പാടി ജീവിതങ്ങൾ

ജീവിക്കാന്‍ മുന്നിൽ മറ്റു മാര്‍ഗങ്ങളില്ലാതെ തേഞ്ഞു തീരുന്ന ജീവിതങ്ങൾ. തേയിലപ്പാടികളില്‍ മരിച്ചു ജീവിക്കുന്ന പതിനായിരങ്ങളുടെ വേദന പലര്‍ക്കും ഇന്നുമറിയില്ല. പലയിടങ്ങളിലും നരകതുല്യമാണ് തൊഴിലാളികളുടെ ജീവിതം. മഴക്കാലമായാൽ മേൽക്കൂര ദേഹത്തേക്ക് എപ്പോഴാണ് പതിക്കുകയെന്ന ഭീതിയോടെ അവരവിടെ കഴിയുന്നു. പുത്തുമലയും കുറിച്യാർമലയും പേടിസ്വപ്നമായി ഇന്നും നമുക്കുമുന്നിലുണ്ട്. പാടിജീവിതങ്ങളുടെ യാഥാർഥ്യങ്ങളിലേക്ക്...

നിങ്ങൾ ഊതിയാറ്റിക്കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് -പറഞ്ഞത് മൂന്നാറിലെ തോട്ടം തൊഴിലാളി സമര നായിക ജി. ഗോമതി. തേയിലപ്പാടികളില്‍ മരിച്ചു ജീവിക്കുന്ന പതിനായിരങ്ങളുടെ വേദന പലര്‍ക്കുമറിയില്ല. കേരളത്തിൽ തോട്ടം മേഖലയിൽ പകലന്തിയോളം പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ യഥാർഥ പരിച്ഛേദം കാണണമെങ്കിൽ അവർ അന്തിയുറങ്ങുന്ന പാടികളിലെത്തണം. സ്വന്തമായി ഒരു തുണ്ടുഭൂമിയോ കിടക്കാനിടമോ ഇല്ലാത്തവരുടെ ലയങ്ങൾ. പച്ചപ്പിന്റെ മേൽപരപ്പിലാണ് തോട്ടം തൊഴിലാളികളുടെ പാർപ്പിട സങ്കേതങ്ങളെങ്കിലും ഇവരുടെ ജീവിതത്തിന് ഒരു പച്ചപ്പുമില്ല. ചേരികളെപ്പോലും വെല്ലുന്ന ദയനീയാവസ്ഥക്ക് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഒരു മാറ്റവും കാണാനുമില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പാടികൾപോലും സംസ്ഥാനത്ത് നിരവധിയാണ്.

പൊഴുതനയിലെ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന പാടി

പലയിടങ്ങളിലും നരകതുല്യമാണ് തൊഴിലാളികളുടെ ജീവിതം. മഴക്കാലം വന്നാൽ മഴവെള്ളം ഒട്ടും പുറത്തുപോകില്ല. ശോച്യമാണ് മേൽക്കൂരകൾ. എപ്പോഴാണ് മേൽക്കൂര ദേഹത്തേക്ക് പതിക്കുകയെന്നറിയാതെ ഭീതിയോടെയല്ലാതെ ഇവർക്ക് കണ്ണടക്കാനാകുന്നില്ല. പാടികളുടെ പരിസരങ്ങൾ അഴുക്കുവെള്ളം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നു. ഇവിടം രോഗവാഹകരുടെ ആവാസകേന്ദ്രമാണ്. പൊട്ടിപ്പൊളിഞ്ഞതും വൃത്തിഹീനവുമല്ലാത്ത ശൗചാലയങ്ങൾ. പ്രഭാതകൃത്യം നടത്തണമെങ്കില്‍ തൊഴിലാളികള്‍ക്ക് പലപ്പോഴും മറ്റ് വഴികള്‍ തേടേണ്ടിവരുന്നു. ശോച്യാവസ്ഥ മാനേജ്‌മെന്റിനെ അറിയിച്ചാലും ഒരു നടപടിയും സ്വീകരിക്കാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികള്‍ക്കായി വാദിക്കുന്ന ട്രേഡ് യൂനിയനുകളും ദുരിതജീവിതം കണ്ടില്ലെന്ന് നടിക്കുന്നു. ചുറ്റും വന്യമൃഗശല്യം കൂടിയാകുമ്പോൾ ദയനീയത പൂർണം.

