‘അധ്വാനിക്കുന്നവന്റെ ചിഹ്നം... മരപ്പട്ടി’, ‘തൊഴിലെടുക്കുന്നവന്റെ ചിഹ്നം.. ഈനാംപേച്ചി’ എന്നൊക്കെ സി.പി.എമ്മുകാർ അനൗൺസ്മെന്റ് ചെയ്യേണ്ടി വരുന്നത് കോൺഗ്രസിന്റെ എ. വിൻസെന്റിന് ആലോചിക്കാനേ വയ്യ. തെരഞ്ഞെടുപ്പിൽ ചിഹ്നം പോകാതെ സി.പി.എമ്മിനെ രക്ഷിച്ചത് രാഹുൽ ഗാന്ധിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഭരണപക്ഷ ബഞ്ചിനെ നോക്കി വിൻസെന്റിന് പറയാനുണ്ടായിരുന്നത് ഒന്നു മാത്രമാണ്. ‘സ്മരണ വേണം, സ്മരണ’.
വിൻസെന്റിൽ അത് ഒതുങ്ങിയില്ല. നിയമസഭയിൽ പൊലീസ് ധനാഭ്യർഥ ചർച്ചയിൽ പങ്കെടുത്ത മാത്യു കുഴൽനാടൻ അടക്കം പ്രതിപക്ഷാംഗങ്ങളൊക്കെ ഏതാണ്ട് ഇതേ ലൈനിലായിരുന്നു. രാജസ്ഥാനത്തിലെ സികാറിൽ സി.പി.എമ്മിലെ ആംറാമിന്റെ വിജയം കോൺഗ്രസിന്റെ സംഭാവനയാണെന്ന അവകാശവാദമായിരുന്നു പ്രതിപക്ഷത്തിന്. ദേശീയ പാർട്ടി പദവി നിലനിർത്താനായത് ഈ വിജയം കൊണ്ടാണത്രെ. സികാറിലേക്ക് പ്രചാരണത്തിനു പോലും പോയില്ലെന്ന് മുഖ്യമന്ത്രിയെ കുത്താനും പ്രതിപക്ഷം ശ്രമിച്ചു.
പക്ഷേ, ഭരണപക്ഷം അതു സമ്മതിച്ചുകൊടുക്കാൻ തയാറല്ലായിരുന്നു. ഞങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് ചിലർ തിരിച്ചടിച്ചു. ഇന്ത്യയിൽ ഇടതുപക്ഷം നടത്തിയ പോരാട്ടത്തിന്റെ ഗുണഫലം കിട്ടിയത് കോൺഗ്രസിനാണെന്ന് കെ.വി. സുമേഷ് വാദിച്ചു. ഇടതു പ്രക്ഷോഭങ്ങൾ നടന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇൻഡ്യ വിജയിച്ചതെന്ന് കെ. പ്രേംകുമാറും. സികാർ അവകാശവാദത്തിന് നേരിട്ട് മറുപടിയുമായെത്തിയത് മുഖ്യമന്ത്രിയായിരുന്നു. പൊതുരാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു രാജസ്ഥാനിലെ മത്സരമെന്ന് പ്രതിപക്ഷത്തെ ഓർമിച്ച മുഖ്യമന്ത്രി സികാർ ഇടത് ശക്തികേന്ദ്രമാണെന്നും നാലു പ്രാവശ്യം നിയമസഭയിലേക്ക് അവിടെനിന്ന് സി.പി.എം ഒറ്റക്ക് വിജയിച്ചിട്ടുണ്ടെന്നും കണക്കുകൾ നിരത്തി തിരിച്ചടിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം തിരുത്തുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അതു പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, താൻ രാഹുലിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നായി മുഖ്യമന്ത്രി. പദവിക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞപ്പോൾ അതിനു മറുപടി നൽകിയെന്ന് മാത്രം. ‘ഒരു സീറ്റിൽ വിജയിച്ചാൽ നിങ്ങൾ കുമ്പോളം കളിക്കും. എവിടെയെങ്കിലും ഒരാൾക്ക് ക്ഷീണം വന്നാൽ അവിടെ കയറി നിരങ്ങും, എവിടെയെങ്കിലും വിജയിച്ചാൽ അവിടെ പരാജയപ്പെട്ടെന്ന് നിങ്ങൾ പറയും - ഇതാണ് ഇടതുപക്ഷ രീതിയെന്നായി തിരുവഞ്ചൂർ. പ്രതിപക്ഷവും ബി.ജെ.പിയും വലിയ തെറ്റിദ്ധാരണ സൃഷ്ടിച്ചെന്നായിരുന്നു തെരഞ്ഞെടുപ്പ് തോൽവിക്ക് കടകംപള്ളി സുരേന്ദ്രൻ കണ്ടുപിടിച്ച കാരണം. പ്രതിപക്ഷം പറഞ്ഞാൽ തെറ്റിദ്ധരിക്കുന്നവരാണോ ജനങ്ങളെന്നായി എൻ. ഷംസുദ്ദീൻ. വടകരയിൽ വർഗീയ ധ്രുവീകരണം നടത്തി മതസൗഹാർദം തകർക്കാൻ ശ്രമമുണ്ടായെന്നും അങ്ങനെയാണ് തെരഞ്ഞെടുപ്പ് വിജയം നേടിയതെന്നും കാനത്തിൽ ജമീലയുടെ വാദത്തിന് മറുപടി കെ.കെ. രമയിൽനിന്നായിരുന്നു. പേരിൽ പോലും വർഗീയത കാണുകയും പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന നിങ്ങൾ എങ്ങനെ കമ്യൂണിസ്റ്റുകാരാകുമെന്ന് രമ ചോദിച്ചു. കാഫിർ പ്രയോഗത്തിൽ കുറ്റക്കാരെ കണ്ടെത്താൻ ഇതുവരെ പൊലീസിനായില്ല. വർഗീയത കളിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിച്ചത് ആരാണെന്ന് നാടിന് അറിയണമെന്നും രമ ആവശ്യപ്പെട്ടു.
ഗുണ്ടകളുടെ വിരുന്നിൽ പങ്കെടുക്കുന്ന പൊലീസിനെ പ്രതിപക്ഷം എടുത്തിട്ട് കുടഞ്ഞപ്പോൾ കനേഡിയൻ, ന്യൂയോർക് സിറ്റി, ആസ്ട്രേലിയൻ പോലെ ലോകോത്തര നിലവാരമാണ് കേരള പൊലീസിനെന്ന് എം. നൗഷാദ് വാദിച്ചു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന പൊലീസ് സേനയെന്ന് ഭരണപക്ഷം വിശേഷിപ്പിച്ചപ്പോൾ ക്രമസമാധാന നില തകർന്നുതരിപ്പണമായെന്നായി പ്രതിപക്ഷം. നെയ്യാർ കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ലും തൃശൂർ ഡി.സി.സിയിലെ കൂട്ടത്തല്ലുമാണ് കോൺഗ്രസുകാരെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചതെന്ന് കെ. സച്ചിൻദേവ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.