കേരളത്തിന്‍െറ പല സവിശേഷതകളില്‍ ഒന്നാണ് വളരെ സംഘടിതവും സുശക്തവുമായ മുസ്ലിം സ്വത്വരാഷ്ട്രീയം. പോയ കാലത്തെ അപേക്ഷിച്ച് ഏറെ ദുര്‍ബലമായ അവസ്ഥയിലും ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം സ്വത്വവാദ രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലിം ലീഗിന്‍െറ കേരളത്തിലെ വിജയരഹസ്യം വളരെ ലളിതമാണ്. കേരള മുസ്ലിംകളിലെ മതപരമായ ഏറ്റവും വലിയ വൈരുധ്യമായ സുന്നികളെയും സലഫികളെയും രാഷ്ട്രീയമായി ഏകീകരിക്കാന്‍ കഴിഞ്ഞതാണ് ലീഗിന്‍െറ ട്രേഡ് സീക്രട്ട്. മുസ്ലിം സ്വത്വരാഷ്ട്രീയ പ്രസ്ഥാനമായിരിക്കത്തെന്നെ ഒരു പരിധിവരെ പൊതുസമൂഹത്തിന്‍െറ സ്വീകാര്യതയും പ്രബലമായ രണ്ടു മതേതരപാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന മുന്നണികളില്‍ പങ്കാളിത്തവും നേടിയെടുത്തതാണ് ഈ വിജയത്തിന്‍െറ മറ്റൊരു നിര്‍ണായക തലം. ജനസംഖ്യയില്‍ 25 ശതമാനത്തോളം വരുന്ന ഒരു ന്യൂനപക്ഷസമൂഹത്തെ അവര്‍ക്കിടയിലെ മറ്റു വൈരുധ്യങ്ങളെ രാഷ്ട്രീയമായി പരിഹരിച്ച് സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ പൊതുമണ്ഡലത്തില്‍ അത് സ്വീകാര്യത നേടിയെടുക്കുക സ്വാഭാവികമാണ്.
സുന്നികളുടെയും സലഫികളുടെയും രാഷ്ട്രീയ ഏകീകരണമെന്ന മുസ്ലിം ലീഗിന്‍െറ വിജയരഹസ്യത്തില്‍ വിള്ളല്‍ വീഴുകയാണോ? മുസ്ലിം എന്നതിനപ്പുറം സലഫിസത്തെ അപരമാക്കിയുള്ള സുന്നി സ്വത്വബോധം ലീഗ് സുന്നികളില്‍ തന്നെ ഒരു വിഭാഗം നേടിയെടുത്തുകൊണ്ടിരിക്കുകയാണോ? രാഷ്ട്രീയകാര്യങ്ങള്‍ ലീഗും മതകാര്യങ്ങള്‍ സമസ്തയും കൈകാര്യം ചെയ്യുന്ന ക്രമമുള്ള സമസ്ത ഇ.കെ വിഭാഗത്തിന് ആ അര്‍ഥത്തില്‍ ഒരു ദിനപത്രത്തിന്‍െറ ആവശ്യമില്ല, മതപ്രസിദ്ധീകരണങ്ങളേ ആവശ്യമുള്ളൂ. ഓരോ ദിനപത്രവും ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് എന്ന അന്‍േറാണിയോ ഗ്രാംഷിയുടെ പ്രസ്താവന ഇവിടെ സ്മരണീയമാണ്. പക്ഷേ, അവരുടെ പത്രം ഒരു സുപ്രഭാതത്തില്‍ ഉദയം ചെയ്തതല്ല. ഇ.കെ വിഭാഗം സുന്നികളുടെ രാഷ്ട്രീയ സ്വത്വരൂപവത്കരണത്തിന്‍െറ മാനിഫെസ്റ്റേഷനാണത്. ലീഗില്‍നിന്ന് വേറിട്ടൊരു രാഷ്ട്രീയസ്വത്വം വേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വലിയ ആത്മസംഘര്‍ഷങ്ങള്‍ ആ സംഘടനക്കകത്ത് നടന്നിട്ടുണ്ടാവണം. കാരണം, അതൊരു ചരിത്രപരമായ വിച്ഛേദനമാണ്. പക്ഷേ, അത്തരമൊരു രാഷ്ട്രീയ സ്വത്വരൂപവത്കരണവും സ്വത്വ പ്രകാശനവും ഉണ്ടാവണമെന്ന പക്ഷമാണ് വിജയിച്ചിട്ടുണ്ടാവുക. എണ്‍പതുകളുടെ മധ്യത്തില്‍ അവിഭക്ത സമസ്തയില്‍ കാന്തപുരം ഉന്നയിക്കാന്‍ ശ്രമിച്ച വിഷയവും ഇതുതന്നെയായിരുന്നു. കാന്തപുരത്തോട് ജയിച്ച ലീഗ് സ്വന്തം ഇ.കെ വിഭാഗത്തോട് തോല്‍ക്കുകയാണോ?
