ജവഹർലാൽ നെഹ്​റുവിനോടൊപ്പം മുഹമ്മദ്​ റഫി

മുഹമ്മദ് റഫി: മേഘം മറയ്ക്കാത്ത താരകം

ശാസ്ത്രീയ ഗാനങ്ങൾ, പ്രണയഗാനങ്ങൾ വിരഹഗാനങ്ങൾ, ഹാസ്യഗാനങ്ങൾ, ഭജനുകൾ, ഗസലുകൾ, ഖവാലികൾ, പാശ്ചാത്യ ഗാനങ്ങൾ എന്നിങ്ങനെ എല്ലാവിധ പാട്ടുകളും പാടാൻ കഴിഞ്ഞ പിന്നണി ഗായകനാണ് മുഹമ്മദ് റഫി. ആ അർഥത്തിൽ ഒരു ‘പൂർണനായ ഗായകൻ’ എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.

ആലാപനത്തിലെ വൈവിധ്യവും ശബ്ദത്തിന്റെ മാധുര്യവുമാണ് ഈ ഗായകന്റെ ഏറ്റവും പ്രധാന പ്രത്യേകത. ഈ വിഭിന്നതയാണ് കുന്ദൻലാൽ സൈഗളിനു ശേഷം ഇന്ത്യൻ സിനിമലോകം കണ്ട ഏറ്റവും ജനകീയനായ ഗായകനായി റഫി സാബിനെ സംഗീതചരിത്രത്തിൽ അടയാളപ്പെടുത്തിയത്.

ഹിന്ദി സിനിമ സംഗീതത്തിൽ ക്ലാസിക്കൽ സംഗീതം ആധിപത്യം പുലർത്തിയ 50കളിലും 60കളിലും മുഹമ്മദ് റഫിയുടെ സുവർണകാലമായിരുന്നു. പാശ്ചാത്യ സംഗീതത്തിന്റെ സ്വാധീനം വന്ന 70കളിൽ കിഷോർ കുമാർ ഉയർന്നുവരുകയും റഫിയുടെ അവസരങ്ങൾ കുറഞ്ഞുവരുകയും ചെയ്തു.

എന്നാൽ, ക്ലാസിക്കൽ സംഗീതം ഗൗരവപൂർവം ആസ്വദിക്കുന്ന ആസ്വാദകരെയും പ്രണയഗാനങ്ങൾ മുതൽ തമാശപ്പാട്ടുകൾ വരെ സ്വന്തം സ്വപ്നങ്ങളിൽ വിളക്കിച്ചേർത്ത് നെഞ്ചിലേറ്റുന്ന വളരെ സാധാരണക്കാരായ ആസ്വാദകരെയും അദ്ദേഹത്തിന് തൃപ്‍തിപ്പെടുത്താൻ സാധിച്ചു.

മലയാള സംഗീത പ്രേമികൾക്ക് യേശുദാസിനോടെന്നപോലെത്തന്നെ അത്രയും ഹൃദയബന്ധം റഫി സാബുമായി ഉണ്ട്. ഹിന്ദി സംസാരിക്കാത്ത മറ്റൊരു സംസ്ഥാനത്തും റഫിയുടെ പാട്ടുകൾക്ക് ഇത്രയേറെ ആരാധകരില്ല. ഇത്രയേറെ റഫി അനുസ്‌മരണ പരിപാടികളും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളും പുസ്തകങ്ങളും സമൂഹ മാധ്യമക്കുറിപ്പുകളും മറ്റൊരു അഹിന്ദി സംസ്ഥാനത്തും ഉണ്ടാകാൻ ഇടയില്ല.

കോഴിക്കോട്ടും കൊച്ചിയിലും റഫിയോട് ആരാധനയുള്ള എത്രയോ സാധാരണക്കാരായ സംഗീതാസ്വാദകർ റഫി ഗാനങ്ങളുടെ ഗ്രാമഫോണും കാസെറ്റുകളും സീഡികളും സൂക്ഷിക്കുന്നു. ഇന്നും ഒരു ഹിന്ദി പാട്ടു പാടാൻ പറഞ്ഞാൽ ഏതൊരു സാധാരണ മലയാളിയും റഫിയുടെ പാട്ടാണ് ആദ്യം പാടുക.

യേശുദാസും മെഹബൂബും റഫി പാട്ടുകളുടെ വലിയ ആരാധകരാണ്. മലയാളികൾക്ക് റഫിയോടുള്ള ആരാധനതന്നെയാണ് ജിതിൻ ശ്യാം എന്ന സംഗീത സംവിധായകനെക്കൊണ്ട് തളിരിട്ട കിനാക്കൾ എന്ന സിനിമക്കു വേണ്ടി പാടാൻ റഫി സാബിനെ നിർബന്ധിക്കാൻ പ്രേരിപ്പിച്ചത്.

കിഷോർ കുമാറും ലതാ മങ്കേഷ്‌കറും മന്നാഡെയും ആശാ ഭോസ് ലേയുമൊക്കെ മലയാളത്തിൽ പാടിയിട്ടുണ്ട്. അവരെക്കാൾ എത്രയോ ആരാധകരുള്ള റഫി സാബിന്റെ ഒരു മലയാളം പാട്ട് മലയാള സംഗീതാസ്വാദകരുടെ സ്വപ്‌നമായിരുന്നു. ഹിന്ദിക്ക് പുറമെ മറാത്തി, തെലുങ്ക്, ബംഗാളി, അറബിക് എന്നീ ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ടായിരുന്നു.

എന്നാൽ, പാടുന്ന പാട്ട് ആ ഭാഷ മനസ്സിലാക്കി, ഉച്ചാരണ ശുദ്ധിയോടെ വേണമെന്ന അദ്ദേഹത്തിന്റെ നിർബന്ധം മലയാളിക്ക് ഒരു നഷ്‌ടമായി അവശേഷിച്ചു. പകരം ‘തളിരിട്ട കിനാക്കൾ’ എന്ന സിനിമക്കായി ഹിന്ദി പാട്ടാണ് പാടിക്കൊടുത്തത്. ശബാബ് ലേക്കെ വോ ജാനേ ശബാബ് ആയാ ഹേ എന്ന പാട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

മുഹമ്മദ് റഫി നമ്മുടെ ഉണർവിൽ മാത്രമല്ല, സ്വപ്നങ്ങളിലുമുണ്ട്‌. അദ്ദേഹത്തിന്റെ മധുര ശബ്‌ദം നമ്മുടെ സന്തോഷത്തിന്റെ, ദുഃഖത്തിന്റെ, നഷ്ടബോധത്തിന്റെ, വിരഹത്തിന്റെ, ഭക്തിയുടെ, കരുണയുടെയെല്ലാം ഭൂതകാല ഓർമകളിൽ നിറച്ചുവെച്ചിരിക്കുന്നു.

Tags:    
News Summary - Mohammed Rafi- An unclouded star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.