60 ലേറെ കുഞ്ഞുങ്ങൾ ഉൾപ്പെടെ 230 ഫലസ്തീനികൾ കൊല്ലപ്പെടുകയും അസംഖ്യം കെട്ടിടങ്ങൾ തകർക്കപ്പെടുകയും ചെയ്ത, 11 ദിവസം കഴിഞ്ഞ ഇസ്രയേലിൻെറ ഗസ്സ ആക്രമണത്തിന് സമാന്തരമായി ഹമാസും ഇസ്രയേൽ സൈന്യവും തമ്മിൽ മറ്റൊരു രഹസ്യ മനശാസ്ത്ര യുദ്ധം നടക്കുകയായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവരുന്നു. ഹമാസിൻെറ സായുധ വിഭാഗമായ അൽഖസം ബ്രിഗേഡിൻെറ തലവൻ മുഹമ്മദ് ദീഫിൻെറ തലയ്ക്ക് വേണ്ടിയുള്ള അതിശക്തമായ നീക്കങ്ങളാണ് ഇസ്രയേൽ ഇൗ കഴിഞ്ഞ 11 ദിവസങ്ങളിലും നടത്തിക്കൊണ്ടിരുന്നത്. ദീഫിനെ കാക്കാൻ ഹമാ സ് അതിൻെറ സകല വിഭവ ശേഷിയും എടുത്ത് പ്രയോഗിക്കുകയും ചെയ്തു. 11 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞത് രണ്ടു വലിയ വ്യോമാക്രമണങ്ങൾ ഇതിനായി ഇസ്രയേൽ ഗസ്സയിൽ നടത്തി. ഒൗദ്യോഗികമായി പുറത്തുവിട്ട ഇൗ രണ്ട് ആക്രമണങ്ങൾക്ക് പുറമേ, ഗസ്സയിലെ രഹസ്യ ചാര സംവിധാനങ്ങൾ ഉപേയാഗിച്ച് ദീഫിനെ വധിക്കാനുള്ള നീക്കങ്ങളും നടന്നിരിക്കാമെന്നാണ് അനുമാനം. പക്ഷേ, രണ്ടുതവണയും അത്ഭുതകരമായ ദീഫ് രക്ഷപ്പെട്ടു.
ഗസ്സ അതിർത്തിയിലേക്ക് നൂറുകണക്കിന് ടാങ്കുകൾ നീക്കുകയും 9,000 റിസർവ് സൈനികരെ വിളിച്ചുവരുത്തുകയും ചെയ്തിട്ടും കരയുദ്ധം തുടങ്ങാതെ, ലക്ഷ്യമില്ലാതെ കെട്ടിടങ്ങൾ മാത്രം ബോംബിടുകയാണെന്ന ആക്ഷേപം രാജ്യത്തിനുളളിൽ നിന്ന് തന്നെ കേട്ടിട്ടും ഇസ്രയേൽ വ്യോമാക്രമണങ്ങൾ ഇതുവരെ തുടർന്നതിന് പിന്നിൽ ദീഫ് ഉൾപ്പെടെ ഹമാസ് നേതാക്കളെ വകവരുത്തുക എന്ന ലക്ഷ്യമായിരുന്നു. ഇൻറലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ബോംബിങ്, സൈനിക ലക്ഷ്യം എന്നൊക്കെ പറഞ്ഞിരുന്ന ആക്രമണങ്ങളാണ് യഥാർഥത്തിൽ സാധാരണക്കാരെ കുരുതി കൊടുത്തിട്ടാണെങ്കിലും ദീഫിനെയും മറ്റ് നേതാക്കളെയും വധിക്കാനുള്ള ഉദ്യമങ്ങളായിരുന്നുവെന്ന് വ്യക്തമാകുന്നത്.
ഹമാസിൻെറയും ഇസ്ലാമിക്ജിഹാദിൻെറയും ൈസനിക, ആയുധ ശേഷി ഗണ്യമായി നശിപ്പിക്കുക, അവരുടെ സംവിധാനങ്ങൾ തകർക്കുക, നേതാക്കളെ വധിക്കുക എന്നിവയായിരുന്നു 'ഗാർഡിയൻ ഒാഫ് ദ വാൾസ്' എന്ന് വിളിക്കുന്ന നിലവിലെ ൈസനിക നടപടിയുടെ ലക്ഷ്യങ്ങളെന്ന് ഇസ്രയേൽ തന്നെ വ്യക്തമാക്കിയിരുന്നു. പ്രധാന നേതാക്കളെ വധിക്കുകയെന്ന ലക്ഷ്യം ഒഴികെ ബാക്കിയുള്ളവയൊക്കെ ഏകദേശം കൈവരിച്ചതായി ഇസ്രയേൽ സൈന്യം വിശദീകരിക്കുന്നു.
