നമുക്കൊരു സർക്കാർ വേണം. അതീവ ഹതാശരായിരിക്കുന്നു. നമുക്കൊരു സർക്കാർ ഇല്ല. നമ്മുടെ വായുശേഖരം കുറഞ്ഞു വരുന്നു, നമ്മൾ മരിച്ചുകൊണ്ടിരിക്കുന്നു. ലഭിച്ച സഹായങ്ങൾ കൈവശമുണ്ടായിട്ടുപോലും അവ എന്തുചെയ്യണം എന്നറിയാനുള്ള ഒരു സംവിധാനം നമുക്കില്ല. നമുക്ക് എന്താണ് ഇപ്പോൾ ഈ നിമിഷം ചെയ്യാനാവുക?
2024വരെയൊന്നും നമുക്കിനി കാത്തിരിക്കാനാവില്ല. ഞാനുൾപ്പെടെയുള്ള ആളുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു കാര്യത്തിനുവേണ്ടി അപേക്ഷിക്കേണ്ടിവരുന്ന ഒരുദിവസം വന്നേക്കുമെന്ന് സങ്കൽപിച്ചിട്ടുപോലുമില്ല. അങ്ങനെ ചെയ്യുന്നതിലും ഭേദം ജയിലിലേക്ക് പോകാനാണ് വ്യക്തിപരമായി എനിക്ക് താൽപര്യം. പക്ഷേ ഇന്ന് ഇപ്പോൾ നമ്മൾ വീടുകളിലും തെരുവുകളിലും ആശുപത്രികളുടെ വരാന്തകളിലും വൻ നഗരങ്ങളിലും ഗ്രാമങ്ങളിലും കാടുകളിലും വയലുകളിലുമെല്ലാം മരിച്ചുവീഴുേമ്പാൾ ഒരു സാധാരണ പൗരയെന്ന നിലയിൽ, എന്റെ എല്ലാ അഭിമാനബോധവും വിഴുങ്ങിക്കൊണ്ട് ദശലക്ഷക്കണക്കായ സഹപൗരജനങ്ങൾക്കൊപ്പം ചേർന്ന് അഭ്യർഥിക്കുന്നു; സർ, ദയവായി രാജിവെച്ചിറങ്ങൂ. ഞാൻ താങ്കളോട് കെഞ്ചുകയാണ്, ഇപ്പോഴെങ്കിലും ഒന്ന് ഒഴിഞ്ഞുപോകൂ.
ഇത് നിങ്ങൾ വരുത്തിവെച്ച പ്രതിസന്ധിയാണ്, കൂടുതൽ വഷളാക്കാനല്ലാതെ പരിഹരിക്കാൻ നിങ്ങൾക്കൊട്ട് കഴിയുകയുമില്ല. ഈ വൈറസ് പുഷ്ടിപ്പെടുന്നത് ഭീതിയുടെയും വിദ്വേഷത്തിന്റെയും വിവരക്കേടിന്റെയും അന്തരീക്ഷത്തിലാണ്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നവരെ നിങ്ങൾ അടിച്ചൊതുക്കുന്ന സാഹചര്യത്തിലാണ്. യഥാർഥ സത്യങ്ങളറിയാൻ അന്താരാഷ്ട്ര മാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരുന്ന തരത്തിലേക്ക് ഇന്ത്യൻ മാധ്യമങ്ങളെ നിങ്ങൾ നിയന്ത്രിച്ചു നിർത്തുന്ന അവസ്ഥയിലാണ്. തന്റെ ഭരണകാലത്തൊരിക്കൽപോലും, ഭീതിയുടെ ഈ മരവിച്ച കാലത്തും ഒരു വാർത്തസമ്മേളനത്തെ അഭിമുഖീകരിക്കാനോ ചോദ്യങ്ങളെ നേരിടാനോ കെൽപില്ലാത്ത ഒരു പ്രധാനമന്ത്രിയുള്ള സന്ദർഭത്തിലാണ്.
