2015 മേയ്ദിനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിെൻറ ഡയറക്ടറായി ഒരു മാസത്തേക്ക് ചുമതലയേറ്റു മാസാവസാനം വിരമിച്ചു. ആദ്യ പ്രവൃത്തിദിവസമാണ്അറിയുന്നത് പുതുതായി തുടങ്ങിയ രണ്ടു സർക്കാർ മെഡിക്കൽ കോളജുകളുടെ പ്രിൻസിപ്പൽമാരും ഡയറക്ടറേറ്റിൽ തന്നെയിരുന്നാണ് പ്രവർത്തിക്കുന്നതെന്ന്. അവർക്ക് ചുമതലയുള്ള തിരുവനന്തപുരം ജനറൽ ആശുപത്രി മെഡിക്കൽ കോളജിലോ കോന്നിയിലോ ഒാഫിസോ ഇരിക്കാൻ മുറിയോ ഇല്ല. അധ്യാപകർ മുതൽ ശിപായിവരെ ജീവനക്കാരില്ല. തസ്തിക സൃഷ്ടിക്കലോ നിയമനമോ നടപ്പായിട്ടില്ല. എങ്കിലും ഒാരോ ജില്ലയിലും ജനറൽ ആശുപത്രികളോട് ചേർന്ന് മെഡിക്കൽ കോളജുകൾ ആരംഭിക്കുകയെന്നത് അന്നത്തെ സർക്കാറിെൻറ നയമായിരുന്നു. അത് നടപ്പാക്കാൻ ചിട്ടയായ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ പുതിയ മെഡിക്കൽ കോളജുകളും നേരിട്ടുള്ള പരിശോധന നടത്തി സമഗ്രമായി വിലയിരുത്തി.
തിരുവനന്തപുരം ജില്ല ആശുപത്രി മെഡിക്കൽ കോളജ് എന്നത് ജനറൽ ആശുപത്രിയുടെ മതിൽകെട്ടിനകത്ത് കെട്ടിടങ്ങൾക്ക് പിറകിൽ ഒരു വലിയ കുഴി മാത്രം. കെട്ടിടം പണിക്കുള്ള അസ്തിവാരത്തിനുവേണ്ടി മണ്ണ് എങ്ങോേട്ടാ നീക്കിയതാണ്. മറ്റൊന്നുമായിട്ടില്ല. അവിടേക്കാണ് പരിശോധനക്കായി സർവകലാശാലയെയും മെഡിക്കൽ കൗൺസിലിനെയും വിളിച്ചുവരുത്തിയത്. കോന്നിയിൽ കുഴിയില്ല. പകരം കുന്നോളം ഉയരത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ടിട്ടുണ്ട്. അതും കെട്ടിടനിർമാണത്തിനാണ്. അവിടെ മണ്ണ് നീക്കുന്ന ജോലി ആരംഭിച്ചിട്ടില്ല. ഇടുക്കിയിൽ വൈദ്യുതി ബോർഡ് വർഷങ്ങൾക്ക് മുമ്പ് ഡാം പണി കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചുപോയ കെട്ടിടങ്ങളിലാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്. താമസസൗകര്യം കുറവായതുകൊണ്ട് സ്ഥിരതാമസക്കാരായ അധ്യാപകരില്ല.
സൗകര്യങ്ങളില്ലാത്തതിനാൽ ക്ലിനിക്കൽ വിഭാഗങ്ങളിലെ അധ്യാപകർ ആരും ജോലിയിൽ പ്രേവശിക്കാൻ തയാറാകുന്നില്ല. ആരെങ്കിലും വന്നാൽപോലും ജില്ല ആശുപത്രിയിലെ ഡോക്ടർമാരുടെ എതിർപ്പ് മറികടന്ന് ജോലിചെയ്യാൻ കഴിയുന്ന സാഹചര്യം ഉറപ്പുവരുത്തിയിട്ടില്ല. പാലക്കാട് കോളജ് കെട്ടിടം പണികഴിഞ്ഞ് പ്രവർത്തിച്ചുതുടങ്ങി. പക്ഷേ, ക്ലിനിക്കൽ വിഭാഗങ്ങളിലെ അധ്യാപകർക്ക് പ്രേവശനം ലഭിച്ചിട്ടില്ല. മഞ്ചേരിയിൽ കുറച്ചൊക്കെ നിസ്സഹകരണമുണ്ടെങ്കിലും ജില്ല ആശുപത്രിയിൽ മെഡിക്കൽ കോളജ് പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. കെട്ടിടം പണിയും ഏകദേശം തീർന്നിരിക്കുന്നു.
