ആമ്പല്ലൂര്‍: മലയാളത്തിലെ മർദിതന് വര്‍ഗബോധത്തിന്റെ ആദ്യാക്ഷരം പകര്‍ന്ന കേരളത്തിലെ തൊഴിലാളിവര്‍ഗ വിപ്ലവ പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആദ്യ പഥികരില്‍ പ്രമുഖനായിരുന്നു പി.എസ്. നമ്പൂതിരി. കുന്നംകുളത്തെ ചെറുവത്താനിയില് ഓത്തും തേവാരവും ആയി കഴിഞ്ഞിരുന്ന പിള്ളനേഴി മനക്കലാണ് പില്ക്കാലത്ത് പി.എസ്. നമ്പൂതിരിയെന്ന് പ്രസിദ്ധനായ സുബ്രഹ്മണ്യന്റെ ജനനം. ഉപനയനം കഴിച്ചു വേദപഠനത്തിനായി തൃശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ അദ്ദേഹത്തെ ചേര്‍ത്തു. തുടര്‍ന്ന് വിവേകോദയത്തില്‍ പഠനം. പഠനകാലത്താണ് വി.ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമുദായ പരിഷ്കരണ പ്രവര്‍ത്തനങ്ങളുമായാണ് അടുക്കുന്നത്.
നമ്പൂതിരി സമുദായത്തില്‍ മാറ്റത്തിന് തുടക്കമിട്ട 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' നാടകം 1929 ഡിസംബറില്‍ എടക്കുന്നിയില്െവച്ച് ആദ്യമായി അവതരിപ്പിച്ചപ്പോള്‍ അതിലെ പ്രധാന കഥാപാത്രമായ മാധവന്റെ വേഷം അഭിനയിച്ചത് പി.എസ്. നമ്പൂതിരി ആയിരുന്നു. തൃശൂരില്‍നിന്ന് കാസര്‍ക്കോട്ടേക്ക് വി.ടി നയിച്ച നമ്പൂതിരി വിദ്യാര്‍ഥികളുടെ യാചനായാത്രയിലും പി.എസ് അംഗമായി. പത്താംതരം കഴിഞ്ഞ കാലത്താണ് ഗുരുവായൂര്‍ സത്യഗ്രഹം. ഇവിടെവെച്ചാണ് പി. കൃഷ്ണപിള്ളയേയും എ.കെ.ജിയേയും പരിചയപ്പെടുന്നത്.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 1932ല്‍ കോഴിക്കോടും പാലക്കാടും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് പൊലീസ് മർദനവും ജയില്‍വാസവും ഏറ്റുവാങ്ങി. ഇക്കാലത്ത് അദ്ദേഹത്തിന്റെ പഠനം നിന്നുപോയി. തുടര്‍ന്ന് 1933ല്‍ എറണാകുളത്തെ പടിയാര്‍ ഹോമിയോ കോളജില്‍ ചേര്‍ന്ന് പഠനം പുനരാരംഭിച്ചു. 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ കെ.കെ. വാരിയര്‍, പി. ഗംഗാധരന്, ജോര്‍ജ് ചടയംമുറി, പി. കേശവദേവ് എന്നിവരുമായി ചേര്‍ന്ന് തൊഴിലാളി സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്താണ് പി.എസ് പള്ളുരുത്തിയിലെ ടിന് ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നത്. കൊച്ചിരാജ്യത്തെ ആദ്യത്തെ പണിമുടക്കു സമരമായ പള്ളുരുത്തി ടിന് ഫാക്ടറി സമരത്തിന്റെ മുഖ്യ സംഘാടകനും സമര സമിതി കണ്‍വീനറും പി.എസ് നമ്പൂതിരി ആയിരുന്നു. 1939ല്‍ പാറപ്പുറത്ത് രഹസ്യമായി ചേര്‍ന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക സമ്മേളനത്തില്‍ പങ്കെടുത്ത കൊച്ചി രാജ്യത്തിലെ നാല് കമ്യൂണിസ്റ്റുകാരില്‍ ഒരാളാണ് പി.എസ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണശേഷം ട്രേഡ് യൂനിയന്‍ രംഗമാണ് തന്റെ പ്രവര്‍ത്തനമേഖലയായി പി.എസ് സ്വീകരിച്ചത്. പഴയ കൊടകര മണ്ഡലത്തിലെ ഓട്, തോട്ടം, ടെക്സ്റ്റൈല്‍ മില്‍ തൊഴിലാളികള്‍ അസംഘടിതരും മുതലാളിമാരുടെ നിര്‍ദയമായ ചൂഷണത്തിന് വിധേയരുമായിരുന്ന കാലത്താണ് പി.