത നിർവഹിക്കപ്പെടുകയുള്ളൂ. അല്ലാത്തപക്ഷം ഉന്നയിച്ച ചോദ്യങ്ങളും ആരോപണങ്ങളും ജനങ്ങൾക്ക് അല്ലെങ്കിൽ മേൽപറഞ്ഞ നിശ്ചിത ജനവിഭാഗത്തിന് ഭരണകൂട സംവിധാനങ്ങളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും.
കേരളം നേടിയെടുത്ത സാമൂഹിക, സാംസ്കാരിക പുരോഗതിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. കേരളത്തിലെ സാംസ്കാരിക വകുപ്പുകളും അതിന്റെ കീഴിലുള്ള ചരിത്ര പൈതൃകങ്ങളും അക്കാദമികളും ഇൻസ്റ്റിറ്റ്യൂട്ടുകളും കൾച്ചറൽ സെന്ററുകളും, അവയെല്ലാം നൽകുന്ന ഗ്രാന്റുകളും സർഗാത്മക പരിപാടികളുമെല്ലാം ആസൂത്രണം ചെയ്യുന്നതും നടപ്പിൽവരുത്തുന്നതും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂന്നിയ ഭരണകൂടങ്ങളാണ്. അതിലുപരി വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ വികസന പ്രവർത്തനങ്ങളിലെല്ലാം മികച്ചുനിൽക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കേരളത്തിന് സാധിച്ചതും രാഷ്ട്രീയപരമായ ഇടപെടലുകൾകൊണ്ടാണ്. കേരള സമൂഹത്തിൽ വർഗീയ ഫാഷിസ്റ്റ് മനോഭാവമുള്ള രാഷ്ട്രീയ സംവിധാനങ്ങളെ ചെറുത്തുനിൽക്കുന്നതിൽ വലിയ പങ്കാണ് രാഷ്ട്രീയ പാർട്ടികൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. വെറുപ്പിന്റെ പ്രചാരകരും പ്രയോക്താക്കളുമായ ആർ.എസ്.എസിനോട് വിട്ടുവീഴ്ചയില്ലാത്ത മനോഭാവം വെച്ചുപുലർത്തിയതിനാലാണ് കേരളം ഉത്തരേന്ത്യയുടെ മട്ടിൽ വിഷമയമാവാതിരിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ജനങ്ങളെ സാമൂഹികമായും സാംസ്കാരികമായും പരിഷ്കരിക്കാനാണ് ശ്രമിക്കേണ്ടത്. പരിഷ്കരണ ഘട്ടങ്ങളിൽ സ്വാഭാവികമായും അതൃപ്തികളും വിയോജിപ്പുകളും കാണാറുണ്ട്. അതൃപ്തി പ്രകടിപ്പിക്കുന്നവരെയും വിയോജിക്കുന്നവരെയും ഇല്ലാതാക്കാനോ ആക്രമിക്കാനോ അല്ല മുതിരേണ്ടത്. വിയോജിക്കുന്നവരെ ആക്രമിക്കുന്നത് നവീകരിക്കപ്പെടേണ്ട ഒരു രാഷ്ട്രീയ സംവിധാനത്തിനോ സാമൂഹിക ചുറ്റുപാടിനോ യോജിച്ചതല്ല. ഭരണകൂട രാഷ്ട്രീയ സംവിധാനത്തിലുള്ള ഒരു എം.എൽ.എ ആരോപണമുന്നയിക്കേണ്ടത് പാർട്ടിക്കകത്താണ്. എന്നാൽ, നിലമ്പൂർ എം.എൽ.എക്ക് അതിനായി സമൂഹ മാധ്യമത്തെ അവലംബിക്കേണ്ടിവന്നത് പ്രശ്നങ്ങളുന്നയിക്കാനാവുന്ന വേദി എം.എൽ.എയിൽനിന്ന് അത്രകണ്ട് അകന്നുപോയതുകൊണ്ടാണെന്നു വേണം മനസ്സിലാക്കാൻ.
രാഷ്ട്രീയം എന്നത് ഒരു വ്യക്തി രാഷ്ട്രത്തെയും രാഷ്ട്രം ഒരു വ്യക്തിയെയും സേവിക്കാനുള്ള സേവന ഉപാധിയാണ്; മറിച്ച്, പക്ഷപാതപരമായ നേട്ടങ്ങൾക്കോ താൽപര്യ സംരക്ഷണത്തിനോ വേണ്ടിയുള്ളതല്ല. സേവന പാതയിൽ ആര് മുന്നിട്ടുനിൽക്കുന്നുവോ അവരിൽ ജനങ്ങൾ ഏൽപിക്കുന്ന ഉത്തരവാദിത്തമാണ് ഭരണകൂടം. ഒരു രാജ്യത്തെ, അല്ലെങ്കിൽ ഒരു സ്റ്റേറ്റിനെ ആരോഗ്യകരമായി നിലനിർത്തുന്നതും മുന്നോട്ടു കൊണ്ടുപോകുന്നതും അവിടെയുള്ള ഭരണകൂട സംവിധാനങ്ങളാണ്. ആ ഭരണകൂട സംവിധാനങ്ങളിൽ വീഴ്ച വരുമ്പോൾ അതിനെ ചൂണ്ടിക്കാണിച്ച് ജനനന്മക്കായി പ്രവർത്തിപ്പിക്കേണ്ടത് പ്രതിപക്ഷ ബാധ്യതയും ഉത്തരവാദിത്തവുമാണ്. എന്നാൽ, പലപ്പോഴും കുറ്റകരമായ മൗനം പാലിക്കുകവഴി ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൽനിന്ന് പ്രതിപക്ഷ പാർട്ടികളും മാറിനിന്നു. ഈയൊരു സാഹചര്യം കേരളത്തിൽ രാഷ്ട്രീയപരമായ അരക്ഷിത ബോധമാണ് സൃഷ്ടിക്കുന്നത്. ഭരണകൂട സംവിധാനങ്ങളുടെ ആണിക്കല്ലായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആശയപരമായി ദുർബലപ്പെടുന്നത് രാജ്യത്തെ അല്ലെങ്കിൽ ഒരു സ്റ്റേറ്റിനെ നവീകരിക്കുന്നതിൽനിന്ന് പിറകോട്ടടിക്കുകയാണ് ചെയ്യുക.
(എം.ഇ.എസ് മമ്പാട് കോളജ് അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.