ഇടുക്കിയിൽനിന്നാണ് ചില പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടത്. കോളജ് ലൈബ്രറിയെന്നുപറഞ്ഞ് മെഡിക്കൽ കൗൺസിലിനെ കാണിച്ച് മരാമത്ത് പണികൾക്ക് തയാറെടുക്കുന്ന കെട്ടിടംതന്നെ കെ.എം.എസ്.സി.എല്ലിെൻറ ജില്ലയിലെ മരുന്ന് ഗോഡൗണായി മാറുന്നു. കോളജ് ലൈബ്രറിയിലേക്ക് വന്ന പുസ്തകങ്ങൾ അന്നത്തെ പ്രിൻസിപ്പൽ സ്വീകരിക്കാതെ തിരിച്ചയച്ചു. പുതിയ മെഡി.കോളജുകൾക്കായി 46 കോടി രൂപയോളം ചെലവിട്ട് കഴിെഞ്ഞന്നു വിവരം കിട്ടി. അതിൽ ഒരു രൂപപോലും മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് വഴിയായിരുന്നില്ല. ഒന്നും അതുവരെ ഒാഡിറ്റിങ്ങിന് വിധേയമായിരുന്നുമില്ല.
അതിനിടയിൽ മെഡിക്കൽ കൗൺസിലിെൻറ ആ വർഷത്തെ കൂടുതൽ പരിശോധനാഫലങ്ങൾ പുറത്തുവന്നു. വന്ന വെള്ളം ഉള്ള വെള്ളവും കൊണ്ടുപോയ അവസ്ഥ. ഇടുക്കി, മഞ്ചേരി, പാലക്കാട് എന്നീ പുതിയ മെഡിക്കൽ കോളജുകളുടെയും നിലവിലെ ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകളുടെയും അംഗീകാരം നഷ്ടമായിരിക്കുന്നു. അടുത്ത ബാച്ച് (2015-2016) മുതൽ വിദ്യാർഥികളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശം. ഒരു കണക്കുകൂട്ടലുമില്ലാതെ തൽക്കാല ആവശ്യത്തിന് പലരെയും തലങ്ങും വിലങ്ങും സ്ഥലംമാറ്റിയതിെൻറ സ്വാഭാവികഫലം. പ്രശ്നം സ്ഫോടനാത്മകം. വാർത്ത പുറത്തറിഞ്ഞാൽ പൊതുജന പ്രതിഷേധം രൂക്ഷമാകാം. അന്നത്തെ വകുപ്പുസെക്രട്ടറി ബന്ധപ്പെട്ട എല്ലാ കോളജുകളുടെയും പ്രിൻസിപ്പൽമാരുമായി രായ്ക്കുരാമാനം ഡൽഹിയിലേക്ക് പറന്നു. മെഡിക്കൽ കൗൺസിൽ പ്രസിഡൻറിനെ നേരിൽ കണ്ട് അവശ്യ നടപടികളെല്ലാം ഉടനെ പൂർത്തീകരിച്ചുകൊള്ളാമെന്ന് ഉറപ്പുനൽകി. കൗൺസിൽ സെക്രട്ടറിക്ക് ആ ഉറപ്പ് സത്യവാങ്മൂലമായി നൽകി. അതിെൻറയൊക്കെ വെളിച്ചത്തിൽ ഒരു തവണത്തേക്ക് ഇളവനുവദിച്ചുകിട്ടി. അടുത്ത ബാച്ചിനുകൂടി പ്രവേശനം നൽകാം.
