മലയാളിയെ നിർത്തിപ്പാടിച്ച റഫിസാബ്​

ഇന്ത്യൻ സിനിമാ സംഗീത ചരിത്രത്തിലെ സർവകാല വിസ്മയമായ മുഹമ്മദ് റഫിയുടെ ശബ്ദം ആർക്കും അനുകരിക്കാനാവാത്തതാണ്. മെറ്റാലിക് വോയിസ് എന്നാണ് അതിനെ ടെക്നീഷ്യന്മാർ പറയുന്നത്. അക്കാലത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഗായകരും റഫിയെ അനുകരിക്കാൻ ശ്രമിക്കുമായിരുന്നു.

നമ്മുടെ യേശുദാസ്​ പോലും. സിനിമയിൽ പാടി പ്രശസ്തനായ ശേഷം അദ്ദേഹം ആദ്യമായി തിരുവനന്തപുരത്ത് ഗാനമേള അവതരിപ്പിച്ചത് മുതിർന്ന ഗാനാസ്വാദകർ ഇന്നും വിസ്മരിച്ചിട്ടില്ല. അന്ന് മുഹമ്മദ് റഫിയുടെ പാട്ടുകളാണ് യേശുദാസ് കൂടുതലും പാടിയത്. പൂർണമായും അദ്ദേഹത്തെ അനുകരിച്ച്, അതേ മെറ്റാലിക് വോയിസിൽ.

തെക്കൻ കേരളത്തിലെ ആദ്യകാലത്തെ പ്രമുഖ ഗാനമേള ട്രൂപ്പായിരുന്നു തണ്ടർബേഡ്‌സ്. രവീന്ദ്രൻ മാഷൊക്കെ ഇതിലെ ഗായകരായിരുന്നു. അന്തരിച്ച തണ്ടർബേഡ്‌സ് ബാബു എന്ന ഗായകനെ ശ്രദ്ധേയനാക്കിയത് മുഹമ്മദ് റഫിയുടെ പാട്ടുകൾ അനുകരിച്ച് പാടുന്നതിലെ പ്രത്യേകതകൊണ്ടായിരുന്നു. റഫി സാഹിബിന്റെ മരണത്തിനു ശേഷം ബാബു പാട്ടുതന്നെ നിർത്തി. അത്രത്തോളം കടുത്ത ആരാധനയായിരുന്നു അദ്ദേഹത്തോട് .

തണ്ടർബേഡ്സിന് മുമ്പുള്ള കാലം ഗാനമേളകളിൽ ഗായകൻ തറയിലിരുന്നാണ് പാടിയിരുന്നത്. ഇതിനു മാറ്റം വന്നത് ഒരു അപ്രതീക്ഷിത സംഭവത്തിലൂടെയായിരുന്നു.

മഹാത്മാഗാന്ധിയുടെയും മുഹമ്മദ് റഫിയുടെയും ചിത്രങ്ങൾ എവിടെ കണ്ടാലും വാങ്ങി സൂക്ഷിക്കുന്ന സ്വഭാവമുണ്ടായിരുന്നു ബാബുവിന്. അന്ന് ഇങ്ങനെ ചിത്രങ്ങൾ കിട്ടുക അത്ര എളുപ്പമല്ല. ഈ ശീലമറിയുന്ന ഒരു സുഹൃത്ത് സാധനം പൊതിഞ്ഞു കിട്ടിയ ഒരു തുണ്ടു പേപ്പറിൽ മുഹമ്മദ് റഫിയുടെ ചിത്രം കണ്ട് അതു ബാബുവിന് സമ്മാനിച്ചു.

ഒരു വേദിയിൽ അദ്ദേഹം ഗാനമേള പാടുന്ന ചിത്രമായിരുന്നു അത്. അദ്ദേഹം വേദിയിൽനിന്നാണ് പാടുന്നത് എന്ന്​ കണ്ട്​ അത്ഭുതപ്പെട്ട ബാബു അത് അനുകരിച്ച് ഇനി മുതൽ തങ്ങളുടെ ഗാനമേളയിൽ ഗായകർ നിന്നു പാടുമെന്ന് തീരുമാനിക്കുകയായിരുന്നു.

ആദ്യം ഇത്​ ഉൾക്കൊള്ളാൻ ഗായകർക്ക്​ പോലും സാധിച്ചില്ല. എം.ജി. രാധാകൃഷ്ണൻ, ബ്രഹ്മാനന്ദൻ, കെ.പി. ഉദയഭാനു തുടങ്ങിയവരായിരുന്നു ഗായകർ. ബാബു നിന്നു തന്നെ പാടും എന്ന തീരുമാനത്തിൽ ഉറച്ചു നിന്നതോടെ എല്ലാവരും പിന്നീട് സമ്മതിച്ചു.

തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന തണ്ടർബേഡ്സിന്റെ ആ ഗാനമേള വൻവിജയമായിരുന്നു. അന്നു മുതലാണ് മലയാളക്കരയിലെ ഗാനമേള ട്രൂപ്പുകാർ നിന്നു പാടുന്ന രീതി ആരംഭിച്ചത്.

Tags:    
News Summary - Mohammed Rafi-indian playback singer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.