രാജ്യത്തെ പത്രമോഫിസുകളാകെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപന വാർത്തകളുമായി കെട്ടിമറിഞ്ഞുകൊണ്ടിരുന്ന മാർച്ച് 16ന് എന്റെ ഫോണിലേക്ക് രണ്ട് ഫോർവേഡഡ് സന്ദേശങ്ങളെത്തി.
ഒരെണ്ണം ഒരു വിഡിയോ ക്ലിപ് ആയിരുന്നു: ഇന്ത്യാ ടുഡേ ചെയർമാനും എഡിറ്റർ ഇൻ ചീഫുമായ അരുൺപുരി അവരുടെ മീഡിയ കോൺക്ലേവിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ. കഴിഞ്ഞവർഷം ഇതേ വേദിയിൽവെച്ച് അടുത്തവർഷം വീണ്ടും വരണമെന്ന് പ്രധാനമന്ത്രിയോട് താൻ അഭ്യർഥിച്ചിരുന്നുവെന്നും അത് പാലിക്കുന്നതിനായി തെന്നിന്ത്യൻ പര്യടനം ഇടക്കുവെച്ചു നിർത്തി ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി മോദി ഡൽഹിയിലെത്തിയെന്നും പുരി പറയുന്നു. തന്റെ അഗാധമായ നന്ദി അറിയിക്കാനായി പ്രധാനമന്ത്രിയെ നോക്കിക്കൊണ്ട് എഡിറ്റർ ഇൻ ചീഫ് മൊഴിയുന്നു -‘‘ഇതിനെയാണ് പറയുന്നത് മോദിയുടെ ഗാരന്റി’’, സദസ്യർ ആർപ്പുവിളിക്കുന്നു.
രണ്ടാമത്തെ ഫോർവേഡ് സന്ദേശമയച്ചത് ഡൽഹിയിലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകനാണ്, ദ ന്യൂസ് മിനിറ്റ് പോർട്ടൽ എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ എക്സിൽ എഴുതിയ പോസ്റ്റായിരുന്നു അത്. അവർ പറയുന്നു : ‘‘ഒരേ ലക്ഷ്യവുമായി ഞങ്ങൾ 25 മാധ്യമപ്രവർത്തകർ ഒരുമിച്ചിരിക്കയാണ്- തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വിശദാംശങ്ങൾ വിലയിരുത്താൻ. ന്യൂസ് മിനിറ്റും ന്യൂസ് ലോണ്ടറിയും നേരത്തേതന്നെ കൈകോർത്ത് പ്രവർത്തിക്കാറുണ്ട്. ഒരുമിച്ച് പ്രവർത്തിക്കുന്നതിനെപ്പറ്റി സ്ക്രോൾ എഡിറ്റർ സുപ്രിയ ശർമയുമായും ഞങ്ങൾ സംസാരിച്ചു. 10 സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ ഒരു പൂൾ ഞങ്ങളുണ്ടാക്കി. പലരും മുമ്പ് ഒന്നിച്ച് പണിയെടുത്തിട്ടില്ലെന്ന് മാത്രമല്ല പലർക്കും പരസ്പരം അറിയുകപോലുമില്ല. പക്ഷേ, അത്തരം വിഷയങ്ങളെല്ലാം മാറ്റിവെച്ച് മാധ്യമപ്രവർത്തകരുടെ ഈ സംഘം ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ ഒരുമിച്ചിരുന്നു. ഇതിനകം ആഴത്തിലും വേഗത്തിലുമുള്ള ഒമ്പത് വിശകലന റിപ്പോർട്ടുകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചു, ഇനിയുമൊരുപാട് വരാനിരിക്കുന്നു. ആരുടെ ബൈലൈനിലാണ് വാർത്ത വരുക, ആർക്കൊക്കെ ക്രെഡിറ്റ് കിട്ടും എന്നൊന്നും ഈ മാധ്യമപ്രവർത്തകർ ആരുംതന്നെ ചോദിച്ചില്ല, വിശദാംശങ്ങൾ കൃത്യമായി പരിശോധിച്ചുവെന്ന് ഉറപ്പാക്കാനും ജോലി ചെയ്തുതീർക്കാനുമാണ് എല്ലാവരും ആഗ്രഹിച്ചത്. ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം, അഭിമാനവും.”
‘‘ഇത് ഗംഭീരമായല്ലേ?’’എന്ന് ചോദിച്ചു ആ സന്ദേശം ഫോർവേഡ് ചെയ്തുതന്ന മാധ്യമ പ്രവർത്തകൻ.