ചൂഷണത്തിന്റെ വലിയ ഇരകൾ

1800കളിലാണ് കേരളത്തിന്റെ കുന്നുകളില്‍ തേയിലച്ചെടികള്‍ സായിപ്പൻമാർ നട്ടുവളർത്താൻ തുടങ്ങിയത്. നാട്ടുരാജ്യമായ മൈസൂരിന്റെയും മദ്രാസിന്റെയും അധിപന്‍മാരായിരുന്ന സായിപ്പന്‍മാര്‍ തങ്ങളുടെ കങ്കാണിമാരെ മുന്നിൽ നിർത്തി തൊഴിലാളികളെക്കൊണ്ട് അടിമവേലയെടുപ്പിച്ചാണ് പല കുന്നുകളെയും പച്ചപുതപ്പിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതോടെ പുതിയ സായിപ്പന്‍മാർ പഴയ സായിപ്പൻമാരുടെ വേഷത്തിൽ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.

കുറഞ്ഞ കൂലിയും മോശം ജീവിത സാഹചര്യവും ജീവിതകാലം മുഴുവൻ സഹിക്കേണ്ടിവരുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ദുരിതം വളരുന്ന കുന്നുകളായിത്തീർന്നിരിക്കുന്നു കേരളത്തിലെ തേയിലത്തോട്ടങ്ങള്‍. മാരകരോഗങ്ങളാണ് പലരുടെയും ആയുസ്സിലെ സമ്പാദ്യം. കീടനാശിനി തെളിച്ച തോട്ടങ്ങളില്‍ രോഗം തളര്‍ത്തിയ ശരീരവുമായി ജോലിയെടുക്കുമ്പോഴും കുറഞ്ഞ കൂലിയാണെങ്കിലും ചികിത്സയും ആശ്രിത നിയമനവും ലയങ്ങളിലെ താമസവും മക്കളുടെ വിദ്യാഭ്യാസവുമൊക്കെയായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍, മിക്ക തോട്ടങ്ങളിലും ഈ സൗകര്യങ്ങളൊക്കെ നിലച്ചു. ചികിത്സാ സഹായംപോലും ഇന്ന് പലയിടത്തും ലഭ്യമല്ല. ബി.പി.എല്‍ കാര്‍ഡില്‍നിന്നുപോലും പലരും പുറത്താണ്.

മണ്ണില്‍ പുതയുന്ന പാടികള്‍

2019 ആഗസ്റ്റ് എട്ടിന് വൈകിട്ട് പെയ്ത മഴ വയനാട് പുത്തുമലയില്‍ 17 ജീവനുകളാണെടുത്തത്. ആര്‍ത്തലച്ച് പെയ്ത മഴയില്‍ ഉരുള്‍പൊട്ടി ഒഴുകിയെത്തിയ മണ്ണും പാറക്കൂട്ടങ്ങളും വെള്ളവും മേപ്പാടി പച്ചക്കാട് താഴ്‌വാരത്തെ പുത്തുമലയെ അപ്പാടെ തകര്‍ത്തു. ജീവനുകളിൽ അഞ്ചെണ്ണം എവിടെയെന്ന് പോലും കണ്ടെത്താനായിട്ടില്ല. മേപ്പാടി ഗ്രാമപഞ്ചായത്തിലെ തേയിലത്തോട്ട ഗ്രാമമായ പുത്തുമല അങ്ങനെ വിസ്മൃതിയിലായി.

പുത്തുമല ദുരന്തമുണ്ടായ സ്ഥലം (ഫയൽ ചിത്രം)

2018 ആഗസ്റ്റിൽ പൊഴുതന പഞ്ചായത്തിലെ കുറിച്യാർമലയിലുണ്ടായ ഉരുൾപൊട്ടലും ഏറെ ബാധിച്ചത് പാടികളെയാണ്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന രണ്ടു പാടികളാണ് അന്ന് ഒലിച്ചുപോയത്. 2020ല്‍ ഇടുക്കിയിലെ പെട്ടിമുടിയിൽ ഉരുള്‍പൊട്ടിയപ്പോഴും ഇരകൾ എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു. വലിയ ദുരന്തത്തിൽ പുതച്ചുകിടന്ന പുതപ്പോടെയാണ് പെട്ടിമുടിയില്‍ പലരും മരണത്തെ പുല്‍കിയത്. ഓരോ മഴക്കാലവും കവർന്നെടുക്കുന്നത് ഇത്തരം പാടികളെയും അവിടങ്ങളിൽ മറ്റു മാർഗങ്ങൾ ഇല്ലാത്തതു കാരണം ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ടവരെയുമാണ്. ദുരന്തത്തിനിരയാവുന്നവരിൽ നല്ലൊരു പങ്കും ജീവന് ഒരു ഗാരന്റിയും ഇല്ലാതെ ഇത്തരം എസ്റ്റേറ്റ് പാടികളിൽ അന്തിയുറങ്ങുന്നവരാണ്. ചെറിയ കാറ്റോ മഴയോ മതി ഒരു കെട്ടുറപ്പുമില്ലാത്ത പാടികൾ നിലം പതിക്കാൻ. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പാടികൾ ഉൾപ്പെടെയുള്ളവയിൽ താമസിക്കുന്നവർക്ക് ഭീതിയോടെയല്ലാതെ ഓരോ മഴക്കാലവും കഴിഞ്ഞുപോയിട്ടില്ല.