ആഗോള മുസ്ലിം രാഷ്ട്രീയവും ദേശീയ മുസ്ലിം പ്രശ്നങ്ങളും ഒന്നും ബാധകമാകാത്ത കേരളീയ മുസ്ലിം സ്വത്വപ്രസ്ഥാനമാണ് കുറേക്കാലമായി മുസ്ലിം ലീഗ്. ഇത് മുസ്ലിം ലീഗിന്‍െറ വലിയ ഗുണമേന്മയായി ഇസ്ലാമോഫോബുകളായ മതേതര ബുദ്ധിജീവികള്‍ സാക്ഷ്യപ്പെടുത്താറുമുണ്ട്. എന്നാല്‍, ചില അന്തര്‍ദേശീയ സാഹചര്യങ്ങളാണ് മുസ്ലിം ലീഗിനകത്തെ പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സലഫിസത്തെ തീവ്രവാദത്തോട് ചേര്‍ത്തുവെച്ച് നടത്തുന്ന ആക്രമണങ്ങളാണത്. കേരളത്തില്‍ നിന്നുണ്ടായ ചില ദുരൂഹ പലായനങ്ങളും ഐ.എസിന്‍െറ പേരിലെ ചില അറസ്റ്റുകളുമൊക്കെ ലീഗിനകത്തെ സുന്നി-സലഫി വൈരുധ്യത്തെ തീവ്രമാക്കുന്നു എന്നുമാത്രം.
ഈ പ്രതിസന്ധിയെ വിജയകരമായി മറികടക്കാനായില്ളെങ്കില്‍ ലീഗ് ആന്തരികമായി ദുര്‍ബലമാകും. ആന്തരികമായി ശിഥിലമായ ഒന്ന് ബാഹ്യമായി ഐകരൂപ്യത്തോടെ നിലനിന്നാലും മറ്റൊരു ഘട്ടത്തില്‍ തകര്‍ന്നുപോകും. ലീഗില്‍ ഒരു വിഭാഗം ഈ പ്രതിസന്ധിയെ നേരിടാന്‍ ശ്രമിക്കുന്നത് കുറുക്കുവഴിക്കാണ്. സലഫികള്‍ക്ക് ഒരു കുഴപ്പവുമില്ല, കുഴപ്പം മുഴുവന്‍ ജമാഅത്തെ ഇസ്ലാമിക്കും സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിക്കുമാണ് എന്ന് കാമ്പയിന്‍ ചെയ്ത് പ്രശ്നത്തെ മറികടക്കാനാണ് കെ.എം. ഷാജിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത് (‘മാതൃഭൂമി’ ദിനപത്രം 2016 ഒക്ടോബര്‍ 18, ‘കേരളത്തില്‍ ഐ.എസിന് വളംവെച്ചതാര്?’ കെ.എം. ഷാജി). ഇതിലൂടെ ലീഗ് അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കപ്പെടുമെങ്കില്‍, ജമാഅത്തെ ഇസ്ലാമിയെ എതിര്‍ സ്ഥാനത്ത് നിര്‍ത്തി സുന്നി-സലഫി ഏകീകരണം സാധിക്കുമെങ്കില്‍ മുസ്ലിം ലീഗിന് അത് ഗുണകരമായിത്തീരും. കാരണം, ജമാഅത്തെ ഇസ്ലാമിക്കാര്‍ മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുന്നില്ല. മുസ്ലിം ലീഗിന്‍െറ സാമുദായികതയോട് ആശയപരമായിത്തന്നെ എതിരിട്ട് രൂപംകൊണ്ട ഇസ്ലാമിന്‍െറ മാനവികതയില്‍ ഊന്നിയ മത സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനമാണത്. ഒരു ന്യൂനപക്ഷ രാഷ്ട്രീയപ്രസ്ഥാനമെന്ന നിലക്ക് ലീഗിനോട് പ്രശ്നാധിഷ്ഠിതമായി അതെന്നും സഹകരിച്ചുപോരുന്നുണ്ടെങ്കിലും അതിനെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ലീഗിനില്ല.
