കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻപദവി ഏറ്റെടുക്കുമ്പോൾ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പങ്കുവെച്ച സമകാലീന യാഥാർഥ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മലയാളിവിദ്യാർഥികൾ വ്യാപകമായി പുറന്തള്ളപ്പെടുന്നു. അതിനാൽ മലയാളികൾക്കു സിനിമ ശാസ്ത്രീയമായി പഠിക്കാൻ അവസരം നൽകുന്ന സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നതിൽ സന്തോഷമുണ്ട് എന്ന്. ആ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ചു വിദ്യാർഥികൾ. എന്നാൽ, ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതിയായ കെ.ആർ. നാരായണന്റെ പേരിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഇപ്പോൾ വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. വിദ്യാർഥികളെ ജാതിചോദിച്ചു മാറ്റിനിർത്തുന്ന, അടിസ്ഥാന ആവശ്യങ്ങൾക്കായി വിദ്യാർഥികളെ സമരത്തിനിരുത്തുന്ന, മൗലികാവകാശങ്ങൾക്കുവേണ്ടി വാദിച്ചാൽ പുറത്താക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തുന്ന, വിദ്യാർഥികളെ കോടതി കയറ്റി മാനസികസമ്മർദത്തിലാക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനം. ഒന്നല്ല നൂറു പ്രശ്നങ്ങളാണ് ഇവിടത്തെ വിദ്യാർഥികൾക്കു പറയാനുള്ളത്. ആരോപണങ്ങൾക്കു മറുപടിയായി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പറയുന്നത് കാമ്പസിൽ ജാതിവിവേചനമില്ലെന്നാണ്. എന്നാൽ, ഇവിടെ വിവേചനം നേരിടുന്നതെല്ലാം ദലിത് വിഭാഗങ്ങൾ ആണെന്ന വസ്തുതമാത്രം മതി ഈ ജാതിക്കോട്ടകൾ തിരിച്ചറിയാൻ.
സർക്കാറിന്റെ ഔദാര്യം
വിദ്യാഭ്യാസം എന്നത് അവകാശമാണെന്നു തിരിച്ചറിയാത്ത, സർക്കാർ തരുന്ന ഔദാര്യമാണെന്നു കരുതുന്ന ഡയറക്ടറാണു ഞങ്ങൾക്കുള്ളത്. അതുതന്നെയാണ് പ്രശ്നമെന്ന് വിദ്യാർഥികൾ ഒറ്റക്കെട്ടായി പറയുന്നു. ''കുറഞ്ഞ ഫീസിൽ നിങ്ങൾക്കു പഠിക്കാൻ അവസരം തരുന്നില്ലേ സർക്കാർ എന്ന് നിരന്തരം ചോദിച്ച് ജാതി ഓർമിപ്പിക്കും. സിലബസോ അക്കാദമിക് കലണ്ടറോ തരില്ല. പുതിയ തിയറ്റർ പണിതു. ഒരു കോടിയുടെ പ്രൊജക്ടർ ആണ് തിയറ്ററിലുള്ളത്. ഇന്നുവരെ വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ മിക്സിങ് സ്റ്റുഡിയോ ആണെന്നാണ് പറയുന്നത്. സർക്കാർ സംവിധാനം ഉപയോഗിച്ച് അനധികൃതമായി പുറത്തുനിന്നു വർക്ക് ചെയ്തുകൊടുക്കുന്നുണ്ട്. ചോദ്യം ചെയ്താൽ പ്രതികാരനടപടി വരും. വിദ്യാർഥികൾ മാത്രമല്ല ജീവനക്കാരും തൊഴിൽ സുരക്ഷ ഇല്ലാത്ത അവസ്ഥയിലാണ്. ഇഷ്ടമില്ലാത്തവരെ പുറത്താക്കും. ആദ്യം ഇതിലൊന്നും ജാതിയുണ്ടെന്നു ഞങ്ങൾ ചിന്തിച്ചിരുന്നില്ല. പിന്നീടാണ് പല കാര്യങ്ങളിലും ജാതി പൊതുവായി വരുന്നു എന്നു മനസ്സിലാക്കിയത്''.