സർക്കാർ മേഖലയിലെ മെഡിക്കൽ കോളജുകൾക്ക് പ്രത്യേക പരിഗണന വേണ്ടതാണ്. പൊതുജനങ്ങളുടെ മുതൽമുടക്കാണ് അതിനുപിന്നിൽ. അവിടെ പ്രവേശനം ലഭിക്കുന്നത് മിടുക്കരായ സാധാരണക്കാർക്കാണ്. അവിടെനിന്ന് ചികിത്സ ലഭിക്കുന്നവർ ഏറെയും സമൂഹത്തിലെ താേഴത്തട്ടിൽനിന്നുള്ളവരാണ്. പക്ഷേ, മറുവശം കൂടിയുണ്ട്. ശരിയായ പഠനവും പരിശീലനവും ലഭിക്കാത്ത ഒരു വിദ്യാർഥി ഡോക്ടറായാൽ സാമാന്യജനങ്ങളുടെ ജീവനാണ് അപകടസാധ്യത. മിടുക്കരായ വിദ്യാർഥികളെ കോളജിൽ ചേർത്ത് പഠിക്കാനവസരം നൽകാതെ ഡോക്ടറാക്കി പുറത്തുവിടുന്നത് മറ്റൊരു നീതിനിഷേധം. ഒരു സൗകര്യവുമില്ലാത്ത സർക്കാർ കോളജുകൾക്ക് അനുമതി നൽകുേമ്പാൾ കുറച്ചെങ്കിലും സൗകര്യമൊരുക്കിയ സ്വകാര്യ കോളജുകളെ എങ്ങനെ അനുമതി നൽകാതെ മാറ്റിനിർത്തും? കോടതികൾ ആരുടെ ഭാഗത്ത് ശരിയെന്ന് വിധിക്കും? ഇളവുകൾ എന്നത് സൗകര്യങ്ങൾ ഒരുക്കാതിരിക്കാനുള്ള ഒഴിവുകഴിവായി സർക്കാറുകൾതന്നെ കാണാൻ തുടങ്ങിയാലോ? അതുകൊണ്ടാണ് ഇളവുകൾ നൽകുന്നതിന് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും വേണമെന്ന ധാരണ മെഡിക്കൽ കൗൺസിലിൽ ഉണ്ടായത്.
ഒരു സർക്കാർ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലായി ചുമതലയേൽക്കുേമ്പാൾ രാമചന്ദ്രൻ മാസ്റ്ററായിരുന്നു സംസ്ഥാനത്തെ ആരോഗ്യമന്ത്രി; ഡയറക്ടറായി റിട്ടയർ ചെയ്യുേമ്പാൾ വി.എസ്. ശിവകുമാറും. അതിനിടയിൽ പലരും വന്നു. എല്ലാ മന്ത്രിമാരും ഒരുപോലെയായിരുന്നില്ല. പതിവുള്ള പ്രതിമാസ അവലോകന യോഗത്തിൽ കൃത്യമായി പെങ്കടുക്കുന്ന മന്ത്രിമാരുണ്ടായിരുന്നു. ചിലർ ചെറിയ ചെറിയ ഉദ്ഘാടനങ്ങൾക്കും വിദ്യാർഥി ഹോസ്റ്റലിലെ ഒാണാഘോഷത്തിനുപോലും ഒാടിയെത്തും. വരുേമ്പാഴെല്ലാം കോളജിലെ വകുപ്പ് മേധാവികളുമായും ജീവനക്കാരുടെ പ്രതിനിധികളുമായുമെല്ലാം ഇടപഴകും. ഏതു തീരുമാനമെടുക്കുേമ്പാഴും ആവശ്യമായ എല്ലാ വിവരങ്ങളും വിരൽതുമ്പിലുണ്ടായിരിക്കുമെന്നതാണ് ഗുണം. മറ്റു പലരും അങ്ങനെയല്ല.
നാലുവർഷം ഒരു മെഡിക്കൽ കോളജിെൻറ പ്രിൻസിപ്പലായിരിക്കെ, 30 പ്രാവശ്യം മെഡിക്കൽ കൗൺസിൽ പരിശോധനക്ക് കോളജിനെ ഒരുക്കേണ്ട ചുമതലയുണ്ടായി -ആറുപ്രാവശ്യം എം.ബി.ബി.എസിനുവേണ്ടിയും 24 പ്രാവശ്യം പി.ജി കോഴ്സുകൾക്കുവേണ്ടിയും. ആദ്യത്തെ പ്രാവശ്യം 30 ശതമാനം ഡോക്ടർമാരുടെ കുറവുണ്ടായിരുന്നുവെങ്കിൽ അവസാനത്തെ പരിശോധനയുടെ സമയത്ത് 22 ശതമാനം പേർ അധികമുണ്ടായിരുന്നു. അതിനിടയിൽ എം.ബി.ബി.എസ് 100ൽനിന്ന് 150 ആയും 18 പി.ജി സീറ്റുകൾ 108 ആയും വർധിച്ചു. ഇൗ കാലയളവിൽ ഒരു അധ്യാപക തസ്തികപോലും പുതുതായി സൃഷ്ടിക്കപ്പെട്ടില്ല. അനിവാര്യമായ ചില സ്ഥാനങ്ങളിലേക്ക് ലഭ്യമായ ഫണ്ടുപയോഗിച്ച് കരാർ നിയമനങ്ങൾ നടത്തിെയന്നു മാത്രം.