പക്ഷേ, ഈ കുറുക്കുവഴിയിലൂടെ പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ളെന്നാണ് മുസ്ലിം രാഷ്ട്രീയ കാലാവസ്ഥ സൂചനകളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. പുതിയ പശ്ചാത്തലത്തില്‍ കെ.എം. ഷാജി എഴുതിയ ലേഖനത്തിനെതിരെ ഇ.കെ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയും ‘സുപ്രഭാതം’ പത്രത്തിന്‍െറ സി.ഇ.ഒയുമായ മുസ്തഫ മുണ്ടുപാറ അന്നേ ദിവസംതന്നെ ഫേസ്ബുക്കിലൂടെ സാമാന്യം രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.
ഇങ്ങനെ വളഞ്ഞ വഴികളിലൂടെയല്ല പ്രശ്നം പരിഹരിക്കേണ്ടത്. മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന രാഷ്ട്രീയപ്രശ്നം സലഫി-സൂഫി വിഭജനത്തിന്‍േറതല്ല. സലഫികള്‍ക്കും സുന്നികള്‍ക്കും വ്യത്യസ്തമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇവിടെയില്ല. രണ്ടു കൂട്ടരും അനുഭവിക്കുന്ന വെല്ലുവിളികള്‍ മുസ്ലിം എന്നനിലക്ക് ഒരേ തരത്തിലുള്ളവയാണ്. രണ്ടു പേരുടെയും മതപരമായ സമീപനങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാവാമെങ്കിലും രാഷ്ട്രീയാവശ്യങ്ങള്‍ ഒന്നുതന്നെ. രാഷ്ട്രീയമായ സൂഫി-സലഫി വിഭജനം സാമ്രാജ്യത്വപദ്ധതിയാണ്. സൂഫികളുടെ രാഷ്ട്രീയാവശ്യങ്ങളും സലഫികളുടെ രാഷ്ട്രീയാവശ്യങ്ങളും വ്യത്യസ്തമാണെന്നത് ഒരു സൂഫീസിദ്ധാന്തമല്ല. സാമ്രാജ്യത്വ സിദ്ധാന്തമാണ്. അതും ആത്മാര്‍ഥ സിദ്ധാന്തമല്ല, അടവുനയം മാത്രമാണ്. വിഴുങ്ങുമ്പോള്‍ കഷണമാക്കി വിഴുങ്ങുന്നതാണ് സൗകര്യം എന്ന പരിഗണന മാത്രമാണത്. സലഫി-സൂഫി വിഭജനം എന്ന സാമ്രാജ്യത്വ പദ്ധതിയുടെ രാഷ്ട്രീയം തിരിച്ചറിയാതെ അത് നല്‍കുന്ന സാഹചര്യപരമായ സൗകര്യങ്ങള്‍ ആസ്വദിക്കാനാണ് ലീഗിനകത്തെ സുന്നിവിഭാഗം തീരുമാനിക്കുന്നതെങ്കില്‍ അവരോ ലീഗോ രക്ഷപ്പെടാന്‍ പോകുന്നില്ല. ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയ കാന്തപുരത്തോട് ലീഗ് സുന്നികള്‍ മത്സരിച്ചുജയിക്കാനും പോകുന്നില്ല. മുസ്ലിം ലീഗിന്‍െറ മുന്നിലുള്ള നിലനില്‍പിന് അനിവാര്യവും രാഷ്ട്രീയമായി സത്യസന്ധവുമായ ഏകവഴി സലഫികളും സൂഫികളും അല്ളെങ്കില്‍ സുന്നികളും തമ്മില്‍ മതപരമായി എന്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാഷ്ട്രീയമായി ഒരു ഏകകമാണെന്ന ബോധം ശക്തമയി സമൂഹത്തെ പഠിപ്പിക്കുകയാണ്. സലഫി -സൂഫി വിഭജനത്തിന്‍െറ രാഷ്ട്രീയം സാമ്രാജ്യത്വത്തിന്‍െറ രാഷ്ട്രീയമാണെന്നു ബോധ്യപ്പെടുത്തുക എന്നതാണ്.