ഗംഭീരം മാത്രമല്ല, ഇന്ത്യൻ മാധ്യമപ്രവർത്തനരംഗത്തെ ഒരു നാഴികക്കല്ലുതന്നെയാണത്. മറ്റു പല സുപ്രധാന സംഗതികളും പോലെത്തന്നെ അരുൺ പുരി പറഞ്ഞ കമന്റോ ധന്യ രാജേന്ദ്രന്റെ നേതൃത്വത്തിലെ മാധ്യമപ്രവർത്തക പരിശ്രമമോ ഒറ്റരാത്രി കൊണ്ടുണ്ടായതല്ല. രാജ്യത്തെ വ്യവസ്ഥാപിത മാധ്യമ സ്ഥാപനങ്ങളിലെ പല ഘടാഘടിയൻമാരും കുറച്ചുകാലമായി സർക്കാറിന് മുന്നിൽ വല്ലാത്ത ദാസ്യം പ്രകടിപ്പിക്കുന്നുണ്ട്.
പ്രിതീഷ് നന്ദി പത്രാധിപരായിരിക്കെ ദ ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ ‘ദ ടൈപ്പ് റൈറ്റർ ഗറില്ലാസ്’എന്ന തലക്കെട്ടോടെ 1985 നവംബറിൽ ഒരു കവർ സ്റ്റോറി പുറത്തിറക്കി. 1971ലെ യുദ്ധസമയത്ത് അമേരിക്കയും പാക്കിസ്താനും തമ്മിലുണ്ടാക്കിയ ധാരണ പുറത്തുകൊണ്ടുവന്ന ജാക്ക് ആൻഡേഴ്സണും വാട്ടർഗേറ്റ് റിപ്പോർട്ടർമാരിലൊരാളായ കാൾ ബേൺസ്റ്റൈനും ഉൾപ്പെടെ 20 മുൻനിര അന്വേഷണാത്മക പത്രപ്രവർത്തകരെക്കുറിച്ച് 1977ൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ ശീർഷകത്തെ ഓർമപ്പെടുത്തുന്നതായിരുന്നു ആ തലക്കെട്ട്.
ഏതാനും വർഷം മുമ്പുവരെ സർക്കാർ പത്രക്കുറിപ്പുകളെ വാർത്താസ്രോതസ്സായി കണ്ടിരുന്ന പഴഞ്ചൻ ഇംഗ്ലീഷ് പത്രപ്രവർത്തന രീതിയിൽനിന്ന് ഭിന്നമായി യുവത്വവും ധീരതയും നിറഞ്ഞ, ആചാരലംഘനവും ധ്രുതഗതിയും ശീലമാക്കിയ അന്നത്തെ ഇംഗ്ലീഷ് മാധ്യമ പ്രവർത്തനത്തിന്റെ ഒരു അപരിചിത മുഖം വിവരിക്കുന്നതായിരുന്നു ആ റിപ്പോർട്ട്. ഉദ്യോഗസ്ഥവൃന്ദം താൽപര്യപ്പെട്ടിരുന്ന ചിന്താശൂന്യമായ പദപ്രയോഗങ്ങൾ വെട്ടിനീക്കി തറച്ചുകയറുന്ന ഗദ്യങ്ങളെഴുതി ടൈപ്പ്റൈറ്റർ ഗറില്ലകൾ.
ഇന്ത്യയിൽ പുതു ഇംഗ്ലീഷ് പത്രപ്രവർത്തനം നയിച്ചത് ടൈപ്പ് റൈറ്റർ ഗറിലകളാണെങ്കിൽ, അവരുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന് പുരി പുറത്തിറക്കിയ ഇന്ത്യ ടുഡേ മാഗസിൻ ആയിരുന്നു. ഇന്ത്യാ ടുഡേ മാഗസിൻ ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുശേഷം, അരുൺ ഷൂരി പത്രപ്രവർത്തനത്തെ കൊടുങ്കാറ്റായി പരിവർത്തിപ്പിക്കുകയും ഇന്ത്യൻ എക്സ്പ്രസ് പത്രത്തെ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ശക്തികേന്ദ്രമാക്കി മാറ്റുകയും ചെയ്തു. “എവിടെയോ ഒരാൾ എന്തൊക്കെയോ മറച്ചുപിടിക്കാൻ ആഗ്രഹിക്കുന്നു; അത് വാർത്തയാണ്, മറ്റെല്ലാം പരസ്യമാണ് എന്ന, മാധ്യമ പ്രവർത്തന വിദ്യാർഥികളെ ഏറെ പ്രചോദിപ്പിപ്പിച്ച ഉദ്ധരണിയുടെ പകർപ്പ് ഇന്ത്യാ ടുഡേ എഡിറ്റർ ഇൻ ചീഫായിരുന്ന അരുൺ പുരിയുടെ ഓഫിസിൽ ചില്ലിട്ടുവെച്ചിരുന്നു.