കുറഞ്ഞത് രണ്ടുതവണയെങ്കിലും ദീഫ് തങ്ങളിൽ നിന്ന് വഴുതിയെന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് വക്താവ് ഹിദായ് സിൽബെർമാൻ തന്നെയാണ് ബുധനാഴ്ച വ്യക്തമാക്കിയത്. ഒന്നുരണ്ടു ദിവസങ്ങൾക്ക് മുമ്പ് തന്നെ പരാജയപ്പെട്ട ഇൗനീക്കങ്ങളെ കുറിച്ച് ചില ഇസ്രയേലി മാധ്യമങ്ങൾക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ആ വിലക്ക് ചൊവ്വാഴ്ച രാത്രിയോടെയാണ് നീക്കിയത്. വിലക്ക് നീക്കിയതിന് അർഥം ഇന്നോ നാളെയോ വെടിനിർത്തൽ ഉണ്ടാകുമെന്നാണെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേൽ സൈന്യം ഇത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ മാത്രം എന്തുപ്രധാന്യമാണ് മുഹമ്മദ് ദീഫിനുള്ളതെന്ന് പെട്ടന്ന് ആർക്കും സംശയം തോന്നാം. പക്ഷേ, ദീഫിൻെറ ചരിത്രമറിഞ്ഞാൽ ആ സംശയം നീങ്ങും. '90 കളുടെ തുടക്കത്തിലാണ് ദീഫ് (55) ഹമാസിനൊപ്പം ചേരുന്നത്. ഹമാസ് സായുധവിഭാഗം നേതാക്കളായ യഹ്യ അയ്യാശിൻെറയും അദ്നാൻ അൽഗൂലിൻെറയും സമകാലീനനാണ് ദീഫ്. ഇരുവരും പിൽക്കാലത്ത് ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
'90 കളിൽ ബസുകളിലും മറ്റും ഹമാസ് ചാവേർ ആക്രമണങ്ങൾ നടത്തുന്ന കാലത്തേ ഇസ്രയേലിൻെറ നോട്ടപ്പുള്ളിയാണ് ദീഫ്. അന്നുമുതൽ ഇപ്പോൾ നടക്കുന്ന ഹമാസിൻെറ റോക്കറ്റ് ആക്രമണങ്ങളിൽ വരെ ദീഫിൻെറ കൈമുദ്രയുണ്ട്. ഇപ്പോഴത്തെ സംഘർഷത്തിൻെറ തുടക്കത്തിൽ തെൽ അവീവിലേക്ക് കഴിഞ്ഞ ബുധനാഴ്ച 130 മിസൈലുകൾ തൊടുത്തത് പോലും ദീഫിൻെറ നിർദേശത്തെ തുടർന്നാണ്. നൂറുകണക്കിന് ഇസ്രയേലികളുടെ മരണത്തിന് കാരണക്കാരനാണ് ദീഫ് എന്നതിനാൽ തന്നെ അയാളോട് പ്രത്യേകമായൊരു വിേദ്വഷം ഇസ്രയേലി സൈന്യത്തിനുണ്ട്. '95 മുതൽ െഎ.ഡി.എഫിൻെറ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2015 മുതൽ അമേരിക്കയുടെ ഭീകര പട്ടികയിലും ദീഫ് ഉൾപ്പെടുന്നു.
കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി ഒളിവുജീവിതത്തിലാണ് ദീഫ്. ഏതാണ്ട് ഒമ്പതുതവണയാണ് ഇസ്രയേൽ ദീഫിനെ ഇല്ലാതാക്കാൻ വേണ്ടി ഇന്നേവരെ ആക്രമണങ്ങൾ നടത്തിയത്. നേരിട്ടുള്ള ആക്രമണം, വീടുകൾക്ക് മുകളിലുള്ള ബോംബിങ്, കാറിന്മേലുള്ള മിസൈൽ വർഷം തുടങ്ങി ഇസ്രയേൽ പരീക്ഷിക്കാത്ത വിദ്യകളില്ല. പക്ഷേ, ഒാരോ തവണയും അയാൾ രക്ഷെപ്പട്ടുപോന്നു.
