കഴിഞ്ഞ സർക്കാറിൽ ജലവിഭവ വകുപ്പ് കൈകാര്യംചെയ്ത മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് ഇക്കുറി വൈദ്യുതി വകുപ്പിലാണ് നിയോഗം. നഷ്ടത്തിൽനിന്ന് കരകയറ്റി വകുപ്പിനെ സ്വയംപര്യാപ്തമാക്കുകയാണ് മുഖ്യദൗത്യം. വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളും പരിഹാരനടപടികളും മന്ത്രി 'മാധ്യമ'ത്തോട് വിശദമാക്കുന്നു
ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കൽ അത്യന്താപേക്ഷിതമായ സന്ദർഭമാണിത്. ചെറുകിട ജലവൈദ്യുതി പദ്ധതികൾ സമയബന്ധിതമായി കമീഷൻ ചെയ്യും. പാരമ്പര്യേതര ഉൗർജസ്രോതസ്സുകളിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് മുൻഗണന നൽകും. ഉയർന്ന വിലക്കാണ് പുറത്തുനിന്ന് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്. പുറമേനിന്നുള്ള വാങ്ങൽ ലാഭകരല്ല. ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്നത് ജലവൈദ്യുതി പദ്ധതികളിൽനിന്നാണ്. യൂനിറ്റിന് 50 പൈസയേ ചെലവ് വരുന്നുള്ളൂ. സോളാറിൽനിന്ന് യൂനിറ്റിന് രണ്ടു രൂപക്കു വരെ നൽകാൻ തയാറുള്ളവരുണ്ട്. പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിക്ക് പലപ്പോഴും യൂനിറ്റിന് 15 രൂപ വരെ നൽകേണ്ടിവരുന്നു. ഇത് കെ.എസ്.ഇ.ബിക്ക് വൻ ബാധ്യതയാണ്. 335 േകാടി രൂപയാണ് 2019-2020ലെ ബോർഡിെൻറ വാർഷിക നഷ്ടം.
അതിരപ്പിള്ളിപോലെ വലിയ ജലവൈദ്യുതി പദ്ധതികളിൽ ഇടതു മുന്നണിയിൽ ചർച്ചചെയ്തു മാത്രമേ നിലപാട് എടുക്കാനാവൂ. പക്ഷേ, ഇപ്പോൾ, നമ്മൾ പുറത്തുനിന്ന് വൻ വില കൊടുത്തു വാങ്ങുന്ന വൈദ്യുതി, കൽക്കരി കത്തിച്ച് പ്രവർത്തിപ്പിക്കുന്ന തെർമൽ പ്ലാൻറുകളിൽനിന്നുള്ളതാണ്. അതിനേക്കാൾ വലിയ പരിസ്ഥിതിപ്രശ്നമല്ലല്ലോ ജലവൈദ്യുതി പദ്ധതികൾ. തൊട്ടിയാർ (40 മെഗാവാട്ട്), ഭൂതത്താൻകെട്ട് (24), പള്ളിവാസൽ എക്സ്റ്റൻഷൻ (60), പെരിങ്ങൽകുത്ത് (24), ചാത്തൻകോട് (ആറ്), അപ്പർകല്ലാർ (രണ്ട്), പെരുവണ്ണാമൂഴി (ആറ്), പഴശ്ശി നഗർ (7.5) എന്നിവയാണ്നിർമാണത്തിലിരിക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതികൾ. ഇടുക്കി, ഷോളയാർ, കുറ്റ്യാടി പദ്ധതികളുടെ പുനരുദ്ധാരണവും പുരോഗമിക്കുന്നു. ഇവയുടെയെല്ലാം പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കും. മഴ കൂടുതൽ ലഭിച്ചതുകൊണ്ട് പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ല. ഉപയോഗം കൂടുതലുള്ള സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ ആവശ്യാനുസരണം വൈദ്യുതി ലഭ്യമാവണം. ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചാലേ ശാശ്വത പരിഹാരമാവൂ.
കുറഞ്ഞ നിരക്കിൽ വൈദ്യുതി കൊടുക്കാൻ കഴിഞ്ഞാൽ മാത്രമേ കേരളത്തിൽ വ്യവസായിക വികസനം സാധ്യമാവൂ. വ്യവസായത്തിന് ആവശ്യാനുസരണം നൽകാൻ നമുക്ക് ഭൂമിയില്ല, വൈദ്യുതിയെങ്കിലും കൊടുക്കാൻ കഴിയണം. തമിഴ്നാട് ആ നിലക്ക് ഏറെ മുന്നോട്ടുപോയിട്ടുണ്ട്.
