മുൻവിധികളിൽ നിന്ന്‌ കേരളചരിത്രത്തെ മോചിപ്പിച്ച എം.ജി.എസ്‌

മുൻവിധികളിൽ നിന്ന്‌ കേരളചരിത്രത്തെ മോചിപ്പിച്ച എം.ജി.എസ്‌

മുൻവിധികളിൽ നിന്ന്‌ കേരളചരിത്രത്തെ മോചിപ്പിച്ചു എന്നതാണ്‌ പ്രൊഫ. എം.ജി.എസ്‌ നാരായാണന്റെ മഹത്തായ സംഭാവന. 'പെരുമാൾസ്‌ ഒഫ്‌ കേരള'യാണ്‌ അദ്ദേഹത്തിന്റെ മാസ്‌റ്റർ പീസ്‌. കേരളീയരുടെ ചരിത്രബോധത്തെ നിഷ്‌പക്ഷമാക്കാനും ശാസ്‌ത്രീയമാക്കാനും ആ പുസ്‌തകത്തിലൂടെ പ്രൊഫ. എം.ജി.എസിന്‌ കഴിഞ്ഞു. എ.ഡി 900 മുതൽ എ.ഡി 1200 വരെ ഉള്ള മധ്യകലാത്തെപ്പറ്റി സമഗ്രമായി ആ പുസ്‌തകത്തിൽ വിശകലനം ചെയ്യുന്നുണ്ട്‌. രാഷ്ട്രീയ ചരിത്രവും അതിനുപുറമേ സാമൂഹിക, സാമ്പത്തിക ചരിത്രവും അദ്ദേഹത്തിന്റെ അന്വേഷണത്തിൽ വരുന്നുണ്ട്‌.

കോഴിക്കോടിനെപ്പറ്റി ഇന്ന്‌ നമുക്ക്‌ ലഭ്യമായ ഏറ്റവും ആധികാരികമായ പുസ്‌തകം പ്രൊഫ. എം.ജി.എസ്‌ നാരായണന്റേതാണ്‌. കാലിക്കറ്റ്‌ സർവകലാശാലയ്‌ക്ക്‌ വേണ്ടിയാണ്‌ അദ്ദേഹം ആ പുസ്‌തകം രചിച്ചത്‌. കേരള ചരിത്രത്തിലെ 10 കള്ളക്കഥകൾ എന്ന പുസ്‌തകം വളരെ പ്രശസ്‌തമാണ്‌. സെന്റ്‌ തോമസ്‌ കേരളത്തിൽ വന്നിട്ടില്ലെന്ന്‌ അദ്ദേഹം ആ പുസ്‌തകത്തിലൂടെ അഭിപ്രായപ്പെട്ടു. എങ്കിലും സെന്റ്‌ തോമസ്‌ ക്രിസ്‌ത്യാനികൾ പുരാതനകാലം മുതൽ കേരളത്തിൽ ഉണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലാണ്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്‌. എം.പി വീരേന്ദ്രകുമാറിനെപ്പോലുള്ള പിൽക്കാലത്തെ രാഷ്‌ട്രീയ നേതാക്കന്മാർ അന്നത്തെ അദ്ദേഹത്തിന്റെ പ്രയിശിഷ്യന്മാരിൽ ഉൾപ്പെടുന്നു. പിന്നീടദ്ദേഹം കോഴിക്കോട് സർവകലാശാലയുടെ ചരിത്രവിഭാഗത്തിൽ ചേർന്നു. 15 വർഷം അവിടെ വകുപ്പ്‌ മേധാവിയായി. അദ്ദേഹം വെറും അധ്യാപകൻ മാത്രമായിരുന്നില്ല. നല്ലൊരു സോഷ്യൽ ആക്‌ടിവിസ്‌റ്റ്‌ കൂടിയായിരുന്നു. അതിൽ നിർഭയനായിരുന്നു. കേരള സർക്കറിന്റെയോ കേന്ദ്ര സിർക്കറിന്റെയോ ഉന്നത ബഹുമതികൾ അതുകൊണ്ട് തന്നെ നിഷേധിക്കപ്പെട്ടു. ഒരു പ്രലോഭനങ്ങൾക്കും അദ്ദേഹം വഴങ്ങിയില്ല. കോഴിക്കോട് സർവകലാശാലയ്‌ക്ക്‌ ഇന്ത്യൻ സർവകലാശാലകളിൽ ഒരു സ്ഥാനം ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.


