അടുത്തിടെ ലോക സിനിമയുടെ ഭൂപടത്തിൽ ഇന്ത്യയുടെ സംഭാവനയായി സ്ഥാനം പിടിച്ച രണ്ട് ബ്രഹ്മാണ്ഡചിത്രങ്ങളായിരുന്നു ബാഹുബലിയും ആർ.ആർ.ആറും.
തെലുഗുഭാഷയിൽ നിർമിക്കപ്പെടുകയും മലയാളമടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷകളിലും അത്ഭുതകരമായ ഉജ്ജ്വലവിജയം കരസ്ഥമാക്കുകയും ചെയ്ത ഈ സിനിമകൾക്ക് സംഭാഷണങ്ങളും ഗാനങ്ങളുമെഴുതി മനോഹരമായി അണിയിച്ചൊരുക്കിയത് മലയാളികളുടെ പ്രിയപ്പെട്ട മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു. അഭയദേവിനുശേഷം നൂറുകണക്കിന് തെലുങ്ക്, തമിഴ് ചിത്രങ്ങൾക്ക് മലയാളത്തിൽ സംഭാഷണങ്ങളും ഗാനങ്ങളും എഴുതി വിസ്മയിപ്പിച്ച ആ പ്രതിഭാധനൻ ഓർമയായിരിക്കുന്നു.
തകഴി ശിവശങ്കരപ്പിള്ളയുടെ ഇതിഹാസ ഭൂമികയായ കുട്ടനാട്ടിൽനിന്നാണ് ‘വിമോചനസമരം’ എന്ന ചിത്രത്തിൽ പാട്ടെഴുതിക്കൊണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്.
പിന്നീട് പ്രതിദ്ധ്വനി, പൊലീസ് അറിയരുത്, സൗന്ദര്യപൂജ തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ എഴുതിയെങ്കിലും ഈ ഗാനരചയിതാവിനെ മലയാള ചലച്ചിത്രവേദി തിരിച്ചറിയുന്നത് ഹരിഹരൻ സംവിധാനം ചെയ്ത ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലെ ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോളൊരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു’ എന്ന ഗാനത്തോടെയാണ്.
തമിഴ് ചലച്ചിത്രവേദിയിൽ ശ്രദ്ധേയരായ ശങ്കർ -ഗണേഷ്മാർ സംഗീതസംവിധാനം നിർവഹിച്ച ‘അയലത്തെ സുന്ദരി’യിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. തുടർന്നുവന്ന ഹരിഹരന്റെ ലൗ മാരേജ്, ബാബുമോൻ, തെമ്മാടി വേലപ്പൻ, സുജാത തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഹിറ്റുഗാനങ്ങൾ മുഴങ്ങി. മങ്കൊമ്പിന്റെ ഗാനങ്ങൾക്ക് ഏറ്റവുമധികം സംഗീതം പകർന്നത് എം.എസ്. വിശ്വനാഥനാണ്. ഹരിഹരൻ സംവിധാനം ചെയ്ത ‘പൂമഠത്തെ പെണ്ണ്’ എന്ന ചിത്രത്തിന്റെ നിർമാതാവും മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു. സ്വർണവിഗ്രഹം, കേളികൊട്ട് തുടങ്ങി 6 ചിത്രങ്ങൾക്ക് ഇദ്ദേഹം കഥ എഴുതിയിട്ടുണ്ട്. ഇന്ത്യൻ സംഗീതലോകത്തെ അസാധാരണ പ്രതിഭയായ രവീന്ദ്ര ജെയിൻ മലയാളത്തിൽ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച ‘സുജാത’ എന്ന ചിത്രത്തിലെ മനോഹരമായ പാട്ടുകൾ എഴുതാൻ ഭാഗ്യമുണ്ടായത് മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു.
അടുത്തിടെ ഓസ്കർ അവാർഡ് ലഭിച്ച ‘ആർ.ആർ.ആർ’ എന്ന മൊഴിമാറ്റ ചിത്രത്തിലെ ‘കരിന്തോല് സംഘമാകെ...’ എന്ന നൃത്തച്ചുവടുകൊണ്ട് ലോകത്തെതന്നെ വിസ്മയിപ്പിച്ച ഗാനത്തിന്റെ വരികൾ എഴുതാനും അദ്ദേഹത്തിന് നിയോഗമുണ്ടായി.
കുറച്ചുകാലമായി തെലുഗു ഭാഷയിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ചിത്രങ്ങൾക്ക് വേണ്ടിയുള്ള സംഭാഷണങ്ങളും ഗാനങ്ങളുമെഴുതുന്ന തിരക്കിൽ മലയാളത്തിന്റെ മണമുള്ള ഗാനങ്ങൾ ഈ അനുഗൃഹീത കവിയിൽനിന്ന് മലയാള ഭാഷക്ക് ലഭിച്ചിരുന്നില്ല.
മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗാനരചനാ രംഗത്തെത്തിയതിന്റെ സുവർണജൂബിലി ആഘോഷങ്ങൾ 2025 മാർച്ച് 29ന് ചെന്നൈയിലെ ‘ദക്ഷിണ’ എന്ന കലാ സംസ്കാരിക സംഘടന വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ, ഈ ആദരവ് ഏറ്റുവാങ്ങാൻ നിൽക്കാതെ അദ്ദേഹം മടങ്ങിയിരിക്കുന്നു. അഞ്ഞൂറിലധികം ചലച്ചിത്ര ഗാനങ്ങളിലൂടെ മലയാള സിനിമയുടെ സംഗീതധാരയെ ലക്ഷാർച്ചനയുടെ സ്വർണകാന്തികൊണ്ട് പ്രകാശപൂരിതമാക്കിയ മങ്കൊമ്പ് ഇടനെഞ്ചിലെ ഒരു ഈണമായി എന്നും സംഗീതാസ്വാദകരുടെ മനസ്സിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.