വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ യുവത്വത്തെ അനുമോദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത ്തിയ പ്രസ്താവന ശ്രദ്ധാർഹമാണ്. ആരുടേയും ആഹ്വാനം ഇല്ലാെത യുവാക്കൾ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് രംഗത്തുവന്നത് മുഖ്യമന്ത്രി എടുത്തുപറയുന്നു.ഇപ്പോഴത്തെ സാഹചര്യത്തില്‍ ‘യുവത്വം’ എന്നത് സവിശേഷ രാഷ്ട്രീയ സൂചകമായി കേരളത്തില്‍ മാറുന്നുണ്ട്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം സൃഷ്‌ടിച്ച കെടുതികള്‍ അത്രമേല്‍ ശക്തിയുള്ള രാഷ്ട്രീയ പ്രക്ഷോഭമായും സാമൂഹിക മുന്നേറ്റമായും മാറിയിരിക്കുന്നു. അതിനാല്‍ത്തന്നെ, രാഷ്ട്രീയ സംഘടനകളുടെ ഉപവിഭാഗമായി മാത്രം മത്സ്യത്തൊഴിലാളികളെയും യുവതീയുവാക്കളെയും പരിഗണിച്ചിരുന്ന രീതി മാറി. ഈ രണ്ടു വിഭാഗങ്ങളും സവിശേഷ സ്വത്വപ്രശ്നമായി മാറുന്നുവെന്നാണ് പുതിയ മാറ്റങ്ങള്‍ പറയുന്നത്. യുവത്വത്തിെൻറ ഇടപെടലുകള്‍ സാധ്യമാക്കിയ അനേകം പ്രതിസംസ്കാരങ്ങളുടെ ഭൂമികയായി കേരളത്തെ വിഭാവന ചെയ്യാന്‍ ഭരണകൂടം തയാറാവുന്നത് ഏറെ അത്ഭുതമുണ്ടാക്കുന്നതാണ്.
രാഷ്ട്രീയ സംഘാടനവും യുവത്വവും
വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ സന്നദ്ധ വിഭാഗങ്ങളാണ് വലിയ കോലാഹലങ്ങളോടെ സാമൂഹിക സേവനം നടത്താറുള്ളത്. എന്നാല്‍, പിണറായി വിജയന്‍തന്നെ പറഞ്ഞപോലെ ഈ യുവമുന്നേറ്റം ഉറവിടം വ്യക്തമല്ലാത്ത രാഷ്ട്രീയ ആഹ്വാനമായിരുന്നു. മാത്രമല്ല, ഒരു സോഷ്യല്‍ മീഡിയ ഇടപെടലും ആയിരുന്നു. ഇത് ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് മുന്നേറിയത്. പ്രാദേശിക സവിശേഷതകള്‍ ഈ സാമൂഹിക ഇടപെടലിനെ ഒരൊറ്റ ചരടില്‍ കോര്‍ക്കാന്‍ കഴിയാത്തവിധം സങ്കീർണമാക്കി. കേരളം ഇന്നേവരെ കാണാത്ത രാഷ്ട്രീയ സംഘാടനത്തിെൻറ അപൂര്‍വതയും ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലുണ്ട്. സാധാരണ ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവസംസ്കാരത്തിെൻറ സ്വയം സംഘാടനത്തിെൻറ കാര്യത്തില്‍ ഉന്നയിക്കുന്ന പരാതികള്‍തന്നെയാണ് പക്ഷേ, ഈ പുതിയ മുന്നേറ്റത്തിെൻറ കരുത്ത്.
മുതലാളിത്തവും രാഷ്ട്രീയവും
ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടെ പിന്‍ബലമില്ലാതെ സ്വയം സംഘടിക്കാന്‍ ‘യുവത്വം’ എന്ന ഗണത്തിനു സാധിക്കുന്നുവെന്ന് ഇപ്പോള്‍ സങ്കൽപിക്കാന്‍ കഴിയുന്നുണ്ട്. അദൃശ്യ രാഷ്ട്രീയം ആഘോഷിക്കപ്പെടുന്ന ഈ ഡിജിറ്റല്‍കാലത്ത് ബദല്‍ യുവസംസ്കാരത്തിന് അതിനുള്ള അവകാശമില്ലേ? ഇപ്പോഴത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനെതിരെയും ആരുടേയും ആഹ്വാനമില്ലാത്ത മുന്നേറ്റമെന്നും സുതാര്യതയില്ലായെന്നും ഒക്കെ ആരോപണം അഴിച്ചുവിടാവുന്നതേയുള്ളൂ. ഭരണകൂടം ഇപ്പോള്‍ അത് ചെയ്യാത്തത് രാഷ്ട്രീയപരമായ നീക്കമാണ്. അതിനാല്‍തന്നെ, ഭരണകൂട നിർവചനത്തിനു പുറത്തുതന്നെ ഈ യുവസഞ്ചയത്തെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പുതുയുവത്വം അടിച്ചമര്‍ത്തലിനെയും മുതലാളിത്ത രാഷ്ട്രീയത്തെയും ആന്തരികവത്കരിച്ചിരിക്കുന്നു. അവരുടെ മായികബോധം അവരെ പ്രതിരോധത്തില്‍നിന്നും രാഷ്ട്രീയ സംഘാടനത്തില്‍നിന്നും തടയുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയമായി ചിന്തിക്കുന്ന രാഷ്ട്രീയ പിതാക്കള്‍ അവരെ നേര്‍വഴിക്കു നയിക്കാന്‍ തയാറാകണം എന്ന ഇടതു/വലതു വിപ്ലവകാരികളുടെ കുത്തകബോധത്തെ തന്നെയല്ലേ ഈ വെള്ളപ്പൊക്ക
ദുരിതാശ്വാസവും ചോദ്യംചെയ്തത്?