ഷൂരിയെപ്പോലുള്ള ചില ടൈപ്പ് റൈറ്റർ ഗറിലകൾ അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ചത് അവരുടെ മാധ്യമപ്രവർത്തനം ഏതെങ്കിലും ഘട്ടത്തിൽ ഭാവിയിലെ കരിയർ അന്വേഷണങ്ങൾ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചോദിക്കാൻ വിമർശകരെ പ്രേരിപ്പിച്ചു. സംവരണം സംബന്ധിച്ച വിവാദ നിലപാട് കൈക്കൊണ്ട ഷൂരി ഭാരതീയ ജനതാ പാർട്ടിക്കൊപ്പം ചേർന്നു, അടൽ ബിഹാരി വാജ്പേയി സർക്കാറിൽ മന്ത്രിയായി. ടെലിഗ്രാഫിന്റെ സ്ഥാപക എഡിറ്ററായിരുന്ന എം.ജെ. അക്ബറിനെയും ടൈപ്പ് റൈറ്റർ ഗറില യുഗത്തിൽ പ്രതീഷ് നന്ദി വാചാലമായി വിവരിച്ച വീർ സംഘ്വിയെയും പോലെ പലരെയും വിവാദങ്ങൾ വീഴ്ത്തുകയോ മൂലക്കൊതുക്കുകയോ ചെയ്തു.
ആ ശൂന്യതയിലേക്ക് പതിറ്റാണ്ടുകൾക്ക് ശേഷം ധന്യ രാജേന്ദ്രന്റെ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്ട്റി, ദ റിപോർട്ടേഴ്സ് കലക്ടിവ്, മുകനായക്, ഈദിന, ആർട്ടിക്ൾ 14, ദ വയർ, സ്ക്രോൾ, തുടങ്ങി ഒട്ടനവധി പോർട്ടലുകൾ കടന്നുവന്നു. ഇലക്ടറൽ ബോണ്ടുകളുടെ മൂടുപടം പൊളിച്ച സുപ്രീംകോടതി വിധിയിൽ കൊണ്ടെത്തിച്ച, ശക്തമായ ചോദ്യങ്ങളുമായി ഉറച്ചുനിന്ന പൂനം അഗർവാളിന്റെ പേരും ഇവിടെ എടുത്തുപറയണം.
ബോണ്ട് പണം സംബന്ധിച്ച് ഉയർന്ന ചോദ്യങ്ങൾ ന്യൂസ് ലോൺഡ്രി, സ്ക്രോൾ, ദി ന്യൂസ് മിനിറ്റ് എന്നീ മാധ്യമ സ്ഥാപനങ്ങളെയും നിരവധി സ്വതന്ത്ര പത്രപ്രവർത്തകരെയും ‘പ്രോജക്റ്റ് ഇലക്ടറൽ ബോണ്ട്’എന്നപേരിൽ ഒരു കൂട്ടായ്മക്ക് രൂപം നൽകാൻ പ്രേരിപ്പിച്ചു.