ഒന്നര വര്‍ഷമായി നിയമപോരാട്ടത്തിൽ
ഇ- ഗ്രാൻറ് ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സമരം ചെയ്തതിന്റെ പ്രതികാര നടപടിയായാണ് അഞ്ചുവര്‍ഷത്തെ കോഴ്സിനുശേഷം ചെയ്യേണ്ടിയിരുന്ന പ്രോജക്ടില്‍നിന്ന് അനന്തപത്മനാഭൻ എന്ന ദലിത് വിദ്യാർഥിയെ ഒഴിവാക്കിയത്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച ഈ വിദ്യാർഥി ഒന്നര വര്‍ഷമായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നേരിടുന്ന പീഡനത്തിനെതിരെ നിയമപോരാട്ടം നടത്തുകയാണ്.
''2015 ബാച്ച് വിദ്യാർഥിയായ എന്നെ പ്രോജക്ടില്‍നിന്ന് ഒഴിവാക്കി ആ സ്ഥാനത്ത് അവിടത്തെ വിദ്യാർഥിയല്ലാത്ത മറ്റൊരാളെ ഉള്‍ക്കൊള്ളിച്ചു. ഇതിലെ നീതികേട് ചൂണ്ടിക്കാട്ടി ഞാൻ അക്കാദമിക് കൗണ്‍സിലിന് പരാതി നൽകിയിരുന്നു. മറുപടിയുണ്ടായില്ല. നിരവധി അവഗണനകള്‍ക്കൊടുവിലാണ് കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതനായത്. മാപ്പെഴുതിക്കൊടുത്താൽ പ്രശ്നം തീരുമെന്നാണു പറഞ്ഞത്. പ്രോജക്ട് ചെയ്യാതെ കോഴ്സ് പൂർത്തിയാവില്ല. 18 വയസ്സു മുതൽ ജോലി ചെയ്താണു ജീവിക്കുന്നത്. പഠനവും നിയമപോരാട്ടവും ദലിത് വിദ്യാർഥിയെ സംബന്ധിച്ച് ഏറെ ദുഷ്കരമാണ്'' -അനന്ത പത്മനാഭൻ പറയുന്നു.
പണമില്ലാത്തതിനാൽ പഠനം നിർത്തി
സാമ്പത്തിക പ്രതിസന്ധി കാരണം പഠനം നിർത്തിപ്പോയ വിദ്യാർഥിയാണ് തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സി.ജെ. ബിബിൻ. ''2019 ബാച്ചിലെ സിനിമറ്റോഗ്രഫി വിദ്യാർഥിയായിരുന്നു ഞാൻ. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട (ഒ.ഇ.സി )എനിക്ക് എസ്.സി/ എസ്.ടി വിഭാഗക്കാർക്കുള്ളതുപോലെ ഫീസ് ഇളവ് കിട്ടേണ്ടതാണ്. പ്രോസ്പെക്ടസിലും പറയുന്നുണ്ട് ഇക്കാര്യം. ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസും അടക്കം 63,000 രൂപയാണ് ഒരു വർഷത്തേക്ക് അടക്കേണ്ടത്. ഫീസ് അടക്കാൻ ആവശ്യപ്പെട്ടു മെയിൽ വന്നപ്പോൾ കോട്ടയം കലക്ടറേറ്റിനു സമീപത്തെ എസ്.സി/ എസ്.ടി ഓഫിസിൽചെന്ന് അന്വേഷിച്ചു. എസ്.സി/ എസ്.ടി വിഭാഗക്കാർക്കുള്ളതുപോലെ എനിക്കും ഇളവിനർഹതയുണ്ടെന്നാണ് അവിടെനിന്നറിഞ്ഞത്. 23,000 രൂപ അടച്ചതാണ്. പലതവണ അപേക്ഷിച്ചിട്ടും ആ പണം കിട്ടിയില്ല. അത്ര വലിയ തുക നൽകി പഠിക്കാൻ പറ്റിയ സാമ്പത്തിക ചുറ്റുപാടിലല്ല ഞാൻ. സർക്കാർ സ്ഥാപനമായതിനാലാണ് പഠിക്കാൻ വന്നത്. ഇപ്പോൾ സ്റ്റുഡിയോയിൽ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റ് ആയി ജോലിചെയ്യുന്നു''.