എസ് സംഘടന പ്രവര്‍ത്തനത്തിന് ആമ്പല്ലൂര്‍ എത്തുന്നതും തുടര്‍ന്ന് ഇവിടെ താമസമാക്കുന്നതും. 1948ലെ കല്‍ക്കത്ത പ്രമേയത്തെ തുടര്‍ന്ന് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ എല്ലാനേതാക്കളും ഒളിവില്‍ പോയി. ഈ തക്കം നോക്കി അളഗപ്പ മില്ലിലെ യൂനിയനെ തകര്‍ക്കാന്‍ മാനേജ്മെന്റും കോണ്‍ഗ്രസ് നേതാക്കളും ശ്രമം നടത്തി. എ.ഐ.ടി.യു.സി പ്രവര്‍ത്തകരായ തൊഴിലാളികളെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടു. തൊഴിലാളികള്‍ സമരം തുടങ്ങി. പി.എസ് നമ്പൂതിരി അളഗപ്പ മില്‍ ഗേറ്റില്‍ പോയി പിക്കറ്റ് ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. കല്‍ക്കത്ത തീസിസിനോടും അന്നത്തെ പാര്‍ട്ടി തീരുമാനങ്ങളോടും മാനസികമായി എതിര്‍പ്പുണ്ടെങ്കിലും പാര്‍ട്ടി തീരുമാനം നടപ്പാക്കാന്‍ പി.എസ് തീരുമാനിച്ചു. മർദകവീരനായ ഇന്‍സ്പെക്ടര്‍ ശൂലപാണി വാരിയരുടെ നേതൃത്വത്തിലുണ്ടായിരുന്ന പൊലീസുകാര്‍ പി.എസിനെ പിടികൂടി വലിച്ചിഴച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട മർദനം മൂലം ബോധരഹിതനായ പി.എസ് മരിച്ചെന്ന് വാര്‍ത്ത പരന്നു. ലോക്കപ്പില്‍ ഡോക്ടറെത്തി പി.എസിനെ പരിശോധിച്ചു. ഗുരുതര നിലയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ജയിലിലാക്കി. പാര്‍ട്ടി നിരോധനവും യൂനിയന്‍ നിരോധനവും മാറിയപ്പോള്‍ മണലി പുതുക്കാട് മേഖലയിലെ ഓട്ടുകമ്പനികളില്‍ പി.എസിന്റെ നേതൃത്വത്തില്‍ നിരവധി യൂനിയനുകള്‍ രൂപംകൊണ്ടു.
പി.എസ് നമ്പൂതിരി ആമ്പല്ലൂര്‍ മേഖലയിലെ ജനങ്ങള്‍ക്ക് എത്ര പ്രിയങ്കരനായിരുന്നുവെന്ന് 1965ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. പാര്‍ട്ടി ഭിന്നിപ്പിനെ തുടര്‍ന്ന് ആ തെരഞ്ഞെടുപ്പില്‍ സി.പി.ഐ തനിച്ച് മത്സരിച്ചപ്പോള്‍ പാര്‍ട്ടിയുടെ പല പ്രമുഖ നേതാക്കളും പരാജയപ്പെട്ടു. പാര്‍ട്ടി വിജയിച്ച സംസ്ഥാനത്തെ മൂന്നു സീറ്റുകളില്‍ ഒന്ന് പി.എസ് നമ്പൂതിരി മത്സരിച്ച കൊടകര മണ്ഡലമായിരുന്നു. 1967ലും വമ്പിച്ച ഭൂരിപക്ഷത്തോടെ കൊടകരയില്‍നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
1932 മുതല്‍ 1949 വരെ വിവിധ കാലയളവില്‍ പി.എസിനേറ്റ ക്രൂരമായ പൊലീസ് മർദനങ്ങള്‍ ആ ചെറിയ ശരീരത്തിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ആ മർദനങ്ങളുടെ ഉണങ്ങാത്ത മുറിവ് ശരീരത്തില്‍ ശേഷിപ്പിച്ച രോഗങ്ങളോട് മല്ലടിച്ചാണ് പി.എസ് നമ്പൂതിരി എക്കാലത്തും ജീവിച്ചിരുന്നത്.
1979 ജൂലൈ അഞ്ചിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പി.എസ് കാലത്തിന് കീഴടങ്ങി. ജീവിത പരിതസ്ഥിതികളിലും രാഷ്ട്രീയ സാഹചര്യങ്ങളിലും മാറ്റങ്ങള്‍ക്ക് അതീതമായി മാറിവരുന്ന തലമുറകളുടെ ബോധമണ്ഡലത്തില്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും പോരാട്ടങ്ങളുടെയും പ്രതീകമായി പി.എസ് എന്നും ജീവിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.