മുസ്ലിം സ്വത്വരാഷ്ട്രീയം ഇന്നും ഒരു പരിധിവരെ പ്രസക്തമാകുന്നതിന്‍െറ ന്യായം ഒരു സമുദായമെന്ന നിലയില്‍ത്തന്നെ അവര്‍ രാജ്യത്ത് വെല്ലുവിളികള്‍ നേരിടുന്നു എന്നതാണ്. ലോകവ്യാപകമായി സാമ്രാജ്യത്വത്താല്‍ വേട്ടയാടപ്പെടുന്ന സമൂഹമാണ് അവര്‍. പല തീവ്രവാദങ്ങളുടെ കൂട്ടത്തില്‍ മുസ്ലിം തീവ്രവാദവും ഒരു യാഥാര്‍ഥ്യമായിരിക്കത്തെന്നെ നമ്മുടെ രാജ്യത്ത് അന്വേഷണ ഏജന്‍സികള്‍ മുസ്ലിംവേട്ടയുടെ സാമ്രാജ്യത്വ ഉപകരണങ്ങള്‍ കൂടിയാണ്. ഇത് എത്രയോ കേസുകളില്‍ തെളിയിക്കപ്പെട്ടതാണ്. രഹസ്യാന്വേഷണ സംവിധാനം പങ്കുചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്നതുകൂടിയാണ് നാട്ടില്‍ എത്രയെങ്കിലും അളവിലുള്ള മുസ്ലിം തീവ്രവാദം. രഹസ്യപ്പൊലീസിന്‍െറയും അന്വേഷണ ഏജന്‍സികളുടെയും ഉള്‍പ്പെടെയുള്ള ഈ വിശാല രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് മുസ്ലിം ചെറുപ്പക്കാരെയും സാമാന്യജനത്തെയും ഇതിന്‍െറ കെണിയില്‍നിന്ന്് രക്ഷിക്കുകയും ഇത്തരം അന്തര്‍ദേശീയവും ദേശീയവുമായ മുസ്ലിംവിരുദ്ധ അജണ്ടക്കെതിരെ ജനാധിപത്യപരവും മാനവികവുമായ പോരാട്ടത്തിന് നേതൃത്വം നല്‍കുകയുമാണ് മുസ്ലിം രാഷ്ട്രീയത്തിന്‍െറ സമകാലിക ബാധ്യത. ഈ രാഷ്ട്രീയ ബാധ്യത ധീരമായി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ സലഫി-സൂഫി പ്രശ്നത്തെ മറികടക്കാനും ശൈഥില്യത്തില്‍നിന്ന് സ്വയം രക്ഷപ്പെടാനും അതിനു സാധിക്കുകയുള്ളൂ.
കുറ്റാന്വേഷണ, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മുസ്ലിംവിരുദ്ധ അജണ്ടയില്ല, അങ്ങനെയുണ്ട് എന്നു പറയുന്ന രജീന്ദര്‍ സച്ചാര്‍, അഡ്വ. പ്രശാന്ത് ഭൂഷണ്‍, അരുന്ധതി റോയി, അഡ്വ. നന്ദിത ഹക്സര്‍, എസ്.എം. മുശ്രിഫ്, അജിത് സാഹി, മനീഷ സേഥി, സച്ചിദാനന്ദന്‍ മുതലായ രാജ്യത്തെ പ്രമുഖരായ ന്യായാധിപരും അഭിഭാഷകരും റിട്ട. ഉദ്യോഗസ്ഥരും നോവലിസ്റ്റുകളും കവികളും പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ ഫെസിലിറ്റേറ്റര്‍മാരാണെന്ന കെ.എം. ഷാജിയുടെ സിദ്ധാന്തം സമകാലിക മുസ്ലിം രാഷ്ട്രീയ ശവപ്പെട്ടിയിലെ ശക്തമായൊരു ആണിയും ജമാഅത്തെ ഇസ്ലാമിക്ക് നല്‍കപ്പെട്ട വലിയൊരു അംഗീകാരവുമാണ്. സര്‍വോപരി അത് കെ.എം. ഷാജിയുടെയോ മുസ്ലിം ലീഗിന്‍െറയോ മൗലികതയുള്ള സിദ്ധാന്തവുമല്ല. അതിന്‍െറ പേറ്റന്‍റ് ആര്‍.എസ്.എസിനും കേസരിക്കുമാണ് (കേസരി ഓണപ്പതിപ്പ്). സമുദായത്തിനു പുറത്തുള്ള രാഷ്ട്രീയ സത്യസന്ധര്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍പോലും സമുദായത്തിനില്ല എന്നുപറയലാണ് മുസ്ലിം രാഷ്ട്രീയത്തിന്‍െറ ആശയധര്‍മമെങ്കില്‍ പിന്നെ മുസ്ലിം രാഷ്ട്രീയത്തിന്‍െറ ആവശ്യമെന്താണ്? മുസ്ലിംകള്‍ മതേതര മുഖ്യധാര രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പോരേ? ജമാഅത്ത് വിമര്‍ശം എന്ന വ്യാജനാമത്തില്‍ ഇരിക്കുന്ന കൊമ്പുതന്നെയാണ് അറിഞ്ഞോ അറിയാതയോ ഇവര്‍ മുറിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.