ടോക്കിയോ സർവകലാശാല, ഓക്‌സ്‌ഫോർഡ്‌ യൂനിവേഴ്‌സിറ്റി, ഹാർവാർഡ്‌ യൂനിവേഴ്‌സിറ്റി, മോസ്‌കോ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. സമീപകാലത്തൊന്നും ഒരു മലയാളിക്ക്‌ ഇത്ര വലിയ പദവി ലഭിച്ചിട്ടുണ്ടാവില്ല. ഐ.സി.എച്ച്‌.ആറിന്റെ അധ്യക്ഷനാകാൻ കഴിഞ്ഞ ഏക മലയാളിയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഹിസ്‌റ്ററി കോൺഗ്രസ്‌ സമ്മേളനങ്ങളിൽ ആർ.എസ്‌ ശർമയ്ക്കും ഇർഫാൻ ഹബീബ്‌നും റോമില ഥാപ്പർക്കും ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ സ്‌ഥാനം. അദ്ദേഹം എന്നും അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുമായിരുന്നു. മോസ്‌കോ യൂണിനിവേഴ്‌സിറ്റിയിൽ വെച്ച്‌ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടായി. കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ എതിരാളികളോടുള്ള ക്രൂരമായ സമീപനത്തെപ്പറ്റി അവിടത്തെ അധ്യാപക സദസിൽ അദ്ദേഹം വിയോജിപ്പ്‌ പ്രകടിപ്പിച്ചു. തുടർന്ന്‌ അവിടെ നിൽക്കാനായില്ല. പിറ്റേദിവസം ഭാര്യയ്‌ക്ക്‌ സുഖമില്ലെന്ന്‌ പറഞ്ഞ്‌ അവധിയെടുത്ത്‌ അദ്ദേഹം ഇന്ത്യയിലേക്ക്‌ മടങ്ങി. ഇക്കാര്യം മാധ്യമം വാരികയിൽ എഴുതിയ ആത്‌മകഥയിൽ അദ്ദേഹം പരാമർശിച്ചിട്ടില്ല.

പരപ്പനാട് സ്വരൂപത്തിലെ പടനായകന്മാരുടെ കുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. അതുകൊണ്ടു തന്നെ ഒരു യോദ്ധാവിന്റെ ശൗര്യം അദ്ദേഹത്തിന്‌ എപ്പോഴുമുണ്ട്‌. അതായത്‌, വാളെടുത്താൽ ചോര കണ്ടിട്ടേ ഉറയിലിടൂ എന്ന ശൈലി. പക്ഷേ വളരെ ആലോചിച്ച്‌ മാത്രമേ അദ്ദേഹം വാളെടുക്കാറുള്ളൂ. അദ്ദേഹവും ഇ.എം.എസുമായുള്ള വാദപ്രതിവാദം പല പ്രിയശിഷ്യന്‌മാരെയും വേദനിപ്പിച്ചിരുന്നു. പ്രിയ ശിഷ്യന്മാരായ രാജൻ ഗുരുക്കളും കേശവൻ വെളുത്താട്ടും പലതവണ അഭ്യർത്ഥിച്ചെങ്കിലും ഇ.എം.എസ്‌ ഒരു ആൾദൈവമെന്ന നിലപാടിൽ നിന്ന്‌ അദ്ദേഹം പിന്നോട്ട്‌ പോയില്ല. ഇക്കാര്യത്തിലാണ്‌ സഹപ്രവർത്തകനായിരുന്ന രാഘവ വാര്യരുമായുള്ള അഭിപ്രായ വ്യത്യാസവും തുടങ്ങുന്നത്‌.

'പെരുമാൾസ്‌ ഒഫ്‌ കേരള'യിൽ മധ്യകാലഘട്ടം എങ്ങനെ രൂപം കൊണ്ടു എന്ന്‌ ചരിത്ര സാമഗ്രികളുടെ അടിസ്‌ഥാനത്തിൽ അദ്ദേഹം അന്വേഷിക്കുന്നുണ്ട്‌. ഭാസ്‌കരരവിയും മനുകുലാദിത്യനും ഒരാളാണെന്ന്‌ ഈ പ്രബന്‌ധത്തിൽ പ്രൊഫ. എം.ജി.എസ്‌ കണ്ടെത്തി. മൂന്ന്‌ ഭാസ്‌കരരവിമാരുണ്ടെന്നും അതല്ല രണ്ട്‌ ഭാസ്‌കരരവിമാരുണ്ടെന്നുമുള്ള വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. യുവരാജാവായിരുന്നപ്പോഴും ഭരണാധികാരിയായിരുന്നപ്പോഴും ഭാസ്‌കരരവി രണ്ട്‌ തരം വർഷങ്ങൾ ഉപയോഗിച്ചിരുന്നു എന്ന്‌ അദ്ദേഹം കണ്ടെത്തി. ഗോദ രവിയും വിജയരാഗ ദേവനും ഒരാളാണെന്ന്‌ സ്ഥാപിച്ചു. അവസാനത്തെ മഹോദയപുര ഭരണാധികാരിയായ രാമകുലശേഖരൻ മഹാനായ ഒരു രാജ്യതന്ത്രജ്‌ഞനാണെന്നും അദ്ദേഹം നിരീക്ഷിച്ചു. മെക്കയിൽ പോയ കേരളീയ രാജാവ്‌ ഇദ്ദേഹമാകാമെന്നും അഭിപ്രായപ്പെട്ടു. ചിലപ്പതികാരത്തെുറിച്ച്‌ ചരിത്ര പഠനവും നടത്തിയിട്ടുണ്ട്‌.


ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരം താരതമ്യങ്ങൾ ഇല്ലാത്ത ഒരു മഹാപ്രസ്ഥാനമായിരുന്നുവെന്ന്‌ പ്രൊഫ. എം.ജി.എസ്‌ നാരായണൻ അഭിപ്രായപ്പെട്ടു. ഏത്‌ സായുധ സമരത്തെക്കാളും ഉജ്‌ജ്വലമായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹമെന്ന്‌ എം.ജി.എസ്‌ വിലയിരുത്തി.

ജാതി, വർഗ വിവേചനത്തിൽ അധിഷ്‌ഠിതമായ സങ്കുചിത രാഷ്ട്രീയത്തിന്‌ അതീതമായി കേരളീയർക്ക്‌ ഒന്നിച്ച്‌ പ്രവർത്തിക്കാൻ കഴിയുമെന്ന്‌ അദ്ദേഹം ഉറച്ച്‌ വിശ്വസിച്ചിരുന്നു. അദ്ദേഹം ബാക്കിവച്ച സ്വപ്‌നങ്ങളിൽ ഒന്ന്‌ സമഗ്ര കേരള ചരിത്രം രചിക്കുകയെന്നതായിരുന്നു. ദൈവവിശ്വാസിയായിരിക്കുമ്പോഴും അമ്പലങ്ങളെയും വിഗ്രഹാരാധനകളെയും വിശ്വസിച്ചിരുന്നില്ല. ചരിത്രകാരൻ എന്നതിലുപരി നല്ലൊരു ചിത്രകാരൻ കൂടിയായിരുന്നു. സ്‌കൂൾ വിദ്യാർഥിയായിരിക്കേ മത്‌സരങ്ങളിൽ ചിത്രകാരൻ നമ്പൂതിരിക്ക്‌ രണ്ടാം സമ്മാനമേ കിട്ടിയിരുന്നുള്ളൂ. ജോലിയിൽ വ്യാപൃതനായതോടെ വര മാറ്റിവച്ചു.

ചരിത്രകാരൻ എന്നതിനൊപ്പം എന്നും ഒരു സാഹിത്യ ആസ്വാദകനായിരുന്നു. ഇടശ്ശേരിയുടെ കവിതകളായിരുന്നു അദ്ദേഹത്തിന്‌ ഏറ്റവും സ്വീകാര്യം. എസ്‌.കെ പൊറ്റെക്കാടിന്റെ 'തെരുവിന്റെ കഥ' വളരെ പ്രിയപ്പെട്ടതായിരുന്നു. ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്‌മാരും' അദ്ദേഹത്തിന്റെ മറ്റൊരു പ്രിയ നോവലായിരുന്നു. ശിഷ്യന്മാരുടെ വളർച്ചയിൽ കാണിച്ച ആഹ്ലാദമായിരുന്നു ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത. രാജൻ ഗുരുക്കളുടെ അഭിപ്രായങ്ങളോട്‌ വിയോജിക്കുമ്പോഴും അദ്ദേഹത്തിന്‌ വൈസ്‌ ചാൻസലർ പദവി ലഭിച്ചപ്പോൾ അഭിനന്ദിക്കാൻ ആദ്യം മുന്നോട്ടുവന്നവരിൽ ഒരാൾ എം.ജി.എസ്‌ നാരായണനായിരുന്നു.

ഏതാണ്ട്‌ ഒരു കൊല്ലം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക്‌ സാധിച്ചു. തൃപ്പൂണിത്തുറയിലെ സെന്റർ ഫോർ ഹെറിറ്റേജ്‌ സ്‌റ്റഡീസിന്റെ ഡയറക്‌ടർ ജനറൽ ആയി അദ്ദേഹം പ്രവർത്തിക്കുമ്പോൾ ഡീൻ ആയി ഞാൻ ഒരു വർഷത്തോളം ഒപ്പമുണ്ടായിരുന്നു. ചരിത്ര പുസ്‌തകങ്ങളെപ്പറ്റിയും വ്യക്‌തികളെപ്പറ്റിയും അന്ന്‌ ഞങ്ങൾ തുറന്നു സംസാരിക്കുമായിരുന്നു. പുസ്‌തകങ്ങൾ എഴുതാനും പ്രേരിപ്പിക്കുമായിരുന്നു. അഭിനന്ദനങ്ങൾ ചിലപ്പോൾ മാത്രമേ കിട്ടാറുള്ളൂ. എങ്കിലും ഏറ്റവും മനോഹരമായൊരു ചിരിയിൽ അദ്ദേഹം സ്വാഗതം ചെയ്യുമായിരുന്നു.

Tags:    
News Summary - MGS freed Kerala history from prejudices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.