കമ്പമലയിലെ പാടികൾ

വയനാട് തവിഞ്ഞാലിലെ കൈതക്കൊല്ലിയില്‍നിന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ടാല്‍ എത്തുന്ന കമ്പമല. മാവോയിസ്റ്റ് സാന്നിധ്യം കൊണ്ട് കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രദേശമാണ് ഇവിടം. പതിറ്റാണ്ടുകളായി ഇവിടെ ജീവിച്ചു തീർക്കുന്ന തോട്ടം തൊഴിലാളികളെ പക്ഷേ ആരും ശ്രദ്ധിച്ചില്ല. നാല് പതിറ്റാണ്ടു മുമ്പ് തമിഴ്നാട് അതിര്‍ത്തിയിലെ മണ്ഡപം ക്യാമ്പില്‍നിന്ന് ദുരിതജീവിതം മറികടക്കാനെത്തിയ ശ്രീലങ്കന്‍ തമിഴ് വംശജരാണ് കമ്പമലയിലെ ആസ്ബസ്റ്റോസ് പാടികളില്‍ ഇപ്പോഴും കഴിയുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടാക്കിയ കരാറിനെ തുടര്‍ന്നായിരുന്നു ഇത്. പതിറ്റാണ്ടുകളായിട്ടും ജീവിത സൗകര്യങ്ങളുടെ കാര്യത്തിൽ ഒരടിപോലും മുന്നോട്ടു പോയില്ലെന്നതാണ് യാഥാർഥ്യം. വനം വികസന കോർപറേഷനാണ് ഈ തോട്ടം നടത്തിപ്പുകാര്‍.

കമ്പമലയിൽ മഴക്കാലത്ത് പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച പാടികൾ

കോർപറേഷൻ ഓഫിസിനടത്തുനിന്ന് 300 മീറ്റര്‍ അകലെ പച്ചപുതച്ച തേയില തോട്ടങ്ങള്‍ക്കു നടുവില്‍ കമ്പമലയിലെ തൊഴിലാളികളുടെ പാടികള്‍ കാണാം. നാലര പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച ഇടുങ്ങിയ മുറികളുള്ള പാടികളിലാണ് 24 കുടുംബങ്ങളിലായി 96 അംഗങ്ങള്‍ കഴിയുന്നത്. ചോര്‍ന്നൊലിക്കുന്ന വീടുകൾ, ചെറിയ മഴയിൽപോലും മുറികളില്‍ പാത്രം നിരത്തി മഴത്തുള്ളികളെ പ്രതിരോധിക്കണം. പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് പൊട്ടിത്തകര്‍ന്ന ആസ്ബസ്റ്റോസ് ഷീറ്റുകൾക്ക് പല കുടുംബങ്ങളും മറ ഒരുക്കുന്നത്. വാതിലുകളും ജനലുകളും എപ്പോൾ വേണമെങ്കിലും നിലംപതിക്കാം. മാരകരോഗത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ ആസ്ബസ്റ്റോസ് ഷീറ്റുകളുടെ മേൽക്കൂരകൾ ഉണ്ടാക്കുന്ന രോഗാവസ്ഥകളൊന്നും ഇവർക്കറിയാഞ്ഞിട്ടല്ല. നിസ്സഹായരായി അതിനോടെല്ലാം പൊരുത്തപ്പെടാനേ ഇവർക്ക് നിവൃത്തിയുള്ളൂ. പാടികളുടെ അറ്റകുറ്റപ്പണി നടത്താന്‍ മാനേജ്‌മെന്റിന് സാമ്പത്തിക ശേഷിയില്ലെന്നാണ് ന്യായം. 1964 ഒക്ടോബര്‍ 30ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിമാവോ ബണ്ഡാരനായകെയും ഉണ്ടാക്കിയ ഉടമ്പടിപ്രകാരം 1979 ലാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് കമ്പമലയിലെ 100 ഹെക്ടര്‍ ഭൂമിയില്‍ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥി കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്. ഇവിടത്തെ എസ്റ്റേറ്റ് വന വികസന കോർപറേഷന്റെ ഉടമസ്ഥതയിലായിട്ടും അവസാനമില്ലാത്ത ദുരിത ജീവിതമാണെങ്കിൽ പിന്നെ സ്വകാര്യ കമ്പനികൾ തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതയെക്കുറിച്ച് എന്തുപറയാൻ.