ദീഫിനെതിരായ അറിയപ്പെടുന്ന ആദ്യ ആക്രമണം നടന്നത് 2001 ലാണ്. 2002 ലെ രണ്ടാം ആക്രമണത്തിൽ ദീഫ് കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ വിലയിരുത്തൽ. പക്ഷേ, അത്ഭുതകരമായി രക്ഷപ്പെട്ട കഥയാണ് പിന്നീട് പുറത്തുവന്നത്. പക്ഷേ, ആ ആക്രമണത്തിൽ ഒരു കണ്ണ് നഷ്ടമായി. തൊട്ടടുത്ത വർഷം തന്നെ അടുത്ത ശ്രമം. അതും പരാജയം. പക്ഷേ, അടുത്ത അനുയായി അദ്നാൽ അൽഗൂലിന് ജീവൻ നഷ്ടമായി. 2006 ൽ ദീഫ് മരണത്തിൻെറ പടിവാതിലിൽ നിന്ന് തിരിച്ചുവന്നു. ഹമാസ് നേതാക്കളുടെ യോഗം നടന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേലി യുദ്ധവിമാനങ്ങൾ മിസൈൽ തൊടുക്കുകയായിരുന്നു. നിരവധി പേർ കൊല്ലപ്പെട്ട ഇൗ ആക്രമണത്തിൽ നിന്ന് ദീഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് മരിച്ചുവെന്ന് കരുതിയാണ്. പക്ഷേ, ജീവൻെറ ചെറു കണിക ബാക്കിയായിരുന്നു. ജീവൻ രക്ഷപ്പെടുത്തിയെങ്കിലും ദീഫ് അതിന് നൽകിയ വില ഏറെ വലുതായിരുന്നു. ഇരുകാലുകളും ഒരു കൈയും മുറിച്ചുമാറ്റേണ്ടി വന്നു. നെട്ടല്ലിന് ഏറ്റ പരിക്ക് പിന്നീട് ചലനശേഷിയെ ബാധിച്ചു.
2014 ൽ അടുത്ത വലിയ ആക്രമണം. ഗസ്സയിലെ ശൈഖ് റദ്വാൻ മേഖലയിൽ ദീഫ് ഉണ്ടെന്ന് ഉറപ്പിച്ച കെട്ടിടത്തിന് മുകളിൽ അഞ്ച് മാരക ലേസർ ബോംബുകൾ വർഷിക്കപ്പെട്ടു. നാലുനില കെട്ടിടം തവിടുപൊടിയായി. ദീഫിൻെറ ഭാര്യ വിദാദ് (28), മകൾ മൂന്നുവയസുകാരി സാറ, മകൻ ഏഴുമാസം പ്രായമുള്ള അലി എന്നിവരുടെയും ഏതാനും അടുത്ത ബന്ധുക്കളുടെയും മൃതദേഹം മണിക്കൂറുകൾക്ക് ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്. ദീഫും മരിച്ചുവെന്ന് ഇസ്രയേൽ ആദ്യം കരുതി. മണിക്കൂറുകൾക്ക് ശേഷം വ്യക്തമായി, ഭാഗ്യം ഒരിക്കൽ കൂടി ദീഫിനെ കടാക്ഷിച്ചിരിക്കുന്നു. ബോംബിങ് നടക്കുേമ്പാൾ ദീഫ് കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. ഭാര്യയുടെയും മക്കളുടെയും മരണം നടന്ന ഇൗ ആക്രമണത്തിന് ശേഷം ദീഫ് വിഷാദ രോഗിയായി. ഹമാസിനുള്ളിൽ നിന്ന് തന്നെയുള്ള വിവര ചോർച്ചയിലേക്കാണ് ഇൗ ആക്രമണം അന്ന് വിരൽ ചൂണ്ടിയത്.
തൊട്ടടുത്ത വർഷം ദീഫിനെ വെടിവെച്ചുകൊല്ലാനുള്ള ശ്രമവുമുണ്ടായി. ഇവ കൂടാതെ പല ചെറിയ നീക്കങ്ങളും ദീഫിന് നേർക്കുണ്ടായി.