യുവത്വം എന്ന സങ്കല്‍പത്തെക്കുറിച്ചുള്ള ആഖ്യാനമാണ് മറ്റൊരു പ്രശ്നം. ‘യുവത്വ’ത്തെ കൈവശംവെക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം ആര്‍ക്കാണെന്ന ചര്‍ച്ച ആധുനിക ജനാധിപത്യത്തിെൻറതന്നെ പ്രത്യേകതയാണ്. രാഷ്ട്രീയസംഘടനകളും പ്രാദേശിക കൂട്ടായ്മകളും അടക്കം എല്ലാ സംവിധാനങ്ങളും യുവത്വം എന്ന സങ്കൽപത്തിെൻറ മേലെ അധിനിവേശം ചെയ്താണ് നിലയുറപ്പിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള സ്വത്വവിഭാഗങ്ങളും ‘യുവത്വ’ത്തിെൻറ മേഖലയിലേക്ക് പ്രവേശിക്കാന്‍തന്നെയാണ് രാഷ്ട്രീയസമരങ്ങള്‍ നടത്താറുള്ളത്.
സ്റ്റൈലും ലുക്കും
‘രാഷ്ട്രീയം’ എന്നു പൊതുവെ വ്യവഹരിക്കപ്പെടുന്ന മേഖലക്ക് പുറത്താണ് ഈ ‘യുവത്വം’ പക്ഷേ നില്‍ക്കുന്നത്. യുവത്വത്തിെൻറ ഇടപെടല്‍ ഫാഷനായും സ്റ്റൈലായും മനസ്സിലാക്കേണ്ടതുണ്ടെന്ന് ഒലിവിയെ മാര്‍ഷിെൻറ നിരീക്ഷണം ഈ സാഹചര്യത്തില്‍ ഒർക്കാവുന്നതാണ്. അതുകൊണ്ടുതന്നെ മാറിയ വ്യാകരണമുള്ള ഈ യുവസംസ്കാരലോകം നിലവിലുള്ള രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഈ അസ്വസ്ഥത പലതരത്തിലുള്ള പ്രചാരണങ്ങളായും ഗൂഢതയുടെ പ്രശ്നമായും സ്വാംശീകരണമായും തല്ലും തലോടലുമായും പുറത്തുവരുന്നുവെന്നു കാണാം. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ സ്തുതിയുടെ ഭാഷ എത്രനാള്‍ തുടരുമെന്ന ആശങ്കയുണ്ട്. കാരണം, പ്രത്യേക രീതിയില്‍ വസ്ത്രം ധരിച്ചാലും മുടി വെട്ടിയാലും മുസ്‌ലിം ചെറുപ്പക്കാരെപ്പോലെ താടി നീട്ടിയാലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാലും ‘ലുക്ക്’ നോക്കി കേസെടുത്ത് അറസ്റ്റ് ചെയ്യുന്ന പൊലീസും രാഷ്ട്രീയ പാര്‍ട്ടിക്കാരും ഉള്ള നാടാണിത്.
ഇവിടെ ആലോചിക്കേണ്ട മറ്റൊരു പ്രധാന പ്രശ്നം, രാഷ്ട്രീയ സമരങ്ങളുടെയും കൂട്ടായ്മകളുടെയും നേതൃത്വം എങ്ങനെ ഉണ്ടാവുന്നു, അതെങ്ങനെ നിലനിൽക്കുന്നു എന്നീ ചോദ്യങ്ങളാണ്. ജനാധിപത്യത്തിെൻറ കേന്ദ്രീകരണ സ്വഭാവത്തെ എതിർക്കുന്നവര്‍ എന്തിനാണ് എപ്പോഴും നേതൃത്വത്തെപ്പറ്റി ബേജാറാവുന്നത്? നേതാവ് ജനിക്കുന്നതല്ല, ഉണ്ടാവുന്നതാണ് എന്നൊക്കെ പറയുന്നവര്‍തന്നെയാണ് നേതൃത്വത്തെക്കുറിച്ചുള്ള ഈ ആശങ്കകളും ഉന്നയിക്കുന്നത്. മാത്രമല്ല, നേതാവ് എന്നത് എല്ലാ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും സാമൂഹിക മുന്നേറ്റങ്ങളുടെയും ബാധ്യതയല്ല. നേതാക്കളില്ലാതെയും രാഷ്ട്രീയമുണ്ടായിക്കൂടേ? ഈ ദുരിതാശ്വാസം നടത്തിയ ആളുകളൊന്നുംതന്നെ നേതൃത്വം എന്ന രീതിയില്‍ സ്വയം അവരോധിതമായില്ല എന്നതിലാണ് പുതുമ. പങ്കാളിത്തം എല്ലാവരും അവകാശപ്പെട്ടെങ്കിലും അതിെൻറ നേതൃത്വം ആരും ഏറ്റെടുത്തില്ല. ‘രക്ഷകർ’ ചമയാന്‍ ശ്രമിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് ശരിക്കും കല്ലുകടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.