പ്രതീക്ഷിക്കുന്ന പരിശോധനക്ക് മൂന്നുമാസം മുെമ്പങ്കിലും തയാറെടുപ്പുകൾ തുടങ്ങും. ഒാരോ ഡിപാർട്മെൻറും സ്വയം വിലയിരുത്തുന്നതിൽ ആരംഭിച്ചു തയാറെടുപ്പ്. കോളജിൽതന്നെ മറ്റു വിഭാഗത്തിലുള്ളവരെക്കൊണ്ട് നടത്തിക്കുന്ന മോക് പരിശോധനയാണ് അവസാനം. സ്വന്തം ഡിപാർട്മെൻറിനെ ശരിയായി അവതരിപ്പിക്കാൻ എല്ലാവരും പഠിക്കും. പ്രധാന ശ്രദ്ധ അക്കാദമിക കാര്യങ്ങളിലേക്ക് കേന്ദ്രീകരിച്ചു. ഒാരോ ഡോക്ടർക്കും പ്രഫഷനൽ സംതൃപ്തി ലഭിക്കുന്നതിനുള്ള സാഹചര്യം പരമാവധി ഒരുക്കി. അതുകൊണ്ടു ആ കോളജിലേക്ക് വന്നവരിൽ ഭൂരിഭാഗവും തിരിച്ചുപോകാൻ തയാറാകാതെ തുടർന്നു. കൃത്യമായ ഗൃഹപാഠം നടത്തുകയും എല്ലാവരും കൂട്ടായി പ്രവർത്തിക്കുകയും ചെയ്തതുകൊണ്ട് ‘പഠന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള’ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടാൻ കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 24 കോടിയാണ് അന്ന് കേന്ദ്രത്തിൽനിന്ന് ലഭിച്ചത്. പി.ജി സീറ്റുകൾ 108ലേക്ക് വർധിക്കുകയും എല്ലാ സീറ്റുകളും നിറയുകയും ചെയ്തതോടെ ജൂനിയർ ഡോക്ടർമാരുടെ പരിമിതി പൂർണമായും പരിഹരിക്കപ്പെട്ടു.
കോളജുകളിൽ നിലവിലെ ഒഴിവുകളുടെ യഥാർഥ എണ്ണവും കോളജുകളിലെ ഒഴിവുകൾ എന്ന നിലയിൽ ഡയറക്ടറേറ്റിലുള്ള പട്ടികയും തമ്മിൽ വലിയ അന്തരമുണ്ട്. ഇത് ഒത്തുപോകാത്തിടത്തോളം ഒഴിവുകളിലെ നിയമനം തൃപ്തികരമാവില്ല. വകുപ്പുതല പ്രമോഷൻ കമ്മിറ്റിയിലേക്കുവേണ്ടി (ഡി.പി.സി) തയാറാക്കുന്ന ലിസ്റ്റുകളിൽ അറിയാതെയോ അറിഞ്ഞോ തെറ്റുകൾ കടന്നുകൂടുന്നതും അതിെൻറ പേരിൽ തീരുമാനം അനന്തമായി നീളുന്നതും പതിവ്. മിക്കവയും കോടതികളിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യും. ചിലർക്ക് താൽപര്യമുള്ള സ്ഥലങ്ങളിൽ നിയമനത്തിന് ഒഴിവുവരുന്നതുവരെ ഒരു ലിസ്റ്റും പുറത്തിറങ്ങാതിരിക്കാം. താഴെത്തട്ടിലെ ഒഴിവുകൾ നിലനിർത്തി, അതിെൻറ പേരിൽ മുകൾതട്ടിലുള്ളവരുടെ പെൻഷൻപ്രായം ഉയർത്താൻ ബോധപൂർവമായ ശ്രമങ്ങളുണ്ടെന്നുവേണം കരുതാൻ.