നിങ്ങൾ മാറാത്തപക്ഷം ഞങ്ങൾക്കിടയിൽനിന്ന് ആയിരക്കണക്കിനാളുകൾ അകാരണമായി മരണത്തിന് കീഴടങ്ങേണ്ടിവരും.അതുകൊണ്ട് സഞ്ചിയുമെടുത്ത് നിങ്ങൾ ഇറങ്ങിപ്പോവുക. നിങ്ങളുടെ എല്ലാ അന്തസ്സും ഉറപ്പിച്ചുെകാണ്ട്. ധ്യാനവും ഏകാന്തതയും നിറഞ്ഞ നല്ലൊരു ജീവിതം നിങ്ങൾക്കുണ്ടാകും. അതൊക്കെയാണ് ആഗ്രഹങ്ങളെന്ന് നിങ്ങൾതന്നെ പറഞ്ഞിട്ടുള്ളതാണ്. ഈ കൂട്ടമരണം തുടരാൻ അനുവദിച്ചാൽ അതൊന്നുംപിന്നെ സാധ്യമായില്ലെന്നുവരും.
നിങ്ങൾക്കു പകരമായി ഇരുത്താൻ പറ്റിയ ആളുകൾ നിങ്ങളുടെ പാർട്ടിയിൽതന്നെയുണ്ട്. രാഷ്ട്രീയ എതിരഭിപ്രായങ്ങളുണ്ടെങ്കിൽപോലും ഈ പ്രതിസന്ധിഘട്ടത്തിൽ അറിവുള്ളവർ ആ സ്ഥാനത്ത് വരണം. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ അനുമതിയോടെതന്നെ അവർക്ക് രാജ്യത്തെയും പ്രശ്നപരിഹാര സമിതിയെയും നയിക്കാനാവും.
സംസ്ഥാന മുഖ്യമന്ത്രിമാർക്ക് ഏതാനും പ്രതിനിധികളെ തെരഞ്ഞെടുത്തയക്കാം, അപ്പോൾ ഏവർക്കും പ്രാതിനിധ്യം ഉറപ്പാകും. ഒരു ദേശീയ പാർട്ടി എന്നനിലയിൽ കോൺഗ്രസിനെയും സമിതിയിൽ ഉൾക്കൊള്ളിക്കാം. ശാസ്ത്രജ്ഞർ, പൊതുജനാരോഗ്യ വിദഗ്ധർ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ തുടങ്ങിയവരെയും ചേർക്കാം. നിങ്ങൾക്ക് ഒരുപക്ഷേ ഇതൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല. പക്ഷേ, ഇതിനെയാണ് ജനാധിപത്യം എന്നു പറയുന്നത്. പ്രതിപക്ഷമുക്ത ജനാധിപത്യം ഒരിക്കലും സാധ്യമല്ല. അതിനെ സ്വേച്ഛാധിപത്യം എന്നാണ് പറയുക. വൈറസിന് വല്ലാത്ത ഇഷ്ടമാണതിനോട്.
ഇപ്പോൾ നിങ്ങളിത് ചെയ്തില്ലെങ്കിൽ ഈ ദുരന്താവസ്ഥ ലോകത്തിനൊട്ടുക്ക് ഭീഷണിയായ ഒരു അന്താരാഷ്ട്ര പ്രശ്നമായി വിലയിരുത്തപ്പെടും. മറ്റു രാജ്യങ്ങൾക്ക് നമ്മുടെ കാര്യങ്ങളിൽ കയറി ഇടപെടാനും നിയന്ത്രിക്കാനും ന്യായമായ സാധുത ലഭിക്കാൻ നിങ്ങളുടെ കഴിവുകേട് വഴിയൊരുക്കും. ഏറെ പൊരുതി നേടിയ നമ്മുടെ പരമാധികാരം അടിയറവെക്കാൻ അത് കാരണമായേക്കും. നമ്മൾ വീണ്ടുമൊരു കോളനി രാജ്യമായി മാറിയേക്കും. ഗുരുതരമായ ഒരു സാധ്യതയാണത്. അത് കാണാതെ പോകരുത്.
അതുകൊണ്ട് ദയവായി ഒന്ന് ഇറങ്ങിപ്പോകൂ. നിങ്ങളിൽ നിന്നുണ്ടാകേണ്ട ഏറ്റവും ഉത്തരവാദിത്തപൂർണമായ പ്രവൃത്തിയാകുമത്. ഞങ്ങളുടെ പ്രധാനമന്ത്രിയായി തുടരാനുള്ള എല്ലാവിധ ധാർമിക അവകാശങ്ങളും നിങ്ങൾ തുലച്ചുകളഞ്ഞിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.