കമ്പമല മാവോ സംഘങ്ങള്‍ക്ക് താൽപര്യമുള്ള മേഖലയാകാന്‍ പല കാരണങ്ങളുണ്ട്. പൊലീസ് സാന്നിധ്യമറിഞ്ഞാല്‍ എളുപ്പത്തില്‍ കാടുകയറി രക്ഷപ്പെടാമെന്നതാണ് ഒന്ന്. മറ്റൊന്ന് ഇവിടെയുള്ള പ്രായമായവരിൽ ശ്രീലങ്കൻ തമിഴ് ഓര്‍മകൾ ഇന്നുമുണ്ട്. തമിഴ് വംശജരായവര്‍ ശ്രീലങ്കയില്‍ ഒരു കാലത്ത് അനുഭവിച്ച ദുരിതജീവിതവും രാഷ്ട്രീയ അനാഥത്വവും ഒറ്റപ്പെടലുമെല്ലാം മാവോവാദികള്‍ രാഷ്ടീയപ്രചാരണത്തിന് ഉപയോഗപ്പെടുത്തിയെന്നാണ് ചിലർ പറയുന്നത്. കൂടാതെ പാടികളിലെ നരകജീവിതവും മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളുമെല്ലാം ഇവർ നിരന്തരം പ്രചാരണ ആയുധമാക്കുന്നു.

പരിശോധന പേരിന്

എത്ര പരാതികൾ ഉയർന്നാലും താമസസ്ഥലങ്ങൾ എത്ര താമസയോഗ്യമല്ലാതായാലും തൊഴിൽ വകുപ്പിന്റെ പരിശോധന പേരിന് മാത്രമെന്ന് തൊഴിലാളികൾ പറയുന്നു. വൻകിട ചെറുകിട തോട്ടങ്ങളിലെല്ലാം അവസ്ഥ ഇതു തന്നെ. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാൻ തോട്ടം മേഖലയില്‍ ഊർജിത പരിശോധന നടത്തുമെന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കും. ലയങ്ങളുടെ ശോച്യാവസ്ഥയും മലിനജലവും കുഴികൾ നിറഞ്ഞ റോഡുകളും ഒരിക്കലും മാറില്ലെന്നു മാത്രം. മിനിമം വേതനം, അര്‍ഹമായ അവധികൾ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍, തൊഴില്‍ അവകാശങ്ങള്‍ എന്നിവ ലഭ്യമാകുന്നുണ്ടെന്ന് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരാണ് ഉറപ്പുവരുത്തേണ്ടത്. ലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ മാനേജ്‌മെന്റ് മുഖേന നടപടിയെടുക്കണമെന്നൊക്കെ ലേബർ കമീഷണർ പലതവണ ആവശ്യപ്പെടാറുണ്ട്. എന്നാൽ, കാലാകാലങ്ങളിലായി എസ്റ്റേറ്റ് പാടികളിൽ ചട്ടപ്പടി പരിശോധന നടക്കുകയല്ലാതെ നടപടി ഉണ്ടാകാറില്ല.

അച്ചൂർ, കുറിച്യർമല, പുൽപാറ, മേപ്പാടി, നെടുങ്കരണ, അരപ്പറ്റ തുടങ്ങിയ നിരവധി ലയങ്ങൾ തകർന്നടിഞ്ഞിട്ടും മാനേജ്മെന്റോ ഭരണകൂടമോ തിരിഞ്ഞു നോക്കുന്നില്ല. സന്ധ്യയായാൽ പല പാടികൾക്ക് ചുറ്റും കാട്ടാന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാരമാണ്. വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന പല പാടികളിലും രാപകൽ വ്യത്യാസമില്ലാതെ വന്യമൃഗശല്യം രൂക്ഷമാണ്. നരക തുല്യമായ ലയങ്ങളിൽ ജീവിതം കഴിച്ചുകൂട്ടുന്ന തോട്ടം തൊഴിലാളികളുടെ ദുരന്താവസ്ഥയെ കുറിച്ച് പറയാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും കേൾക്കേണ്ടവരുടെ കാതുകൾ ബധിര കർണങ്ങളാവുകയാണ്. ആസ്വദിച്ചു രുചിയോടെ കുടിക്കുന്ന ചായക്ക് പിന്നിലെ ചോരയുടെ ഗന്ധം ഓർക്കാൻ പക്ഷേ നമുക്കും സമയമില്ല.

Tags:    
News Summary - Life Of Plantation Workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.