സാമ്പത്തിക ബുദ്ധിമുട്ടില്ലെങ്കിൽ മെഡിക്കൽ കോളജിന് വേണ്ട കെട്ടിടങ്ങൾ പണിയുന്നതിനോ ഉപകരണങ്ങൾ വാങ്ങുന്നതിനോ തടസ്സങ്ങളില്ല. യോഗ്യതയുള്ള അധ്യാപകരുടെ ലഭ്യതക്കുറവ് മാത്രമാണ് പ്രശ്നം. പി.ജി ബിരുദമുള്ളവരാണ് അതത് വകുപ്പുകളിൽ അധ്യാപകരാകുന്നത്. മൂന്നുവർഷമാണ് പി.ജി പഠനത്തിെൻറ കാലാവധി. അതുകൊണ്ടുതന്നെ പി.ജി സീറ്റുകൾ ആവശ്യത്തിനുണ്ടെങ്കിൽ മൂന്നുവർഷംകൊണ്ട് അധ്യാപകയോഗ്യതയുള്ള ഡോക്ടർമാർ ധാരാളമുണ്ടാകും. ആദ്യം പി.ജി വർധിപ്പിക്കുകയും അതിനുശേഷം പുതിയ മെഡിക്കൽ കോളജുകളെക്കുറിച്ച് ചിന്തിക്കുകയുമാണ് ശരി.
ഏതാനും വർഷങ്ങൾക്കുമുമ്പ് അനൗദ്യോഗികമായി ഒരു കണക്കെടുപ്പ് നടത്തി. അന്നാണ് മറ്റൊരവസ്ഥ ശ്രദ്ധയിൽ പെട്ടത്. അധ്യാപക തസ്തികയിലാണെങ്കിലും മെഡിക്കൽ കൗൺസിലിെൻറ ഒരു പരിശോധനയിലും പെങ്കടുക്കാത്തവർ തീരെ കുറവല്ല. 250 അധ്യാപകർ വേണ്ട ഒരു കോളജിൽതന്നെ അങ്ങനെ 28 പേർ. നിലവിലെ വകുപ്പുകളിൽ അധ്യാപകരായി സർവിസിൽ കയറിയവരാണ്. വകുപ്പുകൾക്കകത്ത് മറ്റൊരു സ്പെഷാലിറ്റിയുണ്ടാക്കി അതിൽ മാത്രമായി പ്രവർത്തിക്കുന്നു. അതിൽ പലതും മെഡിക്കൽ കൗൺസിലോ യൂനിവേഴ്സിറ്റിയോ അംഗീകരിച്ചിട്ടുള്ളതല്ല. എല്ലാം ഏതെങ്കിലും ഒരു മെഡിക്കൽ കോളജിൽ മാത്രം പ്രവർത്തിക്കുന്നത്. സേവനത്തിെൻറ പേരിലാണെങ്കിലും വർഷങ്ങൾ പ്രവർത്തിച്ചിട്ടും മറ്റൊരു മെഡിക്കൽ കോളജിലും പുതിയ വിഭാഗത്തെ വളർത്തിയെടുത്തിട്ടില്ല. പൊതു സ്ഥലംമാറ്റത്തിൽനിന്ന് രക്ഷപ്പെടാൻ സ്വാധീനമുപയോഗിച്ച് സൃഷ്ടിച്ചെടുത്ത ആ വിഭാഗം ഒരൊറ്റ മെഡിക്കൽ കോളജിൽ മാത്രമേ നിലവിലുണ്ടാകൂ. അവരെക്കൂടി മുഖ്യ വിഭാഗത്തിൽ കണക്കാക്കുകയും (സ്വന്തം സൃഷ്ടി മാത്രമായ) അവാന്തര സ്പെഷാലിറ്റി ഒരു ഭാഗിക ഉത്തരവാദിത്തം മാത്രമായി മാറുകയും ചെയ്താൽ മെഡിക്കൽ കോളജുകളിലെ അധ്യാപകരുടെ ലഭ്യത ഗണ്യമായി വർധിക്കും. എല്ലാ മെഡിക്കൽ കോളജുകളിലും അധ്യാപകരായി ആവശ്യത്തിനുള്ളതിനെക്കാൾ വളരെയേറെ പേർ കാണുമെന്ന ധനകാര്യവകുപ്പിെൻറ കണ്ടെത്തൽ ശരിതന്നെ. രോഗീചികിത്സയുടെ ഭാരമാണ് അതിനൊരു മറുവാദമായി ഉയരുക. മെഡിക്കൽ കോളജിൽ വരുന്ന രോഗികളിൽ ഭൂരിഭാഗം പേർക്കും ആവശ്യമായ ചികിത്സ സൗകര്യം ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രികളിലുമൊക്കെ ലഭ്യമാണെന്ന യാഥാർഥ്യമാണ് അതിന് മറുപടി.
സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന് ഒാരോ വർഷവും പരമാവധി 40 പേരാണ് പെൻഷനായി വിരമിക്കുന്നത്. കേരളത്തിലെ മെഡിക്കൽ കോളജുകളിൽനിന്ന് പുറത്തുവരുന്നത് 1260 ബിരുദാനന്തര ബിരുദമുള്ളവരാണ്. അതിൽ 808 പേരും സർക്കാർ മെഡിക്കൽ കോളജുകളിൽനിന്നുതന്നെ. അവരിൽ പത്തുശതമാനം പേരെയെങ്കിലും മെഡിക്കൽ കോളജുകളിലേക്ക് ആകർഷിക്കാനും പിടിച്ചുനിർത്താനും കഴിഞ്ഞാൽ അധ്യാപകരുടെ ദൗർലഭ്യം പരിഹരിക്കാം. ശമ്പളെത്തക്കാൾ അനുബന്ധ സൗകര്യങ്ങളുടെ ലഭ്യതയാണ് തുടക്കക്കാരെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നത്. നിലവിലെ ഒഴിവുകളിലേക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചു വഴിയുള്ള നിയമനവും സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത തസ്തികകളിലേക്ക് കരാർ നിയമനവും പരീക്ഷിക്കാം.
കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഗുലാംനബി ആസാദാണ് ജില്ല ആശുപത്രികളെ പ്രയോജനപ്പെടുത്തി മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നത് ആദ്യമായി പ്രഖ്യാപിച്ചത്. ഗ്രാമങ്ങളിലെ സബ്സെൻററുകളിൽവരെ ഡോക്ടർമാരെ ലഭ്യമാക്കലായിരുന്നു ലക്ഷ്യം. ജില്ല ആശുപത്രിയിൽ വരുന്ന രോഗികളെയും ലഭ്യമായ ഡോക്ടർമാരെയും ഉള്ള കെട്ടിടങ്ങളും നിലവിലെ ഉപകരണങ്ങളും പ്രയോജനപ്പെടുത്തി മെഡിക്കൽകോളജുകൾ തുടങ്ങുകയായിരുന്നു പദ്ധതി. ഉള്ളവ മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും അധികവേതനം നൽകുന്നതിനും കേന്ദ്രസഹായം ഉണ്ടാകും. അല്ലാതെ ജില്ലാ ആശുപത്രികളിൽ മെഡിക്കൽകോളജുകളിൽ നിന്നുള്ളവരെ നിയമിച്ച് അവിടെ സമാന്തരമായി മറ്റൊരാശുപത്രി സ്ഥാപിച്ച് മെഡിക്കൽകോളജാക്കുക എന്നതായിരുന്നില്ല.
കേവലം 20 ശതമാനം സീറ്റുകളുടെ അവകാശം നിലനിർത്തി ജില്ല ആശുപത്രികൾ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനുള്ള നിർദേശം എതിർത്ത് തോൽപിക്കേണ്ടതാണ്. ഒരു സർക്കാർ ആശുപത്രിയും വിട്ടുകൊടുക്കാതെ പകുതി സീറ്റുകളുടെ അവകാശം നേടുന്ന ‘കേരള മോഡലി’െൻറ വിജയം ദേശീയശ്രദ്ധയിലെത്തിക്കുന്നത് അവസരോചിതമായിരിക്കും. താൽക്കാലിക തട്ടിക്കൂട്ടലുകൾ ഒഴിവാക്കി കൃത്യമായ തയാറെടുപ്പുകളിലൂടെ എല്ലാ ജില്ലയിലും മെഡിക്കൽ കോളജുകൾ ഉണ്ടാകെട്ട.
(സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടറും കേരള ആരോഗ്യ-ശാസ്ത്ര സർവകലാശാല മുൻ ഡീനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.