ഇത്തവണ ദീഫിന് നേർക്കുണ്ടായ ആക്രമണങ്ങെള കുറിച്ച് വിശദീകരിച്ചത് െഎ.ഡി.എഫിൻെറ സതേൺ കമാൻഡ് തലവൻ എലിസർ തോലെദാനോയാണ്. ഗസ്സ ഒാപറേഷനിൽ നിർണായക പങ്കുവഹിക്കുന്ന ഉദ്യോഗസ്ഥനാണ്എലിസർ. ദീഫിനെയും ഹമാസിൻെറ ഗസ്സയിലെ മറ്റൊരുപ്രമുഖ നേതാവ് യഹ്യ സിൻവറിനെയുമാണ് പ്രധാനമായും ലക്ഷ്യം വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് സിൻവാറിൻെറ ഗസ്സയിലെ വീട് ഇസ്രയേൽ ബോംബിട്ട് തകർത്തത്. ഇരുവരും ഞങ്ങളുടെ കൺവെട്ടത്തുണ്ടായിരുന്നുവെന്നും ഇപ്പോഴും ഉണ്ടെന്നും എലിസർ അവകാശപ്പെട്ടു.
ഇസ്രയേലിൻെറ സദാ തുറന്നിരിക്കുന്ന ചാരക്കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ ഡിജിറ്റൽ ഡിവൈസുകൾ പൂർണമായും ഒഴിവാക്കിയാണ് ദീഫ് കഴിയുന്നതെന്ന് സുരക്ഷ വിദഗ്ധർ അനുമാനിക്കുന്നു. കുറിപ്പുകളും കൊറിയറുകളുമാണ് അദ്ദേഹത്തിൻെറ വിനിമയ മാർഗങ്ങളത്രെ. വളരെ കുറച്ച് വ്യക്തികളുമായി മാത്രമേ നേരിട്ട് ഇടപഴകുന്നുമുള്ളു. ഇപ്പോൾ 55 വയസുള്ള ദീഫിൻെറ പുതിയൊരു ചിത്രം പോലും ലഭ്യമല്ല. ആകെയുള്ളത് കുറഞ്ഞത് 25 വർഷം മുമ്പുള്ള ചിത്രമാണ്.
വെള്ളിയാഴ്ചയോടെ വെടിനിർത്തൽ ഉണ്ടാകുമെന്നാണ് പ്രമുഖ രാജ്യാന്തര മാധ്യമങ്ങൾ ഇേപ്പാൾ പ്രവചിക്കുന്നത്. പക്ഷേ, കൃത്യമായ ഒരു വിജയം പ്രഖ്യാപിക്കാനാകാതെ നെതന്യാഹുവിന് എങ്ങനെ വെടിനിർത്തലിലേക്ക് പോകാനാകുമെന്ന് സംശയിക്കുന്നവരുമുണ്ട്. കരയുദ്ധം ഏതാണ്ട് വിദൂര സാധ്യതയായ നിലയ്ക്ക് ഇനിയുള്ള മണിക്കൂറുകൾ നിർണായകമാണ്. ദീഫ് ഉൾപ്പെടെ നേതാക്കളെ വധിച്ച് രാഷ്ട്രത്തിന് മുന്നിൽ നേട്ടമായി ഉയർത്തിക്കാട്ടി യുദ്ധം അവസാനിപ്പിക്കാനായിരിക്കും നെതന്യാഹുവിൻെറ ശ്രമം. ജീവിച്ചിരിക്കാനുള്ള പോരാട്ടത്തിലായിരിക്കും ഇൗ മണിക്കൂറുകളിൽ ദീഫ് എന്ന് ഉറപ്പാണ്.
ഇസ്രയേലി മിലിറ്ററി അഫയേഴ്സ് േജണലിസ്റ്റും മൊസാദിനെ കുറിച്ച് 'Rise And Kill First' എന്ന പുസ്തകം രചിക്കുകയും ചെയ്ത റോനൻ ബെർഗ്മാൻ റിപ്പോർട്ട് ചെയ്യുന്നത് 48 മണിക്കൂറിനുള്ളിൽ എന്തായാലും യുദ്ധം അവസാനിക്കുമെന്നാണ്. വെടിനിർത്തൽ വ്യവസ്ഥകളും അദ്ദേഹം പറയുന്നു: എല്ലാ ആക്രമണങ്ങളും ഇസ്രയേൽ അവസാനിപ്പിക്കും. മുതിർന്ന ഹമാസ് നേതാക്കളെ വധിക്കാനുള്ള ശ്രമവും നിർത്തും. പകരം, ഹമാസ് റോക്കറ്റാക്രമണം അവസാനിപ്പിക്കും. ടണലുകൾ കുഴിക്കുന്നതും അതിർത്തി വേലിക്ക് സമീപം പ്രകടനങ്ങൾ നടത്തുന്നതും നിർത്തും.'. പക്ഷേ, ഇൗ അവസാന മണിക്കൂറുകൾ നിർണായകമാണ്. ഹമാസിനും ദീഫിനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.