ശുചിമുറി കൈകൊണ്ടു കഴുകണം
''ശുചിമുറി വൃത്തിയാക്കാൻ സ്ക്രബർ മാത്രമാണ് തരുക. അടുക്കളയിൽ പാത്രം കഴുകുന്നപോലെ കൈകൊണ്ടു വൃത്തിയാക്കണം. ബ്രഷ് ഉപയോഗിക്കാൻ പാടില്ല. ഓരോ തവണയും ടോയ് ലറ്റ് കഴുകിയിറങ്ങി മാറിനിന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. എനിക്കിതാണല്ലോ തന്നത് എന്നു ചോദിച്ച്. ഞാനടക്കം മൂന്നുപേർ വിധവകളാണ്. ഈ വരുമാനം കൊണ്ടു കുടുംബം കഴിയുന്നവർ. ജോലി പോകുമെന്ന പേടികൊണ്ട് എല്ലാം സഹിക്കുകയായിരുന്നു''. കണ്ണുനിറഞ്ഞല്ലാതെ സ്വീപ്പർമാരായ വനിതകൾക്കു ഇതു പറയാനാവുന്നില്ല. കാമ്പസിനു പുറത്ത് 10 കിലോമീറ്റർ ദൂരെയാണ് ഡയറക്ടറുടെ വീട്. സ്ഥാപനത്തിന്റെ ഭാഗമാണു വീടെന്നുപറഞ്ഞാണ് സ്വീപ്പർമാരെക്കൊണ്ട് എല്ലാ ചൊവ്വാഴ്ചയും ഡയറക്ടറുടെ വീട്ടുജോലികൾ ചെയ്യിപ്പിക്കുന്നത്. അവിടെ ചെന്നാൽ കുളിച്ചിട്ടുവേണം അകത്തുകയറാൻ. കുളി കഴിഞ്ഞു ധരിക്കാൻ വസ്ത്രം കരുതണം. സോപ്പും ഷാമ്പൂവുമൊക്കെ അവർ തരും. മുറ്റമടിക്കലും തറ തുടക്കലും കുളിമുറി വൃത്തിയാക്കലുമാണ് പണി. ആദ്യമേ തന്നെ ജാതി ചോദിച്ചുവെച്ചിരുന്നു. വെള്ളം കുടിക്കാൻ പ്രത്യേക ഗ്ലാസ് പുറത്തുവെച്ചിട്ടുണ്ട്. ഇതിൽ തൊടാതെ അവർ ഒഴിച്ചുതരും. ഡയറക്ടറെ കണ്ടു പരാതി പറഞ്ഞപ്പോൾ അഞ്ചുപേരെയും പിരിച്ചുവിടുമെന്നാണ് പറഞ്ഞത്.
കുറ്റക്കാരനാക്കി മാനസികമായി പീഡിപ്പിക്കുന്നു
2014 മുതൽ സ്ഥാപനത്തിൽ ക്ലർക്കായി ജോലിചെയ്യുന്നയാളാണ് നിഖിൽ. ദലിത് വിഭാഗത്തിൽപെട്ട നിഖിലിന് ഡയറക്ടറുടെ വീട്ടിനകത്ത് പ്രവേശനമില്ല. കോവിഡ് കാലമായതിനാലാണെന്നാണ് നിഖിൽ കരുതിയിരുന്നത്. അതേസമയംതന്നെ മറ്റുള്ളവരെ അകത്തുകയറ്റുന്നതു കണ്ടപ്പോഴാണ് അതിനുള്ളിലെ ജാതി പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഫീസ്, കോഴ്സ് ഘടനകൾ ഏകീകരിക്കാത്തതിനാൽ ഇ-ഗ്രാന്റ്സ് ലഭ്യമാകുന്നില്ല. അഡ്മിഷൻ നമ്പർ, അക്കാദമിക് കലണ്ടർ, അലോട്ട്മെന്റ് മെമ്മോ എന്നിവയെല്ലാം അത്യാവശ്യമാണ് ഇതിനപേക്ഷിക്കാൻ. ഈ പറഞ്ഞതൊന്നും ഇല്ലാത്തതിനാലാണ് ഇ ഗ്രാന്റ്സ് വൈകുന്നത്. എന്നാൽ, ആൾക്കൂട്ടത്തിനുമുന്നിൽ നിർത്തി കുറ്റക്കാരനെന്ന രീതിയിൽ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് ഡയറക്ടർ എന്നു നിഖിൽ പറയുന്നു. എന്തെങ്കിലും അന്വേഷണം വന്നാൽ പട്ടികജാതിക്കാരനായതിനാൽ തനിക്കെതിരെ നടപടിവരില്ലെന്നും അതുകൊണ്ടാണ് തന്നെ നിയമിച്ചതെന്നുമാണ് അധികൃതരിൽ ഒരാൾ നിഖിലിനോടു പറഞ്ഞത്.●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.