ചെയ്യേണ്ട ദൗത്യം നിർവഹിക്കാതിരിക്കാൻ ‘കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള വിഭവങ്ങളുടെ അഭാവം’എന്നതു പോലുള്ള മുട്ടുന്യായങ്ങളും ഒഴികഴിവുകളും പറയുന്ന മുഖ്യധാരാ മാധ്യമങ്ങളിലെ വലിയ വിഭാഗത്തെ സമ്മർദത്തിലാക്കുന്ന അസാധാരണമായ ഒരു സംരംഭമാണിത്. നായ്ക്കൾ കുരക്കാത്തപ്പോൾ, എന്തോ കുഴപ്പമുണ്ടെന്ന് നിങ്ങൾക്കറിയാം. ഇലക്ടറൽ ബോണ്ട് അഴിമതി പൊട്ടിത്തെറിച്ചിട്ടും മുറുമുറുത്തുവെന്നല്ലാതെ അവർക്കാവുന്നത്ര ഉച്ചത്തിൽ കുരച്ചില്ല മുഖ്യധാര മാധ്യമങ്ങൾ എന്നുപറയപ്പെടുന്ന കാവൽനായ്ക്കൾ. അവർ എന്നും അങ്ങനെയായിരുന്നുവോ? രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് അണ്ണാ ഹസാരെ അഴിമതിവിരുദ്ധ നിരാഹാര സമരം ആരംഭിച്ചതിന് തൊട്ടുപിന്നാലെ 2011 ആഗസ്റ്റ് 17ന് ഒരു ദേശീയ പത്രം 34 വാർത്തകൾ, 2 നിലപാട് ലേഖനങ്ങൾ, 41 ഫോട്ടോഗ്രാഫുകൾ, ഒരു കാർട്ടൂൺ എന്നിവയുൾപ്പെടെ 14 പേജ് കവറേജാണ് നൽകിയതെന്ന് ദി ഇന്ത്യൻ ജേണലിസം റിവ്യൂവിൽ പ്രീതം സെൻഗുപ്ത ചൂണ്ടിക്കാട്ടുന്നു.
ശ്രദ്ധേയമായ ചില അപവാദങ്ങൾ മാറ്റിനിർത്തിയാൽ, ഇലക്ടറൽ ബോണ്ടുകളുടെ ആദ്യ റൗണ്ട് വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ, കാർപെറ്റ് ബോംബിങ് കവറേജുമായി താരതമ്യപ്പെടുത്താവുന്ന തരം റിപ്പോർട്ടിങ്ങിൽനിന്ന് മിക്ക പത്രങ്ങളും ഒഴിഞ്ഞുനിന്നു. ആ പ്രത്യക്ഷമായ വിടവാണ് കീബോർഡ് ഗറിലകൾ മുന്നിട്ടിറങ്ങി നികത്തിക്കളഞ്ഞത്.
ഇന്ത്യാ ടുഡേ കോൺക്ലേവിലെ സ്വാഗതപ്രസംഗമാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ പരാമർശിച്ചതെങ്കിൽ ഇന്ത്യാ ടുഡേ മീഡിയ ഗ്രൂപ്പിന്റെ വൈസ് ചെയർപേഴ്സനും എക്സിക്യൂട്ടിവ് എഡിറ്റർ ഇൻ ചീഫുമായ കല്ലി പുരി നടത്തിയ നന്ദി പ്രസംഗത്തിലെ ഭാഗം കൂടി പറഞ്ഞ് അവസാനിപ്പിക്കാം, അവർ പറയുന്നു: ‘‘മാധ്യമങ്ങൾക്ക് പ്രതിപക്ഷത്തിന്റെ റോൾ വഹിക്കാനാവില്ല; അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് ഗോഡി-മോദി മാധ്യമങ്ങളെന്ന അന്യായമായ പഴിക്ക് ഇടയാക്കുന്നു. പ്രതിപക്ഷം കുഴഞ്ഞുമറിഞ്ഞുകിടക്കുന്നതിന് മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ ബോക്സിങ് മത്സരത്തിൽ ഞങ്ങൾ കളിക്കാരല്ല, നിരീക്ഷകരാണ്. ഒരുവശം ദുർബലമാണെന്ന്, അഥവാ ഉശിര് പ്രകടിപ്പിക്കുന്നില്ലെന്നുവെച്ച് ഞങ്ങൾക്ക് റിങ്ങിലേക്ക് എടുത്തുചാടാനാവില്ല. ഇത് ഭയമല്ല. ഇത് നിയമങ്ങളുടെയും റോളുകളുടെയും യോഗ്യതയുടെയും വിഷയമാണ്. ഞങ്ങൾ മാധ്യമം മാത്രമാണ് സന്ദേശമല്ല’’.
ഒരു പതിറ്റാണ്ട് മുമ്പായിരുന്നുവെങ്കിൽ, അമ്പരപ്പിക്കുന്നത് എന്ന് മുദ്രകുത്തപ്പെടുമായിരുന്ന ഈ പ്രഖ്യാപനം മോദി സർക്കാറിന്റെ കാതുകൾക്ക് സംഗീതമായി വന്നുഭവിച്ചിട്ടുണ്ടാവും.
അതുകൊണ്ടാണ് നമുക്ക് അടിയന്തരമായി കീബോർഡ് ഗറിലകളെ ആവശ്യമായിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.