സൗരോർജ മേഖലയിലും സംസ്ഥാനത്ത് ഏറെ സാധ്യതകളുണ്ട്. കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന പ്രദേശങ്ങളാണ് ഇടുക്കിയിലെ രാമക്കൽമേടും പാലക്കാട് അട്ടപ്പാടിയും. ആദിവാസികൾക്ക് സ്ഥിരമായി വരുമാനം ലഭിക്കുന്ന വിധമായിരിക്കണം അട്ടപ്പാടിയിലെ പദ്ധതികൾ. വൈദ്യുതി ഉൽപാദനത്തിന് സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുേമ്പാൾ വിപണനത്തിന് തടസ്സം വരാൻ പാടില്ല. അത്തരം പദ്ധതികൾക്ക് സർക്കാർ പ്രോത്സാഹനം നൽകും.
കർഷകർക്ക് വൈദ്യുതി ഉൽപാദനത്തിലൂടെ വരുമാനം ലഭിക്കുന്ന പദ്ധതിയെക്കുറിച്ച് അധികമാർക്കും അറിയില്ല. കേന്ദ്ര സർക്കാറിെൻറ 'കുസുമം' എന്ന പേരിൽ അനർട്ട് വഴി നടപ്പാക്കുന്ന സോളാർ പദ്ധതിക്ക് 30 ശതമാനം സബ്സിഡിയുണ്ട്. അനുയോജ്യമായ കൃഷിയിടങ്ങളിൽ േസാളാർ പ്ലാൻറുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇൗ പദ്ധതി പ്രാവർത്തികമാക്കിയാൽ കർഷകർക്ക് അധിക വരുമാനം ലഭിക്കും. ജലസേചനത്തിന് ആവശ്യമായ വൈദ്യുതി ഉപയോഗിച്ചശേഷം അധിക വൈദ്യുതി കെ.എസ്.ഇ.ബിയുടെ കോമൺ ഗ്രിഡിലേക്ക് നൽകി സ്ഥിരവരുമാനം ഉണ്ടാക്കാം. കാർഷിക മേഖലയിലെ പ്രതിസന്ധിക്കിടയിൽ കർഷകർക്ക് പിടിച്ചുനിൽക്കാനും മികച്ച അവസരമാണിത്.
വെളിച്ചമെത്താത്ത വീടുകൾ കേരളത്തിൽ ഉണ്ടാകാൻ പാടില്ല. സമ്പൂർണ വൈദ്യുതീകരണ പദ്ധതി നടപ്പാക്കിയിട്ടും വൈദ്യുതിക്ക് അപേക്ഷിക്കാത്ത കുടുംബങ്ങൾ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്, ആദിവാസി മേഖലയിലുള്ളവരും പുറേമ്പാക്കിൽ കഴിയുന്നവരുമായ നിരവധി കുടുംബങ്ങൾ. അവർക്ക് വെളിച്ചമെത്തിക്കാൻ പ്രത്യേകം പദ്ധതി നടപ്പാക്കും. പ്രസരണ നഷ്ടം, വൈദ്യുതിമുടക്കം മൂലമുള്ള നഷ്ടം തുടങ്ങിയവ പരിഹരിക്കാൻ സൂക്ഷ്മതലത്തിൽ നടപടിയുണ്ടാവും. ബോർഡിെന നവീകരിക്കാനും നഷ്ടം ഇല്ലാതാക്കാനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് (െഎ.എ.എം) കോഴിക്കോട് തയാറാക്കിയ റിപ്പോർട്ട് സർക്കാറിെൻറ പരിഗണനയിലുണ്ട്. ജീവനക്കാരുടെ യൂനിയനുകളുമായി ചർച്ചചെയ്തും അവരുമായി സഹകരിച്ചുമായിരിക്കും നവീകരണ പദ്ധതികൾ പ്രാവർത്തികമാക്കുക. കെ.എസ്.ഇ.ബിയെ മൂന്നു കമ്പനികളാക്കി വിഭജിക്കുന്ന പ്രശ്നമില്ല. സ്വകാര്യവത്കരണവും ഉണ്ടാവില്ല. ബോർഡിെന പൊതുമേഖലയിൽ ഒറ്റ കമ്പനിയായിത്തന്നെ നിലനിർത്തുമെന്നും മന്ത്രി കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.